റോജര്‍ ഫെഡറര്‍, എതിരാളികള്‍ക്ക് വില്ലനാവാത്ത നായകന്‍; എക്കാലത്തെയും മികച്ചവന്‍
വിജയത്തിൽ എളിമയും തോൽവിയിൽ സൗമ്യതയും ഒപ്പമുള്ളവരോട് കരുതലും പിന്നെ അനുപമമായ മികവും അനന്യമായ നേട്ടങ്ങളും ആണ് വലിയ കളിക്കാരുടെ കൂട്ടത്തിൽ പ്രഗത്ഭരുടെ നീണ്ട നിരയിൽ ഫെഡററെ മഹാനാക്കുന്നത്.
ലണ്ടന്‍: പ്രഖ്യാപിച്ച പോലെ ലേവർ കപ്പ് ടൂർണമെന്‍റിലെ മത്സരത്തോടെ റോജർ ഫെഡറർ മത്സരടെന്നീസിൽ നിന്ന് വിരമിച്ചു. ലണ്ടനിലെ വേദിയിൽ ചിരകാല വൈരിയും അതേസമയം അടുത്ത സ്നേഹിതനുമായ റാഫേൽ നദാലിനൊപ്പമുള്ള ഡബിൾസ് മത്സരത്തിന് ശേഷം ഇതു വരെ പോരാടിയ എല്ലാ കോർട്ടുകളോടും ഫെഡറർ വിട പറഞ്ഞു. നീണ്ടു നിന്ന കരഘോഷം സ്റ്റേഡിയത്തിൽ നിന്ന് മാത്രമല്ല അകമ്പടിയായത്. ലോകം ആകെയുള്ള ടെന്നീസ് പ്രേമികളും കളിക്കാരും കായികലോകം ഒന്നാകെ തന്നെയും 24 വർഷം നീണ്ട ആ മാസ്മരിക ജീവിതത്തിന് അഭിവാദ്യം അർപ്പിച്ചു. ഭാര്യ മിർക്കയും നാല് മക്കളും മാതാപിതാക്കളും ഒപ്പം പ്രഗത്ഭ വ്യക്തിത്വങ്ങളും കാണികളുടെ കൂട്ടത്തിലുണ്ടായിരുന്നു.
മഹാനായ കളിക്കാരന് യാത്രയയപ്പ് നൽകാൻ പേരു രേഖപ്പെടുത്തിയ സ്വിസ് പതാകയുടെ നിറങ്ങളിലുള്ള ഉടുപ്പുകളും തൊപ്പിയും എല്ലാമായി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് ആരാധകർ . സ്നേഹത്തിനും പിന്തുണക്കും നന്ദി പറഞ്ഞ ഫെഡറർ വികാരാധീനനായി. പരിക്ക് കാരണം എടുക്കേണ്ടി വന്ന നീണ്ട ഇടവേളകൾക്ക് ശേഷം എടുത്ത തീരുമാനമാണ് വിരമിക്കൽ. 20 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ. 103 എടിപി കിരീടങ്ങൾ, ഒരു ഡേവിസ് കപ്പ് നേട്ടം, ഒളിമ്പിക്സിൽ ഡബിൾസ് സ്വർണം, ലോക ഒന്നാം നമ്പർ പദവിയിൽ 310 ആഴ്ച.
നേട്ടങ്ങളുടെ പട്ടികയും വ്യക്തിത്വ സൗന്ദര്യവും ഫെഡററെ ലോകത്തിന്‍റെ പ്രിയങ്കരനാക്കി. തന്നെ താനാക്കിയ ടെന്നീസിനെ പ്രതിഭ കൊണ്ട് മറ്റൊന്നാക്കി കായിക ലോകത്തെ തന്നെ അതിശയിപ്പിച്ചു ഫെഡറർ. വിംബിൾഡൺ ഫെഡററുടെ സ്വന്തം ഭൂമികയായിരുന്നു. 1998ൽ വരവറിയിച്ചത് അവിടെ ജൂനിയർ ചാംപ്യനായിട്ട്. ലോകശ്രദ്ധയിൽ ആദ്യം എത്തിയത് 2001ൽ പ്രീക്വാർട്ടർ മത്സരത്തിൽ പീറ്റ് സാംപ്രസിനെ വീഴ്ത്തിയിട്ട്. ആദ്യമായി ഗ്രാൻഡ് സ്ലാം കയ്യിലേന്തിയതും അവിടെ തന്നെ. 2003ൽ. പിന്നെ തുടർച്ചയായി നേടിയ നാലു കിരീടങ്ങൾ ഉൾപെടെ ആകെ എട്ട് വിംബിൾഡൺ കിരീടം. നേട്ടങ്ങളിലും പിന്തുണയിലും വിംബിൾഡണിലെ പുൽക്കോർട്ടും കാണികളും വേറെ ആരെയും ഇത്രയും കനിഞ്ഞിട്ടില്ല.
