ലോകകപ്പ് ടീമിലെത്തിയിട്ടും ഒറ്റ മത്സരത്തിൽ പോലും ഇറങ്ങാനാവാതെ പോയ മലയാളി, സഞ്ജു മാത്രമല്ല നിര്‍ഭാഗ്യവാൻ
ഈ ലോകകപ്പിന് മുമ്പോ ശേഷമോ രാജ്യാന്തര തലത്തില്‍ ഒരു ഏകദിനത്തിലോ ടെസ്റ്റിലോ സുനിലിന് ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്ക് വേണ്ടിയായിരുന്നു സുനില്‍ വാല്‍സന്‍ കളിച്ചിരുന്നത്.
തിരുവനന്തപുരം: ലോകകപ്പ് ടീമില്‍ അവസരം ലഭിക്കുകയെന്നത് സ്വപ്നനേട്ടമാണ് ഏതൊരു കായികതാരത്തിനും. അടുത്ത മാസം തുടങ്ങുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ് അവസരം നഷ്ടമായതിനെക്കുറിച്ചാണ് ഇപ്പോള്‍ മലയാളികള്‍ ചര്‍ച്ച ചെയ്യുന്നത്. ശ്രേയസ് അയ്യരുടെ പരിക്ക് സഞ്ജുവിന് അവസാന നിമിഷം ലോകകപ്പ് ടീമിലേക്ക് വഴി തെളിക്കുമെന്ന് ഒരു വിഭാഗം ആരാധകര്‍ ഇപ്പോഴും വിശ്വസിക്കുന്നു.
എന്നാല്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിട്ടും ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിക്കാതിരുന്നാലോ? അതിലും വലിയ നിരാശ വേറെയുണ്ടാകില്ല. അങ്ങനെ നിരാശരാകേണ്ടി വന്ന താരങ്ങള്‍ നിരവധിയുണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍. അതിലൊരാള്‍ മലയാളിയാണ്. അന്തിമ ഇലവനില്‍ ആദ്യം ഉള്‍പ്പെടുകയും എന്നാല്‍ പിന്നീട് പുറത്തിരിക്കേണ്ടി വരികയും ചെയ്ത ആ താരം സുനില്‍ വാല്‍സനാണ്.
ഇന്ത്യ ചാമ്പ്യന്‍മാരായ 1983 ലോകകപ്പില്‍ ടീമില്‍ ഉണ്ടായിട്ടും ഒരു മത്സരത്തില്‍ പോലും സുനില്‍ വാല്‍സന് അന്തിമ ഇലവനില്‍ അവസരം കിട്ടിയില്ല. സുനിലിന്റെ നിര്‍ഭാഗ്യം ഇവിടെ തീരുന്നില്ല. ഈ ലോകകപ്പിന് മുമ്പോ ശേഷമോ രാജ്യാന്തര തലത്തില്‍ ഒരു ഏകദിനത്തിലോ ടെസ്റ്റിലോ സുനിലിന് ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്ക് വേണ്ടിയായിരുന്നു സുനില്‍ വാല്‍സന്‍ കളിച്ചിരുന്നത്.
ആന കൊടുത്താലും ആശ കൊടുക്കരുതേ എന്ന് പറയാറില്ലേ?- അതുപോലെ ഒരു അവസ്ഥയും ഇടംകയ്യന്‍ പേസ് ബൌളറായ സുനിലിന് നേരിടേണ്ടി വന്നിട്ടുണ്ട്. 1983 ലോകകപ്പില്‍ ഇന്ത്യാ- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം മത്സരത്തില്‍ സുനിലിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്‍റ് കൂടിയായ റോജര്‍ ബിന്നിക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് പകരക്കാരനായിട്ടായിരുന്നു സുനിലിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ പിറ്റേദിവസം കളി ആരംഭിക്കും മുന്നേ ബിന്നി ഫിറ്റ്നെസ് വീണ്ടെടുത്തു. അങ്ങനെ സുനില്‍ വീണ്ടും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.
അവര്‍ക്കൊക്കെ നല്‍കുന്ന പിന്തുണയുടെ ഒരു ശതമാനമെങ്കിലും സഞ്ജു അര്‍ഹിക്കുന്നില്ലേ; ചോദ്യവുമായി ആരാധകർ
സുനിലിനെപ്പോലെ, 1999 ലോകകപ്പില്‍ ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന ഇന്ത്യന്‍ താരമാണ് അമയ് ഖുറാസിയ. ഇന്ത്യ ഫൈനലിലെത്തിയ 2003ലും ഇങ്ങനെ പുറത്തിരിക്കേണ്ടി വന്ന ‘ലോകകപ്പ് ടീം അംഗങ്ങളുണ്ട്’. പാര്‍ഥിവ് പട്ടേല്‍, സഞ്ജയ് ബംഗാര്‍, അജിത് അഗാര്‍ക്കര്‍, 2011ല്‍ പിയൂഷ് ചൗള എന്നിവരൊക്കെ ലോകകപ്പ് ടീമിലെത്തിയിട്ടും അന്തിമ ഇലവനിലെത്താന്‍ ഭാഗ്യം കിട്ടാത്തവരാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക