മെസി, റൊണാള്‍ഡോ, ബെന്‍സേമ, സുവാരസ്, കണ്ടറിയണം കോശി ലോകകപ്പ് കഴിയുമ്പോള്‍ ഇവര്‍ക്ക് എന്തു സംഭവിക്കുമെന്ന്

കോപ അമേരിക്കയിലൂടെ കിരീടമില്ലാത്ത രാജകുമാരന്‍ എന്ന ചീത്തപ്പേര് കഴുകി കളഞ്ഞ അര്‍ജന്‍റീനിയന്‍ ഇതിഹാസം ലിയോണല്‍ മെസി ഖത്തറില്‍ ലോകകപ്പ് ഉയര്‍ത്തി ഫുട്ബോളിന്‍റെ ചക്രവര്‍ത്തി പദത്തില്‍ ഇരിപ്പുറപ്പിക്കുന്നത് കാണാന്‍ ആരാധകര്‍ അതിയായി ആഗ്രഹിക്കുന്നുണ്ട്. 2014ല്‍ കൈയകലത്തില്‍ നഷ്ടമായ കപ്പ് ഖത്തറില്‍ കൈപ്പിടിയിലൊതുക്കാനായാല്‍ ഫുട്ബോള്‍ ലോകം കണ്ട എക്കാലത്തെയും മികച്ചവന്‍റെ കസേരയിലും 35കാരനായ മെസിക്ക് അഭിമാനത്തോടെ തല ഉയര്‍ത്തി ഇരിക്കാം.

Messi- Ronaldo-Modric-Benzema and Suarez have just one more shot at World Cup glory
Author
Doha, First Published Aug 15, 2022, 9:47 PM IST

ദോഹ: ലോകം ഫുട്ബോളിന് പിന്നാലെ പായാന്‍ ഇനി വെറും നൂറില്‍ താഴെ ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. ഖത്തറില്‍ ഫുട്ബോള്‍ ലോകകപ്പിന് കിക്കോഫ് ആകുമ്പോള്‍ ലോക ഫുട്ബോളിനെ രണ്ട് ദശാബ്തത്തോളം വിസ്മയിപ്പിച്ച ഇതിഹാസ താരങ്ങളുടെ അവസാന അങ്കം കൂടിയാകും അത്. ഇനിയൊരു ലോകകപ്പില്‍ ദേശീയ ടീം ജേഴ്സിയില്‍ ഇവരെ കാണാനാവില്ലെന്ന തിരിച്ചറിവ്വ് ഫുട്ബോളിനെ സ്നേഹിക്കുന്നവരുടെ കണ്ണു നിറക്കും. ഖത്തര്‍ ലോകകപ്പോടെ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് ബൂട്ടഴിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിലരെക്കുറിച്ചാണ് ഇനി പറയുന്നത്.

Messi- Ronaldo-Modric-Benzema and Suarez have just one more shot at World Cup glory

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ: ലോകകപ്പില്‍ പോര്‍ച്ചുഗീസ് കപ്പിത്താനായ 37കാരനായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ അവസാന അങ്കമാകും ഇത്തവണ ഖത്തറിലേത്. രാജ്യത്തിനായി 189 മത്സരങ്ങളില്‍ നിന്ന് 117 ഗോളുകള്‍ നേടി ദേശീയ ജേഴ്സിയിലെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനായിട്ടും ലോകകപ്പില്‍ മുത്തമിടാന്‍ റൊണാള്‍ഡോക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ലോകകപ്പ് കഴിഞ്ഞാലും ക്ലബ്ബ് ഫുട്ബോളില്‍ റൊണോയെ കാണാനാകും. പക്ഷെ ഇനിയൊരു ലോകകപ്പില്‍ റോണോ ബൂട്ടു കെട്ടുമോ എന്ന് കണ്ടറിയണം.

