ജസ്റ്റിന്‍ ഹെനിന്‍; ബെല്‍ജിയത്തിലെ ഫ്രഞ്ച് രാജ്ഞി

2002 ലാണെന്നു തോന്നുന്നു മോണിക്ക സെലാസിനെ അട്ടിമറിച്ച ജസ്റ്റിന്‍ ഹെനിന്‍ എന്ന യുവ താരത്തിനെ കുറിച്ചുള്ള വാര്‍ത്ത പത്രങ്ങളില്‍ കാണുന്നത്. ആദ്യ വാര്‍ത്തയില്‍ തന്നെ അവരോടെന്തോ ഒരു താല്പര്യം തോന്നി. തുടര്‍ന്ന് അവരുടെ മത്സരങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ വിടാതെ പിന്തുടര്‍ന്നു.

Justine Henin french queen of belgium
Author
Thiruvananthapuram, First Published May 14, 2020, 3:29 PM IST

1995 ലാണ് എന്റെ വീടിന്റെ മേല്‍ക്കൂര വാര്‍ക്കുന്നതു. അന്ന് വാര്‍ക്ക പണിക്കു തട്ടിടുമ്പോള്‍ അതിന്റെ ഗ്യാപ്പുകള്‍ ഫില്‍ ചെയ്യാന്‍ ന്യൂസ് പേപ്പര്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് ആ തട്ട് ഊരുമ്പോള്‍ പല പേപ്പര്‍ തുണ്ടുകളും കോണ്‍ക്രീറ്റുമായി പ്രണയത്തില്‍ ആയിരിക്കും. അങ്ങിനെ ഒരു തുണ്ടു കഷ്ണം ഞാന്‍ കിടന്നിരുന്ന റൂമിന്റെ റാക്കിനു കീഴെ ഒളിച്ചിരുപ്പുണ്ടായിരുന്നു. വീട് തേച്ചു മിനുക്കും വരെ വര്‍ഷങ്ങളോളം ആ പത്ര കഷ്ണം അവിടെ ഉണ്ടായിരുന്നു  ഒരു ഓര്‍മ്മ ചിത്രം പോലെ. മാതൃഭൂമി പത്രത്തിന്റെ സ്‌പോര്‍ട്‌സ് പേജ് ആയിരുന്നു അത്. രണ്ടു ചെറിയ കോളം വാര്‍ത്തകള്‍. ഒന്ന് അക്കാലത്തു ഇടയില്‍ നടക്കുന്ന ക്രിക്കറ്റ് ലോക കപ്പിന് മുന്നോടി ആയി താരങ്ങളും പ്രശസ്തരും ഒപ്പിട്ട ക്രിക്കറ്റ് ബാറ്റിന്റെ പ്രയാണം ആയിരുന്നു. മറ്റൊന്ന് ലിയാണ്ടര്‍ പേസും, മഹേഷ് ഭൂപതിയും ഇന്ത്യക്കു വേണ്ടി ഡേവിസ് കപ്പ് കളിക്കുന്നതിനെ കുറിച്ചും. അതാണ് എന്റെ ആദ്യ കാല ടെന്നിസ് ഓര്‍മ്മ.

