വെള്ളിയില്‍ തുടങ്ങി സ്വര്‍ണത്തില്‍ അവസാനിച്ച ഇന്ത്യയുടെ ഒളിംപിക് യാത്ര

കുറച്ചു നേരത്തെക്കാണെങ്കിലും മെഡല്‍പ്പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. മെഡല്‍പ്പട്ടികയിലെ ഇന്ത്യയുടെ അത്ഭുതക്കാഴ്ച ആരാധകര്‍ സ്ക്രീന്‍ഷോട്ട് എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇപ്പോള്‍ എടുത്തുവെച്ചില്ലെങ്കില്‍ എത്ര വലിയ സ്ക്രീന്‍ വലിപ്പമുള്ള ഫോണുണ്ടായാലും ഇനി സ്ക്രീന്‍ ഷോട്ടെടുക്കാന്‍ കഴിയില്ലെന്ന ചില കളിയാക്കലുകളും അതിനൊപ്പം പറന്നു നടന്നു.

Tokyo Olympics: Rewind Indias Performance at Tokyo Olympics 2021
Author
Tokyo, First Published Aug 8, 2021, 10:18 PM IST

ടോക്യോ: കൊവിഡ് മഹാമാരിക്കാലത്ത് ആശങ്കയുടെയും പ്രതിഷേധങ്ങളുടെയും ട്രാക്കിലായിരുന്നു ടോക്യോ ഒളിംപിക്സിന് തിരി തെളിഞ്ഞത്. എന്നാല്‍ ഒളിംപിക്സിന്‍റെ ആദ്യ ദിനം തന്നെ ഇന്ത്യന്‍ ആരാധകരുടെ മുഖത്ത് മീരാബായ് ചാനുവിലൂടെ സന്തോഷത്തിന്‍റെ വെള്ളിവെളിച്ചം വീണു. ഭാരദ്വോഹനത്തില്‍ 49 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ തെറ്റിക്കാതെ ചാനു വെള്ളി മെഡല്‍ സ്വന്തമാക്കിയപ്പോള്‍ ഇതിന് മുമ്പൊരിക്കലും ഇന്ത്യക്കാര്‍ കണ്ടിട്ടില്ലാത്ത ഒരു അസുലഭ അവസരത്തിനും ടോക്യോ സാക്ഷ്യം വഹിച്ചു.  

Tokyo Olympics: Rewind Indias Performance at Tokyo Olympics 2021

കുറച്ചു നേരത്തെക്കാണെങ്കിലും മെഡല്‍പ്പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. മെഡല്‍പ്പട്ടികയിലെ ഇന്ത്യയുടെ അത്ഭുതക്കാഴ്ച ആരാധകര്‍ സ്ക്രീന്‍ഷോട്ട് എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇപ്പോള്‍ എടുത്തുവെച്ചില്ലെങ്കില്‍ എത്ര വലിയ സ്ക്രീന്‍ വലിപ്പമുള്ള ഫോണുണ്ടായാലും ഇനി സ്ക്രീന്‍ ഷോട്ടെടുക്കാന്‍ കഴിയില്ലെന്ന ചില കളിയാക്കലുകളും അതിനൊപ്പം പറന്നു നടന്നു. എന്നാല്‍ ടോക്യോയില്‍ പോരാട്ടങ്ങള്‍ക്ക് തിരശീല വീണപ്പോള്‍ ഫോണില്‍ അത്രയൊന്നും കഷ്ടപ്പെടാതെതന്നെ സ്ക്രീന്‍ ഷോട്ടെടുക്കാവുന്ന 48-ാം സ്ഥാനത്ത് ഇന്ത്യ തല ഉയര്‍ത്തി നില്‍ക്കുന്നു.

