ആലിസണ്‍ ഫെലിക്‌സ്: ഒരമ്മയുടെ പോരാട്ടത്തിന്‍റെ കഥകള്‍
കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ അവരുടെ അത്‌ലറ്റിക് ജീവിതം, അതു നല്‍കിയ തീക്ഷ്ണമായ അനുഭവങ്ങള്‍ അവരെ ഒരു ആക്ടിവിസ്റ്റും അതിലുപരി ലോകം ബഹുമാനിക്കുന്ന അമ്മയുമാക്കി മാറ്റി. ഒരു കുഞ്ഞ് ജനിച്ചതോടെയാണ് അവരിലെ ആക്ടിവിസ്റ്റും ജനിച്ചത്.
ആലിസണ്‍ ഫെലിക്‌സിനെ അറിയില്ലേ? ഒരു കുഞ്ഞിന്റെ മാതാവായ ശേഷവും ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വന്ന് സ്വര്‍ണം നേടി അദ്ഭുതം സൃഷ്ടിച്ച അമേരിക്കന്‍ അത്‌ലറ്റ്. ലോക ചാമ്പ്യന്‍ഷിപ്പില്‍ 12 മെഡലുകള്‍ നേടി സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ടിന്റെ കൂടുതല്‍ മെഡലെന്ന റെക്കോര്‍ഡ് മറികടന്ന വനിത. ദോഹയില്‍ അവസാനിച്ച ലോകചാമ്പ്യന്‍ഷിപ്പില്‍ 4-100 മീറ്റര്‍ റിലേയിലാണ് ആലിസണ്‍ മെഡല്‍ നേടിയത്. ഒരു മാതാവാകാന്‍ ആലിസണ്‍ സഹിച്ച ത്യാഗത്തിന്റെ കഥയറിയുമ്പോള്‍ ഈ അമ്മയെ, ഈ അത്‌ലറ്റിനെ നാം നമിച്ചുപോകും.
ജമൈക്കയുടെ ആന്‍ ഷെല്ലി ഫ്രേസറും അമേരിക്കയുടെ ടെന്നീസ് താരം സെറീന വില്യംസും മാതാവായ ശേഷം കളിക്കളത്തിലെത്തി അദ്ഭുതങ്ങള്‍ സൃഷ്ടിച്ചവര്‍തന്നെ. എന്നാല്‍, അവരില്‍നിന്നൊക്കെ വ്യത്യസ്തമായ സാഹചര്യമായിരുന്നു ആലിസന്റേത്. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങള്‍, അവരുടെ അത്‌ലറ്റിക് ജീവിതം, അതു നല്‍കിയ തീക്ഷ്ണമായ അനുഭവങ്ങള്‍ അവരെ ഒരു ആക്ടിവിസ്റ്റും അതിലുപരി ലോകം ബഹുമാനിക്കുന്ന അമ്മയുമാക്കി മാറ്റി. ജീവിതത്തെ മാറ്റിമറിച്ചു. ഒരു കുഞ്ഞ് ജനിച്ചതോടെയാണ് അവരിലെ ആക്ടിവിസ്റ്റും ജനിച്ചത്.
ഒന്നുകില്‍ അമ്മ മരിക്കും, അല്ലെങ്കില്‍ കുഞ്ഞ്!
മാതാവായ അത്‌ലറ്റുകള്‍ക്കു വേണ്ടി, അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദിക്കാനൊരു പെണ്‍സ്വരം, അതായി ആലിസണ്‍ ഫെലിക്‌സ്. ലോകം മുഴുവന്‍ മുഴുവനുള്ള അത്‌ലറ്റുകള്‍ കടുത്ത അച്ചടക്കത്തിന്റെയും അവകാശങ്ങളുടെ അടിച്ചമര്‍ത്തലുകളുടെയും നടുവിലാണ് ജീവിക്കുന്നത്. അതിനെതിരേ പോരാടാനുള്ള ഊര്‍ജം അവള്‍ക്കു ലഭിച്ചത് ഗര്‍ഭകാലത്തായിരുന്നു. ഇന്ന് ആലിസണ് 11 മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ഗര്‍ഭവതിയായ ആലിസണ്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തിനു നടുവിലായിരുന്നു. ഫെലിക്‌സിന്‍ പ്രീ എക്ലംപാസിയ എന്ന അപൂര്‍വരോഗമായിരുന്നു കാരണം.
അമേരിക്കയിലെ കറുത്ത വര്‍ഗക്കാരായ ഗര്‍ഭിണികള്‍ വലിയ ആശങ്കകള്‍ക്കു നടുവിലാണ് ജീവിക്കുന്നത്. അവരുടെ കുഞ്ഞുങ്ങള്‍ ഗര്‍ഭാവസ്ഥയില്‍ത്തന്നെ മരിക്കുന്ന സംഭവങ്ങള്‍ കൂടുന്നു എന്നതാണ് കാരണം. ആലിസണെയും ഈ വിധി വെറുതെവിട്ടില്ല. അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ അപകടത്തിലായി. ചെറിയ അണുബാധ സംഭവിച്ചാല്‍ എന്തും സംഭവിക്കും. ഒന്നുകില്‍ അമ്മ മരിക്കും, അല്ലെങ്കില്‍ കുഞ്ഞ്. കുഞ്ഞ് മരിക്കുന്നത് ആലിസണെ സംബന്ധിച്ച് ആലോചിക്കാനാവുന്ന കാര്യമായിരുന്നില്ല. ഒടുവില്‍ ആലിസണ്‍ പ്രിമച്വറായി കുഞ്ഞിനെ പ്രസവിച്ചു. പിന്നീടായിരുന്നു പരീക്ഷണ ഘട്ടം. ആശുപത്രിയിലെ അനുഭവങ്ങളും മകളോടുള്ള സ്‌നേഹവും സ്വതവേ അന്തര്‍മുഖയായ ആലിസണെ മാറ്റിമറിച്ചു. കുഞ്ഞിനെ അവര്‍ പൊന്നുപോലെ നോക്കി. ഡോക്ടര്‍മാരുടെ നിര്‍ദേശം ശിരസാവഹിച്ചു.
