റിങ്ങിനുള്ളിൽ പൂമ്പാറ്റയെപ്പോലെ പറന്നു നടന്ന്, തേനീച്ചയെപ്പോലെ കുത്തി, മുഹമ്മദ് അലി ലോകത്തെ ഞെട്ടിച്ച ദിവസം
സോണി ലിസ്റ്റന്റെ മുൻകാല ക്രിമിനൽ ചരിത്രവും, മാഫിയാ ബന്ധങ്ങളും ഒക്കെ ആ മത്സരം തുടങ്ങുന്നതിനു മുമ്പേ തന്നെ അയാൾക്ക് കുപ്രസിദ്ധി പകർന്നു. കാഷ്യസിനോട് കാണികളുടെ മനസ്സിൽ സഹതാപവും.
ഫെബ്രുവരി 25 1964. 56 വർഷങ്ങൾക്കു മുമ്പ് അന്നേദിവസം ലോകത്തെ ഞെട്ടിക്കുന്ന ഒരു സംഭവം നടന്നു. കെന്റക്കിയ്ക്കടുത്തുള്ള ലൂയിവില്ലേയിൽ നിന്നുള്ള ഒരു ഇരുപത്തിരണ്ടുകാരൻ പയ്യൻ അസാധ്യമെന്ന് മാലോകർ അന്നുവരെ ധരിച്ചിരുന്ന ഒരു അത്ഭുതം പ്രവർത്തിച്ചു. ആ പയ്യന്റെ പേര് കാഷ്യസ് ക്ലേ എന്നായിരുന്നു. അവൻ പ്രവർത്തിച്ച അത്ഭുതമോ? അന്നത്തെ ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാമ്പ്യൻ സോണി ലിസ്റ്റണെ ഇടിക്കൂട്ടിൽ നിലം പറ്റിക്കുക എന്നതും. അധികനാൾ കഴിയും മുമ്പുതന്നെ ലോകം ആ പയ്യൻ അന്നോളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മഹാനായ ബോക്സറായി മാറി. ഇസ്ലാം മതം സ്വീകരിച്ച് പേരും മാറി. ആ പേരുപറഞ്ഞാൽ എല്ലാവരും അറിയും, മുഹമ്മദ് അലി.
ആ ഹെവി വെയ്റ്റ് പോരാട്ടത്തിന് മുമ്പുതന്നെ കാഷ്യസ് ക്ലേ എന്ന ആ പയ്യൻ ലൈറ്റ് ഹെവി വെയ്റ്റ് വിഭാഗത്തിൽ ഒളിമ്പിക്സ് സ്വർണ്ണം നേടിയിട്ടുണ്ടായിരുന്നു. അതുകൊണ്ട് മാധ്യമങ്ങൾക്ക് ആ പേര് അത്ര അപരിചിതമൊന്നും അല്ലായിരുന്നു. എന്നാലും, മത്സരിച്ചിരുന്നത് ലൈറ്റ് ഹെവി വെയ്റ്റിൽ ആയിരുന്നത് കൊണ്ട് അപ്പോഴും സ്റ്റാർ ബോക്സർമാരുടെ കൂട്ടത്തിൽ അവനെ എണ്ണാൻ തുടങ്ങിയിരുന്നില്ല ബോക്സിങ് ലോകം.