Justine Henin french queen of belgium

ടെന്നീസ് കളി കാണുക പോയിട്ട് എന്താണെന്നു പോലും അറിയാത്ത സമയം. ക്രിക്കറ്റും,ഫുട്ബാളും പിന്നെ ഞങ്ങളുടെ ചില നാടന്‍ കളികളും മാത്രമായിരുന്നു ഞങ്ങളുടെ ലോകം. പത്രത്തിന്റെ കായിക താളുകള്‍ വായിച്ചു വായിച്ചു ടെന്നീസ് തലയില്‍ കയറാന്‍ തുടങ്ങി. സ്റ്റെഫി ഗ്രാഫും, മോണിക്ക സെലാസും, ലിന്‍ഡ്‌സെ ഡാവന്‍പോര്‍ട്ടും, ആന്ദ്രേ അഗാസിയും പീറ്റ് സംപ്രസ്സും പത്ര താളുകളില്‍ കൂടെ എന്റെ ആരാധന പാത്രങ്ങള്‍ ആയി. സ്റ്റെഫിയോടായിരുന്നു ഇഷ്ടം കൂടുതല്‍. കളിയുടെ നിയമങ്ങളോ മറ്റോ അറിയില്ലെങ്കിലും മാരത്തോണ്‍ മാച്ച്, നാല് സെറ്റും കടന്നു അഞ്ചു സെറ്റില്‍ ജയിച്ചു എന്നൊക്കെ ആവേശ പൂര്‍വം വായിച്ചു കോള്‍മയിര്‍ കൊണ്ട കാലം. മോണിക്കയുടെ നേരെയുണ്ടായ ആക്രമണവും , മാര്‍ട്ടീന ഹിന്‍ഗിസ് എന്ന യുവ തുര്‍ക്കിയുടെ ഉദയവും. അന്ന് വന്‍ പ്രാധാന്യത്തോടെ തന്നെ സ്‌പോര്‍ട്‌സ് പേജുകളിലും സ്‌പോര്‍ട്‌സ് മാഗസിനുകളിലും വായിച്ചു നിര്‍വൃതി അടഞ്ഞു. സ്റ്റെഫിയുടെ വിടവാങ്ങലും പിന്നെ ക്രിക്കറ്റിന്റെയും ഫുട്‌ബോളിന്റെയും ആധിപത്യവും എനിക്ക്  ടെന്നീസ് കളി പിന്തുടരുന്നതില്‍ നിന്ന് വിലക്കമായി. കൂടാതെ ഇന്ത്യ ടെന്നിസില്‍ പേസിനും ഭൂപതിക്കുമപ്പുറം വളരാതെ ഇരുന്നതും ഒരു കാരണം ആയിരുന്നു. അന്ന കുര്‍ണിക്കോവ എന്ന സുന്ദരിയോ, കിം ക്ലിസ്റ്റെര്‍സ്  , വീനസ് വില്യംസ് ഇനീ തുടക്കകാരോ എന്നില്‍ ടെന്നീസിനോട് ഇഷ്ടം കൂട്ടിയില്ല. അഥവാ സ്റ്റെഫിയോടു തോന്നിയപോലൊരു ആരാധനാ ഉണര്‍ത്താന്‍ പോന്ന താരങ്ങളെ ഞാന്‍ അന്ന് കണ്ടില്ല.

Justine Henin french queen of belgium

2002 ലാണെന്നു തോന്നുന്നു മോണിക്ക സെലാസിനെ അട്ടിമറിച്ച ജസ്റ്റിന്‍ ഹെനിന്‍ എന്ന യുവ താരത്തിനെ കുറിച്ചുള്ള വാര്‍ത്ത പത്രങ്ങളില്‍ കാണുന്നത്. ആദ്യ വാര്‍ത്തയില്‍ തന്നെ അവരോടെന്തോ ഒരു താല്പര്യം തോന്നി. തുടര്‍ന്ന് അവരുടെ മത്സരങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ വിടാതെ പിന്തുടര്‍ന്നു. കിഴക്കന്‍ യൂറോപ്പിലെയും റഷ്യയിലെയും അക്കാദമികള്‍ നിരവധി താരങ്ങള്‍ ഉയര്‍ത്തി കൊണ്ട് വന്ന സമയമായിരുന്നു അത്. അക്കാലത്തു കടന്നു വന്ന മികച്ച താരങ്ങളില്‍ ഒരാളായിരുന്നു ജസ്റ്റിന്‍. ബെല്‍ജിയത്തില്‍ ജനിച്ച ഹെനിന്‍ പ്രൊഫഷണല്‍ ടെന്നീസിലേക്കു വരുന്നത് 99 ലാണ്. അതെ സമയത്തു തന്നെ ആയിരുന്നു മറ്റൊരു ബെല്‍ജിയം താരം കിം ക്ലിസ്റ്റേഴ്‌സും ലോക ടെന്നീസ് കീഴടക്കി കൊണ്ടിരുന്നത്. സ്റ്റെഫി ഒഴിച്ചിട്ട സിംഹാസനത്തിനായുള്ള പൊരിഞ്ഞ പോരാട്ടം നടന്ന സമയം ഹിന്‍ഗിസിനെ കീഴടക്കി കിം അതില്‍ ആസനസ്ഥയായ സമയത്താണ് ഹെനിന്റെ ഉദയവും. കിമ്മിന്റെ പ്രധാന എതിരാളികളില്‍ ഒന്നായിരുന്നു ഹെനിന്‍.

