'ദൈവത്തിന്‍റെ സമ്മാനം'; അത്ഭുത താരമായി മിന്നല്‍ റോഡ്രിഗോ കളംനിറയുമ്പോള്‍
ബ്രസീലിന്റെ അടുത്ത നെയ്‌മറാണ് റോഡ്രിഗോ എന്ന രീതിയിലുള്ള നിരീക്ഷണങ്ങള്‍ വന്നു കഴിഞ്ഞു. നെയ്‌മറെ പോലെ ബ്രസീലിലെ സാന്റോസ് ക്ലബ്ബില്‍നിന്നാണ് റോഡ്രിഗോയുടെയും വരവ്. കഴിഞ്ഞ ദിവസത്തെ മത്സരശേഷം സ്‌പാനിഷ് മാധ്യമങ്ങള്‍ റോഡ്രിഗോയെ വിശേഷിപ്പിച്ചത് ദൈവത്തിന്റെ സമ്മാനം എന്നാണ്.
മാഡ്രിഡ്: ബ്രസീലില്‍ അവന്റെ വിളിപ്പേര് മിന്നല്‍ എന്നാണ്, നമുക്ക് അവനെ മിന്നല്‍ റോഡ്രിഗോ എന്ന് വിളിക്കാം. പറഞ്ഞുവരുന്നത് ഫുട്‌ബോളിന്റെ വിളനിലമായ ബ്രസീലില്‍നിന്ന് റയല്‍ മാഡ്രിഡിലെത്തി മാറ്റുതെളിയിച്ച അദ്ഭുതപ്രതിഭയെക്കുറിച്ചാണ്. കഴിഞ്ഞ ബുധനാഴ്‌ച നടന്ന ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഗലറ്റ്‌സറെയ്‌ക്കെതിരേ ഹാട്രിക് ഗോളുമായി തിളങ്ങിയ റോഡ്രിഗോയാണ് ഇപ്പോള്‍ ഫുട്‌ബോളിലെ സംസാരവിഷയം. കേവലം 18 വയസ് പ്രായമുള്ള റോഡ്രിഗോ സാന്റിയാഗോ ബെര്‍ണബ്യൂവിന്റെ പ്രിയപുത്രനായിക്കഴിഞ്ഞു. ബ്രസീലില്‍നിന്ന് റയലിലെത്തിയ വിനിഷ്യസ് ജൂനിയര്‍ക്ക് വേണ്ടത്ര തിളങ്ങാനാകാതെവന്ന സാഹചര്യത്തില്‍ റോഡ്രിഗോയെ ലഭിച്ചത് വലിയ ബോണസായാണ് ടീം വിലയിരുത്തുന്നത്.
ചരിത്രപ്രസിദ്ധമായ ബെര്‍ണബ്യൂ സ്റ്റേഡിയത്തില്‍ തന്റെ പേരുപറഞ്ഞുള്ള ഗാനം മുഴങ്ങിക്കേട്ടപ്പോള്‍ ഇതിലും വലിയ ഒരു ആനന്ദമില്ല എന്നാണ് തോന്നിയതെന്ന് റോഡ്രിഗോ പറയുന്നു. ഇതൊരു സ്വപ്‌ന സാക്ഷാത്കാരം കൂടിയാണെന്ന് റോഡ്രിഗോ കൂട്ടിച്ചേര്‍ത്തു. മുന്നേറ്റത്തില്‍ കരിം ബെന്‍സേമയുമായി മികച്ച കൂട്ടുകെട്ടുണ്ടാക്കാനും റോഡ്രിഗോയ്‌ക്കായി. റയലിനു വേണ്ടി ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാകാനും റോഡ്രിഗോയ്‌ക്ക് സാധിച്ചു. റൗള്‍ ഗൊണ്‍സാലസാണ് ഒന്നാമത്.
ഗലറ്റ്‌സറെയ്‌ക്കെതിരേ നേടിയ ഗോളുകള്‍ മൂന്നും ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു. ആദ്യത്തേത് ഇടംകാലിനും രണ്ടാമത്തേതും ഹെഡറും മൂന്നാമത്തേത് വലതുകാലിനുമായിരുന്നു. സമ്പൂര്‍ണ കളിക്കാരന്റെ മികവോടെയായിരുന്നു ഓരോ ഷോട്ടും റോഡ്രിഗോ പായിച്ചത്. കേവലം ആറു മത്സരങ്ങള്‍ മാത്രമാണ് റയലില്‍ റോഡ്രിഗോയുടെ പരിചയം. ഇതിഹാസ താരം സാക്ഷാല്‍ ആല്‍ഫ്രഡോ ഡി സ്റ്റെഫാനോ മാത്രമാണ് ഇത്രയും കുറഞ്ഞ കാലയളവില്‍ ഹാട്രിക് ഗോളിലൂടെ റയലിനെ വിസ്‌മയിപ്പിച്ചിട്ടുള്ളൂ. ഹാമിഷ് റോഡ്രിഗസും ബെയ്‌ലും ലൂക്കാ യോവിക്കും വിനിഷ്യസുമൊക്കെ തിളങ്ങാതെ പോയ സാഹചര്യത്തില്‍ റോഡ്രിഗോയിലൂടെ റയലിനു ലഭിച്ചിരിക്കുന്നത് പുതു ജീവനാണ്.