Messi- Ronaldo-Modric-Benzema and Suarez have just one more shot at World Cup glory

റോബര്‍ട്ട് ലെവന്‍ഡോവ്സ്കി: പോളണ്ടിനും ബയേണ്‍ മ്യൂണിക്കിനുമായി ഒരു റോബോര്‍ട്ടിനെ പോലെ ഗോളടിച്ചു കൂട്ടുന്ന 33കാരനായ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിക്ക് ഇനിയൊരു ലോകകപ്പിന് ബാല്യമുണ്ടാവുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ക്ലബ്ബിനും രാജ്യത്തിനുമായി ഗോള്‍വേട്ട നടത്തിയിട്ടുണ്ടെങ്കിലും പോളണ്ട് കുപ്പായത്തില്‍ ലോകകപ്പില്‍ ഇതുവരെ ലെവന്‍ഡോവ്സ്കിക്ക് ഇതുവരെ ഗോള്‍വല ചലിപ്പിക്കാനായിട്ടില്ല. രാജ്യത്തിനായി 132 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ലവെന്‍ഡോവ്സ്കി 132 മത്സരങ്ങളില്‍ 76 ഗോളുകളാണ് അടിച്ചുകൂട്ടിയത്. ഇതുകൊണ്ടുതന്നെ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരിലൊരാളായ ലെവന്‍ഡോവ്സ്കി തന്‍റെ അവസാന ലോകകപ്പ് അവിസ്മരണീയമാക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.

Messi- Ronaldo-Modric-Benzema and Suarez have just one more shot at World Cup glory

ലിയോണല്‍ മെസി: കോപ അമേരിക്കയിലൂടെ കിരീടമില്ലാത്ത രാജകുമാരന്‍ എന്ന ചീത്തപ്പേര് കഴുകി കളഞ്ഞ അര്‍ജന്‍റീനിയന്‍ ഇതിഹാസം ലിയോണല്‍ മെസി ഖത്തറില്‍ ലോകകപ്പ് ഉയര്‍ത്തി ഫുട്ബോളിന്‍റെ ചക്രവര്‍ത്തി പദത്തില്‍ ഇരിപ്പുറപ്പിക്കുന്നത് കാണാന്‍ ആരാധകര്‍ അതിയായി ആഗ്രഹിക്കുന്നുണ്ട്. 2014ല്‍ കൈയകലത്തില്‍ നഷ്ടമായ കപ്പ് ഖത്തറില്‍ കൈപ്പിടിയിലൊതുക്കാനായാല്‍ ഫുട്ബോള്‍ ലോകം കണ്ട എക്കാലത്തെയും മികച്ചവന്‍റെ കസേരയിലും 35കാരനായ മെസിക്ക് അഭിമാനത്തോടെ തല ഉയര്‍ത്തി ഇരിക്കാം.

കോപയില്‍ പുറത്തെടുത്ത പോരാട്ടവീര്യവും ടീം മികവും അര്‍ജന്‍റീനയില്‍ പ്രതീക്ഷവെക്കാന്‍ പ്രേരിപ്പിക്കുന്നത്. മെസിയെ മാത്രം ആശ്രയിച്ചു കളിക്കുന്ന ടീം എന്ന സമ്മര്‍ദ്ദം ഇല്ലാതെയാവും ഫുട്ബോളിന്‍രെ മിശിഹ ഇത്തവണ ഖത്തറില്‍ പന്തു തട്ടുക. 2026ല്‍ മെസിയില്ലാത്തൊരു ലോകകപ്പ് നടക്കുമ്പോള്‍ കിരീടനേട്ടത്തിന്‍റെ മധുരസ്മരണകളെങ്കിലും അര്‍ജന്‍റീന ആരാധകര്‍ക്ക് ആശ്വാസമാകണമെങ്കില്‍ ഇത്തവണ അര്‍ജന്‍റീന കിരീടം ഉയര്‍ത്തണം. രാജ്യത്തിനായി 162 മത്സരങ്ങളില്‍ 86 ഗോളുകളാണ് മെസി ഇതുവരെ നേടിയിട്ടുത്.

Messi- Ronaldo-Modric-Benzema and Suarez have just one more shot at World Cup glory

ലൂയി സുവാരസ്: ജയിക്കാനായി എന്തും ചെയുന്നവനെന്ന ചീത്തപ്പേരുണ്ടെങ്കിലും ലൂയി സുരാവസിന്‍റെ പോരാട്ടവീര്യം ആരാധകര്‍ക്ക് എന്നും ആവേശമാണ്. ഘാനയെ ഗോള്‍ പോസ്റ്റിന് മുന്നില്‍ കൈകൊണ്ട് തടുത്തിട്ടതായാലും ചില്ലേനിയെ കടിച്ചതായാലും ലോകകപ്പില്‍ വാര്‍ത്താ താരമാകാറുണ്ട് സുവാരസ് എക്കാലത്തും. ബാഴ്സലോണയിലെത്തിയശേഷം മാന്യനായ കളിക്കാരനായെങ്കിലും 35കാരായ സുവാരസിലെ ആ പഴയ പോരാട്ടവീര്യം കാണാന്‍ ആരാധകര്‍ക്ക് ലഭിക്കുന്ന അവസാന അവരമാണ് ഖത്തറില്‍. 132 മത്സരങ്ങളില്‍ 68 ഗോളുകളാണ് സുവാരസ് ഇതുവരെ രാജ്യത്തിനായി നേടിയിട്ടുള്ളത്.

