സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബങ്ങളെ നെഞ്ചോട് ചേര്‍ത്ത് ഷമി; മാതൃകാപരമെന്ന് ആരാധകര്‍
"നമ്മള്‍ സുഖമായി ഉറങ്ങാന്‍ അതിര്‍ത്തിയില്‍ തങ്ങളുടെ ജീവന്‍ വെടിഞ്ഞവരാണ് ജവാന്‍മാര്‍. ധീര ജവാന്‍മാരുടെ കുടുംബങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്".
കൊല്‍ക്കത്ത: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച 40 സിആര്‍പിഎഫ് ജവാന്‍മാരുടെ ഓര്‍മ്മകളിലാണ് ഇന്ത്യന്‍ ജനത. ഇന്ത്യന്‍ കായിക ലോകവും ഈ ദുഖ നിമിഷത്തില്‍ രാജ്യത്തിന്‍റെ വികാരം ഉള്‍ക്കൊള്ളുകയാണ്. വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും അടക്കമുള്ള ക്രിക്കറ്റര്‍മാര്‍ സംഭവത്തെ അപലപിക്കുകയും ഭീകരര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയും രാജ്യത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുന്നു.
"പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം ഏറെ വേദനിപ്പിക്കുന്നു. നമ്മള്‍ സുഖമായി ഉറങ്ങാന്‍ അതിര്‍ത്തിയില്‍ തങ്ങളുടെ ജീവന്‍ വെടിഞ്ഞവരാണ് ജവാന്‍മാര്‍. ധീര ജവാന്‍മാരുടെ കുടുംബങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ക്രിക്കറ്റ് താരങ്ങള്‍ എന്ന നിലയ്ക്ക് അവിടെയുള്ള പരമാവധി ജവാന്‍മാരെ നേരില്‍ കാണാന്‍ ശ്രമിക്കും. ആരും ഒറ്റയ്‌ക്കാണ് എന്ന് വിഷമിക്കരുത്. ലക്ഷക്കണക്കിനാളുകള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ജവാന്‍മാരെ മനസറിഞ്ഞ് സല്യൂട്ട് ചെയ്യുന്നു"- ഇന്ത്യന്‍ പേസര്‍ പറഞ്ഞു.
ധീര ജവാന്‍മാരുടെ ഭാര്യമാരുടെ ക്ഷേമത്തിനായുള്ള സംഘടനയ്ക്ക്(CRPF Wives Welfare Association) അഞ്ച് ലക്ഷം രൂപ ഷമി ഇതിനകം കൈമാറിയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ മെയ് അവസാനം നടക്കുന്ന ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് ഷമിയടങ്ങുന്ന ഇന്ത്യന്‍ ടീം. രണ്ട് ടി20കളും അഞ്ച് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. ജൂണ്‍ അഞ്ചിന് സതാംപ്റ്റണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.