തോമസ് മുള്ളര്‍: ലോകകപ്പുകളിലെ രാജകുമാരന്‍
- കഴിഞ്ഞ രണ്ട് ലോകകപ്പുകളില്‍ തിളങ്ങിയ ജര്‍മ്മന്‍ താരം തോമസ് മുള്ളറെ കുറിച്ച് അഭിജിത്ത് പ്രേംകുമാര്‍ എഴുതുന്നു
ലോകത്തിലെ പല രാജ്യങ്ങളിലും 13 എന്ന നമ്പർ നിര്‍ഭാഗ്യത്തിന്റെ അടയാളമായാണ് കണക്കാക്കുന്നത്. എന്നാൽ ജർമൻ ഫുട്‌ബോൾ ടീമിന് പതിമൂന്നാം നമ്പറിനോട് എക്കാലത്തും ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു. ഫുട്ബാൾ ഇതിഹാസം ഗർഡ് മുള്ളറിൽ തുടങ്ങി ഒരു കാലത്ത് ജർമൻ മിഡ്ഫീൽഡില്‍ പടകുതിര ആയിരുന്നു ബല്ലാക്കിലൂടെ ഇന്ന് തോമസ് മുള്ളറിൽ എത്തിനിൽക്കുന്നു. ഇതിൽ ബല്ലാക്കിനൊഴികെ ബാക്കി രണ്ടുപേർക്കും ലോകകപ്പിൽ മുത്തമിടാനുള്ള ഭാഗ്യമുണ്ടായി.
മുള്ളര്‍ വരവറിയിച്ച 2010 ലോകകപ്പ്
ലോകകപ്പിന് ജർമനി ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടി കയറുമ്പോൾ ലോകത്തിന് തോമസ് മുള്ളർ ആരാണെന്ന് അറിയില്ലായിരുന്നു. രാജ്യത്തിന് വേണ്ടി വെറും രണ്ട് കളികളുടെ മത്സരപരിചയം മാത്രം വെച്ചാണ് മുള്ളർ ലോകകപ്പിന് വന്നത്. അദേഹത്തിന്റെ കഴിവിൽ വിശ്വാസം അർപ്പിച്ച് ലോകകപ്പ് ടീമിൽ ഉൾപെടുത്തുകയും ആദ്യ മത്സരത്തിൽ തന്നെ ഇറക്കുകയും ചെയ്ത ജർമൻ കോച്ച് ജോക്കിം ലോയെ എത്ര അഭിനന്ദിച്ചാലും കുറഞ്ഞു പോവില്ല. ആദ്യ മത്സരത്തിൽ തന്നെ വലകുലുക്കി ദുൽഖർ 'എബിസിഡി' സിനിമയിൽ പറയുന്ന പോലെ "ഈ മോൻ വന്നത് ചുമ്മാ അങ്ങ് പോകാനല്ല" എന്ന ലോകത്തെ അറിയിച്ചു. പിന്നീട് ഗ്രൂപ്പ് ഘട്ടത്തിൽ ഗോൾ അടിക്കാൻ കഴിഞ്ഞില്ലെങ്കിലും, പ്രീക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ രണ്ട് തവണയും, ക്വാർട്ടറിൽ അർജന്റീനക്ക് എതിരെ ഒരു തവണയും വല കുലുക്കി. എന്നാൽ ടൂർണ്ണമെന്റിലെ തന്റെ രണ്ടാം മഞ്ഞ കാർഡ് അർജന്റീനക്ക് എതിരെ വഴങ്ങിയതിനാൽ സെമിഫൈനൽ മത്സരം നഷ്ട്ടപ്പെട്ടു. സെമി ഫൈനൽ തോറ്റ ജർമനി മൂന്നാം സ്ഥാനത്തിന് വേണ്ടി ഉള്ള മത്സരത്തിൽ മുള്ളർ ഒരു ഗോൾ കൂടെ നേടി. നിരവധി നേട്ടങ്ങൾ ആണ് ആ ഇരുപത് വയസുള്ള ചെറുപ്പക്കാരൻ തന്റെ ആദ്യ ലോകകപ്പിൽ നേടിയത്..
- ടൂർണമമെന്റിലെ ജോയിന്റ് ടോപ്പ് സ്‌കോറർ(ഗോൾഡൻ ബൂട്ട് വിജയി)
- ടൂർണമെന്റിലെ കൂടുതൽ അസിസ്റ്റുകൾ
- ടൂർണമെന്റിലെ മികച്ച യുവതാരം
ഇതിലും മികച്ച ഒരു ലോകകപ്പ് ഒരു തുടക്കകാരന് സാധ്യമാണോ!