Messi- Ronaldo-Modric-Benzema and Suarez have just one more shot at World Cup glory

ലൂക്ക മോഡ്രിച്ച്: ഫ്രഞ്ച് പടയോട്ടത്തിന് മുന്നില്‍ തലകുനിച്ച് മടങ്ങിയ ക്രൊയേഷന്‍ നായകന്‍ ലൂക്ക മോഡ്രിച്ച് കഴിഞ്ഞ ലോകകപ്പിന്‍റെ നൊമ്പര കാഴ്ചയാണ്. ഫൈനലില്‍ ഫ്രാന്‍സിന് മുന്നില്‍ അടിതെറ്റിയെങ്കിലും ഫൈനല്‍വരെ മോഡ്രിച്ച് ക്രൊയേഷ്യയെ നയിച്ച് ഏത് പടത്തലവനും മോഹിക്കുന്ന രീതിയിലായിരുന്നു.  36കാരനായ മോഡ്രിച്ചിന് ഇനിയൊരു ലോകകപ്പിന് ബാല്യമില്ല. ക്ലബ്ബ് തലത്തില്‍ റയലിനായി നേടാത്തതായി ഒന്നുമില്ലെങ്കിലും രാജ്യത്തിനായി ഒരു ലോക കിരീടം കൂടി സ്വന്തമാക്കി കരിയര്‍ പൂര്‍ണതയിലെത്തിക്കാനായാവും മോഡ്രിച്ച് ഖത്തറില്‍ ഇറങ്ങുക.

Messi- Ronaldo-Modric-Benzema and Suarez have just one more shot at World Cup glory

കരീം ബെന്‍സേമ: വിവാദങ്ങള്‍ക്ക് ചുവപ്പു കാര്‍ഡ് നല്‍കി ഫ്രാന്‍സ് ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ കരീം ബെന്‍സേമയുടെ ഫോമിലാണ് ഇത്തവണയും ഫ്രാന്‍സിന്‍റെ കിരീട പ്രതീക്ഷകള്‍. റയലിനായി പുറത്തെടുക്കുന്ന മിന്നുന്ന പ്രകടനങ്ങളുടെ കരുത്തില്‍ ടിമില്‍ തിരിച്ചെത്തിയ ബെന്‍സേമക്ക് കഴിഞ്ഞ ലോകകപ്പില്‍ കിരീടം നേടിയ ടീമില്‍ അംഗമാകാനായിരുന്നില്ല. ആ നഷ്ടം നികത്താനും 1962ല്‍ ബ്രസീലിനുശേഷം ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യ ടീമാകൊനുരുങ്ങുന്ന ഫ്രാന്‍സിന്‍റെ കുതിപ്പിന് ഇന്ധനമേകാനുമാണ് 97 കളികളില്‍ 34 ഗോളുകള്‍ നേടിയിട്ടുള്ള 34കാരനായ ബെന്‍സേമ ഇത്തവണ ഖത്തറില്‍ ഇറങ്ങുന്നത്.

ഖത്തര്‍ ലോകപ്പോടെ ദേശീയ കുപ്പായം അഴിച്ചുവെക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നവരുടെ നിര ഇവിടെ അവസാനിക്കുന്നില്ല. ജര്‍മനിയുടെ ലോകകപ്പ് ഹീറോ തോമസ് മുള്ളര്‍, ബ്രസീലിന്‍റെ ഇതിഹാസ നായകന്‍ തിയാഗോ സില്‍വ, യുറുഗ്വോയുടെ എഡിസണ്‍ കവാനി, ജര്‍മനിയുടെ ഇതിഹാസ ഗോള്‍കീപ്പര്‍ മാന്യുവല്‍ ന്യൂയര്‍ ആ നിര അങ്ങനെ നീണ്ടുപോകുകയാണ്. ഖത്തറില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ഇനിയൊരിക്കല്‍ കൂടി ഇവരെ ലോകകപ്പില്‍ കാണാനാകില്ലെന്ന സത്യം ആരാധകരെ വേട്ടയാടും.

Follow Us:
Download App:
  • android
  • ios