സിഡ്നി ടെസ്റ്റിൽ കളിക്കാൻ സാധ്യതയുണ്ടായിട്ടും അശ്വിന്‍ അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിക്കാനുളള കാരണം

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ അശ്വിന് പകരം സുന്ദറെ കളിപ്പിച്ച തീരുമാനത്തിലൂടെ ടീം മാനേജ്മെന്‍റ് നല്‍കിയത് വ്യക്തമായ സന്ദേശമായിരുന്നു.

why R Ashwin retired in middle of Border-Gavaskar Trophy
Author
First Published Dec 18, 2024, 6:50 PM IST

ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകളില്‍ ഇന്ത്യ മൂന്ന് വ്യത്യസ്ത സ്പിന്നര്‍മാരെയാണ് കളിപ്പിച്ചത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ പ്ലേയിംഗ് ഇലവനില്‍ കളിച്ചപ്പോള്‍ അഡ്‌ലെയ്ഡില്‍ നടന്ന ഡേ നൈറ്റ് ടെസ്റ്റില്‍ അശ്വിന്‍ പ്ലേയിംഗ് ഇലവനിലെത്തി. എന്നാല്‍ മഴമൂലം സമനിലയായ ബ്രിസ്ബേനിലെ മൂന്നാം ടെസ്റ്റില്‍ രവീന്ദ്ര ജഡേജയാണ് പ്ലേയിംഗ് ഇലവനില്‍ കളിച്ചത്. മൂന്ന് ടെസ്റ്റിലും ഇന്ത്യ മൂന്ന് വ്യത്യസ്ത സ്പിന്നര്‍മാരെ ഇന്ത്യ കളിപ്പിച്ചത് അതിശയിപ്പിച്ചുവെന്ന് ഓസ്ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാള്‍ ടീമിലുള്ളപ്പോള്‍ മൂന്ന് ടെസ്റ്റില്‍ ഇന്ത്യ മൂന്ന് വ്യത്യസ്ത സ്പിന്നര്‍മാരെ പരീക്ഷിച്ചത് ശരിക്കും അത്ഭുതപ്പെടുത്തി. അതുകണ്ടപ്പോള്‍ ഇവരിത് എന്താണ് ചെയ്യുന്നതെന്ന് ഓര്‍ത്ത് ഞാന്‍ തലയാട്ടിയിരുന്നു. പക്ഷെ ഇന്ത്യയുടെ ബെഞ്ച് സ്ട്രങ്ത്ത് അത്രമാത്രമുണ്ട്. 500ന് മുകളില്‍ വിക്കറ്റെടുത്തിട്ടുള്ള അശ്വിനെ ബെഞ്ചിലിരുത്തിയാലും 300ന് മേല്‍ വിക്കറ്റെടുത്ത ജഡേജയെ അവര്‍ക്ക് കളിപ്പിക്കാനാതകും. അതില്‍ ആരെ കളിപ്പിക്കണമെന്നത് ശരിക്കും സുഖമുള്ളൊരു തലവേദനയാണെന്നായിരുന്നു ലിയോണിന്‍റെ വാക്കുകള്‍.

അശ്വിന്‍ അത് നേരത്തെ തീരുമാനിച്ചു

why R Ashwin retired in middle of Border-Gavaskar Trophyനാട്ടില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങിയപ്പോള്‍ മൂന്ന് കളികളില്‍ 9 വിക്കറ്റ് മാത്രമാണ് അശ്വിന് വീഴ്ത്താനായത്. രണ്ട് ടെസ്റ്റില്‍ മാത്രം കളിച്ച വാഷിംഗ്ടണ്‍ സുന്ദര്‍ 16 വിക്കറ്റുമായി പരമ്പരയിൽ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായപ്പോഴെ തലമുറമാറ്റത്തിന് സമയമായെന്ന് തിരിച്ചറിവ് അശ്വിനുണ്ടായിക്കാണണം. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ അശ്വിന് പകരം സുന്ദറെ കളിപ്പിച്ച തീരുമാനത്തിലൂടെ ടീം മാനേജ്മെന്‍റ് നല്‍കിയതും വ്യക്തമായ സന്ദേശമായിരുന്നു. അഡ്‌ലെയ്ഡഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ അശ്വിന്‍ കളിച്ചെങ്കിലും ഇന്ത്യ 10 വിക്കറ്റിന് തോറ്റ മത്സരത്തില്‍ ഒരു വിക്കറ്റ് മാത്രമാണ് അശ്വിന്‍ നേടിയത്. അവസാനം കളിച്ച നാലു ടെസ്റ്റില്‍ 10 വിക്കറ്റ് മാത്രമെ അശ്വിന്‍റെ പേരിലുള്ളു. അശ്വിന്‍റെ ഇതുവരെയുള്ള ബൗളിംഗ് നിലവാരം വെച്ചുനോക്കിയാല്‍ ഒട്ടും നീതീകരിക്കാനാവാത്ത പ്രകടനം.

