ഇങ്ങനെയൊരു പുറത്താകല്‍ ക്രിക്കറ്റ് ചരിത്രത്തില്‍ അത്യപൂര്‍വം; അന്തംവിട്ട് ആരാധകര്‍

ഓസ്ട്രേലിയയുടെ പേസ് ബൗളറായ ഹെതര്‍ ഗ്രഹാം ആണ് ക്രിക്കറ്റിലെ ഈ അപൂര്‍വ വിക്കറ്റ് സ്വന്തമാക്കിയത്. മത്സരത്തിന്റെ 45-ാം ഓവറിലായിരുന്നു നാടകീയ പുറത്താകല്‍.

This is the most bizarre dismissals ever in a cricket match
Author
Sydney NSW, First Published Mar 1, 2019, 1:19 PM IST

സിഡ്നി: ക്രിക്കറ്റില്‍ ഒരു ബാറ്റ്സ്മാനെ പുറത്താക്കാനും പുറത്താവാനും നിരവധി മാര്‍ഗങ്ങളുണ്ട്. അതില്‍ ഭൂരിഭാഗവും നമ്മള്‍ കണ്ടിട്ടുമുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു പുറത്താകലായിരുന്നു സിഡ്നിയില്‍ കഴിഞ്ഞദിവസം നടന്ന ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് വനിതാ ടീമുകളുടെ ഏകദിന മത്സരത്തില്‍ കണ്ടത്.

ഓസ്ട്രേലിയയുടെ പേസ് ബൗളറായ ഹെതര്‍ ഗ്രഹാം ആണ് ക്രിക്കറ്റിലെ ഈ അപൂര്‍വ വിക്കറ്റ് സ്വന്തമാക്കിയത്. മത്സരത്തിന്റെ 45-ാം ഓവറിലായിരുന്നു നാടകീയ പുറത്താകല്‍. ന്യൂസിലന്‍ഡിന്റെ കാറ്റി പെര്‍കിന്‍സ് ആണ് നിര്‍ഭാഗ്യകരമായി രീതിയില്‍ പുറത്തായ ബാറ്റ്സ് വുമണ്‍. ഹെതറിന്റെ പന്തില്‍ സ്ട്രെയിറ്റ് ഡ്രൈവ് കളിച്ച പെര്‍കിന്‍സിന്റെ ഷോട്ട് നിലത്തുവീഴും മുമ്പ് നേരെ കൊണ്ടത് നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന കാറ്റി മാര്‍ട്ടിന്റെ ബാറ്റിലാണ്. കാറ്റിയുടെ ബാറ്റില്‍ തട്ടി വായുവില്‍ ഉയര്‍ന്ന പന്ത് ഗ്രഹാം അനായാസം കൈയിലൊതുക്കി ക്യാച്ചിനായി അപ്പീല്‍ ചെയ്തു. മൂന്നാം അമ്പയറുടെ ഉപദേശം തേടിയശേഷം ഫീല്‍ഡ് അമ്പയര്‍ അത് ഔട്ട് വിധിക്കുകയും ചെയ്തു.

ബാറ്റ്സ്മാന്റെ ഷോട്ട് ബൗളറുടെ കൈയില്‍ തട്ടി നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലെ സ്റ്റംപില്‍ കൊണ്ട് നോണ്‍ സ്ട്രൈക്കര്‍ റണ്ണൗട്ടാവുന്നത് പലതവണ കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു പുറത്താകല്‍ ആരാധകര്‍ ഇതുവരെ കണ്ടിട്ടുണ്ടാവില്ല. എന്തായാലും നാടകീയ പുറത്താകല്‍ കണ്ട് ഓസീസ് താരങ്ങള്‍ക്കൊപ്പം കീവീസ് താരങ്ങള്‍ക്കും ചിരി അടക്കാനായില്ല. എന്തായാലും ആ പുറത്താകല്‍ മത്സരത്തില്‍ കാര്യമായ സ്വാധീനമൊന്നും ചെലുത്തിയില്ല. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് വനിതകള്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 323 റണ്‍സടിച്ചപ്പോള്‍ ഓസ്ട്രേലിയ 157ന് ഓള്‍ ഔട്ടായി.

Follow Us:
Download App:
  • android
  • ios