Justine Henin french queen of belgium

കൃത്യമായ ഒരു ഗെയിം പാറ്റേണ്‍ പ്രകടമാക്കാതെ ഹെനിന്‍ മറ്റു താരങ്ങളില്‍ നിന്ന് വളരെ വ്യത്യസ്ത ആയിരുന്നു. കരുത്തുറ്റ സിംഗിള്‍ ബാക് ഹാന്‍ഡ് ഷോട്ടുകള്‍, മത്സരത്തില്‍ ഉടനീളം പ്രകടിപ്പിക്കുന്ന മാനസിക കരുത്തു, എതിരാളിയെ കീഴടക്കും വരെയുള്ള പോരാട്ട വീര്യം. അര്‍പ്പണത ഇതെല്ലം അവളെ ടെന്നീസ് കോര്‍ട്ടിന്റെ റാണിയാക്കി. ഏതൊരു പ്രതലത്തിലും ഒരേ പോലെ പ്രകടനം കാഴ്ചവെക്കാന്‍ അവള്‍ക്കായി. പലരും അവളെ റോജര്‍ ഫെഡററുടെ കളിയുമായി താരതമ്യം ചെയ്തു. കളിക്കളത്തില്‍ പെട്ടന്നുള്ള വെട്ടി തിരിയലുകളും വേഗതയേറിയ നീക്കങ്ങളും. മുന്നോട്ടു ഓടിക്കയറിയുള്ള ഷോട്ടുകളും എതിരാളികളുടെ ഏകാഗ്രത തകര്‍ത്തു കളഞ്ഞിരുന്നു.

1982 ജൂണ്‍ ഒന്നിന് ഒരു ഫ്രഞ്ച് ഓപ്പണ്‍ കാലത്തായിരുന്നു ഹെനിന്‍ ജനനം. ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന ലീയ്ജ് നഗരത്തില്‍ ഫ്രാന്‍സ്വെ എന്ന ഫ്രഞ്ച് ടീച്ചര്‍ക്കും ജോസ്  എന്ന പോസ്റ്റല്‍ ജോലിക്കാരനും ഉണ്ടായ നാല് മക്കളില്‍ മൂത്തവള്‍.  അമ്മയായിരുന്നു ഹെനിനു എല്ലാം. അമ്മയുടെ പ്രോത്സാഹനത്താല്‍ ടെന്നീസിനോട് ചെറുപ്പം മുതലേ ആവേശം കാണിച്ചിരുന്ന ഹെനിന്‍ ആദ്യമായി റാക്കറ്റ് എടുക്കുന്നത് അഞ്ചാം വയസ്സിലാണ്. . റോഷ്‌ഫോര്‍ട് ടെന്നീസ് ക്ലബ്ബില്‍ തന്റെ കുട്ടിക്കാലം ചിലവഴിച്ചു കൊണ്ടാണ് ഹെനിന്‍ ടെന്നീസ് ലോകത്തേക്കുള്ള പടവുകള്‍ കയറി തുടങ്ങിയത്.  92 ല്‍ ഒരു ജൂനിയര്‍ ടൂര്‍ണമെന്റ് വിജയത്തിന് ഹെനിനു കിട്ടിയ സമ്മാനം ഫ്രഞ്ച് ഓപ്പണ്‍ കാണാന്‍ ഉള്ള ടിക്കറ്റ് ആയിരുന്നു. ഹെനിനും അമ്മയും ബെല്‍ജിയത്തില്‍ നിന്ന് റൊളാങ് ഗാരോസിലേക്കു സ്ഥിരമായി യാത്രകള്‍ നടത്തിയിരുന്നു.

Justine Henin french queen of belgium

ഫ്രഞ്ച് ഓപ്പണ്‍ മത്സരങ്ങള്‍ വിടാതെ കണ്ടിരുന്ന ഹെനിന്റെ ആരാധന സ്റ്റെഫി ഗ്രാഫിനോടായിരുന്നു. അങ്ങിനെ ഒരു ഫൈനലില്‍ മോണിക്ക സെലസ് സ്റ്റെഫി ഗ്രാഫിനെ തോല്‍പ്പിക്കുന്നത് കണ്ടതോടെ ഹെനിന്‍ തന്റെ സ്വപ്നം അമ്മയോടെയോ പറഞ്ഞു. തനിക്കും ഭാവിയില്‍ ഇതേ ഗ്രൗണ്ടില്‍ ഫൈനല്‍ കളിക്കണം. ഫൈനല്‍ ജയിക്കണം അത് കാണാന്‍ നിങ്ങള്‍ അവിടെ ഉണ്ടാവണം. പ്രശസ്ത അര്‍ജന്റീനിയന്‍ ടെന്നീസ് കോച്ച് കാര്‍ലോസ്  റോഡ്രിഗ്സ്സ് ആണ് അവളുടെ ലക്ഷ്യത്തിലേക്കു വഴി തെളിയിക്കുന്നത്. ആ സമയത്തു ബെല്‍ജിയം അസോസിയേഷന് വേണ്ടി കോച്ചിങ് നടത്താന്‍ വന്നതായിരുന്നു അയാള്‍. നിരവധി മുന്‍ നിര താരങ്ങള്‍ക്കു പാഠം പറഞ്ഞു കൊടുത്തിട്ടുള്ള കാര്‍ലോസിന് തെറ്റിയില്ല ഫ്രഞ്ച് ഓപ്പണ്‍ ജൂനിയര്‍ വിഭാഗം സിംഗിള്‍സ് കിരീടം നേടി ഹെനിന്‍ റൊളാങ് ഗാരോസിനോടുള്ള പ്രണയം തുറന്നു പറഞ്ഞു. പക്ഷെ വിജയം കാണാന്‍ ഹെനിന്റെ മാതാവ് ജീവിച്ചിരുന്നില്ല എന്ന് മാത്രം.

