ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഗവാസ്കര്‍
ധോണി വിക്കറ്റിന് പിന്നിലുള്ളതാണ് കോലിയുടെ ഏറ്റവും വലിയ ഭാഗ്യം. കോലി ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ഫീല്‍ഡര്‍മാരുമായും ബൗളര്‍മാരുമായും സംസാരിക്കുന്നതും നിര്‍ണായക സമയങ്ങളില്‍ കോലിയെ സഹായിക്കുന്നതുമെല്ലാം ധോണിയാണ്.
മുംബൈ: മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ഏകദിന ലോകകപ്പിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. എം എസ് ധോണി വിക്കറ്റിന് പിന്നിലുള്ളത് വിരാട് കോലിയുടെ ഭാഗ്യമാണെന്നും ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ ഗവാസ്കര്‍ പറഞ്ഞു.
ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയും ആതിഥേയരായ ഇംഗ്ലണ്ടുമാകും ഏറ്റുമുട്ടുകയെന്ന് ഗവാസ്കര്‍ പറഞ്ഞു. ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ നമായകന്‍ എംഎസ് ധോണിയും തമ്മിലുള്ള മാനസിക അടുപ്പം തന്നെയാണ് ഇന്ത്യുടെ ഏറ്റവും വലിയ കരുത്ത്. ധോണി വിക്കറ്റിന് പിന്നിലുള്ളതാണ് കോലിയുടെ ഏറ്റവും വലിയ ഭാഗ്യം. കോലി ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ഫീല്‍ഡര്‍മാരുമായും ബൗളര്‍മാരുമായും സംസാരിക്കുന്നതും നിര്‍ണായക സമയങ്ങളില്‍ കോലിയെ സഹായിക്കുന്നതുമെല്ലാം ധോണിയാണ്. അവസാന ഓവറുകളില്‍ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരെല്ലാം ബൗണ്ടറിയിലായിരിക്കും. സ്വാഭാവികമായും കോലി ബൗണ്ടറി ലൈനിലായിരിക്കും ഫീല്‍ഡ് ചെയ്യുന്നത്.
ഈ സമയം ഫീല്‍ഡ് സെറ്റ് ചെയ്ത് എവിടെ പന്തെറിയണമെന്ന് ബൗളര്‍മാരെ ഉപദേശിക്കുന്നത് ധോണിയാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നതിന് പുറമെ പരസ്പര ബഹുമാനം പുലര്‍ത്തുന്നവരുമാണ്. ഇരുവരുടെയും ഈ മാനസിക അടുപ്പം തന്നെയാണ് ലോകകപ്പില്‍ ഇന്ത്യക്ക് ഏറ്റവുമധികം ഗുണം ചെയ്യുക. ഇന്ത്യയുടെ ബൗളിംഗ് നിര ഏത് സാഹചര്യത്തിലും മികവുറ്റ പ്രകടനം പുറത്തെടുക്കാന്‍ പ്രാപ്തരാണ്. ഇന്ത്യക്കെതിരെ 280, 300 റണ്‍സ് അടിക്കാന്‍ കഴിയുന്ന എതിരാളികളുണ്ട്. എന്നാല്‍ അത് പിന്തുടര്‍ന്ന് ജയിക്കാന്‍ കഴിവുള്ള ബാറ്റിംഗ് നിരയും നമുക്കുണ്ടെന്നും ഗവാസ്കര്‍ പറഞ്ഞു.