ഉണ്ടില്ലാ വെടിയായി ഷൂട്ടിംഗ്

എന്നാല്‍ ആദ്യ ദിനം മീരാബായ് ചാനുവിലൂടെ ലഭിച്ച വെള്ളി ഷൂട്ടര്‍മാരുടെ പ്രകടനത്തില്‍ നിരാശയായി മാറുന്നതാണ് പിന്നീട് ടോക്യോയില്‍ ഇന്ത്യന്‍ ആരാധകര്‍ കണ്ടത്. ലോക ഒന്നാം നമ്പര്‍ താരങ്ങള്‍ക്ക് പോലും ടോക്യോയില്‍ ഉന്നം പിഴച്ചതോടെ ഷൂട്ടിംഗില്‍ ഉറച്ച മെഡല്‍ പ്രതീക്ഷകള്‍ പോലും ഇന്ത്യയുടെ ഉണ്ടയില്ലാ വെടികളായി. പിസ്റ്റള്‍ ഷൂട്ടര്‍മാരായ സൗരഭ് ചൗധരിയും അഭിഷേക് വര്‍മയും റൈഫിള്‍ ഷൂട്ടര്‍മാരായ എലവേനില്‍ വാളറിവനും അപൂര്‍വി ചന്ദേലയുമെല്ലാം ടോക്യോയില്‍ ഇന്ത്യയുടെ നിരാശാമുഖങ്ങളായി.

Tokyo Olympics: Rewind Indias Performance at Tokyo Olympics 2021

യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തിയ സൗരഭ് ചൗധരിക്ക് ഫൈനലില്‍ പക്ഷെ ഏഴാമതെത്താനെ കഴിഞ്ഞുള്ളു. ബാക്കിയുള്ള ഷൂട്ടര്‍മാരാരും ഫൈനലിലേക്ക് യോഗ്യത പോലും നേടിയില്ല. പിസ്റ്റളിന്‍റെ തകരാര്‍മൂലം മെഡല്‍ നഷ്ടമായ മനു ഭാക്കര്‍ ഷൂട്ടിംഗ് റേഞ്ചിലെ ഇന്ത്യയുടെ ദു:ഖമാവുകയും ചെയ്തു.

പയറ്റി തെളിഞ്ഞ്  ഭവാനിദേവി

Tokyo Olympics: Rewind Indias Performance at Tokyo Olympics 2021

ഫെന്‍സിംഗില്‍ ആദ്യമായി ഇന്ത്യയില്‍ നിന്നൊരു താരം ഒളിംപിക്സ് യോഗ്യ നേടിയെന്നത് തന്നെ വലിയ കാര്യമായിരുന്നു. ആദ്യ റൗണ്ട് മത്സരം അനായാസം ജയിച്ച് ഭവാനി ദേവി ടോക്യോയിലെ ഇന്ത്യയുടെ മിന്നുന്ന താരമായി. എന്നാല്‍ രണ്ടാം റൗണ്ടില്‍ ലോക മൂന്നാം നമ്പര്‍ താരം മാനണ്‍ ബ്രൂണറ്റിന്‍റെ പരിചയസമ്പത്തിന് മുന്നില്‍ പയറ്റ് പിഴച്ചെങ്കിലും വരുംകാലത്തേക്ക് ഒരുപാട് പ്രതീക്ഷകള്‍ സമ്മാനിച്ചാണ് ഭവാനി ദേവി ടോക്യോയില്‍ നിന്ന് മടങ്ങിയത്.

ലക്ഷ്യം തെറ്റിയ അമ്പുകള്‍

Tokyo Olympics: Rewind Indias Performance at Tokyo Olympics 2021

ഒളിംപിക്സിലെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നായിരുന്നു അമ്പെയ്ത്ത്. അതാനു ദാസ് ലോക ഒന്നാം നമ്പര്‍ താരം കൊറിയയുടെ ഓ ജിന്‍ ഹൈക്കിനെ വീഴ്ത്തി പ്രീ ക്വാര്‍ട്ടറിലെത്തിയെങ്കിലും അതിനപ്പുറം പോവാനായില്ല. മൂന്നാം ഒളിംപിക്സില്‍ മത്സരിക്കുന്ന ദീപിക കുമാരിക്ക് ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയുടെ ആന്‍ സാനിന് മുന്നില്‍ ലക്ഷ്യം പിഴച്ചു.

