ഭാഷയും ജാതിയും മതവുമൊക്കെയുള്ള ഇന്ത്യ! എല്ലാവരേയും ഒന്നിച്ചുനിര്‍ത്തിയ ഒരേയൊരു സച്ചിന്‍
സച്ചിനേക്കാള്‍ മികച്ചവര്‍ ഇനി ഒരുപാടു പേര്‍ വന്നേക്കാം. എന്നാല്‍ അദ്ദേഹത്തിന് ഇന്ന് ലഭിക്കുന്ന സ്വീകാര്യത അല്ലെങ്കില്‍ ഒരു പത്തു വര്‍ഷം കഴിഞ്ഞു ലഭിക്കുന്ന സ്വീകാര്യത, അധികം പേര്‍ക്കും അവരുടെ ആയ കാലത്തു ലഭിച്ചിട്ടുണ്ടാകില്ല.
ഇനിയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ വരുന്നത്. ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും വലിയ കള്‍ട്ട് ഫിഗര്‍. ഒരുപാടു ഭാഷയും, ജാതിയും, മതവുമൊക്കെയുള്ള ഇന്ത്യയില്‍ എല്ലാവേരയും ഒന്നിച്ചു ഒരു കുടക്കീഴില്‍ കൊണ്ടുവന്നിട്ടുള്ള മനുഷ്യന്‍... നിഖില്‍ സെബാസ്റ്റ്യന്‍ എഴുതുന്നു.
ഏതൊരു സ്‌പോര്‍ട്ട് ഇനമായാലും ഓരോ കാലഘട്ടത്തിനു ഓരോ ഹീറോയുണ്ടാകും. ക്രിക്കറ്റിന്റെ കാര്യം പറയുമ്പോള്‍ സര്‍ ഡോണ്‍ ബ്രാഡ്മാന്‍, സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ്, സുനില്‍ ഗാവസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ തുടങ്ങി വിരാട് കോലിയില്‍ എത്തിയിരിക്കുന്നു ലിസ്റ്റ്. ഇവരില്‍ ബഹുഭൂരിപക്ഷം പേരും ഏതു കാലഘട്ടത്തിലും കളിക്കാവുന്ന താരങ്ങളാണ്. അത് കൊണ്ടാണ് അവര്‍ എക്കാലത്തെയും മികച്ചവരാകുന്നത്. ഈ തലമുറയിലെയും, കഴിഞ്ഞ തലമുറയിലെയും താരങ്ങളുടെയും കരിയര്‍ പരിശോധിക്കുമ്പോള്‍, ബ്രയാന്‍ ലാറയോളം ചടുലതയുള്ള ഒരു ബാറ്റ്‌സ്മാന്‍ വേറെയില്ല. ബാറ്റിങ് അയാള്‍ക്കൊരു കലയാണ്. ഒരൊറ്റ ഇന്നിംഗ്സ് കൊണ്ട് മുന്നൂറോ, നാന്നൂറോ അയാള്‍ക്ക് എടുക്കുവാന്‍ കഴിയും. ഇന്നത്തെ ഹീറോ വിരാട് കോലി ഒരു മെഷീന്‍ ആണ്. ഒരു റോബോട്ടിനു സമമായി അയാള്‍ റണ്‍സ് നേടിക്കൊണ്ടേയിരിക്കും. എന്നാല്‍ ലാറയുടെതിന് സമമായി ഒരു സുന്ദരശൈലി കോലിക്ക് അവകാശപ്പെടുവാന്‍ കഴിയില്ല. അദ്ദേഹം പ്രോഗ്രാം ചെയ്ത ഒരു റോബോട്ടിനു സമാനമാണ്- എ സൂപ്പര്‍ ഹ്യൂമന്‍.
ഇനിയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ വരുന്നത്. ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും വലിയ കള്‍ട്ട് ഫിഗര്‍. ഒരുപാടു ഭാഷയും, ജാതിയും, മതവുമൊക്കെയുള്ള ഇന്ത്യയില്‍ എല്ലാവേരയും ഒന്നിച്ചു ഒരു കുടക്കീഴില്‍ കൊണ്ടുവന്നിട്ടുള്ള മനുഷ്യന്‍. ഒരുപക്ഷെ എ ആര്‍ റഹ്‌മാനാകും അതിനു സാധിച്ച മറ്റൊരു ഇന്ത്യക്കാരന്‍. മുകളില്‍ പറഞ്ഞവരൊക്കെ ഒരു തലമുറയുടെ ഹീറോ ആകുമ്പോള്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എല്ലാ തലമുറയുടെയും ഹീറോ ആകുന്നു. സച്ചിനേക്കാള്‍ മികച്ചവര്‍ ഇനി ഒരുപാടു പേര്‍ വന്നേക്കാം. എന്നാല്‍ അദ്ദേഹത്തിന് ഇന്ന് ലഭിക്കുന്ന സ്വീകാര്യത അല്ലെങ്കില്‍ ഒരു പത്തു വര്‍ഷം കഴിഞ്ഞു ലഭിക്കുന്ന സ്വീകാര്യത, അധികം പേര്‍ക്കും അവരുടെ ആയ കാലത്തു ലഭിച്ചിട്ടുണ്ടാകില്ല. ഏതെങ്കിലും ഒരു പ്രദേശത്തു മാത്രം ഒതുങ്ങുന്നതല്ല, അയാളുടെ ജനപ്രീതി. കാലത്തിനെ പോലും തോല്‍പ്പിച്ച മഹാപ്രതിഭയാണ് അയാള്‍.