ഫെഡറർ വിംബിൾഡൺ കോർട്ടിന്‍റെ മനം മയക്കിയത് ആദ്യം പറഞ്ഞ പോലെ പീറ്റ് സാംപ്രസിനെ തോൽപ്പിച്ചിട്ടാണ്. കിരീടം നിലനിർത്താൻ എത്തിയ ലോക ഒന്നാം നമ്പർ താരത്തെ നാലാം റൗണ്ടിൽ ഞെട്ടിച്ച വിജയിക്ക് പ്രായം 19. മൂന്ന് മണിക്കൂറും 41 മിനിറ്റും നീണ്ട പോരാട്ടവേദിയിലാണ് സാംപ്രസിന്‍റെ വിംബിൾഡൺ ആധിപത്യം അവസാനിക്കുന്നത്. ഓസ്ട്രേലിയൻ താരം മാർക്ക് ഫിലിപ്പോസിനെ തോൽപിച്ച് കയ്യിലേന്തിയ ആദ്യ ഗ്രാൻഡ് സ്ലാം ഫെഡറർ സമർപ്പിച്ചത് തൊട്ട് മുന്‍ വർഷം കാർ അപകടത്തിൽ മരിച്ച കോച്ച് പീറ്റർ കാർട്ടറിന്. ഗ്രാൻഡ്സ്ലാം നേട്ടപ്പട്ടികയിൽ സാംപ്രസിനെ പിന്നിലാക്കി പതിനഞ്ചാം കിരീടം ഫെഡറർ കയ്യിലേന്തിയതും വിംബിൾഡണിലെ സെൻട്രൽ കോർട്ടിൽ തന്നെ.
2009ൽ ആൻഡി റോഡിക്കുമായുള്ള ആ കലാശപ്പോരാട്ടം ദൈർഘ്യമേറിയത് ആയിരുന്നു. നാല് മണിക്കൂറും 17 മിനിറ്റും. അവസാന സെറ്റ് മാത്രം രണ്ടുപേരും കളിച്ചത് 95 മിനിറ്റ്. ഒടുവിൽ 5-7 ,7-6 (8-6) ,7-6 (7-5) ,3-6 ,16-14 എന്ന സ്കോറിന് ഫെഡറർ പുതിയ ചരിത്രം കുറിക്കുമ്പോൾ കാണികളുടെ ഇടയിൽ സാംപ്രസും ഉണ്ടായിരുന്നു. ഫെഡറർ ജയിച്ച പ്രധാന ഫൈനലുകളുടെ നീണ്ട പട്ടികയിൽ ഏറ്റവും സമയമെടുത്ത മത്സരമായിരുന്നു അത്. തോൽവികളുടെ ഒരു ചെറിയ ഇടവേളക്ക് ശേഷം ഫെഡറർ ലോകത്തെ ഒന്നാമനായി തിരിച്ചെത്തിയതും വിംബിൾഡൺ വിജയത്തോടെയാണ്.
2012ലെ ഫൈനലിൽ ആൻഡി മറേയെ തോൽപിച്ച്, ഏഴ് കിരീടം എന്ന നേട്ടത്തിൽ സാംപ്രസിനൊപ്പം എത്തിയപ്പോൾ. എട്ട് വിംബിൾഡൺ നേട്ടവുമായി റെക്കോഡ് പട്ടികയിൽ പുതിയ ഇടം എഴുതിച്ചേർത്തത് 2017ൽ. അന്ന് ഫൈനലിൽ തോൽപ്പിച്ചത് ക്രൊയേഷ്യയുടെ മാരിൻ സിലിച്ചിനെ.
പ്രിയ കോർട്ടിൽ ഫെഡറർ തോറ്റ മത്സരമാണ് ടെന്നീസിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായി വാഴ്ത്തപ്പെടുന്നത്. 2008ൽ റാഫെൽ നദാലിനോട്. മഴ കാരണം പലകുറി തടസ്സപ്പെട്ട, ഏഴ് മണിക്കൂർ തുടർന്ന കലാശപ്പോരാട്ടം. ആദ്യ രണ്ട് സെറ്റ് വഴങ്ങി പിന്നെ രണ്ട് സെറ്റ് നേടി കാണികളെ ആവേശത്തിന്‍റെ മുൾമുനയിൽ നിർത്തിയ മത്സരം. കോർട്ടിൽ എതിർത്ത് പോരാടിയും കോർട്ടിന് പുറത്ത് പരസ്പര ബഹുമാനവും ചങ്ങാത്തവും പുലർത്തിയ രണ്ട് പ്രഗത്ഭ താരങ്ങൾ തമ്മിലുള്ള അസാധ്യമായ മത്സരം.
വിജയത്തിൽ എളിമയും തോൽവിയിൽ സൗമ്യതയും ഒപ്പമുള്ളവരോട് കരുതലും പിന്നെ അനുപമമായ മികവും അനന്യമായ നേട്ടങ്ങളും ആണ് വലിയ കളിക്കാരുടെ കൂട്ടത്തിൽ പ്രഗത്ഭരുടെ നീണ്ട നിരയിൽ ഫെഡററെ മഹാനാക്കുന്നത്.
നൃത്തച്ചുവടുകളുടെ സൗന്ദര്യത്തോടെ പവർ ടെന്നീസിന്‍റെ കരുത്തുമായി കളം നിറഞ്ഞു കളിച്ച ഫെഡറർ ഏതു കാലത്തും എന്നും എപ്പോഴും ടെന്നീസ് ലോകത്തേക്ക് കടന്നുവരുന്ന ഏതൊരു താരത്തിനും മാതൃകയാണ്. പ്രചോദനവും .Thank You Sir. We will miss you.