പൂജ കഴിഞ്ഞാല്‍ തിരുമേനിക്ക് പ്രിയം ക്രിക്കറ്റ്; സൂപ്പർ സിക്സറും വണ്ടർ ക്യാച്ചുമായി വൈറലായ വെറ്ററന്‍ ദാ ഇവിടെ
ആ സിക്സറടിച്ചത് പൂജ കഴിഞ്ഞിറങ്ങി; വൈറല്‍ വീഡിയോയിലെ 'വിഷ്ണു തിരുമേനി'യെ കുറിച്ച് അറിയാനേറെ
'ഈ പ്രായത്തിലും എന്നാ ഒരു ഇതാ'... രണ്ട് ക്രിക്കറ്റ് വീഡിയോകള്‍ കണ്ട എല്ലാവരെക്കൊണ്ടും ഇങ്ങനെ പറയിപ്പിച്ചൊരു നരച്ച താടിക്കാരന്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. പേസ് ബൗളർമാരെ അനായാസം ബൗണ്ടറിക്ക് പുറത്തേക്ക് പറത്തുകയും, 20കാരന്‍റെ ചുറുചുറുപ്പോടെ റണ്‍സ് ഓടിയെടുക്കുകയും, വണ്ടർ റിട്ടേണ്‍ ക്യാച്ച് എടുക്കുകയും ചെയ്തൊരു വെറ്ററന്‍ താരം. ഇതാരപ്പാ ഈ പുപ്പുലി എന്നുപറഞ്ഞ് വീഡിയോയിലെ ആളെത്തപ്പിയിറങ്ങിയ എല്ലാവർക്കും മുന്നിലേക്ക് ഇനിയും ഒരുപാട് അമ്പരപ്പുകള്‍ നിരത്തി അയാള്‍ ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോമിനോട് മനസുതുറക്കുകയാണ്. പേര് വിഷ്ണു പോറ്റി, വയസ് 43, സ്വദേശം കൊല്ലം ജില്ലയിലെ ആനയടി. വേറൊരു പണിയുമില്ലാതെ പിള്ളേരെയെല്ലാം സിക്സർ പറത്തി ക്രിക്കറ്റ് കളിച്ച് നടക്കുകയല്ല ഇദേഹം, കേരളമെങ്ങും ഗൃഹപ്രവേശമടക്കമുള്ള ചടങ്ങുകള്‍ക്ക് വീടുകളിലെത്തി പൂജാ കർമ്മങ്ങള്‍ ചെയ്യുന്ന തിരുമേനിയാണ് വിഷ്ണു പോറ്റി. നാട്ടുകാരും കുട്ടികള്‍ മുതല്‍ യുവാക്കള്‍ വരെയുള്ള സഹകളിക്കാരുമെല്ലാം സ്നേഹത്തോടെ വിളിക്കുന്നത് വിഷ്ണു തിരുമേനി എന്നുതന്നെ.
'പൂജാരിയെന്തിനാ ക്രിക്കറ്റ് കളിച്ച് നടക്കുന്നേ, ഇല്ലത്ത് ഇതൊക്കെ പാടുണ്ടോ' എന്നൊന്നും ഇതുവരെ ആരും ചോദിച്ചില്ല. ഒരു കയ്യില്‍ മന്ത്രവും മറുകയ്യില്‍ ക്രിക്കറ്റ് ബാറ്റും മുറുകെപ്പിടിച്ച് അയാളങ്ങനെ ജീവിക്കുന്നു. രണ്ടും ഒരുപോലെ ജീവിതത്തിന്‍റെ ഭാഗമായി കണക്കാക്കുന്നു. അറിയാനേറെയുണ്ട് വിഷ്ണു പോറ്റിയെ കുറിച്ച്.
