ഡേവിഡ് ഡി ഗിയ: സ്‌പാനിഷ് ടീമിന്‍റെ സ്‌പൈഡര്‍മാന്‍
- സ്‌പാനിഷ് ഗോള്‍ ബാറിന് കീഴിലെ സൂപ്പര്‍താരം ഡേവിഡ് ഡി ഗിയയെ കുറിച്ച് ഫെബിന്‍ വി തോമസ് എഴുതുന്നു
കേവലം മൂന്ന് ആഴ്ചകൾ. ഫുട്ബോളിന്റെ മഹാമാമാങ്കത്തിന് തിരിതെളിയാൻ അത്രയും സമയം മാത്രമാണ് ബാക്കി. പ്രതീക്ഷകൾ, വെല്ലുവിളികൾ, ആഘോഷങ്ങൾ എല്ലാം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. വാഗ്‌വാദങ്ങൾക്ക് അപ്പുറമായി ട്രോളുകളും മീമുകളും കഴിഞ്ഞ തവണത്തേക്കാളും വന്നുതുടങ്ങിയിരിക്കുന്ന ഈ ലോകകപ്പിൽ ആവേശത്തിന് ഒരു പരിധിയും ഉണ്ടാവില്ല എന്നത് നിശ്ചയമാണ്.
'ഇഷ്ടതാരങ്ങളുടെ പ്രകടനം എപ്പോഴും ചങ്കിടിപ്പ് കൂട്ടുന്നതാണ്. നല്ല രീതിയിൽ ആണെങ്കിൽ അത് ആഘോഷിക്കാനും, തെറ്റുകൾ പറ്റിയാൽ പ്രിയകളിക്കാരൻ ക്രൂശിതൻ ആകേണ്ടിവരുന്നത് സഹിക്കേണ്ടിയതായും വരുന്നു. പ്രത്യേകിച്ച് കുറച്ച് തെറ്റുകൾ മാത്രം സാധ്യമായ ഒരു പൊസിഷനിൽ കളിക്കുന്ന ഒരു കളിക്കാരനാകുമ്പോൾ. പറഞ്ഞുവരുന്നത് സ്പെയിനിന്റെ നുമേറോ 1 സ്റ്റോപ്പർ, ഡേവിഡ് ഡി ഗിയയെ പറ്റിയാണ്'. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ പലതവണ തോൽവിയുടെ വാക്കിലേക്ക് ചരിഞ്ഞപ്പോഴും എതിർ ടീമിനും ഗോളിനുമിടയിൽ നിന്ന് തകർപ്പൻ സേവുകളിലൂടെ അവരെ രക്ഷിച്ച അവരുടെ സൂപ്പർ സ്റ്റാർ ആണ് ഡി ഗിയ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം ഓഫ് ദ് ഇയറിൽ കഴിഞ്ഞ ആറ് സീസണിൽ നിന്നും അഞ്ചാം തവണയാണ് ഡി ഗിയ ഗോൾ കീപ്പർ ആവുന്നത്, തുടർച്ചയായി നാലാം തവണ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ കൂടുതൽ ക്ലീൻ ഷീറ്റും മറ്റാരുടെയും പേരിലല്ല.സ്പാനിഷ് ഫുട്ബോളിന്റെ ഈറ്റില്ലങ്ങളിൽ ഒന്നായ മാഡ്രിഡിൽ 1990ലാണ് ഡേവിഡ് ഡി ഗിയ ക്വിന്റാന ജനിക്കുന്നത്. അത്ലറ്റികോ മാഡ്രിഡിലൂടെയും സ്പെയിൻ നാഷണൽ ടീമിന്റെ വയസടിസ്ഥിതമായ ടീമുകളിലൂടെയും ഉയർന്നു വന്ന താരം അണ്ടര്‍-21 ലോകകപ്പ് വിജയശേഷമാണ് യുണൈറ്റഡിൽ എത്തുന്നത്, വാൻ ഡെർസാറിന്റെ പകരക്കാരനായി. ആദ്യത്തെ സീസണുകളിൽ ചില മികച്ച സേവുകൾ ഉണ്ടായിരുന്നെങ്കിലും വീഴ്ചകൾ നിരന്തരം വന്നുകൊണ്ടിരുന്നത് അദ്ദേഹത്തിന്റെ കരിയർ അവിടെ എത്രനാൾ കൂടെ എന്ന ചോദ്യത്തിലേക്ക് നയിച്ചു. നിരവധി പരിഹാസങ്ങൾ സ്വന്തം കാണികൾ തന്നെ ഉയർത്തിയപ്പോൾ തലകുഞ്ഞിരിക്കാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളു.
പക്ഷെ സർ അലക്സ് ഫെർഗുസൺ ഡി ഗിയയിലുള്ള തന്റെ വിശ്വാസം നഷ്ടമാക്കിയില്ല. 2013ലാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആരംഭിക്കുന്നത്. അതിൽപിന്നെ ഇങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടിയ സാഹചര്യം വന്നിട്ടില്ല. പെപെ റെയ്നയും, കേപാ അറിസബലഗയുമാണ് സ്പെയിനിന്റെ 23 അംഗ സ്‌ക്വാഡിലെ മറ്റ് കീപ്പർമാർ. കരിയറിലെ മികച്ച ഫോമിലുള്ള ഡി ഗിയ തന്നെയാവും എല്ലാ പ്രധാനപ്പെട്ട കളികളിലും പ്ലെയിങ് ഇലവനിൽ ഉണ്ടാവുക എന്നതിൽ സംശയമുണ്ടാവില്ല. മിഡ്‌ഫീൽഡിലും, ഡിഫെൻസിലും സൂപ്പർ താരങ്ങൾ അടങ്ങിയ ഒരു ടീമിൽ ഗോൾ കീപ്പറും സൂപ്പർ താരമാവുമ്പോൾ മറ്റ് ടീമുകൾക്ക് ഗോൾ കണ്ടെത്തുക എന്നത് എളുപ്പമാവില്ല.
ഈ ലോകകപ്പ് നേടാൻ സാധ്യതയുള്ള ഒരു ടീം എന്ന നിലയിൽ സ്പെയിനിന്റെ പ്രതീക്ഷകൾ ഡി ഗിയയിൽ കൂടി ചുറ്റിപ്പറ്റിയായിരിക്കും എന്നതിൽ തർക്കമില്ല.
ജൂലൈ 15ന് മോസ്കോയിലെ ലുസ്‌നികിയിൽ അവസാന വിസിൽ മുഴങ്ങുമ്പോൾ വെന്നിക്കൊടി പാറിക്കുന്നവരുടെ കൂട്ടത്തിൽ ഡി ഗിയയും ഉണ്ടാവുമെന്ന് ആശിക്കുന്നു