താടിക്കാരനായി ആരും അകറ്റിനിര്‍ത്താറില്ല; ഇംഗ്ലണ്ട് ഡ്രസിംഗ് റൂമിനെ കുറിച്ച് മൊയിന്‍ അലി
പ്രതിനിധാനം ചെയ്യുന്നത് രാജ്യത്തെ മാത്രമല്ല, വ്യത്യസ്‌ത വിശ്വാസങ്ങളെയും. ഡ്രസിംഗ് റൂമില്‍ ആദ്യമെത്തിയ ദിനം തന്നെ അവരില്‍ ഒരാളായി അനുഭവപ്പെട്ടെന്നും മൊയിന്‍.
ലണ്ടന്‍: ഐപിഎല്‍ 12-ാം സീസണില്‍ മികച്ച ഫോമിലായിരുന്നു മൊയിന്‍ അലി. ബാറ്റുകൊണ്ട് തിളങ്ങിയ ഇംഗ്ലീഷ് താരം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ഉയര്‍ന്ന റണ്‍വേട്ടക്കാരില്‍(216) ഒരാളാണ്. ഐപിഎല്‍ പൂര്‍ത്തിയാക്കാതെ മടങ്ങിയ മൊയിന്‍ അലി പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ കളിക്കാനൊരുങ്ങുകയാണ്.
പരമ്പര തുടങ്ങും മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ ഇംഗ്ലണ്ട് ഡ്രസിംഗ് റൂമിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നു മൊയിന്‍ അലി. മതാചാരപ്രകാരം താടി വെച്ച ഒരാള്‍ എന്ന നിലയ്‌ക്ക് താന്‍ വിവേചനങ്ങള്‍ നേരിടുന്നില്ല എന്ന് അദേഹം പറയുന്നു.
'ഇസ്ലാം മതവിശ്വാസി എന്ന നിലയില്‍ മറ്റുള്ളവര്‍ തന്നെ അംഗീകരിക്കുമോ എന്ന സംശയം എപ്പോഴമുണ്ടാകും. എന്നാല്‍ ഇംഗ്ലീഷ് സഹതാരങ്ങള്‍ എല്ലാം മിത്രങ്ങളാണ്. ഡ്രസിംഗ് റൂമില്‍ ആദ്യമെത്തിയ ദിനം തന്നെ അവരില്‍ ഒരാളായി അനുഭവപ്പെട്ടു. അവരെന്നെ അംഗീകരിക്കുന്നു, താടി വെച്ച ഒരാളായി തന്നെ അവരാരും മാറ്റിനിര്‍ത്തുന്നില്ല.
ഇംഗ്ലീഷ് സഹതാരങ്ങള്‍ നല്ല മനുഷ്യന്‍മാരാണ്. അവര്‍ക്കൊപ്പം സമയം ചിലവഴിക്കാനും ഇംഗ്ലണ്ടിനായി കളിക്കാനും കഴിയുന്നത് ഇഷ്ടപ്പെടുന്നു. രാജ്യത്തിനായി മാത്രമല്ല, താന്‍ കളിക്കുന്നത്. വ്യത്യസ്തമായ വിശ്വാസങ്ങള്‍ പിന്തുടരുന്ന ആളുകളെയുമാണ് താന്‍ പ്രതിനിധാനം ചെയ്യുന്നത്, അവര്‍ എന്താണെന്നത് വിഷമയല്ല, വിശ്വാസങ്ങള്‍ പിന്തുടര്‍ന്നുകൊണ്ട് കളിക്കാനാകുമെന്നും' ദ് ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ മൊയിന്‍ അലി പറഞ്ഞു.