താരങ്ങളെല്ലാം വിരമിച്ച് വീട്ടിലിരിക്കുന്ന പ്രായത്തിലാണ് വിഷ്ണു പോറ്റി ബാറ്റുമായി മൈതാനങ്ങളിലേക്ക് ഇറങ്ങുന്നത്. പ്രായം 43 ആയെങ്കിലും ചെറുപ്പത്തിന്‍റെ ഗരിമയോടെ വിഷ്ണു പോറ്റിയുടെ ബാറ്റില്‍ നിന്ന് സിക്സറുകള്‍ പായും. അനായാസമായി മികച്ച പന്തുകളെറിയും. കളിക്കളത്തിലെ ഏറ്റവും ഇളയവന്‍മാരെ പോലെ ആവേശത്തില്‍ റണ്‍സ് ഓടിയെടുത്ത് സ്ട്രൈക്ക് കൈമാറും. ക്യാച്ചുകള്‍ക്കും കേമന്‍. അങ്ങനെയുള്ള രണ്ട് വീഡിയോകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ അടുത്തിടെ വൈറലായത്. ഒന്ന് സൂപ്പർ സിക്സറിന്‍റെയും മറ്റൊന്ന് വണ്ടർ റിട്ടേണ്‍ ക്യാച്ചിന്‍റേയും.
ക്രിക്കറ്റാണ് പാഷന്‍
ഗ്രൗണ്ടിലെത്തിയാല്‍ വിഷ്ണു പോറ്റിയെ എല്ലാവർക്കും തികഞ്ഞ ബഹുമാനമാണ്. സഹകളിക്കാരും എതിർ കളിക്കാരുമെല്ലാം തിരുമേനി എന്നേ വിളിക്കൂ. എല്ലാവരും ഏറെ ബഹുമാനം നല്‍കുന്നു. വിഷ്ണു പോറ്റി നാട്ടില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് പാടത്ത് ക്രിക്കറ്റ് കളിയാരംഭിച്ചത്. പത്താം ക്ലാസ് കഴിഞ്ഞ് ആലപ്പുഴയില്‍ പൂജാ കർമങ്ങള്‍ പഠിക്കാന്‍ പോയതോടെ വല്ലപ്പോഴും മാത്രമായി കളി. പക്ഷേ പൂജാമന്ത്രങ്ങള്‍ പോലെ ക്രിക്കറ്റിനെ ജീവിതത്തില്‍ മുറുകെപ്പിടിച്ചു. പഠനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം 2002-2003 കാലത്ത് ക്രിക്കറ്റില്‍ വീണ്ടും സജീവമായി. അന്നേ പൂജാ കർമ്മങ്ങളും ആരംഭിച്ചിരുന്നു. കൊല്ലവും എറണാകുളവും കോട്ടയവും ആലപ്പുഴയുമടക്കം കേരളത്തിലെ വിവിധ ജില്ലകളില്‍ വീടുകളിലെത്തി പൂജകള്‍ ചെയ്യുന്നതിനാല്‍ നാട്ടിലധികമുണ്ടാവാറില്ല. എന്നാല്‍ നാട്ടിലെത്തിയാലുടന്‍ ബാറ്റുമായി ഗ്രൗണ്ടിലേക്ക് വിഷ്ണു പോറ്റി പായും.
വിഷ്ണു പോറ്റി: ദി ഓള്‍റൗണ്ടർ
പ്രധാനമായും ഓപ്പണിംഗ് ബാറ്ററാണ് വിഷ്ണു പോറ്റി. പണ്ട് പേസ് എറിയുന്ന ഓൾറൗണ്ടർ കൂടിയായിരുന്നു. എന്നാല്‍ അവിചാരിതമായി സംഭവിച്ച ഒരു ട്വിസ്റ്റില്‍ പേസ് ബൗളിംഗ് അവസാനിപ്പിക്കേണ്ടിവന്നു. നാലാം നമ്പറിലും അഞ്ചിലുമൊക്കെ ബാറ്റിംഗിന് ഇറങ്ങുമ്പോള്‍ വലിയ ടെന്‍ഷനാകുമെന്ന് പോറ്റി പറയുന്നു. അതുകൊണ്ടാണ് ഓപ്പണിംഗില്‍ ബാറ്റ് മുറുകെ പിടിച്ചിരിക്കുന്നത്. പറയുന്നതില്‍ കാര്യമുണ്ട്, തുടക്കത്തിലെ വിക്കറ്റ് രണ്ടുമൂന്നെണ്ണം വീണാല്‍ ആർക്കായാലും സമ്മർദമാവില്ലേന്നാണ് പോറ്റി ചോദിക്കുന്നത്. ക്രീസ് വിട്ടിറങ്ങി ദാദ സ്റ്റൈലില്‍ ബൗണ്ടറിക്ക് പുറത്തേക്ക് പന്ത് തൂക്കലാണ് ആവനാഴിയിലെ പ്രധാന ആയുധം. ലെഗ് സൈഡിലാണ് കൂടുതലും ഷോട്ടുകളെല്ലാം. സ്ട്രൈറ്റ് ഷോട്ടുകളും കളിക്കും. ഓഫ് സൈഡില്‍ താനത്ര പോരാന്ന് വിഷ്ണു പോറ്റി തുറന്നുസമ്മതിക്കുന്നു.