ക്രിക്കറ്റിന്റെ ദൈവം എന്ന് വിളിക്കപ്പെടുമ്പോളും ഒരിക്കലും ഇന്ന് കോലിക്കുള്ള ആ കില്ലര്‍ ഇന്‍സ്റ്റിന്‍ക്ട് സച്ചിന്‍ ഉണ്ടായിരുന്നില്ല. വിരാട് കോലി, പരിക്കുകള്‍ പോലും മാറി നിന്ന് ബഹുമാനിക്കുന്ന സൂപ്പര്‍ അത്ലറ്റ് ആകുമ്പോള്‍, സച്ചിന്‍ പരിക്കുമായി പോരാടിയുള്ള കരിയര്‍ ആയിരുന്നു. എങ്കിലും അതെല്ലാം മറികടന്നു നാല്‍പതാം വയസ്സ് വരെ കളിക്കുവാനും ആ ഇതിഹാസത്തിനു കഴിഞ്ഞു. ബ്രയാന്‍ ലാറയെ പോലെ അല്ലെങ്കില്‍ രാഹുല്‍ ദ്രാവിഡിനെ പോലെ ദിവസങ്ങളോളം ബാറ്റ് ചെയ്യുവാന്‍ അദ്ദേഹത്തിന് പറ്റില്ലായിരിക്കും. അമാനുഷികന്‍ എന്ന് വിളിക്കുമ്പോളും, അദ്ദേഹത്തിന്റെ മുന്നില്‍ ഫിസിക്കല്‍ ബാരിയേഴ്‌സ് ഉണ്ടായിരുന്നു. പോണ്ടിങ്ങിന്റെയോ, കോലിയുടെയോ മെന്റല്‍ സ്‌ട്രെങ്ത് പ്രത്യക്ഷത്തില്‍ ഇല്ല എന്ന് തോന്നുമെങ്കിലും സച്ചിന്റെ കരിയറിന്റെ തുടക്കത്തില്‍ അങ്ങനെ ആയിരുന്നില്ല.
പതിനാറു മുതല്‍ ഇരുപത്തിരണ്ടു വയസ്സ് വരെയുള്ള കാലത്തേ സച്ചിന്‍ ഡേറിംഗ് ആയിട്ടുള്ള ബാറ്റ്‌സ്മാന്‍ ആയിരുന്നു. തന്റെ ഇരുപത്തിരണ്ടാം വയസ്സില്‍ തന്നെ അയാള്‍ ഗോഡ് ഓഫ് ക്രിക്കറ്റ് ആയിരുന്നു. ഇത്ര ചെറുപ്രായത്തില്‍ ലെജന്‍ഡ് സ്റ്റാറ്റസ് കിട്ടിയാല്‍ കളിക്കാര്‍ ലോകത്തെ ഏതു സ്‌പോര്‍ട്‌സ് എടുത്താലും വിരളമായിരിക്കും. ഇല്ല എന്നല്ല പറയുന്നത്, പക്ഷെ കുറവായിരിക്കും. പ്രതീക്ഷകളും, പരിക്കുകളും കൂടിയപ്പോള്‍ സച്ചിനും മനുഷ്യനായി. തൊണ്ണൂറുകളില്‍ അദ്ദേഹം പുറത്തായി തുടങ്ങി. നൂറു തവണ ശതകം അദ്ദേഹം പൂര്‍ത്തിയാക്കിയപ്പോഴും ചര്‍ച്ചയായത് ഈ പുറത്താകലുകള്‍ ആയിരുന്നു. കാരണം അതായിരുന്നു സച്ചിന്‍ തെണ്ടുല്‍ക്കര്‍ പുലര്‍ത്തിയിരുന്ന മികവ്. അയാള്‍ തന്നെ സൃഷ്ട്ടിച്ച ബെഞ്ച്മാര്‍ക്കുകളായിരുന്നു അയാളുടെ വിമര്‍ശകര്‍. ബ്രയാന്‍ ലാറയെക്കാള്‍ മനോഹരമായി സച്ചിന്‍ ഏകദിനങ്ങള്‍ കളിച്ചിരുന്നു, ട്വന്റി ട്വന്റിയും അയാള്‍ക്ക് വഴങ്ങി.
