മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മയും മുന്‍ നായകന്‍ എം എസ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയും സ്കൂളില്‍ സഹപാഠികളായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഏറ്റെടുത്ത് ആരാധകര്‍. ഇരുവരുടെയും സ്കൂള്‍ കാലഘട്ടത്തിലെ ചിത്രങ്ങള്‍ സഹിതമായിരുന്നു കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്.

ആസമിലെ മാര്‍ഗരിറ്റ സെന്‍റ് മേരീസ് സ്കൂളില്‍ ഇരുവരും സഹപാഠികളായിരുന്നുവെന്നായിരുന്നു വാര്‍ത്ത. അനുഷ്കയുടെ അച്ഛന്‍ റിട്ട.കേണല്‍ അജയ് കുമാര്‍ ശര്‍മ സൈനിക സേവനത്തിന്റെ ഭാഗമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. അജയ് കുമാര്‍ ശര്‍മ ആസമില്‍ ജോലി ചെയ്യവെയാണ് അനുഷ്ക സെന്റ് മേരിസ് സ്കൂളില്‍ സാക്ഷിയുടെ സഹപാഠിയായി പഠിക്കാനിടയായത്.  ആ സമയം സാക്ഷിയും അവിടെ പഠിച്ചിരുന്നു.

ഇരുവരുടെയും സ്കൂള്‍ കാലഘട്ടത്തിലെ ചിത്രങ്ങളും വാര്‍ത്തകള്‍ക്കൊപ്പമുണ്ട്. 2013ല്‍ ഒരു പൊതുപരിപാടിക്കിടെ ഇരുവരും കണ്ടുമുട്ടിയപ്പോള്‍ സാക്ഷി താന്‍ ജനിച്ചു വളര്‍ന്ന നാടിന്റെയയും പഠിച്ച സ്കൂളിന്റെ വിശേഷങ്ങള്‍ അനുഷ്കയുമായി പങ്കുവെച്ചിരുന്നു. ഈ സമയം അനുഷ്കയും താനും ഈ സ്ഥലങ്ങളില്‍ താമസിച്ചിട്ടുണ്ടെന്നും സാക്ഷി പറഞ്ഞ സ്കൂളില്‍ പഠിച്ചിട്ടുണ്ടെന്നും പറഞ്ഞതോടെയാണ് ഇരുവരും സഹപാഠികളായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. ഇതിനുശേഷമാണ് ഇരുവരുടെയും ഒന്നാം ക്ലാസിലെ സ്കൂള്‍ ഫോട്ടോ ലഭിച്ചത്. ഈ ചിത്രങ്ങളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.