പി വി സിന്ധുവിന് 50 കോടിയുടെ സ്പോണ്‍സര്‍ഷിപ്പ് കരാര്‍
ലോക ബാഡ്മിന്റണിലെ തന്നെ ഏറ്റവും വലിയ സ്പോണ്‍സര്‍ഷിപ്പ് കരാറുകളിലൊന്നാണ് സിന്ധുവുമായി ലി നിംഗ് ഒപ്പുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുമായി പ്യൂമ എട്ടു വര്‍ഷത്തേക്ക് 100 കോടി രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് കരാറൊപ്പിട്ടതിന് സമാനമായ തുകയ്ക്കാണ് സിന്ധുവുമായുള്ള ലി നിംഗിന്റെ കരാര്‍.
ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധുവിന് 50 കോടിയുടെ സ്പോണ്‍സര്‍ഷിപ്പ് കരാര്‍. നാലു വര്‍ഷത്തേക്ക് പ്രമുഖ ചൈനീസ് സ്പോര്‍ട്സ് ബ്രാന്‍ഡായ ലി നിംഗുമായാണ് സിന്ധു കരാറൊപ്പിട്ടത്. കഴിഞ്ഞ മാസം ഇന്ത്യയുടെ പുരുഷ താരം കിഡംബി ശ്രീകാന്തുമായി നാലു വര്‍ഷത്തേക്ക് 35 കോടിയുടെ കരാറൊപ്പിട്ടതിന് പിന്നാലെയാണ് സിന്ധുവുമായി ലി നിംഗ് 50 കോടി രൂപയുടെ കരാറൊപ്പിട്ടത്.
ലോക ബാഡ്മിന്റണിലെ തന്നെ ഏറ്റവും വലിയ സ്പോണ്‍സര്‍ഷിപ്പ് കരാറുകളിലൊന്നാണ് സിന്ധുവുമായി ലി നിംഗ് ഒപ്പുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുമായി പ്യൂമ എട്ടു വര്‍ഷത്തേക്ക് 100 കോടി രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് കരാറൊപ്പിട്ടതിന് സമാനമായ തുകയ്ക്കാണ് സിന്ധുവുമായുള്ള ലി നിംഗിന്റെ കരാര്‍. പ്യൂമയുമായുള്ള കരാര്‍ അനുസരിച്ച് കോലിക്ക് പ്രതിവര്‍ഷം 12.5 കോടി രൂപയാണ് ലഭിക്കുന്നതെങ്കില്‍ ലി നിംഗുമായുള്ള കരാറനുസരിച്ച് സിന്ധുവിന് പ്രതിവര്‍ഷം 10 കോടി രൂപ ലഭിക്കും. നാലു വര്‍ഷം കൊണ്ട് 10 കോടി രൂപയുടെ ബാഡ്മിന്റണ്‍ സാമഗ്രികളും ലി നിംഗ് നല്‍കും.
സിന്ധുവുമായി ലി നിംഗ് ഇത് രണ്ടാം തവണയാണ് കൈ കോര്‍ക്കുന്നത്. 2014-2015 സീസണില്‍ വര്‍ഷം 1.25 കോടി രൂപക്ക് സിന്ധുവുമായി ലി നിംഗ് കരാറൊപ്പിട്ടിരുന്നു. എന്നാല്‍ 2016ല്‍ യോനെക്സുമായി മൂന്നു വര്‍ഷത്തേക്ക് പ്രതിവര്‍ഷം 3.5 കോടി രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് കരാര്‍ സിന്ധു ഒപ്പിട്ടു. ഇന്ത്യയുടെ പുരുഷ ഡബിള്‍സ് താരങ്ങളായ മനു ആര്‍ട്ടി, ബി സുമീത് എന്നിവരുമായി രണ്ടു വര്‍ഷത്തേക്ക് നാലു കോടി രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് കരാറിലും ലി നിംഗ് ഒപ്പുവെച്ചിട്ടുണ്ട്. പി കശ്യപിന് രണ്ടു വര്‍ഷത്തേക്ക് പ്രതിവര്‍ഷം എട്ടു കോടി രൂപയുടെ കരാറും ലി നിംഗ് വാഗ്ദാനം ചെയ്തിട്ടുണ്ട്.