ദൈവം കൈയൊപ്പിട്ട ഇതിഹാസങ്ങള്‍; സച്ചിനും മെസിയും തമ്മില്‍...

ലോകകപ്പ് നേടിയ ടീമുകളില്‍ ഇരുവരും സെമി ഫൈനലില്‍ കളിയിലെ താരങ്ങളായിരുന്നു. ലോകകപ്പ് നേടിയ ടീമില്‍ സച്ചിന്‍ ഇന്ത്യയുടെ ടോപ് സ്കോററായിരുന്നുപ്പോള്‍ മെസി അര്‍ജന്‍റീനയുടെ ടോപ് സ്കോററായി. ലോകകപ്പ് കിരീടത്തില്‍ മുത്തമിടുന്നതിന് എട്ടു വര്‍ഷം മുമ്പ് നടന്ന ലോകകപ്പ് ഫൈനലില്‍ ഇരുവരുടെയും ടീമുകള്‍ തോറ്റു.

What is Common between Sachin Tendulkar and Lionel Messi
Author
First Published Apr 23, 2023, 5:45 PM IST

ഫുട്ബോള്‍ കണ്ട എക്കാലത്തെയും മഹാനായ താരങ്ങളിലൊരാളാണ് അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി. സച്ചിന്‍ ടെന്‍ഡുല്‍ക്കറാകട്ടെ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളും. ഇരുവരും കളിക്കുന്നത് ടീം ഗെയിമാണെന്നതില്‍ കവിഞ്ഞ് കളിക്കുന്ന കളിയില്‍ സാമ്യതയില്ലെങ്കിലും കരിയറിലും ജീവിതത്തിലും ഇരുവരും തമ്മില്‍ സാമ്യതകളേറെയാണ്. ധരിക്കുന്ന ജേഴ്സി മുതല്‍ സ്വാഭാവത്തില്‍വരെ ഇരുവരും ദൈവത്തിന്‍റെ കൈയൊപ്പ് പതിഞ്ഞവരാണെന്ന് പറയാം.

സച്ചിന്‍ ധരിക്കുന്നത് പത്താം നമ്പര്‍ ജേഴ്സി. ലിയോണല്‍ മെസി ധരിക്കുന്നതും ഫുട്ബോളിലെ വിഖ്യാതമായ പത്താം നമ്പര്‍ ജേഴ്സി. ഇന്ത്യ ആദ്യമായി ഏകദിന ലോകകപ്പ് ജയിക്കുന്നത് 1983ല്‍. അതിനുശേഷം 24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പില്‍ മുുത്തമിടുന്നത്. അര്‍ജന്‍റീന അവസാനമായി ഫുട്ബോള്‍ ലോകകപ്പ് ജയിച്ചത് 1986ല്‍. ഇതിനുശേഷം 36 വര്‍ഷം കഴിഞ്ഞ് കഴിഞ്ഞ ലോകകപ്പിലാണ് അര്‍ജന്‍റീന ലോകകപ്പ് കിരീടം നേടുന്നത്. മെസിക്ക് ലോകകപ്പില്‍ മുത്തമിടാന്‍ കാത്തിരിക്കേണ്ടിവന്നത് നീണ്ട 16 വര്‍ഷങ്ങള്‍. സച്ചിനാകട്ടെ 22 വര്‍ഷങ്ങളും.

ലോകകപ്പ് നേടിയ ടീമുകളില്‍ ഇരുവരും സെമി ഫൈനലില്‍ കളിയിലെ താരങ്ങളായിരുന്നു. ലോകകപ്പ് നേടിയ ടീമില്‍ സച്ചിന്‍ ഇന്ത്യയുടെ ടോപ് സ്കോററായിരുന്നുപ്പോള്‍ മെസി അര്‍ജന്‍റീനയുടെ ടോപ് സ്കോററായി. ലോകകപ്പ് കിരീടത്തില്‍ മുത്തമിടുന്നതിന് എട്ടു വര്‍ഷം മുമ്പ് നടന്ന ലോകകപ്പ് ഫൈനലില്‍ ഇരുവരുടെയും ടീമുകള്‍ തോറ്റു. ഇന്ത്യ 2003 ഏകദിന ലോകകപ്പ് ഫൈനലിലും അര്‍ജന്‍റീന് 2014ലെ ലോകകപ്പ് ഫൈനലിലും. ഇരുവരും കരിയറിലെ അവസാന ലോകകപ്പിലാണ് കിരീടത്തില്‍ മുത്തമിട്ടത്. സച്ചിന്‍ തന്‍റെ ആറാം ലോകകപ്പിലും മെസി അഞ്ചാം ലോകകപ്പിലും. ഇനിയൊരു ലോകകപ്പിനുണ്ടാവില്ലെന്ന് ഇരുവരും ലോകകപ്പിന് മുമ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

മൈറ്റി ഓസീസിനെതിരായ 117*; സിഡ്‍നിയിലെ സച്ചിനിസം എക്കാലത്തെയും മികച്ച സെഞ്ചുറികളിലൊന്ന്

സ്വഭാവത്തിലും ഇരുവരും തമ്മില്‍ സാമ്യതകളേറെയാണ്. ശാന്തപ്രകൃതരായ ഇരുവരും പരസ്യമായി ദേഷ്യപ്പെടുന്നതോ എതിര്‍ കളിക്കാരോട് പോലും മോശമായി പെരുമാറുന്നതോ കാണുക അപൂര്‍വം. ഉത്തമ കുടുംബസ്ഥര്‍ എന്ന നിലയിലും ആരാധകര്‍ക്ക് ഇരുവരും ഒരുപോലെ സ്വീകര്യര്‍. രണ്ട് പതിറ്റാണ്ടോളം സച്ചിന്‍ എന്ന പേരിനുചുറ്റുമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭ്രമണപഥം.

ഒന്നരപ്പതിറ്റാണ്ടായി മെസിയെന്ന രണ്ടക്ഷരമാണ് അര്‍ജന്‍റീനയുടെ എല്ലാം. ആരാധകര്‍ സ്നേഹത്തോടെ സച്ചിനെ ക്രിക്കറ്റിലെ ദൈവമെന്ന് വിളിക്കുമ്പോള്‍ ഫുട്ബോള്‍ ആരാധകര്‍ മെസിയെ വിളിക്കുന്നതാകട്ടെ മിശിഹയെന്നും. അടുത്തിടെ ട്വിറ്ററില്‍ ആരാധകരുമായി നടത്തിയ ആശയവിനിയത്തില്‍ ഇഷ്ട ഫുട്ബോളര്‍ ആരണെന്ന ചോദ്യത്തിന് സച്ചിന്‍ നല്‍കിയ മറുപടി മെസി ലോകകപ്പില്‍ ചുംബിക്കുന്ന ചിത്രം. അത് അങ്ങനെ ആവാതെ തരമില്ലല്ലോ.

Follow Us:
Download App:
  • android
  • ios