പി.ടി.ഉഷക്കെതിരെ ആഞ്ഞടിച്ച് അഞ്ജുവിന്റെ ഭര്‍ത്താവ് റോബര്‍ട്ട് ബോബി ജോര്‍ജ്
ബംഗലൂരു: ഇന്ത്യൻ ഹൈ പെർഫോമൻസ് കോച്ചായുളള തന്‍റെ നിയമനം തടയാൻ പി ടി. ഉഷ ശ്രമിച്ചുവെന്ന് അഞ്ജു ബോബി ജോര്‍ജിന്റെ ഭര്‍ത്താവും പരിശീലകനുമായ റോബർട്ട് ബോബി ജോർജ്. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ നിരത്തി പി ടി ഉഷ കേന്ദ്ര കായിക മന്ത്രാലയത്തിന് കത്തയച്ചെന്നും റോബര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്ത്യൻ അത്‍ലറ്റിക്സിലെ സുപ്രധാന പദവിയിലേക്കുളള തന്‍റെ വരവ് തടയാൻ പി ടി ഉഷ കരുക്കൾ നീക്കിയെന്ന കടുത്ത ആരോപണമാണ് റോബർട്ട് ബോബി ജോർജ് ഉന്നയിക്കുന്നത്. തനിക്ക് മതിയായ യോഗ്യതയില്ലെന്നും പരിചയസമ്പത്തില്ലെന്നുമുളള വാദമുന്നയിച്ചാണ് ഉഷ കേന്ദ്ര കായിക സെക്രട്ടറിക്ക് കത്തയച്ചത്. രണ്ട് പതിറ്റാണ്ടായി പരിശീലന രംഗത്തുളള തന്നെക്കുറിച്ച് പിടി ഉഷ നുണകൾ നിരത്തിയെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഉഷയുടെ റിപ്പോർട്ടിനെതിരെ കേന്ദ്ര കായിക മന്ത്രാലയത്തെ സമീപിക്കാനാണ് റോബർട്ട് ബോബി ജോർജിന്‍റെ തീരുമാനം. തനിക്ക് മാത്രമല്ല ഇത്തരം അനുഭവം നേരിടേണ്ടി വന്നതെന്നും ഈ സ്ഥിതി മാറണമെന്നും അദ്ദേഹം പറയുന്നു. ലോക നിലവാരത്തിനൊപ്പം നിൽക്കുന്ന പരിശീലന മികവാണ് ഹൈ പെർഫോമൻസ് സ്പെഷ്യലിസ്റ്റ് കോച്ചാവുന്നതിനുളള മാനദണ്ഡമായി പറയുന്നത്.ഇതിന്‍റെ അടിസ്ഥാനത്തിലാണ് റോബർട്ട് ബോബി ജോർജിന്‍റെ നിയമനം.
അന്താരാഷ്ട്ര തലത്തിൽ നേട്ടങ്ങളുണ്ടാക്കിയ പരിശീലകരെയാണ് ഈ തസ്തികയിലേക്ക് പരിഗണിച്ചത്. അത്‍ലറ്റിക്സിൽ ഇന്ത്യയുടെ ഏക ലോകമെഡൽ ജേതാവ് അഞ്ജു ബോബി ജോർജിന്‍റെ പരിശീലകനും ഭര്‍ത്താവുമായ റോബർട്ട് ബോബി ജോർജ് പതിനെട്ട് വർഷമായി ഇന്ത്യൻ സീനിയർ അത്‍ലറ്റിക്സ് ക്യാംപിലെ സാന്നിധ്യമാണ്. ദ്രോണാചാര്യ പുരസ്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകന്‍ കൂടിയാണ് റോബര്‍ട്ട്. അദ്ദേഹത്തിന്റെ നിയമനത്തോടെ ഹോക്കിക്കും ബാഡ്മിന്‍റണും പുറമെ അത്‍ലറ്റിക്സിലും ഇന്ത്യക്ക് ഹൈ പെർഫോമൻസ് കോച്ചായി.