ഐക്യരാഷ്‌ട്രസഭയില്‍ മുഴങ്ങിയ ആലിസണ്‍ ഫെലിക്‌സിന്‍റെ ശബ്‌ദം
ആറു തവണ ഒളിമ്പിക്‌സ് സ്പ്രിന്റ് ചാമ്പ്യനായിരുന്നപ്പോഴും ആലിസണ്‍ അനുഭവിച്ചിട്ടില്ല, ഇത്രവലിയ ത്യാഗം. എന്നാല്‍, അത്‌ലറ്റിക് ജീവിതത്തിന്റെ വര്‍ണശബളിമയിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം അവരിലുണ്ടായിരുന്നു. എന്നാല്‍, പ്രസവശേഷം ഒരു വലിയ മത്സരത്തിന് അവസരം ലഭിക്കുക എന്നത് അത്രയെളുപ്പമുള്ള കാര്യമായിരുന്നില്ല. സ്‌പോണ്‍സര്‍മാര്‍ പിന്മാറി. ഇതുപോലെ ധാരാളം അത്‌ലറ്റുകളുണ്ട് ഗര്‍ഭിണിയായ കാര്യം മറച്ചുവച്ച് മത്സരത്തിനിറങ്ങുന്നവരുണ്ട്. പുരുഷമേധാവിത്വമുള്ള ഈ രംഗത്ത് ഗര്‍ഭവതികളെയും അമ്മമാരെയും രണ്ടാംകിട പൗരന്മാരായാണ് പരിഗണിക്കുന്നത്. കറുത്തവര്‍ഗക്കാരുടെ ഇടയില്‍ കുട്ടികളുടെ ജനന സമയത്തുണ്ടാകുന്ന പ്രശ്‌നങ്ങളും അമ്മമാരുടെ മരണങ്ങളും ഏറുന്നതിനുള്ള കാരണവും ഈ വിവേചനമായിരിക്കാം എന്ന് ആലിസണ്‍ കരുതുന്നു. കറുത്ത വര്‍ഗ്ഗക്കാരായ സ്ത്രീകളില്‍ മരണ നിരക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടി ആണ്.
ഈ അവഗണനയ്‌ക്കെതിരായ ആലിസണിന്റെ ശബ്ദം ഐക്യരാഷ്ട്രസഭയില്‍വരെ മുഴങ്ങി. അവിടെ സംസാരിക്കാനുള്ള ധൈര്യംപോലും തനിക്കു ലഭിച്ചത് ആശുപത്രി കിടക്കയില്‍വച്ചാണെന്ന് ആലിസണ്‍ പറയുന്നു. അത്‌ലറ്റുകളായ അമ്മമാര്‍ക്കും ഗര്‍ഭവതികളായ സ്ത്രീകള്‍ക്കും വേണ്ടി അവര്‍ സംസാരിച്ചു. ലോകം അതുകേട്ടു. എല്ലാ വിഭാഗം ജനങ്ങളില്‍നിന്നും അതിനു പിന്തുണ ലഭിച്ചു. ഐക്യരാഷ്ട്രസഭയില്‍ പ്രശ്‌നമെത്തിയതോടെ സ്‌പോണ്‍സര്‍മാര്‍ വീണ്ടുമെത്തി. തനിക്കു മാത്രമല്ല, ലോകത്തെമ്പാടും വലിയ ഒരു മാറ്റമാണ് സംഭവിച്ചത്. മക്കള്‍ ഉണ്ടാകുന്നതു മൂലമുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കാനവര്‍ക്കു സാധിച്ചു.
ഈയിടെ ഒരഭിമുഖത്തില്‍ അവര്‍ പറഞ്ഞു; കഴിഞ്ഞ ക്രിസ്മസ് സമയത്ത് ആശുപത്രിയിലായ സമയത്തു ദോഹയിലെ നേട്ടം സ്വപ്നം പോലും കണ്ടിട്ടില്ല. എന്നാല്‍, അതുനേടിയത് എന്റെ ഇച്ഛാശക്തികൊണ്ടാണ്. സ്‌പോര്‍ട്‌സില്‍ തന്റെ 12 വര്‍ഷത്തെ ജീവിതത്തില്‍ നേരിട്ടപ്രശ്‌നങ്ങളേക്കാള്‍ എത്രയോ വലുതാണ് 10 മാസംകൊണ്ട് ഞാന്‍ തരണം ചെയ്ത പ്രശ്‌നങ്ങള്‍. ആലിസണ്‍ ഇന്നൊരു പ്രതീകമാണ്. വളര്‍ന്നുവരുന്ന വനിതാ കായിക താരങ്ങള്‍ക്ക്, അമ്മമാര്‍ക്കൊക്കെ.