സച്ചിന്‍ അവകാശപ്പെടുവാനുള്ള ഗ്ലോറിയസ് ഷോട്ടുകള്‍ കോലിക്കൊ, പോണ്ടിംഗിനോ അവകാശപ്പെടുവാന്‍ കഴിയില്ല. ബാറ്റിംഗില്‍ ഇത്ര വൈവിധ്യം കൊണ്ട് വരാന്‍ ശ്രമിച്ച മറ്റൊരു താരമില്ല എന്ന് പറയാം. സ്വീപ്പ്, പാഡില്‍ സ്വീപ്പ്, അപ്പര്‍ കട്ട്, ലേറ്റ് കട്ട്, സ്‌ട്രൈറ് ഡ്രൈവ്, കവര്‍ ഡ്രൈവ് തുടങ്ങി പീറ്റേഴ്സണും, ധോണിയും അവിസ്മരണീയമാക്കിയ സ്വിച്ച് ഹിറ്റ്, ഹെലികോപ്റ്റര്‍ ഷോട്ട്, പോലുള്ളവയും സച്ചിന് വഴങ്ങിയിരുന്നു. തന്റെ നാല്‍പതാം വയസ്സിലും അയാള്‍ ഒരു വിദ്യാര്‍ത്ഥിയായിരുന്നു.
പ്രൊഫഷനലുകളായ സഹകളിക്കാരെ പോലും ആരാധനയുടെ ഭ്രാന്തിലേക്കു എത്തിച്ച വേറെ താരമില്ല എന്ന് തന്നെ പറയാം. അദ്ദേഹത്തിന്റെ വിരമിക്കല്‍ സ്പീച്ച് ഓര്‍മ്മിക്കുന്നു- 7 മുതല്‍ എഴുപതുകാരനെ പോലും, കണ്ണീരില്‍ കുളിപ്പിച്ച വാക്കുകള്‍. ഇന്ത്യക്കാരുടെ ഇടയില്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു ആ 'മാജിക്കല്‍ ഓറയുടെ' വലിപ്പം അന്നാണ് മനസ്സിലാക്കിയത്. ഒരു തരം ശൂന്യതയാണ് അന്നുണ്ടായത്. വിരാട് കോലിയുമായുള്ള താരതമ്യം വരുമ്പോള്‍ എനിക്കുള്ള അഭിപ്രായം, കോലി എക്കാലത്തെയും മികച്ച റണ്‍ സ്‌കോററാണ് എന്നതാണ്. എന്റെ കാഴ്ചപ്പാടില്‍, ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ സച്ചിന്‍, ലാറ, ദ്രാവിഡ് തുടങ്ങിയവര്‍ കോലിയിലും ഒരു പടി മുന്നിലാണ് എന്നാണ്. എതിരഭിപ്രായം ഉള്ളവര്‍ക്ക് നൊസ്‌റാള്‍ജിക്ക്, മര്‍ച്ചന്റ് എന്നോ, വികാരം ഫാന്‍സ് അങ്ങനെ എന്ത് വേണേലും വിളിക്കാം.
തീയുണ്ട, വെടിയുണ്ട അഭിപ്രായങ്ങള്‍ ഒന്നുമില്ല. യഥാര്‍ത്ഥ ചാമ്പ്യന്മാര്‍ എല്ലാ കാലഘട്ടത്തിലും പയറ്റി തെളിയും എന്നാണ് എന്റെ പക്ഷം. സച്ചിന്‍, ലാറ, കോലി ഒക്കെ ഏതു തലമുറയിലും കളിയ്ക്കാന്‍ പോന്നവരാണ്. പക്ഷെ തെണ്ടുല്‍ക്കറിനുള്ള ആ ദൈവീകമായ ഓറ വേറെ ആര്‍ക്കും കണ്ടിട്ടില്ല. ഒരു ദിവസം ഒരേ സമയം സച്ചിനും, മുകളില്‍ പറഞ്ഞവരും കളിക്കുകയാണ് എങ്കില്‍ ഞാന്‍ ടിക്കറ്റു എടുക്കുക സച്ചിന്‍ കളിക്കുന്നത് കാണാനാകും. അഭിപ്രായങ്ങള്‍ പലര്‍ക്കും, പലതാകും. അതെല്ലാം മാനിക്കുന്നു. ഇതാണ് എന്റെ അഭിപ്രായം. മാനുഷികമായ പരിമിതികള്‍ ഉള്ള ഒരു അമാനുഷികന്‍- അതായിരുന്നു ലിറ്റില്‍ മാസ്റ്റര്‍ അല്ലെങ്കില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്ന് വിളിക്കുന്ന സച്ചിന്‍ രമേശ് തെണ്ടുല്‍ക്കര്‍ എനിക്ക് . ക്രിക്കറ്റ് എന്ന കളി ഞാന്‍ മറന്നേക്കാം, പക്ഷെ മറക്കില്ല ഈ മനുഷ്യനെ.