കൊടും ചൂട്, ജ്യൂസ് കുടിക്കണമെന്ന് രവി ശാസ്‌ത്രി; 'ചിയേഴ്‌സ്' പറഞ്ഞ് ട്രോളര്‍മാര്‍
ജ്യൂസിന് പകരം ബിയറും മദ്യവും ട്രോളുകളിലൂടെ ശാസ്‌ത്രിക്ക് നല്‍കുകയാണ് ആരാധകര്‍. തടി നോക്കണമെന്നും കുടവയര്‍ കാണണമെന്നും വരെ നീണ്ടു കമന്‍റുകള്‍.
ആന്‍റിഗ്വ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായി രണ്ടാം ഊഴത്തില്‍ തകര്‍പ്പന്‍ തുടക്കമാണ് രവി ശാസ്‌ത്രിക്ക്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ കൂറ്റന്‍ ജയവുമായി ശാസ്‌ത്രി രണ്ടാം വരവ് ഗംഭീരമാക്കി. ടെസ്റ്റിന്‍റെ നാലാം ദിനം ഇന്ത്യ 318 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടുകയായിരുന്നു.
രണ്ടാം ടെസ്റ്റിന് മുന്‍പ് ഇടവേള ആനന്ദകരമാക്കുകയാണ് ടീം ഇന്ത്യയും പരിശീലകനും. ആന്‍റിഗ്വയില്‍ കൊക്കോ ബേയിലാണ് ശാസ്‌ത്രി സമയം ചിലവഴിച്ചത്. കൊക്കോ ബേയില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവെക്കുകയും ചെയ്തു ഇന്ത്യന്‍ പരിശീലകന്‍. എന്നാല്‍ ചിത്രത്തിന്‍റെ തലക്കെട്ട് ട്രോളര്‍മാര്‍ക്ക് ആഘോഷിക്കാന്‍ വകനല്‍കി.
'ചൂട്, ചൂട്, ചൂട്...കുറച്ച് ജ്യൂസ് കുടിക്കാനുള്ള സമയമായി'. എന്നാല്‍ ജ്യൂസിന് പകരം ബിയറും മദ്യവും ട്രോളുകളിലൂടെ ശാസ്‌ത്രിക്ക് നല്‍കുകയാണ് ആരാധകര്‍. തടി നോക്കണമെന്നും കുടവയര്‍ കാണണമെന്നും വരെ നീണ്ടു കമന്‍റുകള്‍. ശാസ്‌ത്രിയുടെ മദ്യപാനവും കുടവയറും നേരത്തെയും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.