ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരായ ലൈംഗികാരോപണം: അന്വേഷിക്കാൻ ഒളിമ്പിക്സ് അസോസിയേഷൻ സമിതിയെ നിയോഗിച്ചു
ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരായ ലൈംഗികാരോപണം അന്വേഷിക്കാൻ ഒളിമ്പിക് അസോസിയേഷൻ ഏഴംഗ സമിതി നിയോഗിച്ചു
ദില്ലി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരായ ലൈംഗികാരോപണം അന്വേഷിക്കാൻ ഒളിമ്പിക് അസോസിയേഷൻ ഏഴംഗ സമിതി നിയോഗിച്ചു. മേരി കോം, ഡോല ബാനർജി, അളകനന്ദ അശോക്, യോഗേശ്വർ ദത്ത്, സഹദേവ് യാദവ് എന്നിവരും രണ്ട് അഭിഭാഷകരും സമിതിയിലുണ്ട്.
ഫെഡറേഷൻ പിരിച്ചുവിടണമെന്നതടക്കമുള്ള ആവശ്യം അംഗീകരിക്കും വരെ സമരം ശക്തമായി തുടരുമെന്നാണ് ഗുസ്തി താരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ കേന്ദ്ര സർക്കാരിന്റെ സമവായ നീക്കം തുടങ്ങിയിരുന്നു. ഗുസ്തി ഫേഡറേഷനെതിരെ പ്രതിഷേധിക്കുന്ന താരങ്ങളെ നേരിൽ കാണുമെന്ന് കായിക മന്ത്രി അനുരാഗ് ഠാക്കൂർ അറിയിക്കുകയും ചെയ്തിരുന്നു.
അതേ സമയം, കായിക മന്ത്രാലയം പ്രതിഷേധക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഫെഡറേഷൻ പിരിച്ചുവിടണമെന്നതടക്കമുള്ള ആവശ്യം അംഗീകരിക്കും വരെ സമരം ശക്തമായി തുടരുമെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. ബജ്രംഗ് പുനിയ, സാക്ഷി മാലിക്, വിനേശ് ഫോഗട്ട് തുടങ്ങിയ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്.
Read more: ഗുസ്‌തി താരങ്ങളെ അനുനയിപ്പിക്കാനുള്ള കേന്ദ്ര നീക്കം തുടരുന്നു... ചര്‍ച്ച വഴിമുട്ടിയത് എങ്ങനെ?
എന്നാൽ ചർച്ചയിൽ തൃപ്തികരമായ ഒരു മറുപടിയും ലഭിച്ചില്ലെന്ന് താരങ്ങൾ അറിയിച്ചു. ബിജെപി എംപി ബ്രിജ് ഭൂഷൺ അധ്യക്ഷ സ്ഥാനം രാജി വെക്കണം. അതിനൊപ്പം കേസെടുത്ത് അറസ്റ്റ് ചെയ്യുകയും, ഫെഡറേഷൻ പിരിച്ചുവിടുകയും ചെയ്യണമെന്നാണ് പ്രതിഷേധക്കാർ മുന്നോട്ട് വെക്കുന്ന ആവശ്യം. കേരളത്തിൽ നിന്നടക്കം സമരത്തിന് പിന്തുണ ലഭിച്ചതായും താരങ്ങൾ അറിയിച്ചു.
ബ്രിജ് ഭൂഷണും പരിശീലകരടക്കമുള്ളവരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തു എന്നതടക്കമുള്ള ആരോപണങ്ങളുയർത്തി ഒളിമ്പിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക്, വിനേഷ് ഫോഗട്, ബജരംഗ് പുനിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റസ്‌ലിംഗ് താരങ്ങൾ രംഗത്തെത്തിയത്. ഫെഡറേഷൻ അധ്യക്ഷനായ ബ്രിജ് ഭൂഷൺ ശരൺസിംഗ് ഉത്തർപ്രദേശിലെ കൈസർഗഞ്ച് നിന്നുള്ള ബി ജെ പി എംപിയാണ്.
കഴിഞ്ഞ ദിവസം ദില്ലിയിലെ ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിച്ച ശേഷമാണ് താരങ്ങൾ വാർത്താ സമ്മേളനം നടത്തി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. പ്രശ്നങ്ങൾ പരിധി വിട്ടതോടെയാണ് പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നതെന്ന് ഒളിമ്പിക്സ് ജേതാവ് സാക്ഷി മാലിക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.