വേഷം മുണ്ട്, ടീ-ഷർട്ട്; അതില്ലാതെ പറ്റില്ല
പാന്‍റ്സും ട്രാക്ക് സ്യൂട്ടുമെല്ലാം വീട്ടിലുണ്ട്. പക്ഷേ, മുണ്ടും ടീ-ഷർട്ടുമേ എനിക്ക് സെറ്റാവത്തുള്ളൂ എന്നുപറയുന്നു വിഷ്ണു പോറ്റി. മുണ്ടുടുത്ത് ഇറങ്ങിയാലേ ക്രീസില്‍ ആത്മവിശ്വാസമുള്ളൂ എന്നാണ് തിരുമേനിയുടെ പക്ഷം. വൈറല്‍ വീഡിയോയിലും മുണ്ടുമടക്കിക്കുത്തിയുള്ള കലക്കനടികളായിരുന്നല്ലോ പോറ്റിയുടേത്.
ആനയടിയിലെ ക്രിക്കറ്റ് കാലം
വീടിനടുത്തൊക്കെ ഏറെ വയലുകളുണ്ട്. അവിടെ വെള്ളം വറ്റുമ്പോഴായിരുന്നു പണ്ട് മുതലെ ക്രിക്കറ്റ് കളി. ആനയടിയിലെ പാടത്ത് ബാറ്റും സ്റ്റംപുമൊക്കെ വാങ്ങി കുട്ടിപ്പടയ്ക്ക് നല്‍കി പോറ്റി അവരെ കളി പഠിപ്പിക്കാന്‍ തുടങ്ങി. സോഫ്റ്റ് ബോളിലുള്ള കൗണ്ടി ക്രിക്കറ്റാണ് പ്രധാനമായും ഇവിടെ നടക്കുന്നത്. അവധിദിനങ്ങളില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ക്രിക്കറ്റ് തന്നെ പരിപാടി. ഈയടുത്ത കാലത്ത് പഠനാവശ്യങ്ങള്‍ക്കും ജോലിക്കായും പലരും പലവഴി പോയെങ്കിലും വിഷ്ണു പോറ്റിക്ക് ക്രിക്കറ്റില്ലാതെ പറ്റില്ലല്ലോ. അടുത്ത സ്ഥലങ്ങളിലെ ഗ്രൗണ്ടുകളിൽ കളിക്കാന്‍ പോവുകയാണ് വൈകിട്ടത്തെ പരിപാടി. നാട്ടിലുള്ളപ്പോള്‍ ഫ്രീയാണേല്‍ വൈകിട്ട് നാലരയാകുന്നതോടെ വിഷ്ണു പോറ്റീടെ ബൈക്ക് ഇല്ലത്തൂന്ന് സ്റ്റാർട്ടാവും. വണ്ടി ചെന്ന് ഏതെങ്കിലും ഒരു മൈതാനത്താവും നില്‍ക്കുക. ഈ പ്രായത്തിലുമുള്ള ബാറ്റിംഗും ആവേശവും കണ്ട് മാച്ചിന് പല ടീമുകളും പോറ്റിയെ അതിഥി താരമായി വിളിക്കുന്നുണ്ട്. അവിടെയും പോകും. അങ്ങനെ വിഷ്ണു പോറ്റി പലനാടുകളില്‍ അറിയപ്പെടുന്ന താരമാണിപ്പോൾ.
