'കൈവിടാത്ത' സ്‌പിരിറ്റ്; ട്രാക്കില്‍ വീണ താരത്തെ തോളോടുചേര്‍ത്ത് ഓട്ടം പൂര്‍ത്തിയാക്കി അത്‌ലറ്റ്- വീഡിയോ
ട്രാക്കില്‍ വീണ അത്‌ലറ്റിനെ താങ്ങിപ്പിടിച്ച് ദാബോ ഓട്ടിക്കയറിയത് കാണികളുടെ മനസിലേക്ക്. ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലെത്തിയ അത്‌ലറ്റിക്‌സ് പ്രേമികള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് ഇരുവരെയും ഫിനിഷിംഗ് ലൈനിലേക്ക് സ്വീകരിച്ചത്.
ദോഹ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കായികപ്രേമികളുടെ സ്വര്‍ണമെഡല്‍ നേടിയ ഒരു താരമുണ്ട്. സ്‌പോര്‍ട്‌സ്‌മാന്‍ഷിപ്പിന്‍റെ ഉദാത്ത മാതൃകയായാണ് ഗിനി ബിസൗ താരം ബ്രൈമ ദാബോ ഇപ്പോള്‍ വാഴ്‌ത്തപ്പെടുന്നത്. ദോഹയിലെ ചൂടേറിയ 5000 മീറ്റര്‍ പോരാട്ടത്തിനിടെ ട്രാക്കില്‍ തളര്‍ന്നുവീണ അരുബ അത്‌ലറ്റ് ജൊനാഥന്‍ ബസ്‌ബിയെ താങ്ങിപ്പിടിച്ച് ഓട്ടം പൂര്‍ത്തിയാക്കി ദാബോ കായികപ്രേമികളുടെ മനസിലേക്ക് ഇരച്ചുകയറുകയായിരുന്നു.
പുരുഷന്‍മാരുടെ 5000 മീറ്ററിലെ ആദ്യ ഹീറ്റ്‌സിന് ദോഹയിലെ ഖലീഫ ഇന്‍റനാഷണല്‍ സ്റ്റേഡിയത്തില്‍ വെടിയൊച്ചയുയര്‍ന്നിട്ട് മിനുറ്റുകള്‍ പിന്നിട്ടിരുന്നു. അവസാന ലാപ്പ് ഓടിത്തീര്‍ക്കാന്‍ കുതിക്കുന്നതിനിടെ ജൊനാഥന്‍ അസാധാരണമായി കിതയ്‌ക്കുന്നത് ദാബോയുടെ കണ്ണിലുടക്കി. മെഡല്‍ സ്വപ്‌നത്തിലേക്ക് ജൊനാഥനെ തോളോടുചേര്‍ത്ത് ദാബോ പതിവിനപ്പുറമുള്ള ആവേശത്തോടെ കുതിച്ചു. ഖലീഫ സ്റ്റേഡിയത്തിലെത്തിയ അത്‌ലറ്റിക്‌സ് പ്രേമികള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് ഇരുവരെയും ഫിനിഷിംഗ് ലൈനിലേക്ക് സ്വീകരിച്ചത്.
'സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുക എന്നതാണ് പ്രധാനം. അതിനിടെ മറ്റൊരാളെ സഹായിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്. ജൊനാഥന്‍ ക്ഷീണിതനാണെന്ന് എനിക്ക് മനസിലായി. അദേഹത്തിന് ഫിനിഷിംഗ് ചെയ്യാന്‍ കഴിയില്ലെന്നും തോന്നി. എനിക്ക് സ്വന്തം വ്യക്തിഗത റെക്കോര്‍ഡ് തകര്‍ക്കാന്‍ മത്സരത്തിലാകുമായിരുന്നില്ല. ഫിനിഷിംഗ് ചെയ്യാന്‍ ജൊനാഥനെ സഹായിക്കുക മാത്രമായിരുന്നു മുന്നിലുണ്ടായിരുന്ന ലക്ഷ്യം'- ദാബോ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേര്‍സിനോട് പറഞ്ഞു.
സ്‌പോര്‍ട്‌സ്‌മാന്‍ഷിപ്പിനെയും ഖലീഫ സ്റ്റേഡിയത്തിലെ കാണികളുടെ ഊഷ്‌മളമായ വരവേല്‍പിനെക്കുറിച്ചും കുറിച്ചുള്ള ചോദ്യത്തിന് ദാബോയുടെ പ്രതികരണമിങ്ങനെ. 'അദേഹത്തിന് സംസാരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല, എന്നിട്ടും എനിക്ക് നന്ദി പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും വേറിട്ട ഭാഷകളിലാണ് സംസാരിക്കുന്നത്. അതിനാല്‍ തന്നെ സംഭാഷണം ഏറെനേരം നീണ്ടുനില്‍ക്കുമായിരുന്നില്ല. നേരത്തെ എങ്ങനെയായിരുന്നു അങ്ങനെ തന്നെയാണ് ഞാനിപ്പോഴും. എന്‍റെ രാജ്യത്തെ പ്രതിനിധീകരിക്കാനാവുന്നതില്‍ അതിയായ അഭിമാനമുണ്ട്'.
ഓട്ടം പൂര്‍ത്തിയാക്കിയതിന് ശേഷം മെഡിക്കല്‍ സംഘം എത്തുന്നതുവരെ ജൊനാഥനെ പരിചരിച്ച് ദാബോ അടുത്തുണ്ടായിരുന്നു. വില്‍ചെയറിലാണ് താരത്തെ ട്രാക്കില്‍ നിന്ന് മാറ്റിയത്. എത്യോപയുടെ സോളമന്‍ ബരേഗ ഹീറ്റ്സില്‍ ഒന്നാമതെത്തിയപ്പോള്‍ ദാബോയ്‌ക്കും ജൊനാഥനും മെഡല്‍ നേടാനായില്ല. എന്നാല്‍ ഖലീഫ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ കാണികളുടെ മെഡല്‍ ഇരുവര്‍ക്കുമായിരുന്നു. ദോഹ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ സുവര്‍ണ നിമിഷമായി ഇത് കായിക ചരിത്രത്തില്‍ അടയാളപ്പെടുത്തുമെന്നുറപ്പ്.
"