ബ്ലാസ്റ്റേഴ്സ് താരം എയ്ബാൻ ദോളിങിനെതിരായ വംശീയ അധിക്ഷേപം; അന്വേഷണം വേണമെന്ന് കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സ് താരം എയ്ബാൻ ദോളിങിനെ ബെംഗളൂരു താരം റയാൻ വില്യംസ് വംശീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം. സംഭവത്തിൽ പരാതി നൽകിയതായി കേരള ബ്ലാസ്റ്റേഴ്സിന്റെ വാർത്തക്കുറിപ്പ് 

Kerala Blasters wants investigation into racial abuse against Blasters player Ayban Doling

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് താരം എയ്ബാൻ  ദോളിങിനെതിരായ വംശീയ അധിക്ഷേപത്തിൽ അന്വേഷണം വേണമെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഐഎസ്എല്ലിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരം എയ്ബാൻ ദോളിങിനെ ബെംഗളൂരു താരം റയാൻ വില്യംസ് വംശീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയതായി കേരള ബ്ലാസ്റ്റേഴ്സ് വാർത്തക്കുറിപ്പിൽ അറിയിച്ചു. താരത്തിനെതിരായ അധിക്ഷേപത്തിൽ ആശങ്കയും വേദനയും ഉണ്ടെന്നും വംശീയധിക്ഷേപം നടത്തിയ താരത്തിനെതിരെ ബംഗളൂരു എഫ് സി നടപടി സ്വീകരിക്കണമെന്നും കേരള ബ്ലാസ്റ്റേഴ്സ് വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.

അതേസമയം മത്സരത്തിൽ ബദ്ധവൈരികളായ ബംഗളൂരു എഫ്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചിരുന്നു. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 52-ാം മിനിറ്റില്‍ ബംഗളുരു താരം കെസിയ വീൻഡോര്‍പ്പിന്‍റെ ഓണ്‍ ഗോളാണ് സമനിലയുടെ കെട്ട് പൊട്ടിച്ചത്. 59 -ാം മിനിറ്റില്‍ കുന്തമുന അഡ്രിയാൻ ലൂണയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് ഉയര്‍ത്തി. ബംഗളൂരുവിന്‍റെ സൂപ്പര്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗിന്‍റെ വലിയ അബദ്ധം ലൂണ മനോഹരമായി തന്നെ ഉപയോഗപ്പെടുത്തി. മഞ്ഞപ്പട വിജയം ഉറപ്പിച്ച സമയത്താണ് ബംഗളൂരു ആദ്യ ഗോള്‍ കണ്ടെത്തിയത്. ബോക്സില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ വരുത്തിയ പിഴവ് മുതലാക്കി കുര്‍ട്ടിസ് മെയിൻ വല ചലിപ്പിക്കുകയായിരുന്നു. എന്നാല്‍, പിന്നീട് സമര്‍ത്ഥമായി അവസാന വിസില്‍ വരെ പിടിച്ച് നിന്ന് മഞ്ഞപ്പട വിജയം പേരിലാക്കി.

Read More: ബെംഗളൂരുവിനെ പപ്പടംപോലെ പൊടിച്ച് ബ്ലാസ്റ്റേഴ്‌സ്; പക്കാ ലോക്കല്‍ ആരാധകനായി പെപ്പെ, കൂടെ ഐ എം വിജയനും

ബോള്‍ പൊസഷനിലും പാസുകളുടെ എണ്ണത്തിലുമെല്ലാം ബംഗളൂരു എഫ്‍സിയാണ് മുന്നില്‍ നിന്നതെങ്കിലും മികച്ച ഗോള്‍ശ്രമങ്ങള്‍ നടത്തിയത് കൊച്ചിയിലെ മഞ്ഞപ്പട്ടാളമായിരുന്നു. പരമ്പരാഗതമായ 4-4-2 ശൈലിയിലാണ് ബ്ലാസ്റ്റേഴ്സ് കളത്തില്‍ ഇറങ്ങിയത്. പുതിയതായി ടീമിലെത്തിയ ഘാന സ്‌ട്രൈക്കര്‍ ക്വാമേ പെപ്രയെയും ജപ്പാനീസ് താരം ഡയസൂക് സക്കായിയെയും മുന്നേറ്റ നിരയില്‍ ഇറങ്ങി. മധ്യനിരയില്‍ കളി മെനയാന്‍ ക്യാപ്റ്റന്‍ ലൂണയും മലയാളിതാരം മുഹമ്മദ് എയമെനും ജീക്‌സണ്‍ സിങ്ങും അണിനിരന്നു. ഗോള്‍ വലയ്ക്ക് കീഴില്‍ മലയാളി താരം സച്ചിന്‍ സുരേഷിനായിരുന്നു ചുമതല. പ്രതിരോധ നിരയിലെ വിശ്വസ്തന്‍ ലെസ്‌കോവിച്ചും പരിക്ക് മൂലം വിട്ടുനിന്നപ്പോള്‍ ആദ്യമായി ടീമിലെത്തിയ മിലോസ് ഡ്രിന്‍കികിനായിരുന്നു ബംഗളൂരു ആക്രമണങ്ങളുടെ മൂര്‍ച്ച തടുക്കാനുള്ള വലിയ ദൗത്യം ഉണ്ടായിരുന്നത്.   

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos
Follow Us:
Download App:
  • android
  • ios