വിചിത്രസിദ്ധാന്തക്കാരന്‍, വിവാദങ്ങളുടെ തോഴന്‍; യുഎസ് ഓപ്പണിനില്ലാത്ത ജോക്കോവിച്ചിന്‍റെ അവിശ്വസനീയ കഥകള്‍
വിഷാംശമേറിയ ഭക്ഷണപാനീയങ്ങൾ മനസിന്‍റെ തെളിമയാലും പ്രാർത്ഥനയാലും ശുദ്ധീകരിക്കാം, മനുഷ്യശരീരം സ്വയം ചികിത്സിച്ച് വയ്യായ്കകൾ മാറ്റുന്നു എന്നിങ്ങനെ നീളുന്നു ജോക്കോയുടെ വിചിത്ര തിയറികള്‍
ബെല്‍ഗ്രേഡ്: ടെന്നീസ് കോർട്ടിലെ സവിശേഷ സാന്നിധ്യമാണ് നൊവാക് ജോക്കോവിച്ച്. കളിയിലെ മികവ് കൊണ്ടും പ്രതിഭ കൊണ്ടും എന്നും നേട്ടങ്ങളുടെ സഹചാരി. നിലപാടുകളിലെ വ്യത്യസ്തത കൊണ്ടും തീക്ഷ്ണത കൊണ്ടും എന്നും വിവാദങ്ങളുടെ തോഴനും. ഈ ദ്വന്ദതയാണ് നൊവാക് ജോക്കോവിച്ചിനെ താരങ്ങളുടെ കൂട്ടത്തിൽ വ്യത്യസ്തനാക്കുന്നത്.
മോൺട്രിയൻ, സിൻസിനാറ്റി ഓപ്പൺ തുടങ്ങി ഏറ്റവും അവസാനം യുഎസ് ഓപ്പൺ. കൊവിഡ് വാക്സീൻ എടുക്കില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന നൊവാക് ജോക്കോവിച്ച് പങ്കെടുക്കാതെവിട്ട ടൂർണമെന്‍റുകൾ ഒന്നും രണ്ടുമല്ല. വാക്സീൻ എടുക്കാത്തതിന്‍റെ പേരിൽ ഓസ്ട്രേലിയ നൊവാക്കിനെ തിരിച്ചയച്ചതും ഈ വർഷമാദ്യമാണ്. അതേസമയം വാക്സീൻ നിയമപ്രശ്നമല്ലാത്ത, നിബന്ധനയല്ലാത്ത ഫ്രഞ്ച് ഓപ്പണിലും വിംബിൾഡണിലും നൊവാക് കളിച്ചു. വിംബിൾഡൺ ചാമ്പ്യനുമായി. നേട്ടങ്ങളുടെ പട്ടികയിൽ 21 ഗ്രാൻഡ്സ്ലാം കിരീടങ്ങളുമായി നൊവാക് ജോക്കോവിച്ചിന്.
തിങ്കളാഴ്ചയാണ് ഇക്കൊല്ലത്തെ യുഎസ് ഓപ്പൺ തുടങ്ങുന്നത്. പങ്കെടുക്കാൻ കൊവിഡ് വാക്സീൻ എടുക്കണമെന്ന് നിബന്ധനയില്ലെങ്കിലും വാക്സീൻ എടുക്കാതെ വിദേശപൗരൻമാർക്ക് പ്രവേശിക്കാനാകില്ലെന്ന അമേരിക്കയുടെ ചട്ടമാണ് നൊവാക്കിന് തടസമായത്. വാക്സീൻ എടുക്കണ്ട എന്ന തീരുമാനം വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്ന് നൊവാക് ആവർത്തിക്കുന്നു. ഇതിൽ ആരും ഇടപെടേണ്ടെന്നും താരത്തിന്‍റെ ഉറച്ച നിലപാടാണ്. പുതിയ മത്സരങ്ങൾക്ക് ഒരുങ്ങുന്ന സഹകളിക്കാർക്കെല്ലാം വിജയാശംസകൾ നേർന്നാണ് താൻ ഇക്കുറിയില്ലെന്നും മറ്റൊരു അവസരത്തിനായി കാത്തിരിക്കുന്നുവെന്നും നൊവാക് കുറിച്ചത്.