ലോകകപ്പ് അവസാനിച്ചതോടെ ലോകം അറിയുന്ന കളിക്കാരനായി മാറി തോമസ്. ജർമൻ ടീമിന് വേണ്ടി പുറത്തെടുത്ത കളി മികവ് അദ്ദേഹം തന്റെ ക്ലബ്ബ് ആയ ബയേണിലും അതുപോലെ പുറത്തെടുത്തു. ജൂപ്പ് ഹെനിക്കിസിന്റെ കീഴിൽ 2013 ൽ ബയൺ ട്രിപ്പിൾ വിജയികളായതിൽ പ്രധാനപങ്ക് വഹിച്ചിരുന്നു മുള്ളർ. 2010 ലോകകപ്പിലെ സെമിഫൈനൽ തോൽവിയിൽ നിന്ന് പാഠം ഉൾകൊണ്ട് ഇത്തവണ നേടിയില്ലെങ്കിൽ ഇനി ഒരിക്കലും ഉണ്ടാവില്ല എന്നൊരു മനോഭാവത്തോടെ ആണ് ജർമനി 2014ൽ ബ്രസീലിൽ എത്തിയത്. കഴിഞ്ഞ ലോകകപ്പിൽ നിർത്തിയിടത്തുനിന്ന് തന്നെ മുള്ളർ തുടങ്ങി. ആദ്യ മത്സരത്തിൽ പോർച്ചുഗലിനെതിരെ തന്റെ ആദ്യ ലോകകപ്പ് ഹാട്രിക്കോടെ തുടക്കം. യുഎസ്എക്കെതിരെ ഒരു ഗോൾ കൂടെ നേടി ഗ്രൂപ്പ് ഘട്ടം അവസാനിച്ചു. ബ്രസീലിനെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ട മാരക്കാന ദുരന്തിന്റെ തുടക്കവും മുള്ളറുടെ കാലുകളിൽ നിന്നായിരുന്നു. കൊളംബിയയുടെ റോഡ്രിഗസിന് പിറകിൽ അഞ്ച് ഗോളുകളുമായി സിൽവർ ബൂട്ട് വിജയിയായി അത് പോലെ തന്നെ മെസിയുടെ പിറകിൽ ടൂർണമെന്റിലെമികച്ച രണ്ടാമത്തെ കളിക്കാരനായി സിൽവർ ബോൾ വിജയിയുമായി തോമസ് മുള്ളർ.
മുള്ളറെ തളര്‍ത്തിയ നാളുകളും തിരിച്ചുവരവും
മുള്ളറെ സംബന്ധിച്ച് ഫുട്‌ബോൾ കരിയറിലെ ഏറ്റവും മോശമായ ഒരു വർഷം ആയിരുന്നു 2016. ക്വാളിഫയർ മാച്ചുകളിൽ പുറത്തെടുത്ത പ്രകടനം യൂറോകപ്പിൽ പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല. ഒരു ഗോൾ പോലും നേടിയില്ല. ക്ലബ് മത്സരങ്ങളിലും അദ്ദേഹത്തിന്റേത് മങ്ങിയ പ്രകടനം ആയിരുന്നു. ബുണ്ടസ്‌ലിഗയിൽ തുടർച്ചയായി 999 മിനിറ്റുകൾ അദ്ദേഹം ഗോൾ കണ്ടെത്താനാവാതെ കഷ്ടപ്പെട്ടു. ഈ പ്രകടനങ്ങൾ കണ്ട് മുള്ളരുടെ പ്രതാപകാലം അവസാനിച്ചു എന്ന് പലരും വിധി എഴുതി. അത് ശരിവെക്കുന്ന രീതിയിൽ ആയിരുന്നു 2017-18 സീസൺ തുടക്കത്തിലും അദേഹത്തിന്റെ പ്രകടനം. എന്നാൽ ക്ലബ്ബിന്റെ മോശം പ്രകടനം കാരണം ആഞ്ചലോട്ടിയെ പുറത്താക്കി ജൂപ്പ് ഹെനികിസിനെ തിരിച്ചു കൊണ്ട് വന്നത് മുള്ളർക്ക് പുതുജീവൻ നൽകി.ജൂപ്പിന്റെ കീഴിൽ മുള്ളർ പഴയ മുള്ളർ ആയി. തുടർച്ചയായി മികച്ച പ്രകടനങ്ങൾ. സീസണിലെ കൂടുതല്‍ അസിസ്റ്റ് മുള്ളറുടെ പേരിൽ. ലോകകപ്പ് ഇങ്ങ് അടുത്തപ്പോഴേക്കും മുള്ളർ പഴയ പോലെ ഫോമിൽ ആയിരിക്കുന്നു. നിലവിൽ അന്താരാഷ്ട്ര ഫുട്ബോൾ കളിക്കുന്ന കളിക്കാരിൽ കൂടുതൽ ലോകകപ്പ് ഗോളുകൾ മുള്ളറുടെ പേരിലാണ്. തന്റെ സഹ കളിക്കാരനായ മിറോസ്ലാവ് ക്ലോസെയുടെ ലോകകപ്പിലെ ഗോള്‍വേട്ടക്കാരന്‍ എന്ന റെക്കോർഡിലേക്കുള്ള അകലം വെറും ആറ് ഗോളുകൾ.
എളുപ്പമല്ല, എന്നാൽ അസാധ്യവുമല്ല... മുൻപ് കളിച്ച രണ്ട് ലോകകപ്പുകളിലെ പോലെ തന്നെ മികച്ച പ്രകടനം മുള്ളര്‍ക്ക് കാഴ്ച്ചവെക്കാനാവട്ടെ...