ഐപിഎല്‍ ടീമിനെ സ്വന്തമാക്കാനൊരുങ്ങി ബച്ചന്‍ കുടുംബം
ഐപിഎൽ വേദികളില്‍ സ്ഥിരം സാന്നിധ്യമായ അമിതാഭും അഭിഷേകും, ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഓഹരികള്‍ സ്വന്തമാക്കാന്‍ നേരത്തെ ശ്രമിച്ചിരുന്നു
ജയ്പൂര്‍: ബച്ചന്‍ കുടുംബവും ഐപിഎല്ലിലേക്ക്. ലീഗിലെ രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചൈസിയുടെ ഓഹരികള്‍ അമിതാഭ് ബച്ചനും മകന്‍ അഭിഷേകും വാങ്ങുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ലണ്ടനില്‍ വച്ച് റോയൽസ് ഉടമ മനോജ് ബദാലെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയിലെത്തിയത്.
ഐപിഎൽ വേദികളില്‍ സ്ഥിരം സാന്നിധ്യമായ അമിതാഭും അഭിഷേകും, ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഓഹരികള്‍ സ്വന്തമാക്കാന്‍ നേരത്തെ ശ്രമിച്ചിരുന്നു. നിലവില്‍ ഐഎസ്എല്ലിലെ ചെന്നൈയിന്‍ ടീമിന്‍റെയും പ്രോ കബഡി ലീഗീലെ ജയ്പൂര്‍ പാന്തേഴ്സ് ടീമിന്‍റെയും ഉടമകളാണ് ബച്ചന്‍ കുടുംബം.
ബോളിവുഡ് നടി ശിൽപ്പ ഷെട്ടിക്കും ഭര്‍ത്താവിനും 2015വരെ റോയൽസില്‍ ഓഹരിയുണ്ടായിരുന്നു. എന്നാല്‍ നിലവിലെ ഉടമകള്‍ തങ്ങളുടെ കൈവശമുള്ള ഓഹരിയുടെ 50 ശതമാനവും വില്‍ക്കാന്‍ തീരുമാനിച്ചതായി പിടിഐയും പോയവാരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐപിഎല്ലിന്രെ തുടക്കം മുതല്‍ കളിക്കുന്ന റോയല്‍സിനെയും ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും 2015ല്‍ രണ്ടു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. 2018ലാണ് ഇരു ടീമുകളും പിന്നീട് ഐപിഎല്ലില്‍ മടങ്ങിയെത്തിയത്.