T20 World Cup|തോറ്റ് തുന്നംപാടി ലോകകപ്പിനെത്തി, എന്നിട്ടും ഓസീസ് ജയിച്ച് മടങ്ങിയതിന് പിന്നില്‍ ഈ തന്ത്രങ്ങള്‍
വിമര്‍ശനം ഏറെ കേട്ട പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറിനും കിരീടനേട്ടം ആശ്വാസമാണ്. പാകിസ്ഥാനെതിരായ സെമിയിൽ മാക്സ്‍വെല്‍ അഞ്ചാമനായി പുറത്തായതിന്‍റെ തൊട്ടടുത്ത പന്തില്‍ സിക്സറിന് ശ്രമിക്കുന്ന സ്റ്റോയിനിസ്.
ദുബായ്: ഏഴാം റാങ്ക് ടീമായി ടി20 ലോകകപ്പിനെത്തിയ(T20 World Cup) ഓസ്ട്രേലിയയുടെ(Australia) മുന്നേറ്റം അധികം ആരും പ്രതീക്ഷിച്ചതല്ല. എന്നാൽ മിക്ക താരങ്ങള്‍ക്കും ലോകകപ്പിന് മുന്‍പ് ആവശ്യത്തിന് വിശ്രമം ലഭിച്ചത് യുഎഇയിൽ കംഗാരുപ്പടയ്ക്ക് നേട്ടമായി. ഓസീസ് മുന്നേറ്റത്തിൽ, ഐപിഎല്ലിന്‍റെ(IPL 2021) പങ്കും ചെറുതല്ല.
വിമര്‍ശനം ഏറെ കേട്ട പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറിനും(Justin Langer) കിരീടനേട്ടം ആശ്വാസമാണ്. പാകിസ്ഥാനെതിരായ സെമിയിൽ ഗ്ലെന്‍ മാക്സ്‍വെല്‍(Glen Maxell) അഞ്ചാമനായി പുറത്തായതിന്‍റെ തൊട്ടടുത്ത പന്തില്‍ സിക്സറിന് ശ്രമിക്കുന്ന മാര്‍ക്കസ് സ്റ്റോയിനിസിന്‍റെ മനോഭാവത്തിലുണ്ട് ഓസീസ് ശൈലിമാറ്റത്തിന്‍റെ നേര്‍ചിത്രം.
ടി20 ലോകകപ്പിന്‍റെ ഏഴാം പതിപ്പിനെത്തിയ ഓസ്ട്രേലിയന്‍ സംഘത്തെ അടയാളപ്പെടുത്താന്‍ ഇതിലും മികച്ച ദൃശ്യമുണ്ടാകില്ല. ഒന്നര വര്‍ഷം മുന്‍പ് ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും, ബംഗ്ലാദേശിനെതിരെ അടക്കം തുടര്‍ച്ചയായി അഞ്ച് ടി20 പരമ്പരകള്‍ തോറ്റാണ് ഓസ്ട്രേലിയ യുഎഇയിലെത്തിയത്.
എന്നാൽ പ്രമുഖ താരങ്ങളുടെ അഭാവത്തിലെ തുടര്‍തോൽവികളുടെ പേരില്‍ ഓസ്ട്രേലിയയെ എഴുതിത്തള്ളാന്‍ മത്സരിച്ചവര്‍ ലാംഗറിന്‍റെ തന്ത്രങ്ങള്‍ തിരിച്ചറിയാതെ പോയി. അഞ്ച് സ്പെഷ്യലിസറ്റ് ബൗളര്‍മാര്‍ എന്ന ശൈലി ഉപേക്ഷിച്ച്, മിച്ചൽ മാര്‍ഷിനെ മൂന്നാം നമ്പറില്‍ ഇറക്കിയും, മൂന്ന് പാര്‍ട് ടൈം ബൗളര്‍മാരില്‍ വിശ്വാസം അര്‍പ്പിച്ചുമുള്ള തന്ത്രം വിജയിച്ചു.
ബിഗ് ബാഷ് ലീഗില്‍ ഓപ്പണര്‍മാരായി തിളങ്ങിയ സ്റ്റോയിനിസിനെയും വെയ്ഡിനെയും ഫിനിഷിംഗ് ചുമതല ഏൽപ്പിക്കാനുള്ള നീക്കം ഷഹീന്‍ ഷാ അഫ്രീദിക്ക് ഒരിക്കലും മറക്കാനാകാത്ത പേടിസ്വപ്നമായി മാറി.ഐപിഎല്ലില്‍ ചെന്നൈയുടെ കരുത്തായ ജോഷ് ഹെയ്സൽവുഡും മധ്യഓവറുകളില്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ആദം സാംപയും എതിരാളികളെ വരിഞ്ഞുമുറുക്കി.
ടൂര്‍ണമെന്‍റിലെ ഏഴ് മത്സരങ്ങളില്‍ ആറിലും ആരോൺ ഫിഞ്ച് ടോസ് നേടിയതും നിര്‍ണായകമായി. ട്വന്‍റി 20യിൽ തുടര്‍ച്ചയായി രണ്ട് വട്ടം വിശ്വവിജയികളാകുന്ന ആദ്യ ടീമാകാനുള്ള അവസരം 11 മാസത്തിനപ്പുറം സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിലും കംഗാരുപ്പടയെ അപകടകാരികളാക്കുമെന്ന് ഉറപ്പ്.