ചെല്‍സിയുടെ 'ഗുരു'നാഥന്‍ ഈ മലയാളിയാണ്
മേനോനെ ആദ്യം കണ്ടപ്പോള്‍ ഹസാര്‍ഡ് ചോദിച്ചത് നിങ്ങളാരാണ്, എന്താണിവിടെ ചെയ്യുന്നത് എന്നായിരുന്നു. എന്നാല്‍ പിന്നീട് കഴിഞ്ഞ സീസണില്‍ റയലിലേക്ക് പോകുന്നതുവരെ ഹസാര്‍ഡിന്റെ യോഗാ ഗുരുവായതും ഞാന്‍ തന്നെയായിരുന്നു.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സിയുടെ താരങ്ങള്‍ ഗ്രൗണ്ടില്‍ പന്ത് തട്ടുമ്പോള്‍ ഡ്രസ്സിംഗ് റൂമില്‍ അവരുടെ മനസെടുത്ത് പന്താടുന്നത് ഒരു മലയാളിയാണ്. കഴിഞ്ഞ 11 വര്‍ഷമായി ചെല്‍സിയുടെ യോഗ ഗുരുവായ വിനയ് മേനോന്‍. ഏദന്‍ ഹസാര്‍ഡ് മുതല്‍ ദിദിയര്‍ ദ്രോഗ്ബെ വരെയുള്ള സൂപ്പര്‍ താരങ്ങളുടെ മനസ് ഗ്രൗണ്ടിലെ വെള്ളവരപോലെ മനസിലാക്കിയിട്ടുള്ള വിനയ് വിവിധ രാജ്യങ്ങളില്‍ നിന്നായി ചെല്‍സിക്കായി കളിച്ച താരങ്ങള്‍ക്ക് 'ഗുരു'വായി.
യാദൃശ്ചികമായിരുന്നു ചെല്‍സിയിലേക്കുള്ള തന്റെ വരവെന്ന് വിനയ് മേനോന്‍ പറയുന്നു. ഇന്ത്യയില്‍ യോഗാ ഗുരുവായി പ്രവര്‍ത്തിക്കുന്നതിനിടെ ദുബായിലെ ക്ലൈന്റാണ് തന്റെ ശ്വസനക്രിയയും റിലാക്സേഷന്‍ ടെക്നിക്കുമെല്ലാം ലണ്ടനിലുള്ള മകളെയും മരുമകനെയും കൂടി പഠിപ്പിക്കാമോ എന്ന് എന്നോട് ചോദിച്ചത്. ബ്രിട്ടനില്‍ പോവാന്‍ എനിക്ക് ടിക്കറ്റൊന്നും ഇല്ലെന്ന് പറഞ്ഞപ്പോള്‍ അതൊക്കെ നമുക്ക് ശരിയാക്കാം എന്നായിരുന്നു അവരുടെ മറുപടി.
അങ്ങനെ തന്റെ സഹപ്രവര്‍ത്തകരെയും കൂട്ടി ലണ്ടനിലെത്തി ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡജ് സന്ദര്‍ശിച്ചപ്പോഴാണ് അവിടുത്തെ വലിയ വീഡിയോ സ്ക്രീനില്‍ തെളിഞ്ഞ മുഖം ഞാന്‍ കണ്ടത്. ദുബായിലെ തന്റെ ക്ലൈന്റായ ദാഷയുടെ ഭര്‍ത്താവിന്റെ മുഖമായിരുന്നു അത്. അതെ റഷ്യന്‍ കോടീശ്വരനും ചെല്‍സിയുടെ ഉടമയുമായ റോമന്‍ അബ്രഹ്മോവിച്ചായിരുന്നു അത്. അതുവരെ ക്ലൈന്റായ ദാഷയുടെ ഭര്‍ത്താവ് എന്ന നിലയില്‍ മാത്രമെ എനിക്ക് അദ്ദേഹത്തെക്കുറിച്ച് അറായിമായിരുന്നുള്ളുള്ളു.
അബ്രഹ്മോവിച്ചാണ് ഫുട്ബോളിലെ പല സൂപ്പര്‍ താരങ്ങളുടെയുമെന്നപോലെ എന്റെ ജീവിതവും മാറ്റി മറിച്ചത്. പോലീസ് ഓഫീസറാവണമെന്നായിരുന്നു ചെറുപ്പത്തില്‍ എന്റെ ആഗ്രഹം. പക്ഷെ ഞാനെത്തിയത് ഹസാര്‍ഡിനെയും ദ്രോഗ്ബെയുംപോലുള്ള സൂപ്പര്‍ താരങ്ങളുടെ ഇടയിലും.കോടികളുടെ കച്ചവടം നടക്കുന്ന പ്രീമിയര്‍ ലീഗില്‍ പരിശീലകരും കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫുമെല്ലാം കടുത്ത സമയക്രമത്തിലും സമ്മര്‍ദ്ദത്തിലുമാണ് ജോലി ചെയ്യുക. അവിടെയാണ് മനസിന്റെ ശാന്തതയെക്കുറിച്ച് പറയാന്‍ ഞാന്‍ ചെല്ലുന്നത്.