പുതിയ പിള്ളേര് എങ്ങനെ?
'ഇന്നത്തെ മികച്ച താരം വിഷ്ണു പോറ്റി'... വാട്സ് ആപ്പില്‍ കറങ്ങിനടക്കുന്ന ഒരു ഓഡിയോയില്‍ ഇങ്ങനെ കേൾക്കാം... ഇപ്പോള്‍ എല്ലാം വാട്സ്ആപ്പിലാണ് എന്ന് വിഷ്ണു പോറ്റി പറയുന്നു. 'ക്രിക്കറ്റ് കളിക്കുന്നവരുടെ ഗ്രൂപ്പുണ്ട് അതില്‍. കളിക്കുന്ന സമയവും സ്കോറും മികച്ച താരമാരെന്നുള്ള വിവരങ്ങളുമൊക്കെ അതില്‍ വരും. എന്‍റെ പ്രായത്തിലുള്ള ആരും തന്നെ ഞങ്ങളുടെ കൂടെ ക്രിക്കറ്റ് കളിക്കുന്നില്ല. മാച്ചുകള്‍ കാണാന്‍ പ്രായമായവരൊക്കെ വരാറുണ്ട്. ഞാനുള്ളത് കുട്ടികള്‍ക്കൊക്കെ ആവേശമാണ്. അവർക്ക് വേണ്ടത്ര പ്രചോദനം കൊടുക്കുകയാണ് ഞാന്‍ ചെയ്യാറ്. ഇന്നത്തെ തലമുറയ്ക്ക് വൈകുന്നേരങ്ങളില്‍ ഇത്തരം വിനോദങ്ങള്‍ കുറഞ്ഞുവരികയല്ലേ. അപ്പോള്‍ മുതിർന്ന ആളെന്ന നിലയ്ക്ക് അവരെ കായികയിനങ്ങളുടെ ഭാഗമാക്കുക എന്‍റെ കൂടി ഉത്തരവാദിത്തമാണെന്ന് തോന്നുന്നു'- ഇതാണ് പുതിയ കാലത്തെപ്പറ്റി വിഷ്ണു പോറ്റിയുടെ അഭിപ്രായം.
ടി20യാകെ കളി മാറ്റി, യൂട്യൂബ് തന്നെ ശരണം
'ക്രീസില്‍ കാലുറപ്പിച്ച് നില്‍ക്കുക, സമയമെടുത്ത് നല്ല ഷോട്ടുകള്‍ കളിക്കുക... അതായിരുന്നു ഞങ്ങളൊക്കെ കളി തുടങ്ങിയ കാലത്ത് ക്രിക്കറ്റില്‍ വേണ്ടിയിരുന്നത്. ട്വന്‍റി 20 ക്രിക്കറ്റ് വന്നതോടെ കളിമാറി. ഇപ്പോള്‍ ഓവറില്‍ ആറ് സിക്സ് അടിച്ചാല്‍ വൈറലാവും. ടി20 വന്നതിന് ശേഷം മികച്ച താരത്തെ തെരഞ്ഞെടുക്കുക അസാധ്യമായിട്ടുണ്ട്. 50 ഓവർ കളി കാണുമ്പോള്‍ നല്ല താരമാരെന്ന് കൃത്യമായി മനസിലാവുമായിരുന്നു. ബൗളർമാർക്ക് ടി20യില്‍ പ്രാധാന്യമില്ലാണ്ടായി എന്ന പരാതിയുണ്ട്. ടി20 ക്രിക്കറ്റിന്റെ ആധിക്യം താരങ്ങള്‍ക്ക് കൂടുതല്‍ പരിക്കിന് സാധ്യതയുണ്ടാക്കുന്നു. ഇപ്പോള്‍ 20-22 വയസൊക്കെയുള്ള പിള്ളേര് അടിക്കുന്ന ഷോട്ടൊക്കെ കാണുമ്പോ അത്ഭുതം തോന്നും. ഹെലികോപ്റ്റർ ഷോട്ടൊക്കെ കാണുമ്പോ തോന്നും എങ്ങനെ ഇത് കളിക്കുന്നൂന്ന്. നമ്മുടെ നല്ലകാലത്ത് ഇതൊന്നും ഇല്ലേലും പുതിയ താരങ്ങളില്‍ നിന്ന് ചില്ലറ പൊടിക്കൈകള്‍ പഠിച്ചെടുക്കാറുണ്ട്. ഹെലികോപ്റ്റർ ഷോട്ട് കളിക്കാനൊക്കെ നല്ല ടൈമിംഗ് വേണം. ഈ പ്രായത്തില്‍ അതിന് ബുദ്ധിമുട്ടാണെങ്കിലും ഇലത്തെത്തി പ്രാക്ടീസ് ചെയ്യും. യൂട്യൂബിലുണ്ടല്ലോ എല്ലാ ടെക്നിക്കുകളും. അടുത്തിടെ ഒരു ടൂർണമെന്‍റില്‍ റിവേഴ്സസ് സ്വീപ്പിലൂടെ സിക്സ് നേടിയിരുന്നു. എല്ലാവരും കണ്ടത് പ്രശംസിച്ചപ്പോള്‍ സന്തോഷം'.