വാക്സീൻ നിബന്ധന കാരണം നൊവാക്കിന് പങ്കെടുക്കാൻ എത്താൻ കഴിയാതിരുന്നത് ഖേദകരമാണെന്നും അടുത്ത വർഷത്തെ ടൂർണമെന്‍റിലേക്ക് നൊവാക്കിനെ സ്വാഗതം ചെയ്യുന്നതിന് കാത്തിരിക്കുന്നുവെന്നുമാണ് ടൂർണമെന്‍റ് ഡയറക്ടർ സ്റ്റേസി അലെസ്റ്റർ പ്രസ്താവനയിൽ പറഞ്ഞത്. (ഇക്കാര്യത്തിൽ ഒരു തമാശയുണ്ട്. കൊവിഡ് അതിന്‍റെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന സമയത്ത് 2020ലും 2021ലും നോവാക്ക് മത്സരിക്കാനെത്തിയിരുന്നു!!). 2011, 2015, 2018 വർഷങ്ങളിൽ നൊവാക് യുഎസ് ഓപ്പൺ ചാമ്പ്യനായിരുന്നു. ആറുവട്ടം റണ്ണർ അപ്പും.
കൊവിഡ് വാക്സീനോടുള്ള വിയോജിപ്പ് നൊവാക് ജോക്കോവിച്ച് ആദ്യം മുതൽക്കുതന്നെ പ്രകടിപ്പിക്കുന്നതാണ്. തന്‍റെ വ്യക്തിപരമായ തീരുമാനത്തിൽ ഇടപെടുന്നത് അംഗീകരിക്കില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. കിരീടനേട്ടങ്ങളുടെ പട്ടികയിലെ കൂട്ടിച്ചേർക്കലുകളോ സമ്പാദ്യത്തിലെ പെരുക്കമോ ആരാധകരുടെ കാത്തിരിപ്പോ തർക്കങ്ങളുടെ സമ്മർദങ്ങളോ ഒന്നും നൊവാക്കിനെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചില്ല. കൂസലില്ലാതെ തന്നെ നൊവാക് നിലപാടിൽ ഉറച്ചുനിന്നു.
ശാസ്ത്ര കാര്യങ്ങളിൽ നോവാക്കിന്‍റേത് പലപ്പോഴും വിചിത്രസിദ്ധാന്തമായിരുന്നു. യോഗയിലും ധ്യാനത്തിലുമൊക്കെ വിശ്വസിച്ചിരുന്ന നൊവാക് മനസിന്‍റെ ശക്തിയിലാണ് ശാസ്ത്രത്തിന്‍റെ യുക്തിയേക്കാൾ വിശ്വസിച്ചത്. വിഷാംശമേറിയ ഭക്ഷണപാനീയങ്ങൾ പോലും മനസിന്‍റെ തെളിമയാലും പ്രാർത്ഥനയാലും ശുദ്ധീകരിക്കാനാകുമെന്നാണ് നോവാക് പുലർത്തുന്ന വിശ്വാസം. ഒരു ഗ്ലാസിലെ വെള്ളത്തിൽ ദേഷ്യത്തോടെയും ഭയത്തോടെയും വെറുപ്പോടെയും നോക്കിയിരിക്കുമ്പോൾ നേരിയ പച്ചനിറം പടരുന്നു. മറിച്ച് സന്തോഷത്തോടെയും സ്നേഹത്തോടെയും ശാന്തിയോടെയും നോക്കുമ്പോൾ ഒട്ടും കലക്കമില്ലാതെ, വെള്ളം തികച്ചും ശുദ്ധമായിരിക്കുന്നു. ഇത് തെളിയിച്ച ഒരാളെപറ്റി 2013ൽ പുറത്തിറങ്ങിയ സെർവ് ടു വിൻ എന്ന് പേരിട്ടിരിക്കുന്ന ആത്മകഥയിൽ നൊവാക് വിസ്തരിച്ച് പറയുന്നുണ്ട്. വിംബിൾഡണിലെ ബുദ്ധക്ഷേത്രവും വിസോകോയിലെ പിരമിഡ് മലനിരകളും ദിവസങ്ങൾ നീണ്ട മലകയറ്റവുമെല്ലാം തന്നെ ആത്മീയമായി ശുദ്ധീകരിക്കുന്നുണ്ടെന്ന് പലകുറി നോവാക് പറഞ്ഞിട്ടുണ്ട്.
