കോലിക്കെതിരെ കളിച്ച മുന്‍ പാക് ക്രിക്കറ്റര്‍, ഇപ്പോള്‍ പിക് അപ് വാന്‍ ഡ്രൈവര്‍; വൈറലായി വീഡിയോ
പാക്കിസ്ഥാനിലെ ഡിപ്പാര്‍ട്മെന്റല്‍ ക്രിക്കറ്റ് സംവിധാനം മാറ്റി ആറ് തലത്തിലുള്ള ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സംവിധാനം നടപ്പാക്കിയതാണ് സുബാനെപ്പോലുള്ള കളിക്കാര്‍ക്ക് കളിക്കാനുള്ള അവസരം നഷ്ടമാക്കിയത്.
കറാച്ചി:മുന്‍ പാക് ക്രിക്കറ്റ് താരം ഉപജീവനത്തിനായി പിക് വാന്‍ ഡ്രൈവറായി ജോലി ചെയ്യുന്ന വീഡിയോ പുറത്തുവിട്ട് പാക് ചാനലായ സാമാ ടിവി. പാക്കിസ്ഥാനിലെ ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റായ ക്വയ്ദ് ഇ അസം ട്രോഫിയിലും പാക്കിസ്ഥാന്‍ അണ്ടര്‍ 19, എ ടീമുകളിലും കളിച്ചിട്ടുള്ള ഫസല്‍ സുബാനാണ് ഉപജീവനത്തിനായി പിക് അപ് വാന്‍ ഡ്രൈവറായി ജോലി നോക്കുന്നത്. 31കാരനായ സുബാന്‍ ഒരുകാലത്ത് പാക് ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കപ്പെട്ടിരുന്ന കളിക്കാരനാണ്. അണ്ടര്‍ 19 ടീമില്‍ കളിച്ച കാലത്ത് വിരാട് കോലി അംഗമായിരുന്ന ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനെതിരെയും സുബാന്‍ കളിച്ചിട്ടുണ്ട്.
പാക്കിസ്ഥാനിലെ ഡിപ്പാര്‍ട്മെന്റല്‍ ക്രിക്കറ്റ് സംവിധാനം നിര്‍ത്തലാക്കി പകരം ആറ് തലത്തിലുള്ള ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സംവിധാനം നടപ്പാക്കിയതാണ് സുബാനെപ്പോലുള്ള കളിക്കാര്‍ക്ക് കളിക്കാനുള്ള അവസരം നഷ്ടമാക്കിയത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് ദേശീയ ടീമിന്റെ നിലവാരം ഉയര്‍ത്താനായി ഡിപ്പാര്‍ട്മെന്റല്‍ ക്രിക്കറ്റ് സംവിധാനം നിര്‍ത്തലാക്കിയത്. ഇതോടെ ആയിരത്തോളം ക്രിക്കറ്റര്‍മാര്‍ക്ക് കളിക്കാനുള്ള അവസരം നഷ്ടമാവുകയായിരുന്നു.
ഡിപ്പാര്‍ട്ട്മെന്റല്‍ ക്രിക്കറ്റ് ഉണ്ടായിരുന്ന കാലത്ത് പ്രതിഫലമായി ഒരുലക്ഷം രൂപവരെ ലഭിച്ചിരുന്നുവെന്നും എന്നാല്‍ ഈ സന്പ്രദായം നിര്‍ത്തലാക്കിയതോടെ ഇത് 35000 രൂപയായി കുറഞ്ഞുവെന്നും സുബാന്‍ പറഞ്ഞു. ഈ പണം കൊണ്ട് ജീവിക്കാനാവില്ല എന്നതിനാലാണ് പിക് അപ് വാന്‍ ഡ്രൈവറായി ജോലി നോക്കുന്നത്. തനിക്ക് ഇങ്ങനെയെങ്കിലും ഒരു ജോലിയുള്ളത് ഭാഗ്യമാണെന്നും സുബാന്‍ പറഞ്ഞു.
ഡിപ്പാര്‍ട്ട്മെന്റല്‍ ക്രിക്കറ്റ് സന്പ്രദായം നിര്‍ത്തലാക്കി പുതിയ സംവിധാനം നടപ്പിലാക്കിയതോടെ ഇരുന്നൂറോളം താരങ്ങളെ സംരക്ഷിച്ചുവെങ്കിലും ആയിരക്കണക്കിന് കളിക്കാര്‍ ഇപ്പോഴും തൊഴിലില്ലാതെ പുറത്താണെന്ന് പാക് ടീം അംഗമായ മുഹമ്മദ് ഹഫീസ് പറഞ്ഞു. ഇതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും ഹഫീസ് ചോദിച്ചു.