യുവ താരങ്ങള്‍ക്ക് ഉപദേശം
'ആദ്യം ഓവറിലെ രണ്ട് ബോള്‍ വെയ്റ്റ് ചെയ്ത് ബൗളറെ മനസിലാക്കുക. അടുത്ത 4 പന്തില്‍ ഷോട്ട് കളിക്കാം. അല്ലെങ്കില്‍ ആ ബൗളർ അടുത്ത ഓവർ എറിയാന്‍ വരുമ്പോൾ മുന്‍കൂട്ടി മനസിലാക്കി ഷോട്ടുകള്‍ കളിക്കാല്ലോ. ആദ്യ പന്ത് മുതല്‍ സിക്സറിന് ശ്രമിച്ചാല്‍ ചിലപ്പോള്‍ എഡ്ജായി പുറത്താകും'.
ക്രിക്കറ്റ് കളിക്കാന്‍ പോയ വഴി പൂജ സെറ്റായപ്പോള്‍!
ക്രിക്കറ്റ് കളിക്കാന്‍ പോയ വഴി പൂജയ്ക്ക് ക്ഷണം ലഭിച്ച അനുഭവം വിഷ്ണു പോറ്റിക്കുണ്ട്. അത് വിവരിക്കുന്നത് ഇങ്ങനെ... ഒരിക്കല്‍ ഒരിടത്ത് ടൂർണമെന്‍റ് കളിക്കാന്‍ പോയി. അതുകഴിഞ്ഞ് ഒരാള്‍ വിളിച്ചു. ഇന്ന സ്ഥലത്ത് കൂടെ കളിച്ചയാളാണ്, മനസിലായോ എന്ന് ചോദിച്ചു. വീട്ടില്‍ ഗൃഹപ്രവേശമാണ്, വന്ന് പൂജ ചെയ്യാമോന്ന് ചോദിച്ചു. പിന്നെന്താ, ദാ എത്തീന്ന്' പറഞ്ഞു. അങ്ങനെ ക്രിക്കറ്റ് കളിക്കാൻ പോയി പലയിടത്തുനിന്നും പൂജയ്ക്ക് അപ്രതീക്ഷിത വിളി വന്നിട്ടുള്ളതായി വിഷ്ണു പോറ്റി പറയുന്നു.