ബ്രസീലിന്റെ അടുത്ത നെയ്‌മറാണ് റോഡ്രിഗോ എന്ന രീതിയിലുള്ള നിരീക്ഷണങ്ങള്‍ വന്നു കഴിഞ്ഞു. നെയ്‌മറെ പോലെ ബ്രസീലിലെ സാന്റോസ് ക്ലബ്ബില്‍നിന്നാണ് റോഡ്രിഗോയുടെയും വരവ്. നാലു കോടി പൗണ്ടിനാണ് റയല്‍ റോഡ്രിഗോയെ ടീമിലെത്തിക്കുന്നത്. കഴിഞ്ഞ ദിവസത്തെ മത്സരശേഷം സ്‌പാനിഷ് മാധ്യമങ്ങള്‍ റോഡ്രിഗോയെ വിശേഷിപ്പിച്ചത് ദൈവത്തിന്റെ സമ്മാനം എന്നാണ്.
11-ാം വയസ് മുതല്‍ റോഡ്രിഗോ ബ്രസീലില്‍ താരമാണ്. വ്യാവസായിക സാവോപോളോയിലെ നഗരമായ ഒസാസ്‌കോയില്‍ ജനിച്ച റോഡ്രിഗോയുടെ പിതാവ് എറിക്കും ഫുട്‌ബോള്‍ താരമായിരുന്നു. അതുകൊണ്ടുതന്നെ റോഡ്രിഗോയെയും ഫുട്‌ബോളിലേക്കു പറഞ്ഞുവിടാന്‍ എറിക്കിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. റോഡ്രിഗോയുടെ കഴിവ് മനസിലാക്കിയ പ്രശസ്തമായ നൈക്കി കമ്പനി അവനെ സ്‌പോണ്‍സര്‍ചെയ്യാന്‍ തയാറായി. ഇത്രയും ചെറിയ പ്രായത്തില്‍ നൈക്കി പോലുള്ള ഒരു ലോകോത്തര ബ്രാന്‍ഡ് സ്‌പോണ്‍സര്‍ ചെയ്യാനെത്തിയത് റോഡ്രിഗോയുടെ മികവിനുള്ള അംഗീകാരമായിരുന്നു. സാന്റോസിലെ ജൂനിയര്‍ ടീമില്‍ റോഡ്രിഗോയുടെ പ്രകടനം നേരിട്ടുകണ്ടാണ് നൈക്കി അധികൃതര്‍ അവനെ സ്വീകരിച്ചത്.
അണ്ടര്‍ 13 വിഭാഗത്തില്‍ സാവോപോളോ സ്‌റ്റേറ്റ് ചാംപ്യനായി സാന്റോസ് മാറിയപ്പോള്‍ 20 ഗോളുമായി റോഡ്രിഗോയായിരുന്നു ടോപ് സ്‌കോറര്‍. 14-ാം വയസില്‍ കോപ്പ നൈക്കി ടൂര്‍ണമെന്റിലും മിന്നും പ്രകടനം നടത്തിയതോടെ റോഡ്രിഗോ ബ്രസീലില്‍ താരമായി മാറി. പിന്നീട് സാന്റോസിന്റെ അണ്ടര്‍ 15 ടീമില്‍ റോഡ്രിഗോ മിന്നിത്തിളങ്ങി. 2017ല്‍ 16-ാം വയസില്‍ സാന്റോസിന്റെ സീനിയര്‍ ടീമിലെത്താനും റോഡ്രിഗോയ്‌ക്കായി. എന്നാല്‍, കാര്യമായ അവസരങ്ങള്‍ കിട്ടിയില്ല. ആ വര്‍ഷം വിവിധ മത്സരങ്ങളില്‍നിന്നായി 58 മിനിറ്റ് മാത്രമാണ് റോഡ്രിഗോ കളിച്ചത്. നേടിയതാകട്ടെ 12 ഗോളുകള്‍, ഒപ്പം നാല് അസിസ്റ്റും.
ബ്രസീലിലെ നവാഗത താരമെന്ന അവാര്‍ഡ് സ്വന്തമാക്കിയ റോഡ്രിഗോ ജൂണിയര്‍ ബാലണ്‍ ഡി ഓറിന് നോമിനേഷനും നേടി. ഇതോടെ ലോകവും അവനെ ശ്രദ്ധിച്ചുതുടങ്ങി. അങ്ങനെയാണ് റോഡ്രിഗോയില്‍ റയലിന്റെ കണ്ണുടക്കിയതും അവിടെയെത്തിയതും. റയല്‍ പ്രസിഡന്റ് ഫ്‌ളോറന്റീന പെരകസ് തന്നെയാണ് റോഡ്രിഗോയെ ടീമിലെത്തിച്ചതും. വരും നാളുകള്‍ റോഡ്രിഗോയുടേതാകുമെന്ന് കരുതാം.