64-ാം നമ്പര്‍ ജേഴ്‌സി, 63 നോട്ടൗട്ട്; ഓര്‍മ്മകളില്‍ ഫില്‍ ഹ്യൂഗ്‌സ്, അന്ത്യമില്ലാതെ പെര്‍ഫ്യൂം ബോളുകള്‍
പരിക്ക് പറ്റി ബാറ്റിംഗ് അവസാനിപ്പിച്ചു പോകുമ്പോൾ 63 റൺസിൽ നിന്നിരുന്നതിനാൽ ഹ്യൂഗ്സിന്റെ സ്മരണയ്ക്ക് 63 retired hurt എന്നത് 63 notout എന്ന് ക്രിക്കറ്റ് ബോർഡ് രേഖപ്പെടുത്തി
സിഡ്‌നി: 2014 നവംബർ 25ന് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു ആ ദാരുണ സംഭവം. ഷെഫീൽഡ് ഷീൽഡ് ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിലെ മത്സരത്തിൽ സൗത്ത് വെയിൽസ് ടീം ബൗളർ ഷോണ്‍ അബോട്ടിന്‍റെ ഒരു പെർഫ്യൂം ബോൾ ചെവിയുടെ പുറകിൽ ഹെൽമെറ്റിന്‍റെ സുരക്ഷ ഇല്ലാത്ത ഭാഗത്ത് കൊണ്ട് വെർട്ടിബ്രൽ ആർട്ടറിക്ക് കാര്യമായി പരിക്കേറ്റ സൗത്ത് ഓസ്ട്രേലിയ ടീം ബാറ്റര്‍ ഫിൽ ഹ്യൂഗ്‌സ് ഗ്രൗണ്ടിൽ തളർന്നുവീണു. തുടർന്ന് ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ചിലവഴിച്ച ഹ്യൂഗ്‌സ് ആന്തരിക രക്തസ്രാവത്തെ തുടർന്ന് 2 ദിവസങ്ങൾക്ക് ശേഷം, അദ്ദേഹത്തിന്‍റെ 26-ാം ജന്മദിനത്തിന് മൂന്ന് ദിവസം ബാക്കി നിൽക്കെ നവംബർ 27 ന് മരണത്തിന് കീഴടങ്ങി.
ഹ്യൂഗ്സിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് ഹെൽമെറ്റിന്‍റെ സുരക്ഷ ഇല്ലാത്ത ഭാഗത്ത് ബോൾ കൊണ്ടുണ്ടായ അപകടമരണം ആയി. അതിനെ തുടർന്ന് ക്രിക്കറ്റ് ലോകത്ത് കൂടുതൽ സുരക്ഷയുള്ള ഹെൽമെറ്റുകൾ ഉപയോഗിച്ച് തുടങ്ങി. പരിക്ക് പറ്റി ബാറ്റിംഗ് അവസാനിപ്പിച്ചു പോകുമ്പോൾ 63 റൺസിൽ നിന്നിരുന്നതിനാൽ ഹ്യൂഗ്സിന്റെ സ്മരണയ്ക്ക് 63 retired hurt എന്നത് 63 notout എന്ന് ക്രിക്കറ്റ് ബോർഡ് രേഖപ്പെടുത്തി.
2009ൽ ഓസ്ട്രേലിയൻ ദേശീയ ടീമിൽ എത്തിയ ഹ്യൂഗ്‌സ് ഓസ്‌ട്രേലിയക്കായി 26 ടെസ്റ്റും 25 ഏകദിന മത്സരങ്ങളും കളിച്ചു. കളിച്ച ആദ്യ ഏകദിന മത്സരത്തിൽ സെഞ്ച്വറി നേടിയ ആദ്യ ഓസ്ട്രേലിയൻ കളിക്കാരൻ എന്ന ബഹുമതി നേടിയ വ്യക്തിയാണ്. ഓസ്ട്രേലിയയുടെ 408-ാംമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് താരമായിരുന്നു ഫിൽ ഹ്യൂഗ്‌സ്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം 64 എന്ന അദ്ദേഹത്തിന്റെ ജേഴ്‌സി നമ്പർ പിന്നീട് ഓസ്ട്രേലിയയുടെ ഒരു താരങ്ങൾക്കും കൊടുത്തിട്ടില്ല.
