നാല് പന്തില്‍ നാല് വിക്കറ്റ്; ടി20യില്‍ റഷീദ് ഖാന്‍റെ റെക്കോര്‍ഡ് പൂരം
അയര്‍ലന്‍ഡിനെതിരെ മൂന്നാം ടി20യില്‍ ഹാട്രിക്കടക്കം തുടര്‍ച്ചയായി നാല് പന്തുകളില്‍ റഷീദ് വിക്കറ്റ് വീഴ്‌ത്തി. ഇതോടെ നിരവധി റെക്കോര്‍ഡുകള്‍ റഷീദിന്‍റെ പേരിലായി.
ഡെറാഡൂണ്‍: അന്താരാഷ്ട്ര ടി20യില്‍ ഹാട്രിക് നേടുന്ന ആദ്യ സ്‌പിന്നറായി അഫ്‌ഗാന്‍ താരം റഷീദ് ഖാന്‍. അയര്‍ലന്‍ഡിനെതിരെ മൂന്നാം ടി20യില്‍ ഹാട്രിക്കടക്കം തുടര്‍ച്ചയായി നാല് പന്തുകളില്‍ റഷീദ് വിക്കറ്റ് വീഴ്‌ത്തി. കെവിന്‍ ഓബ്രിയാന്‍, ജോര്‍ജ് ഡോക്ക്‌റല്‍, ഷെയ്‌ന്‍ ഗെറ്റ്കറ്റെ, സിമി സിംഗ് എന്നിവരെയാണ് പുറത്താക്കിയത്. അന്താരാഷ്ട്ര ടി20യില്‍ തുടര്‍ച്ചയായി നാല് വിക്കറ്റ് നേടുന്ന ആദ്യ ബൗളര്‍ കൂടിയാണ് റഷീദ്.
മത്സരത്തില്‍ അഫ്‌ഗാന്‍ 32 റണ്‍സിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത അഫ്‌ഗാന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 210 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. 36 പന്തില്‍ 81 റണ്‍സെടുത്ത മുഹമ്മദ് നബിയായിരുന്നു ടോപ് സ്‌കോറര്‍. എന്നാല്‍ മറുപടി ബാറ്റിംഗില്‍ റഷീദ് തരംഗത്തിനു മുന്നില്‍ തലകറങ്ങി വീണ അയര്‍ലന്‍ഡിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ റഷീദ് ഖാന്‍ 27 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്‌ത്തി.
ജയത്തോടെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര അഫ്‌ഗാന്‍ തൂത്തുവാരി. ആദ്യ ടി20 അഞ്ച് വിക്കറ്റിനും രണ്ടാം മത്സരം 84 റണ്‍സിനും വിജയിച്ചിരുന്നു. അഫ്‌ഗാന്‍റെ പരമ്പര ജയത്തില്‍ നിര്‍ണായകമായ താരം മുഹമ്മദ് നബിക്കാണ് മാന്‍ ഓഫ് ദ് മാച്ച്, മാന്‍ ഓഫ് ദ് സീരിസ് പുരസ്‌കാരങ്ങള്‍.