മാച്ച് ഫീ ഗ്രൗണ്ട് സ്റ്റാഫിന് സമ്മാനിച്ച മാതൃക; സഞ‌്‌ജുവിനെ പ്രശംസ കൊണ്ടുമൂടി ശശി തരൂര്‍
സഞ്ജു മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്‌തനാകുന്നത് പ്രതിഭ കൊണ്ട് മാത്രമല്ല, സ്‌പിരിറ്റ് കൊണ്ടുകൂടിയാണെന്ന് തരൂര്‍
തിരുവനന്തപുരം: കാര്യവട്ടത്ത് നടന്ന ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ അവസാന ഏകദിനത്തിലെ മാച്ച് ഫീ തുക ഗ്രൗണ്ട് സ്റ്റാഫിന് സമ്മാനിച്ച മലയാളി ക്രിക്കറ്റര്‍ സഞ്‌ജു സാംസണെ പ്രശംസിച്ച് ശശി തരൂര്‍ എം പി. നനഞ്ഞ ഗ്രൗണ്ട് മത്സരയോഗ്യമാക്കിയ ഗ്രൗണ്ട് സ്റ്റാഫിന് 48 പന്തില്‍ 91 റണ്‍സെടുത്ത തീപ്പൊരി പ്രകടനത്തിന് ശേഷം സഞ്‌ജു മാച്ച് ഫീ നല്‍കി. പ്രതിഭ മാത്രമല്ല, സ്‌പിരിറ്റ് കൂടിയാണ് സഞ്‌ജുവിനെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.
തുടര്‍ച്ചയായ മഴയില്‍ മത്സരം നടത്താന്‍ കഴിയില്ലെന്ന് കരുതിയ ഘട്ടത്തിലും 20 ഓവര്‍ വീതമുള്ള മത്സരം സാധ്യമാക്കിയ ഗ്രൗണ്ട് ജീവനക്കാരുടെ അര്‍പ്പണ മനോഭാവത്തിനുള്ള പ്രതിഫലമായാണ് സഞ്ജു മാച്ച് ഫീ സമ്മാനമായി നല്‍കിയത്. നനഞ്ഞ ഔട്ട് ഫീല്‍ഡ് മൂലം മത്സരം നടത്താന്‍ കഴിയില്ലെന്ന് കരുതിയ ഘട്ടത്തിലാണ് ഗ്രൗണ്ട്സ്മാന്‍മാരുടെ അക്ഷീണ പ്രയത്നം മൂലം ഗ്രൗണ്ട് മത്സര സജ്ജമാക്കിയത്. ഇതിന് ഗ്രൗണ്ട്സ്മാന്‍മാര്‍ക്ക് ക്രെഡിറ്റ് നല്‍കിയേ മതിയാവു എന്ന് മത്സരശേഷം സഞ്ജു പറഞ്ഞിരുന്നു.
ഗ്രൗണ്ട്സ്മാന്‍മാരുടെ അര്‍പ്പണ മനോഭാവത്തെ ഇന്ത്യന്‍ താരമായ ശിഖര്‍ ധവാനും അഭിനന്ദിച്ചിരുന്നു. മത്സരത്തില്‍ 48 പന്തില്‍ 91 റണ്‍സടിച്ച് ഇന്ത്യയുടെ വിജയശില്‍പിയായ സഞ്ജുവിനെ ഗൗതം ഗംഭീറും ഹര്‍ഭജന്‍ സിംഗും അടക്കമുള്ള താരങ്ങള്‍ പ്രശംസിച്ചു. സഞ്‌ജുവിനെ എന്തുകൊണ്ട് നാലാം നമ്പറില്‍ പരിഗണിച്ചുകൂടാ എന്നായിരുന്നു ഭാജിയുടെ ചോദ്യം. സഞ്‌ജുവിന്‍റെ വെടിക്കെട്ട് ബാറ്റിംഗില്‍ ഇന്ത്യ എ 4-1ന് പരമ്പര നേടിയിരുന്നു.