ബോക്സിംഗ് ഡേ ടെസ്റ്റില്‍ പന്തെറിയാന്‍ മുഹമ്മദ് ഷമി എത്തുമോ?, നിലപാട് വ്യക്തമാക്കി വീണ്ടും രോഹിത് ശര്‍മ

അഡ്‌ലെയ്ഡ് ടെസ്റ്റിന് പിന്നാലെ ബ്രിസ്ബേനില്‍ വീണ്ടും പുറത്തിരുത്തിയപ്പോഴെ അശ്വിന്‍ സീനിയര്‍ താരങ്ങളോടും ടീം മാനേജ്മെന്‍റിനോടും ടീമിന് തന്നെ ആവശ്യമില്ലെങ്കില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന കാര്യം വ്യക്തമാക്കിയിരുന്നു. മെല്‍ബണില്‍ നടക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിലും അശ്വിന്‍ പ്ലേയിംഗ് ഇലവനിലുണ്ടാകില്ലെന്ന കാര്യം ഉറപ്പായിരുന്നു. എന്നാല്‍ സ്പിന്നര്‍മാരെ തുണക്കുന്ന പാരമ്പര്യമുള്ള സിഡ്നിയില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ രണ്ട് സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അശ്വിന്‍ ടീമിലെത്താന്‍ സാധ്യതകളുണ്ടായിരുന്നു.

എങ്കിലും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര കഴിഞ്ഞാല്‍ വരുന്ന ജൂണില്‍ മാത്രമാണ് ഇന്ത്യക്ക് ടെസ്റ്റ് പരമ്പരയുള്ളത്. അത് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയാണ്. 2021ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഒരു ടെസ്റ്റില്‍ പോലും അശ്വിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാതിരുന്ന സാഹചര്യത്തില്‍ ഇത്തവണയും മാറ്റമുണ്ടാകാനുള്ള സാധ്യത വിരളമായതിനാല്‍ അനിവാര്യമായ തീരുമാനത്തിലേക്ക് അശ്വിനെത്തി.2021 മുതല്‍ കാല്‍മുട്ടിനേറ്റ പരിക്കും അശ്വിന്‍റെ തീരുമാനത്തെ സ്വാധീനിച്ചിരിക്കണം.

why R Ashwin retired in middle of Border-Gavaskar Trophy

ക്രിക്കറ്റിലെന്നപോലെ നാടകീയതകളൊന്നുമില്ലാതെ അടിമുടി മാന്യമായ വിരമിക്കല്‍ പ്രഖ്യാപനത്തിലൂടെ ടെസ്റ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായി 38കാരനായ അശ്വിന്‍ മടങ്ങാനുള്ള തീരുമാനമെടുത്തു. 106 ടെസ്റ്റില്‍ നിന്ന് 537 വിക്കറ്റുകളാണ് അശ്വിന്‍റെ പേരിലുള്ളത്. ആറ് സെഞ്ചുറികളും 16 അര്‍ധെസഞ്ചുറികളുമായി ബാറ്ററെന്ന നിലയിലും വിലമതിക്കാനാവാത്ത സംഭാവകൾ നല്‍കി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് തിരിച്ചെത്തിയ അശ്വിന്‍റെ അവസാന ഐപിഎല്ലുമാകും ഇത്തവണത്തേത് എന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios