ഇതൊക്കെ കണ്ട് ഇനിയും മിണ്ടാതിരിക്കണോ ?; ജെഎന്‍യു ആക്രമണത്തില്‍ പ്രതികരിച്ച് കായികലോകം
എന്തുകൊണ്ടാണ് കുറ്റക്കാരെ കൈയോടെ പിടികൂടി കുറ്റം ചുമത്താതിരുന്നതെന്ന് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട ചോദിച്ചു. അവരെ യൂണിവേഴ്സിറ്റിയിലേക്ക് ആരാണ് ആനയിച്ചത്. ഇതൊക്കെ കണ്ട് ഇനിയും നമ്മള്‍ മിണ്ടാതിരിക്കണോ.
ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി(ജെഎന്‍യു)യില്‍ ഞായറാഴ്ച വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് കായിക ലോകം. ജെഎന്‍യുവിലെ അതിക്രമം രാജ്യധര്‍മത്തിന് എതിരാണെന്ന് ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ പറഞ്ഞു. ആശയപരമായോ മാനസികമായ ആര്‍ക്കൊപ്പം വേണമെങ്കിലും ആവട്ടെ, വിദ്യാര്‍ഥികളെ ഇത്തരത്തില്‍ ആക്രമിക്കാനാവില്ല. അതിക്രമം നടത്തിയവര്‍ക്കെതിരെ അവര്‍ ഇനി ക്യാംപസില്‍ പ്രവേശിക്കാന്‍ പോലും പേടിക്കുന്ന രീതിയിലുള്ള ശിക്ഷ നല്‍കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു.
ജെഎന്‍യുവില്‍ ഇന്നലെ നടന്നത് അസാധാരണ സംഭവങ്ങളാണെന്ന് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. ക്യാംപസിനകത്തും ഹോസ്റ്റലിലും കയറി ആയുധധാരികളായ അക്രമികള്‍ വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു. ഇത് രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുമെന്നും പത്താന്‍ കുറിച്ചു.
ജെഎന്‍യുവില്‍ നടന്നത് ഞെട്ടിക്കുന്നതും നാണക്കേടുണ്ടാക്കുന്നതുമായ സംഭവങ്ങളാണെന്ന് ടെന്നീസ് താരം രോഹന്‍ ബൊപ്പണ്ണ പറഞ്ഞു. അതിക്രമത്തിന് പിന്നിലുള്ളവരെ ശിക്ഷിക്കണമെന്നും ബൊപ്പണ്ണ ആവശ്യപ്പെട്ടു.
എന്തുകൊണ്ടാണ് കുറ്റക്കാരെ കൈയോടെ പിടികൂടി കുറ്റം ചുമത്താതിരുന്നതെന്ന് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട ചോദിച്ചു. അവരെ യൂണിവേഴ്സിറ്റിയിലേക്ക് ആരാണ് ആനയിച്ചത്. ഇതൊക്കെ കണ്ട് ഇനിയും നമ്മള്‍ മിണ്ടാതിരിക്കണോ. നോക്കു നമ്മുടെ വിദ്യാര്‍ഥികള്‍ക്കാണ് ഇത് സംഭവിച്ചതെന്നും ജ്വാല ഗുട്ട പറഞ്ഞു. ക്രിക്കറ്റ് താരം മനോജ് തിവാരിയും ജെഎന്‍യുവിലെ അതിക്രമങ്ങളെ അപലപിച്ചു.