ബ്രേക്ക് ഡാന്‍സിംഗ് ഒളിംപിക് മത്സര ഇനമാക്കണമെന്ന് നിര്‍ദേശം
സ്കേറ്റ് ബോര്‍ഡിംഗ്, ക്ലൈംബിംഗ്, സര്‍ഫിംഗ് എന്നിവ 2020ലെ ടോക്കിയോ ഒളിംപിക്സില്‍ മത്സര ഇനമാക്കണമെന്ന നിര്‍ദേശം വന്നതിന് പിന്നാലെയാണ് ബ്രേക്ക് ഡാന്‍സിംഗും മത്സര ഇനമാക്കണമെന്ന നിര്‍ദേശം വന്നിരിക്കുന്നത്.
പാരീസ്: ബ്രേക്ക് ഡാന്‍സിംഗ് ഒളിംപിക് മത്സര ഇനമാക്കണമെന്ന അപേക്ഷയുമായി 2024 ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുന്ന പാരീസ് ഒളിംപിക്സ് സംഘാടക സമിതി. ഇതുസംബന്ധിച്ച നിര്‍ദേശം പാരീസ് ഒളിംപിക്സ് സംഘാടക സമിതി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്ക് കൈമാറി.
സ്കേറ്റ് ബോര്‍ഡിംഗ്, ക്ലൈംബിംഗ്, സര്‍ഫിംഗ് എന്നിവ 2020ലെ ടോക്കിയോ ഒളിംപിക്സില്‍ മത്സര ഇനമാക്കണമെന്ന നിര്‍ദേശം വന്നതിന് പിന്നാലെയാണ് ബ്രേക്ക് ഡാന്‍സിംഗും മത്സര ഇനമാക്കണമെന്ന നിര്‍ദേശം വന്നിരിക്കുന്നത്. അടുത്ത വര്‍ഷം ഡിസംബറിനുള്ളില്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.
ഒളിംപിക് മത്സരങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനാണ് ഇത്തരമൊരു നടപടി എന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ യുവാക്കള്‍ക്ക് താല്‍പര്യമുള്ള രീതിയില്‍ ഗെയിംസ്‍ മാറ്റുന്നതിനും ലിംഗനീതി ഉറപ്പാക്കുന്നതിനും പുതിയ മാറ്റങ്ങള്‍ സഹായിക്കുമെന്നും സംഘാടകര്‍ കരുതുന്നു.
അര്‍ജന്‍റീനയിലെ ബ്യൂണസ്‍ അയേഴ്‍സില്‍ നടന്ന യൂത്ത് ഒളിംപിക്സില്‍ ബ്രേക്ക് ഡാന്‍സിംഗ് മത്സരയിനമായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും വളരെ പ്രശസ്‍തമായ ഡാന്‍സിംഗ് രീതിയാണ് ബി-ബോയിംഗ് എന്ന വിളിക്കുന്ന ബ്രേക്ക് ഡാന്‍സിംഗ്.