സോണി ലിസ്റ്റൺ വളരെ അക്രമാസക്തനായ ഒരു ബോക്സറായിരുന്നതുകൊണ്ട്, കാഷ്യസ് റിങ്ങിലേക്ക് കേറി അധികനേരം കഴിയും മുമ്പുതന്നെ അവന്റെ കഥകഴിയും എന്നുതന്നെ കാണികൾ എല്ലാവരും കരുതി. ലിസ്റ്റന്റെ ഇടികൊണ്ട് മിനിറ്റുകൾക്കുള്ളിൽ തന്നെ ആ പാവത്തിന്റെ മുഖം ചതയുമെന്നും. സോണി ലിസ്റ്റന്റെ മുൻകാല ക്രിമിനൽ ചരിത്രവും, മാഫിയാ ബന്ധങ്ങളും ഒക്കെ ആ മത്സരം തുടങ്ങുന്നതിനു മുമ്പേ തന്നെ അയാൾക്ക് കുപ്രസിദ്ധി പകർന്നു. കാഷ്യസിനോട് കാണികളുടെ മനസ്സിൽ സഹതാപവും. ജേർണലിസ്റ്റുകൾ കാഷ്യസ് ക്ലേയ്ക്ക് ആ മത്സരത്തിലേൽക്കാൻ പോകുന്ന അപമാനകരമായ പരാജയത്തെപ്പറ്റി,വെണ്ടയ്ക്കാ തലക്കെട്ടിൽ, കോളം കണക്കിന് വാർത്ത അടിച്ചുകൂട്ടി. 8-1 ആയിരുന്നു പന്തയത്തിൽ ലിസ്റ്റന്റെ ജയസാധ്യത. എന്നാൽ, ആ പ്രവചനങ്ങളെ ഒക്കെ തെറ്റിച്ചുകൊണ്ട്, റിങ്ങിൽ അന്നു നടന്നതിനെ 'അത്ഭുതം' എന്നതിൽ കുറഞ്ഞ ഒരു വാക്കുകൊണ്ടും സൂചിപ്പിക്കാനാവില്ല.
'കാഷ്യസ് ക്ലേയും സോണി ലിസ്റ്റണും'
കുറ്റകൃത്യങ്ങൾക്ക് പൊലീസ് പിടിയിലായ ശേഷം ജയിൽവാസമനുഷ്ഠിക്കവേയാണ് സോണി ലിസ്റ്റൺ ബോക്സിങിലേക്ക് തിരിയുന്നത്. ജയിലിലെ കൊടും കുറ്റവാളികളോട് മല്ലുപിടിച്ചാണ് അയാളുടെ ബോക്സിങ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നതും ലോകത്തെ ഒന്നാം നമ്പർ ഹെവി വെയ്റ്റ് ബോക്സറായി ലിസ്റ്റൺ മാറിയതും. തന്റെ മുപ്പത്താറു പോരാട്ടങ്ങളുടെ ചരിത്രത്തിൽ ഒരേയൊരു തോൽവി മാത്രമാണ് അന്നോളം ലിസ്റ്റനെ തേടിയെത്തിയിരുന്നത്. കാഷ്യസിന്റെ റിങ്ങിലെ റെക്കോർഡും അത്ര മോശമൊന്നും അല്ലായിരുന്നു. ഇരുപത് പോരാട്ടങ്ങളിൽ ഇരുപതിലും എതിരാളിയെ ഇടിച്ചു മലർത്തി തോൽവിയറിയാത്ത ചരിത്രം.
ആ പോരാട്ടത്തിന്റെ രോമാഞ്ചമേകുന്ന ഓർമ്മകൾ പലർക്കും കാണും. ആദ്യത്തെ ബെൽ മുഴങ്ങുന്നു, ലിസ്റ്റൺ കാഷ്യസിന് നേരെ പാഞ്ഞടുക്കുന്നു. അയാളുടെ മുഖത്ത് പ്രകടമായ ദേഷ്യം. കഴിവതും വേഗം പോരാട്ടം തീർക്കണം എന്ന വാശി. എന്നാൽ, ലിസ്റ്റന്റെ തിടുക്കത്തെ, അയാളുടെ ധൃതിപ്പെട്ടുള്ള ഊക്കൻ ഇടികളിൽ നിന്ന് തന്റെ അപാരമായ റിഫ്ളക്സുകൾ കൊണ്ട് ഒഴിഞ്ഞുമാറാൻ കാഷ്യസിന് പറ്റി. അങ്ങനെ ആ ആദ്യറൗണ്ട് ആ ഇരുപത്തിരണ്ടുകാരന്റെ തികഞ്ഞ മേധാവിത്വത്തിന് സാക്ഷ്യം വഹിച്ചു.