Justine Henin french queen of belgium

ബെല്‍ജിയം ഓപ്പണ്‍ ണഠഅ ടൂറിലാണ് അവള്‍ ആദ്യമായി പ്രൊഫഷണല്‍  ടെന്നീസ് കളിക്കുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആയി വന്നു കിരീടം നേടി ചരിത്രം കുറിച്ച് കൊണ്ടായിരുന്നു  തുടക്കം. 2001 ഹെനിന്റെ വരവറിയിച്ചു വര്‍ഷമാണ്. ഫ്രഞ്ച് ഓപ്പണ്‍ സെമിഫൈനലില്‍ എത്തിച്ചേര്‍ന്നു. വിമ്പിള്‍ഡണ്‍ സെമിയില്‍ അന്നത്തെ ഫ്രഞ്ച് ചാമ്പ്യന്‍ ജെന്നിഫര്‍ കാപ്രിയറ്റിയെ തോല്‍പ്പിച്ച് കൊണ്ട് ഫൈനലിലേക്ക് അവിടെ വീനസ് വില്യംസിന്  മുന്‍പില്‍ തോല്‍വി അണഞ്ഞു. എങ്കിലും ആ വര്‍ഷം അവസാനം ഹെനിന്‍ നേടിയത് മൂന്നു കിരീടങ്ങളും, ബെല്‍ജിയത്തിനായി ഒരു ഫെഡറേഷന്‍ കപ്പ് പിന്നെ ലോക ഏഴാം നമ്പര്‍ സ്ഥാനവും. ലോക ടെന്നീസിലേക്കു മറ്റൊരു ബെല്‍ജിയം തീ നാലാം കത്തി പടരുകയായിരുന്നു. 

Justine Henin french queen of belgium

2002 ജര്‍മന്‍ ഓപ്പണ്‍ ഫൈനലില്‍ ആണ് ഹെനിന്‍ സെറീനയെ ആദ്യമായി നേരിടുന്നത് അന്ന് ഹെനിന്‍ന്റെ  ദിവസം ആയിരുന്നു സെറീന ആകട്ടെ സഹോദരി വീനസിന്റെ നിഴല്‍ വിട്ടു പുറത്തു വന്നിട്ടുമില്ലായിരുന്നു. പിന്നീട് നിരവധി തവണ അവര്‍ ഏറ്റു മുട്ടി. ടെന്നീസ് ലോകം വാഴ്ത്തിയ നിരവധി പോരാട്ടങ്ങള്‍. എന്നിട്ടും അവര്‍ തമ്മിലൊരു ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ കണ്ടത് പിന്നീട് വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞാണ്. ഡാവന്‍പോര്‍ട്ടുമായുള്ള ആസ്‌ട്രേലിയന്‍ പോരാട്ടമാണ് ഹെനിന്റെ ആദ്യത്തെ പ്രശസ്തി കൊണ്ട് വന്നത്. മൂന്നുമണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ തന്റെ മനക്കരുത്തു മുഴുവന്‍ പ്രകടിപ്പിച്ചു ഹെനിന്‍. പരിചയ സമ്പന്ന ആയ അമേരിക്കന്‍ താരത്തിന്റെ ഏകാഗ്രത നശിക്കും വരെ അവള്‍ പോരാടി. കടുത്ത ചൂടും മസില്‍ വേദനയും സഹിച്ചു അവസാനം ജീവിതത്തില്‍ ആദ്യമായി ഡാവന്‍ പോര്‍ട്ടിനെ തോല്‍പ്പിച്ചു. കനത്ത പോരാത്തട്ടില്‍ തളര്‍ന്നു പോയ ഹെനിന്‍ പിറ്റേന്ന് നടന്ന സെമിഫൈനലില്‍ വീനസിനോട്  തോറ്റു. 
 