തിരുമേനിയായാലും ക്രിക്കറ്റ് പഥ്യമല്ല
പൂജാ കർമ്മങ്ങള്‍ ചെയ്യുന്ന തിരുമേനിയായതൊന്നും തന്‍റെ ക്രിക്കറ്റ് കമ്പത്തിന് തടസമല്ല എന്ന് വിഷ്ണു പോറ്റി പറയുന്നു. ആരും ഇന്നുവരെ ഇതിന്‍റെ പേരില്‍ വിമർശിച്ചിട്ടില്ല എന്നതാണ് പോറ്റിയുടെ അനുഭവം. 'തിരുമേനിയാണെങ്കിലും ക്രിക്കറ്റ് കളിക്കുന്നത് സന്തോഷമുള്ള കാര്യമല്ലേ. ക്രിക്കറ്റ് എന്നെ സംബന്ധിച്ച് പാഷനാണ്. സച്ചിനാണ് എന്‍റെ മനസിലെ ക്രിക്കറ്റ് ദൈവം. വിരാട് കോലി മികച്ച താരമാണെങ്കിലും കളിക്കാരനും മൈതാനത്തെ മാതൃകാപുരുഷനും എന്ന നിലയ്ക്ക് സച്ചിനുണ്ടാക്കിയ കരിസ്മ മറ്റാർക്കുമില്ല. സച്ചിനെ ജീവിതത്തില്‍ മറക്കാന്‍ പറ്റില്ല. ക്രിക്കറ്റ് മനുഷ്യൻമാർക്കെല്ലാം ആവേശമല്ലേ... തിരുമേനി ആയോണ്ട് ക്രിക്കറ്റ് കളിക്കാന്‍ പാടില്ല എന്നൊന്നു ഇതുവരെ ആരും പറഞ്ഞിട്ടില്ല' എന്നുമാണ് വിഷ്ണു പോറ്റിയുടെ വാക്കുകള്‍.
വീട്ടുകാർ കട്ട സപ്പോർട്ട്
തനിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ തരുന്നത് കുടുംബമാണ് എന്ന് വിഷ്ണു പോറ്റി പറയുന്നു. ക്രിക്കറ്റിനോടുള്ള പാഷനെ ഏറ്റവും കൂടുതല്‍ മനസിലാക്കിയ ആള്‍ ഭാര്യയാണ്. സന്തോഷത്തോടെ അവരെപ്പോഴും മൈതാനത്തേക്ക് പറഞ്ഞയക്കും. 'വീഴാതൊക്കെ നോക്കണേ'... എന്നൊരു ചെറിയ ഉപദേശം ഭാര്യയുടെ വക പോറ്റിക്കുണ്ട്. മക്കളും അങ്ങനെ തന്നെയെന്നും വിഷ്ണു പോറ്റി പറയുന്നു. ഭാര്യയും രണ്ട് മക്കളും അച്ഛനുമടങ്ങുന്ന അഞ്ചംഗ കുടുംബമാണ് വിഷ്ണു പോറ്റിയുടേത്. ഭാര്യ- ശ്രീദേവി പിഎസ്, മൂത്ത മകള്‍ തീർഥ ദേവിക്ക് 12 വയസ്. ഇളയവന്‍ തേജസ് വി പോറ്റിക്ക് 9ഉം. ഇരുവരും അച്ഛനെപ്പോലെ ക്രിക്കറ്റ് പ്രേമികള്‍ തന്നെ.
ക്രിക്കറ്റ് മാത്രമല്ല...
നല്ലൊരു സൈക്കിളിസ്റ്റ് കൂടിയാണ് വിഷ്ണു പോറ്റി. ക്രിക്കറ്റില്ലാത്ത ദിനങ്ങളില്‍ നാട്ടിലുണ്ടെങ്കില്‍ വെളുപ്പിന് അഞ്ചരയ്ക്ക് തന്‍റെ ഗിയർ സൈക്കിളുമായി ഇറങ്ങും. വീട്ടീന്ന് കായംകുളത്തേക്കാണ് സാധാരണ റൂട്ട്. സൈക്കിള്‍ ചവിട്ടി 70-100 കിലോമീറ്റർ ഒക്കെ പോയ ദിനങ്ങളുണ്ട്. ആരോഗ്യത്തോടെയിരിക്കാന്‍ കഴിയാവുന്ന പ്രായത്തോളം ഇതെല്ലാം ചെയ്യുമെന്നാണ് വിഷ്ണു പോറ്റിയുടെ വാക്കുകൾ.