'കാഷ്യസ് ക്ലേയും സോണി ലിസ്റ്റണും'
രണ്ടാം റൗണ്ടിൽ, ആദ്യ റൗണ്ടിലെ പിഴവുകൾ പരിഹരിച്ച് ലിസ്റ്റൺ തിരിച്ചെത്തി. ചില കനത്ത ഇടികൾ കാഷ്യസിനുമേൽ പറ്റിച്ചു. ഇടികൾ പരസ്പരം കൈമാറിക്കൊണ്ട് റൗണ്ടുകൾ ഒന്നൊന്നായി പിന്നിട്ട് ഏഴു റൗണ്ടുകൾ പൂർത്തിയാക്കി. ഒടുവിൽ എട്ടാം റൗണ്ട് തുടങ്ങാറായപ്പോഴേക്കും ആകെ എ വശനായി ലിസ്റ്റൺ. റഫറിയുടെ വിളികളോട് പ്രതിയ്ക്കരിക്കാതെ വന്നപ്പോൾ ടെക്നിക്കൽ നോക്ക് ഔട്ട് (TKO) വഴി കാഷ്യസ് ക്ലേ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു.
'കാഷ്യസ് ക്ലേയും സോണി ലിസ്റ്റണും'
മത്സരം കഴിഞ്ഞപ്പോൾ കാഷ്യസ് ക്ലേ പാഞ്ഞു ചെന്നത് റിങ്ങിനു പുറത്ത് ജേർണലിസ്റ്റുകൾ ഇരിക്കുന്ന മൂലയിലേക്കാണ്. അവർക്കു മുന്നിൽ നിന്ന് അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു
" ഇന്നുവരെ എഴുതിവെച്ചതൊക്കെ ഇനി വിഴുങ്ങിക്കോളൂ... ഞാനാണ് ഇനിമുതൽ ലോകത്തിലെ ഏറ്റവും മികച്ച ബോക്‌സർ. ഞാനിതാ നിങ്ങളുടെ ലോകത്തെ ഇളക്കി മറിച്ചിരിക്കുന്നു."
നിലവിലെ ചാമ്പ്യനിൽ നിന്ന് ലോക ഹെവിവെയ്റ്റ് പട്ടം പിടിച്ചു വാങ്ങുന്ന ലോകത്തിലെ ഏറ്റവും ഇളപ്പമുള്ള ബോക്സറായി അന്നു കാഷ്യസ് ക്ലേ മാറി. 1986 -ൽ, മൈക്ക് ടൈസൺ ട്രെവർ ബെർബൈക്കിനെ തോൽപ്പിക്കുന്നതുവരെ 22 വർഷത്തേക്ക് ഇളക്കം തട്ടാതെ നിന്നു ആ റെക്കോർഡ്. ചാമ്പ്യൻ പട്ടം കിട്ടിയതിന് രണ്ടു ദിവസങ്ങൾക്കു ശേഷം താൻ ഇസ്ലാം മതം സ്വീകരിച്ച വിവരം കാഷ്യസ് ക്ലേ ലോകത്തോട് വിളിച്ചു പറഞ്ഞു, താമസിയാതെ അദ്ദേഹത്തിന്റെ പുതിയ പേരും ഈ ലോകത്തോട് വെളിപ്പെടുത്തപ്പെട്ടു, " മുഹമ്മദ് അലി"
മുഹമ്മദ് അലി അഥവാ കാഷ്യസ് ക്ലേ
മത്സരത്തിൽ താൻ തന്നെ ജയിക്കും എന്ന ഉറച്ച ആത്മവിശ്വാസം കാഷ്യസിന് ഉണ്ടായിരുന്നു. അത് പ്രകടിപ്പിക്കാൻ അദ്ദേഹം പത്രക്കാരോട് പറഞ്ഞ ആ വർത്തമാനം ഇന്ന് ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അത് ഇപ്രകാരമായിരുന്നു, "ഞാൻ ഒരു പൂമ്പാറ്റയെപ്പോലെ പറന്നു നടക്കും, ഒരു തേനീച്ചയെപ്പോലെ കുത്തും..."