Justine Henin french queen of belgium

പക്ഷെ ആ വര്‍ഷം ഹെനിനു വേണ്ടി കാത്തു വെച്ചത് മറ്റൊന്നായിരുന്നു. ഒരു ബെല്‍ജിയം താരത്തിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടം. അതും മറ്റൊരു ബെല്‍ജിയം താരം കിം ക്ലിസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചു കൊണ്ട് . ഹെനിന്റെ ഏറ്റവും പ്രിയപ്പെട്ട  ഫ്രഞ്ച് ഓപ്പണ്‍ കിരീടം. റോളാങ് ഗാരോസിലെ കളിമണ്‍ തകിടിക്ക് ഹെനിനോട് തിരിച്ചും പ്രണയം തോന്നിക്കാണും. ഹെനിനു ഇതൊരു പകരം വീട്ടല്‍ ആയിരുന്നു. ബെല്‍ജിയത്തില്‍  കിമ്മിനായിരുന്നു ഫാന്‍സ് കൂടുതല്‍. പ്രായത്തില്‍ മൂത്ത ഹെനിന്‍ ഫ്രഞ്ച് സംസാരിക്കുന്ന ഭാഗത്തു നിന്നായിരുന്നു വന്നത്, എന്നാല്‍ കിം ആകട്ടെ രാജ്യത്തിന്റെ പ്രബല വിഭാഗം ആയ ഡച്ച് ഭാഷ സംസാരിക്കുന്നവരുടെ ഇടയില്‍ നിന്നും.  കൂടുതല്‍ സുന്ദരിയും കാണികള്‍ക്കു വേണ്ടി ടെന്നീസ് കളിക്കുകയും ചെയ്ത കിം വളരെ വേഗം ഉയര്‍ന്നു പോയി. ഒപ്പം ബെല്‍ജിയത്തില്‍ നിന്നും ആദ്യ ലോക ഒന്നാം നമ്പര്‍ ആയി പ്രശസ്ത ആവുകയും ചെയ്തു. ബെല്‍ജിയത്തില്‍ ഒപ്പം കളിക്കുകയും പരിശീലിക്കുകയും ചെയ്തിരുന്ന രണ്ടു ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ ഇടയില്‍ വന്ന വലിയ വിടവായിരുന്നു അത് അത് സമ്പൂര്‍ണ്ണമാകുന്നത് ഹെനിന്‍ ഫ്രഞ്ച് ഓപ്പണ്‍ ജയിച്ചതോടെ ആയിരുന്നു. അവരുടെ മത്സരം ബെല്‍ജിയം മാദ്യമങ്ങള്‍ ദേശീയ പ്രാധാന്യത്തോടെ തന്നെ കൊണ്ടാടിയിരുന്നു. 

ആസ്‌ട്രേലിയന്‍ ഓപ്പണ്‍ കളിയുടെ മറ്റൊരു പതിപ്പായിരുന്നു യു എസ്ഓപ്പണ്‍ . ഇവിടെ ജെന്നിഫര്‍ കാപ്രിയറ്റി ആയിരുന്നു സെമിയിലെ എതിരാളി. മത്സര സമയം നീണ്ടു നീണ്ടു പോയി. മനക്കരുത്തിന്റെ പിന്‍ബലത്തില്‍ കൈ വിട്ടു പോയ കളി തിരികെ പിടിച്ചാണ് ഹെനിന്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. വേദനിക്കുന്ന മസിലുമായി മറ്റൊരു ബെല്‍ജിയം ഫൈനല്‍. ക്ലിസ്റ്റെര്‍സ് ഇവിടെയും തോല്‍വി സമ്മതിച്ചു. ഹെനിന്‍ രണ്ടാം റാങ്കിലേക്കു. തുടര്‍ന്ന് നടന്ന ടൂറുകളിലെ വിജയം ആ വര്‍ഷം തന്നെ കിമ്മിനെ മറികടന്നു ഒന്നാമതെത്താന്‍ ഹെനിനെ സഹായിച്ചു.

Justine Henin french queen of belgium

2004 ലെ മത്സരങ്ങള്‍ ഭൂരിഭാഗവും അസുഖത്തിന്റെ നിഴലില്‍ ആയിരുന്നു. വൈറസ് ബാധയുടെ രൂപത്തില്‍ വന്ന നിര്‍ഭാഗ്യം. ആ വര്‍ഷം ഏതന്‍സ് ഒളിമ്പിക്‌സ് ഗോള്‍ഡ് മാത്രമേ അവളുടെ സിംഗിള്‍സ് ശേഖരത്തിലേക്കെത്തിയുള്ളൂ. മറ്റൊരു തിരിച്ചു വരവിനായി ഹെനിന്‍ കൊതിച്ച സമയത്താണ് കൈ മുട്ടിലെ പരിക്ക് അവളെ കളികളത്തിനു വെളിയില്‍ ആറുമാസം ഇരുത്തിയത് . തോല്‍ക്കാന്‍ തയ്യാറല്ലാത്ത ഹെനിന്‍  കടുത്ത പരിശീലനത്തിലൂടെ തിരികെ കോര്‍ട്ടിലെത്തുമ്പോള്‍ ടെന്നീസ് ലോകം കൂടുതല്‍ മാത്സര്യം നിറഞ്ഞതായിരുന്നു. തിരിച്ചു വരവിലെ ആദ്യ തോല്‍വി പിന്‍  കാല സൂപ്പര്‍ സ്റ്റാര്‍ മരിയ ഷറപ്പോവയോടായിരുന്നു. എന്നാല്‍ ഫ്രഞ്ച് ഓപ്പണ്‍ തുടങ്ങും മുന്‍പേ മുന്‍ നിര താരങ്ങളെ തോല്‍പ്പിച്ചു കൊണ്ട് ഹെനിന്‍ കരുത്തു തെളിയിച്ചു. പക്ഷെ റാങ്കിങ്ങില്‍ താഴേക്ക് വീണ അവള്‍ക്കു കൂടുതല്‍ ശ്രമങ്ങള്‍ വേണ്ടിയിരുന്നു ഒന്നാം റാങ്ക് എന്ന ലക്ഷ്യം തിരികെ പിടിക്കാന്‍. അതിനു ഫ്രഞ്ച് ഓപ്പണ്‍ വിജയം മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. 

Justine Henin french queen of belgium

മാച്ച് പോയന്റുകള്‍ക്കു ടെന്നീസില്‍ വലിയ പ്രാധാന്യം ഉണ്ട്. ഒരെണ്ണം നഷ്ടപ്പെട്ട് തിരികെ വരികയെന്നാല്‍ അത്ര ബുദ്ധിമുട്ടാണ്. അപ്പോഴാണ് രണ്ടെണ്ണം നഷ്ടപ്പെടുത്തിയ ശേഷം അത് തിരികെ പിടിക്കുന്നത്. ജസ്റ്റിന്‍ ഹെനിന്‍ തന്റെ രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ മേരി പിയേഴ്‌സിനെ കീഴടക്കി നേടുമ്പോള്‍ വഴിയില്‍  തോല്‍പ്പിച്ചത് ഷറപ്പോവ അടക്കമുള്ള പ്രമുഖരെ. ഒപ്പം നാലാം റൗണ്ടിലെ മാച്ച് പോയന്റുകള്‍ തിരികെ പിടിച്ചു കൊണ്ടുള്ള ഐതിഹാസിക വിജയവും.

മാര്‍ട്ടീന ഹിന്‍ഗിസിന്റെ തിരിച്ചു വരവിനു തടയിട്ടു കൊണ്ടാണ് ഹെനിന്‍ 2006 തുടങ്ങുന്നത്. മികച്ച ഫോം തുടര്‍ന്ന അവര്‍ ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ എത്തിയത് വന്‍  പ്രകടനങ്ങളുടെ പിന്‍ബലത്തോടെ ആയിരുന്നു. എന്നാല്‍ പരിക്കിനെ ഭയന്നു അമേലിയ മോറിസ്‌മോയ്‌ക്കെതിരെയുള്ള ഫൈനലില്‍ നിന്ന് പിന്മാറിയത് അവരുടെ കാരിയറിലെ കറുത്ത പാടായി തീര്‍ന്നു. മാധ്യമങ്ങള്‍  ഇക്കാര്യത്തില്‍ ഹെനിനു എതിരായി. പക്ഷെ ഇതൊന്നും അവരെ മൂന്നാം ഫ്രഞ്ച് ഓപ്പണ്‍ നേടുന്നതില്‍ നിന്ന് തടഞ്ഞില്ല.ചരിത്രം ഈ ബെല്‍ജിയംകാരിയുടെ മുന്‍പില്‍ വഴിമാറുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം കിരീടം നേടി സ്റ്റെഫി ഗ്രാഫിനൊപ്പം. 