ഹ്യൂഗ്സിന്റെ ആത്മാർത്ഥ സുഹൃത്തായിരുന്നു ഡേവിഡ് വാർണർ. ഹ്യൂഗ്‌സ് അവസാനമായി കളിച്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ അദ്ദേഹത്തിന്റെ മരണാനന്തരം ആദ്യമായി നടന്ന ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റില്‍ 63 റൺസ് നേടിയപ്പോൾ ഗ്രൗണ്ടിൽ ചുംബിച്ചുകൊണ്ടാണ് ഹ്യൂഗ്സിനോടുള്ള ആദരവ് രേഖപ്പെടുത്തിയത്. വാർണർ ആദ്യമായി ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയപ്പോൾ (300) അദ്ദേഹം ആകാശത്തേക്ക് നോക്കി വിതുമ്പികൊണ്ട് ആ നേട്ടം അകാലത്തിൽ പൊലിഞ്ഞ എന്റെ സുഹൃത്തിന് സമർപ്പിക്കുന്നു എന്നാണ് പറഞ്ഞത്.
'ഹ്യുഗ്സ് ഇപ്പോഴും എന്റെ കൂടെ ഉണ്ടെന്നൊരു തോന്നൽ, ഒരു ഫോൺ കോൾ, അവന്റെ ഒരു തലവട്ടം, ഇതിനെയാണോ ആത്മാവ് എന്ന് പറയുന്നത്, എങ്കിൽ അവൻ എന്നെ വിട്ടുപിരിയില്ല.സ്വന്തം അനിയൻ ഇല്ലാത്ത എനിക്ക് അനിയൻ ആയിരുന്നു അവൻ' പൊട്ടിക്കരഞ്ഞുകൊണ്ടാണ് അന്നത്തെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കൾ ക്ലാർക്ക്, ഹ്യൂഗ്സിന്റെ മൃതസംസ്ക്കാര ശുശ്രൂഷയിലെ പ്രസംഗത്തിൽ ഈ വാക്കുകൾ പറഞ്ഞത്.
ഫിലിപ്പ് ഹ്യൂഗ്സിന്റെ ജീവൻ നഷ്‌പ്പെടുന്നതിലേക്ക് നയിച്ച പെർഫ്യൂം ബോളിങ് രീതി എന്താണ്?
ഒരു പേസ് ബൗളർ ബോൾ ബൗൺസ് ചെയ്യിക്കുമ്പോൾ ചില സമയങ്ങളിൽ ബോളിന്‍റെ പേസ് കൂടുകയും അതൊരു ഓവർ ബൗൺസർ ആയി മാറുകയും സാധാരണ ബൗൺസർ ബോളിനെ അപേക്ഷിച്ച്, അതായത് ബാറ്റ്‌സ്മാന്റെ തോളിനൊപ്പം വരുന്ന ബൗൺസിനെക്കാൾ ഉയർന്ന് ബാറ്റ്സ്മാന്‍റെ മുഖത്തിന് മുൻപിൽ കൂടി പോകുന്നു.
മുഖത്തിന് മുൻപിൽ കൂടി പോകുന്ന ബോൾ എന്ന നിലയിൽ ആ ബോളിന്റെ ഗന്ധം പോലും ബാറ്റ്സ്മാന് കിട്ടുമെന്ന സങ്കൽപ്പത്തിലാണ് ഇത്തരം ബൗൺസറുകളെ പെർഫ്യൂം ബോൾ എന്ന് വിളിക്കുന്നത്. ബോൾ മുഖത്ത് കൊള്ളാതിരിക്കാൻ ബാറ്റര്‍മാര്‍ ബാറ്റുപയോഗിച്ചു തടയുമ്പോൾ ബാറ്റിൽ കിട്ടാതെ വന്നാല്‍ തലയുടെ ഭാഗങ്ങളിൽ പന്ത് കൊണ്ട് പരിക്കുകൾ പറ്റുന്നു.