മനുഷ്യശരീരം സ്വയം ചികിത്സിച്ച് വയ്യായ്കകൾ മാറ്റുന്നുവെന്നാണ് നൊവാക് ജോക്കോവിച്ചിന്‍റെ തിയറി. 2008ൽ കൈമുട്ട് ശസ്ത്രക്രിയക്ക് വിധേയനാകേണ്ടിവന്നത് തനിക്ക് ഉണ്ടാക്കിയ മാനസികവിഷമത്തെ കുറിച്ച് നൊവാക് ആവർത്തിച്ച് പറഞ്ഞത് അതുകൊണ്ടാണ്. മരുന്നുകളോടുള്ള ഈ വിയോജിപ്പാണ് ഏറ്റവും പുതിയ വിവാദത്തിലേക്ക് നൊവാക്കിനെ കൊണ്ടുചെന്ന് എത്തിച്ചത്. കൊവിഡ് പ്രതിരോധ വാക്സീനോട് തുടക്കം മുതൽ തന്നെ എതിർപ്പാണ്. കൊവിഡ് സർവവ്യാപിയായി നിൽക്കെ നിയന്ത്രണങ്ങൾ പാലിക്കാതെ ക്രൊയേഷ്യയിൽ ഒരു ടൂർണമെന്‍റ് നടത്തി. ആഡ്രിയാൻ ടൂർണമെന്‍റിനെത്തിയ കുറേ കളിക്കാർക്കും കാണികൾക്കും എല്ലാം കൊവിഡ് വന്ന് പുലിവാല് പിടിച്ചു. ക്ഷമയും പറഞ്ഞു. പക്ഷേ വാക്സീനോടുള്ള എതിർപ്പ് തുടർന്നു.
ഇക്കൊല്ലത്തെ ഓസ്ട്രേലിയൻ ഓപ്പൺ ആകെ ജഗപൊഗയായി. വാക്സീൻ എടുക്കാതെയുള്ള വരവും തടയലും കരുതൽ തടങ്കലിൽ ആക്കിയതും തിരിച്ചയക്കലും... ഇപ്പോൾ യുഎസ് ഓപ്പണിൽ നിന്നുള്ള പിൻമാറ്റവും. ഇക്കൊല്ലത്തെ ആദ്യ ഗ്രാൻഡ്‌സ്ലാമിലും അവസാന ഗ്രാൻഡ്സ്ലാമിലും പ്രതിഭയുടെ വെള്ളിത്തിളക്കം ഓരോ ഷോട്ടിലും ആവാഹിക്കുന്ന നൊവാക് കോർട്ടിലില്ല. ആധുനിക ടെന്നീസിലെ ഏറ്റവും മികച്ച കളിക്കാരനെന്ന് വലിയൊരുവിഭാഗം നിരീക്ഷകർ വിലയിരുത്തുന്ന താരമാണ് നൊവാക് എന്നുകൂടി ചേർത്തുവായിക്കണം.
റോജർ ഫെഡറർ, റാഫേൽ നദാൽ, നോവാക് ജോക്കോവിച്ച് ത്രയമാണ് ആധുനിക ടെന്നീസിലെ ഇതിഹാസ ത്രിമൂർത്തികളെന്ന് എല്ലാവരും വിലയിരുത്തുന്നു. റോജർ ഫെഡററും നൊവാക്കും തമ്മിൽ 2019ൽ നടന്ന വിംബിൾഡൺ ഫൈനൽ പുൽക്കോർട്ടിലെ ഏറ്റവും മനോഹരമായ മത്സരങ്ങളിലൊന്നെന്ന് എന്നത്തേക്കുമായി രേഖപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. കളിമൺ കോർട്ടിന്‍റെ രാജകുമാരനായ റാഫെൽ നദാലിനെ റോളങ് ഗാരോയിൽ രണ്ട് തവണ തോൽപിച്ച ഏകതാരവും നൊവാക് തന്നെ. പക്ഷേ ഇവർ രണ്ടുപേരെ പോലെയല്ല നൊവാക്. വികൃതിയും ശുണ്ഠിയും കൂടെയുണ്ട്. അംപയർമാരോടും ബോളെടുക്കുന്ന കുട്ടികളോടും ഇടക്കിടെ കലഹിക്കും, ദേഷ്യം വന്നാൽ റാക്കറ്റ് വലിച്ചെറിയും. അമർഷവും പ്രതിഷേധവും നീതിബോധവും നിലപാടിലെ കാർക്കശ്യവുമാണ് നോവാക്കിനെ ത്രിമൂർത്തികളിൽ വ്യത്യസ്തനാക്കുന്നത്.
ഒടുവില്‍ തീരുമാനമായി, യുഎസ് ഓപ്പണ് ജോക്കോവിച്ചില്ല