Justine Henin french queen of belgium

ഒരു സെറ്റും കളയാതെ ആണ് അവള്‍ വിമ്പിള്‍ഡണ്‍ ഫൈനലിലെ എത്തിയത്. പക്ഷെ അവിടെ ഗ്രാസ് കോര്‍ട് തന്റേതല്ലെന്നു തെളിയിച്ചു കൊണ്ട് , അമേലിയ മോറിസ്‌മോയോട് ഒരിക്കല്‍ കൂടെ കിരീടം അടിയറവെച്ചു. യു എസ് ഓപ്പണ്‍ ഫൈനലില്‍ എത്തിയ ഹെനിന്‍ കീഴടങ്ങിയത്  ഷറപ്പോവ യുടെ മുന്പിലായിരുന്നു. ഹെനിന്‍ ഒരു വികാരം ആവുകയായിരുന്നു. എന്നിട്ടും ഹെനിന്റെ വിജയങ്ങള്‍ ഗ്ലാമര്‍ താരങ്ങള്‍ ആയി ഷറപ്പോവ, കിം ക്ലിസ്റ്റെര്‍സ് തുടങ്ങിയവര്‍ക്ക് മുന്‍പില്‍ നിറം മങ്ങി പോയിരുന്നു. നാല് ഗ്രാന്‍ഡ്സ്ലാം ഫൈനലുകള്‍ കണ്ട ആ വര്‍ഷം അവസാനം ഹെനിന്‍ ഒന്നാം റാങ്ക് തിരിച്ചു പിടിച്ചു. 

പക്ഷെ അടുത്ത വര്‍ഷം ആദ്യം കുടുംബത്തിലെ പ്രശ്‌നങ്ങള്‍ അവരെ ടെന്നീസ് കോര്‍ട്ടിന് വെളിയില്‍ ഇരുത്തി. വീണ്ടു റാങ്കിങ് നഷ്ടം. ആസ്‌ട്രേലിയന്‍ ഓപ്പണ്‍ കളിക്കാതെ പോയ ഹെനിന്‍ തുടര്‍ന്നു വന്ന ടൂര്‍ മാച്ചുകളിലൂടെ തന്റെ  ഒന്നാം റാങ്ക് വീണ്ടും  തിരികെ പിടിക്കുന്നതാണ് കണ്ടത്. അക്ഷരാര്‍ത്ഥത്തില്‍ 2007 ഹെനിന്‍ തന്റെ വര്‍ഷം ആക്കി മാറ്റുകയായിരുന്നു.  മുന്‍ നിര താരങ്ങള്‍ എല്ലാം ഹെനിന്റെ റാക്കറ്റിന്റെ  ചൂടറിഞ്ഞു.  റൊളാങ് ഗാരോസിലെ കളിമണ്‍ തകിടിയില്‍ ഹെനിന്‍ വീണ്ടു വസന്തം വിരിയിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ സെറീനയുമായുള്ള ടെന്നീസ് ലോകം പ്രഘോഷിച്ചത് വന്‍ പ്രാധാന്യത്തോടെ ആയിരുന്നു എന്നാല്‍ ഹെനിന്‍  നിസ്സാരമായി ജയിച്ചു കയറി. സെറീനയ്ക്ക് യാതൊരു അവസരവും അവള്‍ നല്‍കിയില്ല . ഫൈനലില്‍ കണ്ടത് മറ്റൊരു ഹെനിന്‍ ആയിരുന്നു. അന ഇവാനോവിചിന്  അധികം കളിയ്ക്കാന്‍ സമയം  നല്‍കാതെ മികച്ച വിജയത്തോടെ തുടര്‍ച്ചയായ മൂന്നാം കിരീടം. മോണിക്ക സെലാസിനൊപ്പം തുടര്‍ കിരീടങ്ങളില്‍ റെക്കോര്‍ഡ്. ഇന്നും ഈ രണ്ടേ രണ്ടു വനിതകള്‍ ആ റെക്കോര്‍ഡ് അലങ്കരിക്കുന്നു. ഫ്രഞ്ച് മണ്ണ് ഹെനിനെ പ്രണയിച്ച പോലെ വേറൊരു താരത്തെ പ്രണയിച്ചിട്ടുണ്ടാകുമോ എന്ന് സംശയം. 2004 നു ശേഷം ഒരൊറ്റ കളി പോലും അവിടെ അവള്‍ തോറ്റിരുന്നില്ല , കൂടാതെ ഒരു സെറ്റ്  പോലും നഷ്ടപെടുത്തിയിരുന്നുമില്ല .

