ഒരു ഒളിംപിക്സ് മെഡല്‍ നേടിയാല്‍ ഒരു കായിക താരത്തിന് എത്ര പണം ലഭിക്കും
ഒളിംപിക്സില്‍ നിന്നുള്ള പ്രധാന വരുമാനം അതിന്‍റെ പ്രക്ഷേപണ അവകാശം വിറ്റതാണ്. അമേരിക്കന്‍ ചാനല്‍ നെറ്റ്വര്‍ക്ക് എന്‍ബിസി 2032 വരെയുള്ള ഒളിംപിക്സ് ടെലിവിഷന്‍ അവകാശം കരസ്ഥമാക്കിയത് 7.7 ശതകോടി അമേരിക്കന്‍ ഡോളറിനാണ്.
ടോക്കിയോ: ഒരോ ഒളിംപിക്സിലും മെഡല്‍ നേടുന്ന താരത്തിന്‍റെ അദ്ധ്വാനം, പരിശീലനം എന്നിവയൊന്നും പൊതുമധ്യത്തില്‍ വരുന്ന കാര്യമല്ല, അവര്‍ മെഡല്‍ നേടുമ്പോള്‍ മാത്രമാണ് കാര്യമായ ശ്രദ്ധ അവരില്‍ പതിയുന്നത് തന്നെ. അതേ സമയം രസകരമായ കാര്യം ഒളിംപിക്സിന്‍റെ നടത്തിപ്പ് ചിലവ് ഏതാണ്ട് 15.4 ശതകോടി അമേരിക്കന്‍ ഡോളറാണ്. ഇതില്‍ പങ്കെടുക്കുന്നതിന് സംഘാടകര്‍ എന്തെങ്കിലും പ്രതിഫലം ഈ താരങ്ങള്‍ക്ക് നല്‍കുന്നില്ല എന്നതാണ്.
ഒളിംപിക്സില്‍ നിന്നുള്ള പ്രധാന വരുമാനം അതിന്‍റെ പ്രക്ഷേപണ അവകാശം വിറ്റതാണ്. അമേരിക്കന്‍ ചാനല്‍ നെറ്റ്വര്‍ക്ക് എന്‍ബിസി 2032 വരെയുള്ള ഒളിംപിക്സ് ടെലിവിഷന്‍ അവകാശം കരസ്ഥമാക്കിയത് 7.7 ശതകോടി അമേരിക്കന്‍ ഡോളറിനാണ്. ടോക്കിയോ ഒളിംപിക്സിന്‍റെ പരസ്യ വരുമാനം 1.25 ശതകോടി അമേരിക്കന്‍ ഡോളറാണ് എന്നാണ് കണക്ക്. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ടിവി അവകാശം വഴി 3 മുതല്‍ 4 ശതകോടി അമേരിക്കന്‍ ഡോളര്‍ ഉണ്ടാക്കുന്നു എന്നാണ് എ.പി പറയുന്നത്.
എന്നാല്‍ ഈ വലിയ ശതകോടി കണക്കില്‍ നിന്ന് എന്തെങ്കിലും പ്രൈസ് മണി ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുക്കുന്ന 11,000 കായികതാരങ്ങള്‍ക്കോ, പാര ഒളിംപിക്സില്‍ പങ്കെടുക്കുന്ന 4,000ത്തോളം താരങ്ങള്‍ക്കൊ ലഭിക്കില്ല. മത്സരങ്ങളില്‍ ആദ്യത്തെ മൂന്ന് സ്ഥാനത്ത് എത്തുന്ന താരങ്ങള്‍ക്ക് മെഡലിന് പുറമേ എന്തെങ്കിലും പ്രൈസ് മണി അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റി നല്‍കുന്നില്ല.
പകരം ഒളിംപിക് മെഡല്‍ നേടുന്നവര്‍ക്ക് പുറമേ, ഒരു ഒളിംപിക്സ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കും. അത് ആദ്യത്തെ മൂന്ന് സ്ഥാനക്കാര്‍ക്ക് മാത്രമല്ല, ആദ്യത്തെ എട്ടുസ്ഥാനക്കാര്‍ക്ക്. ഇത് അനുസരിച്ച്, താരങ്ങളുടെ രാജ്യങ്ങളിലെ ഒളിംപിക് കമ്മിറ്റികള്‍ക്ക് അവര്‍ക്ക് പ്രൈസ് മണിയോ, മാച്ച് ഫീയോ നിശ്ചയിച്ച് നല്‍കാം. ഇതില്‍ മെഡലുകള്‍ നേടുന്ന താരങ്ങള്‍ക്ക് ഒരോ രാജ്യത്തും വ്യത്യസ്തമായ തുകയാണ് നല്‍കുന്നത്. എപ്പോഴും മെഡലുകള്‍ വാരിക്കൂട്ടുന്ന അമേരിക്കയിലെ നില നോക്കാം.