 മേരിയുടെ ദു:ഖം, ഇന്ത്യയുടെയും

Tokyo Olympics: Rewind Indias Performance at Tokyo Olympics 2021

ടോക്യോ ഒളിംപിക്സിലെ ഇന്ത്യയുടെ ഏറ്റവും വലിയ ദു: ഖങ്ങളിലൊന്ന് വനിതകളുടെ ബോക്സിംഗ് പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലെന്‍സിയക്കെതിരെ തോറ്റ് പുറത്തായ മേരി കോമെന്ന ഇന്ത്യയുടെ ഇതിഹാസ ബോക്സറാണ്. മത്സരശേഷവും തോറ്റുവെന്ന് തിരിച്ചറിയാതെ വിജയിയെപ്പോലെ കൈയുയര്‍ത്തുകയും പിന്നീട് തോറ്റെന്ന് അറിഞ്ഞപ്പോള്‍ കണ്ണീരണിയുകയും ചെയ്ത  ഇന്ത്യയുടെ ചാമ്പ്യന്‍ ബോക്സര്‍ ടോക്യോയിലെ ഇന്ത്യന്‍ നൊമ്പരമായി. തന്‍റെ അവസാന ഒളിംപിക്സില്‍ രാജ്യത്തിനായി മെഡല്‍ സമ്മാനിക്കാനായില്ലെങ്കിലും ഇന്ത്യയുടെ ഇതിഹാസ താരത്തെ ആരാധകര്‍ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിച്ചു.

ബോക്സിംഗില്‍ ഇടിമുഴക്കമായി ലവ്‌ലിന

Tokyo Olympics: Rewind Indias Performance at Tokyo Olympics 2021

മേരിയുടെ ദു:ഖം പക്ഷെ ലവ്‌ലിന ബോര്‍ഗ്ഹെയ്നെന്ന യുവതാരത്തിന്‍റെ കരളുറപ്പില്‍ ഇന്ത്യന്‍ ആരാധകര്‍ മറികടന്നു. ബോക്സിംഗ് സെമിയിലെത്തിയ ലവ്‌ലിന തന്‍റെ ആദ്യ ഒളിംപിക്സില്‍ തന്നെ രാജ്യത്തിനായി വെങ്കലമെഡല്‍ സമ്മാനിച്ച് ഇന്ത്യന്‍ ബോക്സിംഗിന്‍റെ ബാറ്റണ്‍ മേരിയില്‍ നിന്ന് ഏറ്റെടുത്തു.

വിജയ സിന്ദൂരമണിഞ്ഞ് പി വി സിന്ധു

Tokyo Olympics: Rewind Indias Performance at Tokyo Olympics 2021

ഒളിംപിക്സിന് മുമ്പ് മോശം ഫോമിലായിരുന്നെങ്കിലും തുടര്‍ച്ചയായ നാലു ജയങ്ങളുമായി വനിതകളുടെ ബാഡ്മിന്‍റണ്‍ സെമിയിലെത്തി പ്രതീക്ഷ കാത്ത പി വി സിന്ധുവിന് പക്ഷെ ലോക ഒന്നാം നമ്പര്‍ താരം തായ് സുവിന് മുന്നില്‍ അടിതെറ്റി. എങ്കിലും വെങ്കല മെഡല്‍ പോരാട്ടത്തില്‍ പഴുതുകളേതുമില്ലാതെ ജയവുമായി തുടര്‍ച്ചയായി രണ്ട് ഒളിംപിക്സുകളില്‍ മെഡ‍ല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനതിയായി സിന്ധു ചരിത്രം രചിച്ചു.

എങ്ങനെ മറക്കും ഹോക്കി ടീമുകളുടെ പോരാട്ടവീര്യത്തെ

Tokyo Olympics: Rewind Indias Performance at Tokyo Olympics 2021

ടോക്യോ ഒളിംപിക്സില്‍ നീരജ് ചോപ്രയുടെ സ്വര്‍ണ നേട്ടം കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം പിറന്നത് ഹോക്കിയിലായിരുന്നു. പുരുഷ ഹോക്കിയില്‍ വെങ്കല മെഡലുമായി 41 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചക്ക് വിരാമമിട്ട മന്‍പ്രീത് സിംഗും സംഘവും രാജ്യത്തിന്‍റെ ധീരയോദ്ധാക്കളായപ്പോള്‍ അതിന് കോട്ട കാത്തത് പി ആര്‍ ശ്രീജേഷെന്ന മലയാളിയാണെന്നത് നമുക്കും അഭിമാനിക്കാന്‍ വക നല്‍കുന്നതായി.

തോറ്റിട്ടും തല ഉയര്‍ത്തി വനിതകള്‍

Tokyo Olympics: Rewind Indias Performance at Tokyo Olympics 2021

വനിതാ ഹോക്കി ടീം വെങ്കല മെഡല്‍ പോരാട്ടത്തില്‍ ബ്രിട്ടന് മുന്നില്‍ പൊരുതി വീണെങ്കിലും ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയെ വീഴ്ത്തിയ ഒറ്റ പ്രകടനത്തിലൂടെ റാണി രാംപാലും സംഘവും ഇന്ത്യന്‍ ഹോക്കിയില്‍ പുതുയുഗപ്പിറവിക്കാണ് തുടക്കമിട്ടത്.

ഗുസ്തിപിടിച്ച് നേടിയ വെള്ളി

Tokyo Olympics: Rewind Indias Performance at Tokyo Olympics 2021

മെഡല്‍ പ്രതീക്ഷയായ ഗുസ്തിയില്‍ വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയുമായിരുന്നു ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷകള്‍. എന്നാല്‍ അപ്രതീക്ഷിതമായി ഗുസ്തിയില്‍ ഇന്ത്യക്ക് വെള്ളിത്തിളക്കം സമ്മാനിച്ചതാകട്ടെ രവികുമാര്‍ ദഹിയയെന്ന മൃദുഭാഷിയും. വിനേഷ് ഫോഗട്ട് നിരാശപ്പെടുത്തിയപ്പോള്‍ വെങ്കലവുമായി ബജ്റംഗ് പൂനിയ പ്രതീക്ഷ കാത്തു.

നീരജ് എന്ന രാജകുമാരന്‍

ഒളിംപിക്സിന്‍റെ ആദ്യ ദിനം പോലെ ഇന്ത്യക്ക് പ്രതീക്ഷകളുടേതായിരുന്നു അവസാന ദിനവും. ഗോള്‍ഫില്‍ അപ്രതീക്ഷിത കുതിപ്പ് നടത്തിയ അദിതി അശോക് നേരിയ വ്യത്യാസത്തില്‍ വെങ്കലം നഷ്ടമാവുന്നത് കണ്ട് ഉണര്‍ന്ന ഇന്ത്യയെ ബജ്റംഗ് പൂനിയ വെങ്കലം നല്‍കി ആശ്വസിപ്പിച്ചു. എന്നാല്‍ ഇന്ത്യന്‍ കായിക ചരിത്രത്തിലെ എക്കാലത്തെയും സുവര്‍ണ നിമിഷത്തിന് മുമ്പുള്ള സമാശ്വാസ സമ്മാനമായിരുന്നു അതെന്ന് അപ്പോഴും ആരും കരുതിയില്ല.

Tokyo Olympics: Rewind Indias Performance at Tokyo Olympics 2021

ജാവലിന്‍ ത്രോയില്‍ യോഗ്യതാ റൗണ്ടിലെ മിന്നും പ്രകടനം വമ്പന്‍ പ്രതീക്ഷയായെങ്കിലും ജര്‍മനിയുടെ ജൊഹാനസ് വെറ്ററെന്ന അതികായന്‍റെ സാന്നിധ്യം കൊണ്ടുതന്നെ നീരജ് ചോപ്രയില്‍ നിന്ന് ഇന്ത്യയൊരു വെള്ളിയോ വെങ്കലമോ ആണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഫൈനലിന്‍റെ സമ്മര്‍ദ്ദത്തില്‍ വെറ്റര്‍ വീണപ്പോള്‍ നീരജ് ചോപ്രയെന്ന 23കാരന്‍ രാജ്യത്തിന്‍റെ തങ്കമകനായി. ഇനി കൂടുതല്‍ ദൂരത്തിനും കൂടുതല്‍ വേഗത്തിനുമൊപ്പം പാരീസില്‍ കൂടുതല്‍ മെഡലുകളെന്ന സ്വപ്നവുമായി ഇറങ്ങാന്‍ ഇന്ത്യക്ക് പ്രചോദനം നല്‍കുന്നതായിരുന്നു നീരജിന്‍റെ സുവര്‍ണ നേട്ടം.

Follow Us:
Download App:
  • android
  • ios