കാര്‍ത്തിക്കിന്റെ മാത്രം പിഴവല്ല; ഇന്ത്യയ്ക്ക് ടി20 പരമ്പര നഷ്ടമാവാനുള്ള 5 കാരണങ്ങള്‍

അവസാന ഓവറില്‍ സിംഗിളെടുക്കാതിരുന്ന കാര്‍ത്തിക്കിന്റെ പിഴവിനെയാണ് ആരാധകര്‍ ട്രോളുന്നത്. എന്നാല്‍ ഇതേ കാര്‍ത്തിക്കാണ് നിദാഹാസ് ട്രോഫിയില്‍ അവസാന ഓവറില്‍ 22 റണ്‍സ് വേണമെന്നിരിക്കെ അവസാന പന്തില്‍ സിക്സറടിച്ച് ബംഗ്ലദേശിനെതിരെ ഇന്ത്യക്ക് അവിസ്മരണിയ ജയം സമ്മാനിച്ചത്.

India vs New Zealand 5 reasons why India lost to New Zealand
Author
Hamilton, First Published Feb 10, 2019, 6:17 PM IST

ഹാമില്‍ട്ടണ്‍: എല്ലാ തോല്‍വിയിലും ഒരു ബലിയാടിനെ തിരയുന്നവര്‍ ന്യൂസിലന്‍ഡിനെതിരായ അവസാന ടി20 തോല്‍വിയുടെ ഉത്തരവാദിത്തം ദിനേശ് കാര്‍ത്തിക്കിന്റെ ചുമലില്‍ വെച്ചുകൊടുക്കുന്ന തിരക്കിലാണ്. അവസാന ഓവറില്‍ സിംഗിളെടുക്കാതിരുന്ന കാര്‍ത്തിക്കിന്റെ പിഴവിനെയാണ് ആരാധകര്‍ ട്രോളുന്നത്. എന്നാല്‍ ഇതേ കാര്‍ത്തിക്കാണ് നിദാഹാസ് ട്രോഫിയില്‍ അവസാന ഓവറില്‍ 22 റണ്‍സ് വേണമെന്നിരിക്കെ അവസാന പന്തില്‍ സിക്സറടിച്ച് ബംഗ്ലദേശിനെതിരെ ഇന്ത്യക്ക് അവിസ്മരണിയ ജയം സമ്മാനിച്ചത്. കാര്‍ത്തിക്കിന്റെ മാത്രം പിഴവല്ല ഇന്ത്യയുടെ തോല്‍വിക്ക് കാരണമായതെന്ന് ചുരുക്കും. ഇന്ത്യയുടെ തോല്‍വിയിലേക്ക് നയിച്ച അഞ്ചു പിഴവുകള്‍ ഇതാ

കീവീസിനെ ബാറ്റിംഗനയക്കാനുള്ള തീരുമാനം

ഏകദിന പരമ്പരയില്‍ 92 റണ്‍സിന് ഓള്‍ ഔട്ടായ ഹാമില്‍ട്ടണിലെ സെഡന്‍ പാര്‍ക്കിലായിരുന്നു മത്സരമെന്നതിനാല്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിംഗിനയക്കുകയായിരുന്നു. പിച്ചില്‍ നിന്ന് പേസര്‍മാര്‍ക്ക് തുടക്കത്തില്‍ ആനുകൂല്യം ലഭിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്. എന്നാല്‍ കീവീസ് ഓപ്പണര്‍മാര്‍ കത്തിക്കയറിയതോടെ ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റി. പേസ് ബൗളര്‍മാര്‍ക്ക് യാതൊരു സഹായവും ലഭിക്കാതിരുന്നതോടെ കളി ഇന്ത്യയുടെ കൈയില്‍ നിന്ന് പോയി.

ധാരാളികളായ ബൗളര്‍മാര്‍

ന്യൂസിലന്‍ഡ് ബാറ്റ് ചെയ്യുമ്പോള്‍ ധാരാളിത്തം കൊണ്ട് റണ്‍സേറെ വഴങ്ങിയ ബൗളര്‍മാരാണ് കീവീസിന് ഇന്ത്യയുടെ കൈയെത്താ ദൂരത്തുള്ള സ്കോര്‍ സമ്മാനിച്ചത്. നാലോവറില്‍ 54 റണ്‍സ് വഴങ്ങിയ ക്രുനാല്‍ പാണ്ഡ്യയും 47 റണ്‍സ് വഴങ്ങിയ ഖലീല്‍ അഹമ്മദും 44 റണ്‍സ് വഴങ്ങിയ ഹര്‍ദ്ദിക് പാണ്ഡ്യയുമാണ് കൂട്ടത്തില്‍ ഏറ്റവും നിരാശപ്പെടപുത്തിയവര്‍.

നിരാശപ്പെടുത്തി ധവാനും രോഹിത്തും

മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിന്റെ കൂറ്റന്‍ സ്കോര്‍ മറികടക്കാന്‍ വെടിക്കെട്ട് തുടക്കം അനിവാര്യമായിരുന്നെങ്കിലും തുടക്കത്തിലെ ശീഖര്‍ ധവാനെ നഷ്ടമായത് ഇന്ത്യയുടെ താളം തെറ്റിച്ചു. വിജയ് ശങ്കറുടെ വെടിക്കെട്ട് സ്കോറിംഗ് വേഗം കൂട്ടിയെങ്കിലും രോഹിത്തിന്റെ മെല്ലെപ്പോക്ക് ഇന്ത്യക്ക് വിനയായി. 32 പന്തില്‍ മൂന്ന് ബൗണ്ടറികള്‍ മാത്രമടിച്ച രോഹിത് 38 റണ്‍സാണെടുത്തത്.

നിര്‍ണായക സമയത്ത് വിക്കറ്റ് വീഴ്ച

വലിയ വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ ആഞ്ഞടിക്കാന്‍ തുടങ്ങിയപ്പോഴൊക്കെ വിക്കറ്റുകളും നഷ്ടമായി. ആദ്യം റിഷഭ് പന്ത്(12 പന്തില്‍ 28), പിന്നീട് ഹര്‍ദ്ദിക് പാണ്ഡ്യ(11 പന്തില്‍ 21) എന്നിവരെ നിര്‍ണായക സമയത്ത് നഷ്ടമായതിന് പിന്നാലെ രോഹിത്തും ധോണിയും കൂടി പെട്ടെന്ന് മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി.

അവസാന ഓവറിലെ ആശയക്കുഴപ്പം

ടിം സൗത്തി എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. സൗത്തിയാകട്ടെ അതിന് മുമ്പെ ഏറെ റണ്‍സ് വഴങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന ഓവറില്‍ സിംഗിള്‍ ഓടാതിരുന്ന ദിനേശ് കാര്‍ത്തിക്കിന്റെ തീരുമാനവും വൈഡ് നിഷേധിക്കപ്പെട്ടതും അന്തിമഫലത്തില്‍ നിര്‍ണായകമായി.

Follow Us:
Download App:
  • android
  • ios