അമേരിക്കയില്‍ സ്വര്‍ണ്ണമെഡല്‍ നേടുന്ന ഒരു താരത്തിന് അമേരിക്കന്‍ ഒളിംപിക് കമ്മിറ്റി 37500 ഡോളര്‍ നല്‍കും (27.85 ലക്ഷം രൂപയ്ക്ക് അടുത്ത്), വെള്ളി നേടുന്നയാള്‍ക്ക് 22,500 ഡോളര്‍ നല്‍കും (16.71 ലക്ഷം), വെങ്കലം നേടുന്ന വ്യക്തിക്ക് 15,000 ഡോളര്‍ നല്‍കും (11.41 ലക്ഷം). അമേരിക്കയില്‍ ഇത് ഫിക്സ്ഡായ ഒരു തുകയാണെങ്കില്‍. ഒന്നോ രണ്ടോ മെഡല്‍ കിട്ടുന്ന രാജ്യങ്ങളില്‍ ഇത് വലിയ തുകയായിരിക്കും.
ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ നോക്കുക വെള്ളി നേടിയ ചാനുവിന് വിവിധ സര്‍ക്കാറുകള്‍ തന്നെ സമ്മാന തുകകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വര്‍ണ്ണമെഡല്‍ നേടുന്ന താരങ്ങള്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ ഒളിംപിക്സിന് മുന്‍പ് തന്നെ വലിയ തുകകളാണ് നല്‍കാം എന്ന് പ്രഖ്യാപിച്ചത്. സിംഗപ്പൂരില്‍ സ്വര്‍ണ്ണം നേടുന്ന താരത്തിന് 7.44 ലക്ഷം അമേരിക്കന്‍ ഡോളറാണ് സമ്മാനം, വെള്ളിയാണെങ്കില്‍ 3.72 ലക്ഷം അമേരിക്കന്‍ ഡോളര്‍, വെങ്കലത്തിന് 2.86 ലക്ഷം ഡോളറും.
ഹോങ്കോങ്ങില്‍ ഇത് 6.44 ലക്ഷം, 3.22 ലക്ഷം, 1.61 ലക്ഷം ഡോളര്‍ എന്ന കണക്കിലാണ്. മലേഷ്യയില്‍ ഇത് ഡോളറില്‍ 2.41 ലക്ഷം, 72,000, 24100 എന്ന ക്രമത്തിലാണ്. ഇതിന് പുറമേ മലേഷ്യയില്‍ മെഡല്‍ നേടിയ താരത്തിന് മാസവും ജീവിതകാലം മുഴുവന്‍ ശമ്പളവും സര്‍ക്കാര്‍ നല്‍കും. ഇത് സ്വര്‍ണ്ണത്തിന് 1,182 ഡോളര്‍, വെള്ളിക്ക് 709 ഡോളര്‍, വെങ്കലത്തിന് 473 ഡോളര്‍ എന്ന കണക്കിലാണ്.
ബ്രിട്ടണില്‍ മെഡല്‍ ജേതാക്കള്‍ക്ക് വാര്‍ഷിക സ്റ്റിപ്പായി പണം നല്‍കാന്‍ 125 ദശലക്ഷം പൌണ്ടിന്‍റെ ഒരു നിധി തന്നെ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ബാക്കിഫണ്ടുകളും ലഭിക്കും. പല വന്‍കിട താരങ്ങള്‍ക്കും ഇതിന് പുറമേ സ്പോണ്‍സര്‍ഷിപ്പ് തുകയായും വന്‍ തുക ലഭിക്കും. ജമൈക്കന്‍ അത്ലറ്റ് ഉസൈന്‍ ബോള്‍ട്ടിന്‍റെ തിളങ്ങി നിന്ന കാലത്തെ കോര്‍പ്പറേറ്റ് സ്പോണ്‍സര്‍ഷിപ്പ് കൊല്ലത്തില്‍ 30 ദശലക്ഷം അമേരിക്കന്‍ ഡോളറായിരുന്നു.
Read More: ടോക്യോ ഒളിംപിക്സ്: കോച്ച് പറഞ്ഞിട്ടും തോറ്റുവെന്നത് വിശ്വസിച്ചില്ല; മേരി കോം
Read More: ഇത് ഇന്ത്യയുടെ 'ജൂനിയര്‍ മീരാബായ്', വീഡിയോ പങ്കുവെച്ച് മീരാബായ് ചാനുവും
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona