പാണ്ഡ്യ ബ്രദേഴ്സിന് പിന്നാലെ ചാഹര്‍ ബ്രദേഴ്സ്; എന്നാല്‍ പാണ്ഡ്യമാരെപ്പോലെയല്ല ഇവര്‍ തമ്മില്‍ ഒരു വ്യത്യാസമുണ്ട്
എന്നാല്‍ പാണ്ഡ്യ സഹോദരന്‍മാരെപ്പോലെ ഇരുവരും ശരിക്കും ചേട്ടനും അനുജനുമല്ല, അര്‍ധസഹോദരങ്ങളാണ്. ദീപക് ചാഹറിന്റെ പിതാവ് ലോകേന്ദ്ര സിംഗിന്റെ അനുജന്റെ മകനാണ് രാഹുല്‍ ചാഹര്‍.
ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ ഹിറ്റ് സഹോദര ജോഡിയാണ് ഹര്‍ദ്ദിക് പാണ്ഡ്യയും ചേട്ടന്‍ ക്രുനാല്‍ പാണ്ഡ്യയും. ഇരുവരും ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിക്കുകയും ചെയ്തു. ഹര്‍ദ്ദിക് ഇന്ത്യയുടെ ലോകകപ്പ് ടീമിലുമുണ്ട്. ഇരുവര്‍ക്കുംശേഷം ഐപിഎല്ലിലെ മിന്നുന്ന പ്രകടനങ്ങിലൂടെ ഇന്ത്യന്‍ ടീം ലക്ഷ്യമിടുകയാണ് പുതിയൊരു സഹോദര ജോഡി. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പേസ് ബൗളറായ ദീപക് ചാഹറും മുംബൈയുടെ സ്പിന്‍ സെന്‍സേഷനായ രാഹുല്‍ ചാഹറും.
എന്നാല്‍ പാണ്ഡ്യ സഹോദരന്‍മാരെപ്പോലെ ഇരുവരും ശരിക്കും ചേട്ടനും അനുജനുമല്ല, അര്‍ധസഹോദരങ്ങളാണ്. ദീപക് ചാഹറിന്റെ പിതാവ് ലോകേന്ദ്ര സിംഗിന്റെ അനുജന്റെ മകനാണ് രാഹുല്‍ ചാഹര്‍. ഇരവരുടെയും അമ്മമാരും സഹോദരിമാരാണെന്നതാണ് മറ്റൊരു സവിശേഷത. ആഗ്രയില്‍ ഒരുമിച്ച് ഗള്ളി ക്രിക്കറ്റ് കളിച്ചുനടന്ന ഇരുവരും രഞ്ജി ട്രോഫിയില്‍ രാജസ്ഥാന് വേണ്ടിയാണ് ഇറങ്ങുന്നത്.
കരിയറിന്റെ തുടക്കത്തില്‍ ചേട്ടനെപ്പോലെ പേസ് ബൗളറാകാനായിരുന്നു രാഹുല്‍ ചാഹറിന്റെയും ആഗ്രഹമെങ്കിലും ദീപക്കിന്റെ പിതാവാണ് രാഹുല്‍ ചാഹറിലെ സ്പിന്നറെ കണ്ടെത്തുന്നത്. രാഹുല്‍ നെറ്റ്സില്‍ പന്ത് സ്പിന്‍ ചെയ്യിക്കുന്നത് കണ്ടാണ് ദീപക്കിന്റെ പിതാവ് ലെഗ് സ്പിന്നറാകാന്‍ പ്രചോദനം നല്‍കിയത്. ദീപക് ചാഹര്‍ ഇന്ത്യക്കായി ഒരു ഏകദിനത്തിലും രണ്ട് ടി20 മത്സരങ്ങളിലും കളിച്ചുവെങ്കില്‍ രാഹുല്‍ ഇതുവരെ ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ല.
രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനെ രാജസ്ഥാന്‍ 21 റണ്‍സിന് ഓള്‍ ഔട്ടാക്കിയ മത്സരത്തില്‍ 10 റണ്‍സ് വഴങ്ങി എട്ടുവിക്കറ്റെടുത്താണ് ദീപക് ചാഹര്‍ ആഭ്യന്തര ക്രിക്കറ്റില്‍ വരവറിയിച്ചത്. 2017 ഐപിഎല്ലില്‍ ദീപക്കും രാഹുലും റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റസില്‍ ഒരുമിച്ചുണ്ടായിരുന്നു. സയ്യിദ് മുഷ്താഖ് അലി ടി20യില്‍ നടത്തിയ മിന്നുന്ന പ്രകടനമാണ് ഇത്തവണ ഐപിഎല്‍ താരലേലത്തില്‍ 1.9 കോടി രൂപ നല്‍കി രാഹുലിനെ സ്വന്തമാക്കാന്‍ മുംബൈ ഇന്ത്യന്‍സിനെ പ്രേരിപ്പിച്ചത്.
സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായ ദീപക് ചാഹറിനെ 80 ലക്ഷം രൂപ മുടക്കിയാണ് ചെന്നൈ ടീമിലെത്തിച്ചത്. ഐപിഎല്ലിലെ പ്രകടനം വിലയിരുത്തിയാല്‍ പാണ്ഡ്യ സദോഹരന്‍മാരെപ്പോലെ ഇരുവരും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരുമിച്ച് കളിക്കുന്ന കാലം അധികം വിദൂരമല്ലെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ കരുതുന്നത്.