തളർത്താത്ത ബൈക്ക് അപകടം
ഒരു ബൈക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട അനുഭവം വിഷ്ണു പോറ്റിക്കുണ്ട്. 2008ല്‍ തിരുവല്ലയില്‍ വച്ച് പൂജ കഴിഞ്ഞ് വരുമ്പോള്‍ ലോറിയില്‍ തട്ടി വിഷ്ണു പോറ്റിയുടെ ബുള്ളറ്റ് അപകടത്തില്‍പ്പെടുകയായിരുന്നു. പോറ്റി വശത്തൂടെ വരുന്നത് കാണാതെ ലോറിക്കാന്‍ വണ്ടി തിരിച്ചു, ഹാന്‍ഡില്‍ ലോറിയുടെ ഒരു വശത്ത് തട്ടി മറിഞ്ഞുവീണു. ബൈക്കിന്‍റെ പുറത്തൂടെ ലോറി കയറിയിറങ്ങിയെങ്കിലും അത്ഭുതകരമായി വിഷ്‌ണു പോറ്റിക്ക് ജീവന്‍ തിരിച്ചുകിട്ടി. അന്ന് കാല്‍ക്കുഴക്കേറ്റ പൊട്ടലിന് ശസ്ത്രക്രിയ ചെയ്ത് കമ്പിയിട്ടതാണ്. ആ കാല് വച്ചാണ് ഈ 43-ാം വയസിലും പോറ്റിയുടെ ക്രിക്കറ്റ് പ്രേമം. ഇടത്തേക്കാലില്‍ കമ്പിയിട്ടശേഷം പേസ് പന്തുകള്‍ എറിയുമ്പോ പേടിയുണ്ടായിരുന്നു. പിന്നീട് വേദന വന്നതോടെ ഡോക്ടറെ കാണുകയും അദേഹത്തിന്‍റെ നിർദേശപ്രകാരം ഇട്ട് എട്ട് വർഷത്തിന് ശേഷം കാലിലെ കമ്പി നീക്കം ചെയ്യുകയും ചെയ്തു. അന്ന് ഡോക്ടറോടും പോറ്റി പറഞ്ഞു- 'എനിക്ക് ഇനിയും ക്രിക്കറ്റ് കളിക്കണം'... പേസ് നിർത്തിയെങ്കിലും പാർട്-ടൈം മീഡിയം പേസറായി പോറ്റി ഇപ്പോഴും വെടിച്ചില്ലന്‍ ഓള്‍റൗണ്ടറായി വിലസുകയാണ്. പോരാത്തിന് ഒത്ത ഒരു ഫീല്‍ഡറും. സംശയമുള്ളവർക്ക് മുന്നില്‍ വീഡിയോകൾ തെളിവായുണ്ടല്ലോ.
അടുത്ത മാച്ചിന് കാണാം...
അഭിമുഖത്തിനായി ഫോണ്‍ വിളിക്കുമ്പോള്‍ വിഷ്ണു പോറ്റി കോട്ടയത്ത് ഒരു വീട്ടില്‍ പൂജാ കർമ്മങ്ങള്‍ക്ക് എത്തിയതായിരുന്നു. ഇല്ലത്ത് തിരിച്ചെത്തിയാലുടന്‍ പോറ്റിക്ക് ഒരിടത്ത് ടൂർണമെന്‍റ് കളിക്കാന്‍ പോകാനുണ്ട്. ചെന്നപാടെ മുണ്ടും ടീഷർട്ടും ഇട്ട് ഒരു പോക്കാണ് എന്ന് വിഷ്ണു പോറ്റി പറഞ്ഞുനിർത്തി. പള്ളിക്കുറ്റി എന്ന സ്ഥലത്തെ മത്സരത്തില്‍ സ്ഥലത്തെ അറിയപ്പെടുന്ന പേസറായ മുജീബിനെ ഒരോവറില്‍ അഞ്ച് സിക്സർ അടിച്ച ആവേശത്തിലാണ് വിഷ്ണു പോറ്റി. മാത്രമല്ല, ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യ-പാക് മത്സരം കണ്ടതിന്‍റെ ത്രില്ല് ഇതുവരെ കുറഞ്ഞിട്ടുമില്ല. ബാക്കിയെല്ലാം ഇനി ഗ്രൗണ്ടിൽ...
കാണാം വീഡിയോ
ഇന്ത്യ-ബംഗ്ലാദേശ് ജീവന്‍മരണ പോരാട്ടം; മത്സരത്തിന് മുമ്പേ ആരാധകര്‍ക്ക് ആശങ്ക വാര്‍ത്ത