ഏതോ അന്യഗ്രഹ ജീവിയെപ്പോലെയാണ് ആദ്യമൊക്കെ എന്നെ കളിക്കാര്‍ കണ്ടത്. ആദ്യ സെഷനില്‍ തന്നെ കാര്യങ്ങളെല്ലാം വളരെ ലളിതമായി അവതരിപ്പിച്ചു. യോഗ സെഷന്‍ കളിക്കാര്‍ക്ക് നിര്‍ബന്ധമല്ലായിരുന്നു. ആവശ്യമുള്ളവര്‍ക്ക് മാത്രം പങ്കെടുത്താല്‍ മതിയായിരുന്നു. ഒരിക്കല്‍ അബ്രഹ്മോവിച്ചിനൊപ്പം യാത്ര ചെയ്യാതിരുന്നപ്പോള്‍ ചെല്‍സിയുടെ കോബാം ട്രെയിനിംഗ് ഗ്രൗണ്ടില്‍ ഞാനെത്തി. കളിക്കാരെല്ലാം അവിടെ പരിശീലനത്തിലായിരുന്നു. ഞാന്‍ സ്റ്റാഫ് കാന്റീനില്‍ പോയിരുന്നു. ആ സമയത്താണ് ടീമിന്റെ സൂപ്പര്‍ താരം ദിദിയര്‍ ദ്രോഗ്ബെ ഉച്ചഭക്ഷണം കഴിക്കാനായി അവിടെയെത്തിയത്.
ദ്രോഗ്ബെയുമായി ഒരു ചെറിയ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. ഞാന്‍ ചെയ്തിട്ടുള്ള കാര്യങ്ങളെക്കുറിച്ചും, എന്റെ വലിയ ക്ലൈന്റുകളെക്കുറിച്ചും ഹിമാലയത്തിന് താഴെയുള്ള തന്റെ ആശ്രമത്തിലേക്ക് സമൂഹത്തിലെ ഉന്നതരും ധനികരുമായ വ്യക്തികള്‍ വരാറുള്ളതിനെക്കുറിച്ചുമെല്ലാം പറഞ്ഞു. അതിനുശേഷം യോഗ ഒരുവട്ടം പരീക്ഷിച്ചു നോക്കാമെന്ന് ദ്രോഗ്ബെ സമ്മതിച്ചു. ദ്രോഗ്ബെയുമൊത്തുള്ള ആദ്യ സെഷന്‍ കഴിഞ്ഞപ്പോഴെക്കും മറ്റൊരു കളിക്കാരനെത്തി. പിന്നെ ഓരോരുത്തരായി വന്നുകൊണ്ടിരുന്നു.
മേനോനെ ആദ്യം കണ്ടപ്പോള്‍ ഹസാര്‍ഡ് ചോദിച്ചത് നിങ്ങളാരാണ്, എന്താണിവിടെ ചെയ്യുന്നത് എന്നായിരുന്നു. എന്നാല്‍ പിന്നീട് കഴിഞ്ഞ സീസണില്‍ റയലിലേക്ക് പോകുന്നതുവരെ ഹസാര്‍ഡിന്റെ യോഗാ ഗുരുവായതും ഞാന്‍ തന്നെയായിരുന്നു. റിലാക്സ് ചെയ്യാന്‍ ഉപദേശിച്ചാണ് ഹസാര്‍ഡിനെ ടാക്കിള്‍ ചെയ്തത്. ഫുട്ബോള്‍ എപ്പോഴും സമ്മര്‍ദ്ദം നിറഞ്ഞ കളിയാണ്. സമ്മര്‍ദ്ദം ഒഴിവാക്കുക എന്നതാണ് കാര്യം. അത് ഏറ്റു. യോഗ പരീക്ഷിക്കാന്‍ ഹസാര്‍ഡ് തയാറായി.
ഒരിക്കല്‍ പരീക്ഷിച്ചതോടെ ഹസാര്‍ഡും മേനോന്റെ ശിഷ്യനായി. മികച്ച പ്രകടനം നടത്തുന്നതിന് തടസമാകുന്ന നെഗറ്റീവ് ചിന്തകളും ആശങ്കകളും ആകാംക്ഷയും ഒഴിവാക്കി കളിക്കാരിലെ മികച്ചത് പുറത്തെടുക്കാനാണ് ഞാന്‍ സഹായിക്കുന്നത്. ഒരു മധ്യസ്ഥനെപ്പോലെയാണ് ഞാനവരോട് ഇടപെടാറുള്ളത്. ഗുരുവെന്നാണ് എന്നെ താരങ്ങള്‍ വിളിക്കാറുള്ളതെങ്കിലും ആ വിളി എനിക്കിഷ്ടമല്ല. മേനോന്‍ പറഞ്ഞു നിര്‍ത്തി.