പെര്‍ത്തില്‍ കാണികള്‍ കുറഞ്ഞു; ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ തമ്മിലടി
പെര്‍ത്ത് ടെസ്റ്റില്‍ കാണികള്‍ കുറഞ്ഞതില്‍ ക്രിക്കറ്റ് ഓസ്ട്രേലിയക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വാക്ക ചീഫ് എക്സിക്യൂട്ടീവ് ക്രിസ്റ്റീന മാത്യൂസ്. ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ബിഗ് ബാഷ് ലീഗിനേക്കാള്‍ താഴ്ന്ന നിലവാരത്തിലാണ് അന്താരാഷ്ട്ര മത്സരങ്ങളുടെ ടിക്കറ്റ് വില്‍പനയെന്നും ക്രിസ്റ്റീന ആരോപിച്ചു.
പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റില്‍ കാണികള്‍ കുറഞ്ഞതില്‍ ക്രിക്കറ്റ് ഓസ്ട്രേലിയക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വാക്ക ചീഫ് എക്സിക്യൂട്ടീവ് ക്രിസ്റ്റീന മാത്യൂസ്. ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ബിഗ് ബാഷ് ലീഗിനേക്കാള്‍ താഴ്ന്ന നിലവാരത്തിലാണ് അന്താരാഷ്ട്ര മത്സരങ്ങളുടെ ടിക്കറ്റ് വില്‍പനയെന്നും ക്രിസ്റ്റീന ആരോപിച്ചു.
'ഓസ്ട്രേലിയന്‍ ക്രിക്കറ്റിലുള്ള വിശ്വാസം ആരാധകര്‍ക്ക് കുറഞ്ഞിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ വെച്ചുണ്ടായ പന്ത് ചുരണ്ടല്‍ വിവാദം ക്രിക്കറ്റിനും എല്ലാവര്‍ക്കും നാണക്കേടുണ്ടാക്കുന്നതാണ്. നമുക്ക് കഴിഞ്ഞ തവണ ലോകകപ്പ് കിട്ടിയെന്നും ആഷസ് പരമ്പര വരാനുണ്ടെന്നും മറക്കരുത്. ഇതിനായി ടീമിനെ പുനരുജീവിപ്പിക്കേണ്ടതുണ്ട്. ആദ്യ ദിനം 30,000ത്തിലേറെ കാണികള്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
ബിഗ് ബാഷ് ലീഗിന്റെ ടിക്കറ്റ് വില്‍പനയും കോര്‍പറേറ്റ് ഹോസ്പിറ്റാലിറ്റിയും നന്നായി നടക്കുന്നുണ്ടെന്നും എന്നാലത് മറ്റ് ക്രിക്കറ്റുകളെ തകര്‍ക്കുകയാണെന്നും' ക്രിസ്റ്റീന പറഞ്ഞു. പെര്‍ത്തില്‍ പുതുതായി നിര്‍മ്മിച്ച സ്റ്റേഡിയത്തില്‍ 20,746 കാണികള്‍ മാത്രമാണ് ആദ്യ ദിനം മത്സരം കാണാനെത്തിയത്. ആദ്യ മൂന്ന് ദിവസങ്ങളിലായി ആകെ 59,545 പേര്‍ മത്സരം നേരിട്ട് വീക്ഷിച്ചു.