ഐസിസി നിയമാവലി അനുസരിച്ചു 2 ബൗൺസർ വരെ ഒരോവറിൽ എറിയാം. ബാറ്റ്‌സ്മാൻമാരെ പേടിപ്പെടുത്തുന്ന ഈ ബൗളിംഗ് രീതിയെപ്പറ്റി വിമർശനങ്ങൾ ഉണ്ടെങ്കിലും ബാറ്റ്സ്മാന് ഇഷ്ട്മുള്ള രീതിയിൽ ഹിറ്റ് ചെയ്യാനുള്ള എല്ലാ പ്രിവിലേജും കൊടുക്കുന്ന ക്രിക്കറ്റിൽ ഒരിക്കലും ബൗളറുടെ സ്പീഡ് നിയന്ത്രിക്കാൻ നിയമങ്ങൾ കൊണ്ടുവരാൻ ആകില്ല എന്നതിനാൽ പെർഫ്യൂം ബോളുകളെയും അതുണ്ടാക്കുന്ന പരിക്കുകളെയും നിയന്ത്രിക്കാനും ആകില്ല.
ആധുനിക ക്രിക്കറ്റിൽ പെർഫ്യൂം ബോളുകൾ ആദ്യമായി വിപുലമായി ഉപയോഗിച്ചിരുന്നതോ, ഈ ബൗളിങ്ങ് രീതിയുടെ അചാര്യന്മാരായോ കാണാൻ സാധിക്കുന്നത് സർ ആൻഡി റോബോർട്സ്, മൽക്കോം മാർഷൽ, ജെഫ് തോംസൺ തുടങ്ങിയ പേസ് ബൗളർസിനെയാണ്. 1970-80 കാലഘട്ടങ്ങളിൽ സർ റോബർട്ട് ഈ ബൗളിംഗ് രീതി വിപുലമായി ഉപയോഗിച്ചിരുന്നു. തുടർന്ന് 1990-2000 കാലഘട്ടത്തിൽ ബ്രെറ്റ് ലീ, ഷൊയൈബ് അക്തർ, മിച്ചൽ ജോൺസൻ, ഷോൺ ടൈറ്റ്, ഷൈൻ ബോണ്ട് തുടങ്ങിയവർ ഈ ബൗളിങ് രീതിക്ക് മികച്ച പിന്തുണ കൊടുത്തു.
ലോക ക്രിക്കറ്റിൽ ഏറ്റവുമധികം ഓവർ ബൗൺസറുകളിൽ കൂടി ബാറ്റ്‌സ്മാന്മാർക്കു പരിക്ക് ഉണ്ടാക്കിയിരിക്കുന്നത് ലീയും അക്തറുമാണ്. എങ്കിലും ആചാര്യന്‍മാരായിരുന്ന സർ റോബർട്ട്‌സിന്‍റെയോ, മാർഷലിന്‍റെയോ, തോംസൺന്‍റേയോ, പിന്നീട് ഈ ബൗളിംഗ് രീതിയുടെ വക്താക്കളായ ലീയുടെയോ, അക്തറിന്റെയോ ബോളുകൾ അബദ്ധത്തിൽ പോലും ഒരാൾക്കും ഗുരുതര പരിക്കുകൾ ഏല്പിച്ചിട്ടില്ല.
63 റൺസുമായി ലോക ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിൽ ഒരിക്കലും ഔട്ട് ആകാതെ ഇന്നും ഫിൽ ഹ്യൂഗ്‌സ് എന്ന 64-ാം ജേഴ്സിക്കാരൻ നോട്ട് ഔട്ട് ആയി നില്കുന്നു.
എഴുതിയത് ജിബിന്‍ തോമസ്