ഇങ്ങനെയും ഒരു ഭരണാധികാരി; കായിക ലോകത്ത് വീണ്ടും താരമായി ക്രൊയേഷ്യന്‍ പ്രസിഡന്‍റ്
ഡേവിസ് കപ്പ് ക്രൊയേഷ്യ സ്വന്തമാക്കിയപ്പോള്‍ കെട്ടിപ്പിടിച്ചാണ് പ്രസിഡന്‍റ് തന്‍റെ സന്തോഷം താരങ്ങളെ അറിയിച്ചത്. ഡേവിസ് കപ്പ് ഫെെനല്‍ വേദിയിലെ ചിത്രങ്ങള്‍ കൊളിന്ദ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്
പാരീസ്: കൊളിന്ദ ഗ്രാബര്‍ കിറ്ററോവിച്ച്... ഈ പേര് കായിക പ്രേമികളുടെ മനസില്‍ നിന്ന് അങ്ങനെ ഒന്നും മാഞ്ഞ് പോകില്ല. ക്രൊയേഷ്യ എന്ന കുഞ്ഞന്‍ രാജ്യം ലോക രാജ്യങ്ങളുടെ കനത്ത പോരാട്ടം നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്‍റെ കലാശപോരാട്ടം വരെ കുതിച്ചെത്തിയപ്പോള്‍ കളിക്കാര്‍ക്കൊപ്പം താരമായത് കൊളിന്ദ ഗ്രാബര്‍ കിറ്ററോവിച്ച് കൂടിയാണ്.
അതേ, ഗാലറിയില്‍ ആടിപ്പാടി... തിരിച്ചടി ലഭിച്ചപ്പോള്‍ താരങ്ങളെ സ്വാന്തനിപ്പിച്ച ക്രൊയേഷ്യയുടെ സ്വന്തം പ്രസിഡന്‍റ്. ഇപ്പോള്‍ കൊളിന്ദ വീണ്ടും രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടുകയാണ്. കാരണം വേറൊന്നുമല്ല, ഡേവിസ് കപ്പ് ടെന്നീസില്‍ വിജയം നേടിയ ക്രൊയേഷ്യന്‍ താരങ്ങളെ പ്രചോദിപ്പിക്കാനും രാജ്യത്തിന്‍റെ പതാകയെ സൂചിപ്പിക്കുന്ന ജഴ്സിയണിഞ്ഞ് കൊളിന്ദ മത്സരവേദിയിലുണ്ടായിരുന്നു.
ഡേവിസ് കപ്പ് ക്രൊയേഷ്യ സ്വന്തമാക്കിയപ്പോള്‍ കെട്ടിപ്പിടിച്ചാണ് പ്രസിഡന്‍റ് തന്‍റെ സന്തോഷം താരങ്ങളെ അറിയിച്ചത്. ഡേവിസ് കപ്പ് ഫെെനല്‍ വേദിയിലെ ചിത്രങ്ങള്‍ കൊളിന്ദ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഇങ്ങനെ ഒക്കെ ഒരു ഭരണാധികാരിക്ക് ചെയ്യാന്‍ സാധിക്കുമോയെന്നാണ് ഈ ചിത്രങ്ങള്‍ കണ്ടവരെല്ലാം ചോദിക്കുന്നത്.
ഭരണകര്‍ത്താക്കള്‍ക്ക് പകര്‍ത്താന്‍ ഏറ്റവും നല്ല ഉദാഹരണമാണ് കൊളിന്ദയെന്നും ഇന്ത്യ അടക്കം പല രാജ്യത്ത് നിന്നുള്ളവര്‍ പ്രതികരിക്കുന്നു. ആതിഥേയരായ ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് ക്രൊയേഷ്യ രണ്ടാം വട്ടം ഡേവിസ് കപ്പില്‍ മുത്തമിട്ടത്. കലാശ പോരില്‍ ഫ്രാന്‍സിന്‍റെ ലൂക്കാസ് പൗളവിലിനെ 7-6(3),6-3,6-3 എന്ന സ്കോറിനാണ് ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ച് പരാജയപ്പെടുത്തിയത്. ഇതോടെ 3-1 എന്ന വ്യക്തമായ ലീഡോടെ ക്രൊയേഷ്യ വിജയം സ്വന്തമാക്കുകയായിരുന്നു.