ഹര്‍ദ്ദിക് നിരാശനാണ്; വീട്ടില്‍ നിന്നുപോലും പുറത്തിറങ്ങുന്നില്ലെന്ന് പിതാവ്
ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനം ഹര്‍ദിക് വീട്ടിലിരുന്ന് കണ്ടിരുന്നു. എന്നാല്‍ ഫോണില്‍ വരുന്ന കോളുകളൊന്നുപോലും അറ്റന്‍ഡ് ചെയ്യുന്നില്ല. ഓസ്ട്രേലിയയില്‍ നിന്ന് തിരിച്ചെത്തിയശേഷം വീട്ടില്‍ നിന്ന് പുറത്തേക്ക് പോലും ഇറങ്ങിയിട്ടില്ല.
ബറോഡ: ടെലിവിഷന്‍ ചാറ്റ് ഷോ ആയ കോഫി വിത്ത് കരണിലെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായ ഹര്‍ദിക പാണ്ഡ്യ തീര്‍ത്തും നിരാശനാണെന്ന് പിതാവ് ഹിമാന്‍ഷു പാണ്ഡ്യ. ഓസ്ട്രേലിയയില്‍ നിന്ന് തിരിച്ചെത്തിയശേഷം വീട്ടില്‍ നിന്നുപോലും പാണ്ഡ്യ പുറത്തിറങ്ങിയിട്ടില്ലെന്നും ഹിമാന്‍ഷു പാണ്ഡ്യ 'മിഡ് ഡേ' ദിനപത്രത്തോട് പറഞ്ഞു.
ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനം ഹര്‍ദിക് വീട്ടിലിരുന്ന് കണ്ടിരുന്നു. എന്നാല്‍ ഫോണില്‍ വരുന്ന കോളുകളൊന്നുപോലും അറ്റന്‍ഡ് ചെയ്യുന്നില്ല. ഓസ്ട്രേലിയയില്‍ നിന്ന് തിരിച്ചെത്തിയശേഷം വീട്ടില്‍ നിന്ന് പുറത്തേക്ക് പോലും ഇറങ്ങിയിട്ടില്ല. പൂര്‍ണ വിശ്രമത്തിലാണ് അവനിപ്പോള്‍. ടിവി ഷോയില്‍ പറഞ്ഞ കാര്യങ്ങളെ ഓര്‍ത്ത് അവന് നിരാശയും ദു:ഖവുമുണ്ട്. ഇനിയൊരിക്കലും അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കും നല്‍കി.
സസ്പെന്‍ഷന്‍ ലഭിച്ചതിലും അവന്‍ തീര്‍ത്തും നിരാശനാണ്. വിവാദ പ്രസ്താവനയെക്കുറിച്ച് കുടുംബാംഗങ്ങളാരും ഹര്‍ദിക്കിനോട് സംസാരിച്ചിട്ടില്ല. ചേട്ടന്‍ ക്രുനാലും ഇക്കാര്യത്തെക്കുറിച്ച് അവനോട് ഒന്നും ചോദിച്ചിട്ടില്ല. പ്രശ്നത്തില്‍ ബിസിസിഐ തീരുമാനം വരാന്‍ കാത്തിരിക്കുകയാണെന്നും ഹിമാന്‍ഷു പാണ്ഡ്യ പറഞ്ഞു.
കോഫി വിത്ത് കരണ്‍ എന്ന ടിവി ചാറ്റ് ഷോയില്‍ ഹര്‍ദിക് പാണ്ഡ്യയും കെ എല്‍ രാഹുലും നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധമാണെന്ന് ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് ബിസിസിഐ ഇരുവരെയും സസ്പെന്‍ഡ് ചെയ്തിരുന്നു. ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗങ്ങളായിരുന്ന ഇരുവരെയും ബിസിസിഐ അടിയന്തിരമായി നാട്ടിലേക്ക് തിരിച്ചുവിളിക്കുകയും ഇരുവര്‍ക്കുമെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.