Justine Henin french queen of belgium

വിംബിള്‍ഡണ്‍ പുത്തകിടിയില്‍ സെറീനയെ ആദ്യമായി അട്ടിമറിക്കുന്നതും ടെന്നീസ് ലോകം കണ്ടു. പക്ഷെ ആ കിരീടം വീണ്ടും കിട്ടാ കനിയായി തുടര്‍ന്നു.  ആ വര്‍ഷത്തെ യു എസ് ഓപ്പണ്‍ ഹെനിന്റെ ആരാധക പാണന്മാര്‍ക്കു പാടി നടക്കാനുള്ള പാട്ടായിരുന്നു. ആ വര്‍ഷം മൂന്നാം തവണ ആയിരുന്നു സെറീനയും ഹെനിനും കണ്ടു മുട്ടിയത്. നിലം തൊടാതെയാണ് സെറീന ഹെനിന്റെ മുന്‍പില്‍ പരാജയമടഞ്ഞതു. ആദ്യമായാണ് സെറീനയെ അമേരിക്കയില്‍ ഹെനിന്‍ തോല്‍പ്പിക്കുന്നത്.  എന്നാല്‍ സെമി ഫൈനലില്‍ സഹോദരിയെ തോല്‍പ്പിച്ചതിന് മറുപടിയുമായി വീനസ് ഉണ്ടായിരുന്നു. ഹെനിന്റെ ജീവിതത്തിലെ മറ്റൊരു മികച്ച മത്സരം. നിരവധി തവണ കൈവിട്ടു എന്ന് വിചാരിച്ച ആ നീണ്ട മത്സരത്തില്‍ അവസാന  വിജയം ബെല്‍ജിയക്കാരിക്കൊപ്പം ആയിരുന്നു. കാരിയറിലെ രണ്ടാം   യു എസ് ഓപ്പണ്‍ കിരീടവുമായി ലോകത്തിനു മുന്‍പില്‍ ചിരിച്ചു കൊണ്ട് നിന്ന ഹെനിനു  ചരിത്രം വീണ്ടും കുറച്ചു വിശേഷണങ്ങള്‍ കൂടെ ചാര്‍ത്തി കൊടുത്തു. വില്യംസ് സഹോദരിമാരെ ഒരേഗ്രാന്‍ഡ് സ്‌ളാമില്‍  തോല്‍പ്പിച്ചു കൊണ്ട് കിരീടം നേടുന്ന ആദ്യ വനിത.

ആവര്‍ഷത്തെ മൊത്തം വിജയ നിരക്ക് 94 % ആയിരുന്നു. സ്റ്റെഫി ഗ്രാഫിനൊപ്പം നില്‍ക്കുന്ന ആ വിജയ ശതമാനം മറികടന്നത് പിന്നീട് സെറീന വില്യംസ് മാത്രം. കൂടാതെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അവസാനം ലോക ഒന്നാം നമ്പര്‍ ആവുക അതും ലിന്‍ഡ്‌സെ ഡാവെന്‍പോര്‍ട്ടിനൊപ്പം ആ റെക്കോര്‍ഡ് പങ്കിടുക. ഹെനിന്‍ വന്‍ മരമായി മാറുകയായിരുന്നു. എന്നിട്ടും മാധ്യമങ്ങള്‍ അത് കണ്ടില്ലെന്നു നടിച്ചു. അവര്ക് കൊട്ടി ഘോഷിച്ചത് ഷറപ്പോവയെയും, വില്യംസ് സഹോദരിമാരെയുമായിരുന്നു. 

കാരിയറിന്റെ മികച്ച സമയം, ലോക റാങ്കിങ്ങില്‍ തുടര്‍ച്ചയായി 12 മാസം. അതും ലോകത്തു അന്ന്  വരെ ഏഴു താരങ്ങള്‍ മാത്രം കൈ വെച്ച അസുലഭ ഭാഗ്യം. ഹെനിന്റെ പ്രകടനത്തില്‍ കാര്യമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. 2008 ന്റെ തുടക്കത്തില്‍ ആസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമി ഫൈനല്‍ ഷറപ്പോവയോടു തോറ്റു. 2002 നു ശേഷം ആദ്യമായി ഒരു പോയന്റ് പോലും നേടാതെ ഒരു സെറ്റ് അടിയറ വെച്ചു ഹെനിന്‍. അതും 2005 നു ശേഷം ആദ്യമായി ഒരു ഗ്രാന്‍ഡ് സ്ലാം സെമിക്ക് മുന്‍പേ പുറത്തായി.  ഹെനിന്റെ സ്വകാര്യ ജീവിതം കളിയുമായി ഇടപെടാന്‍ തുടങ്ങി. അതോടെ കളിക്കളത്തില്‍ നിന്നും നാല് ആഴ്ചകള്‍ മാറി നിന്ന്. തിരിച്ചു വന്ന ഹെനിന്‍ മാനസികമായി തകര്‍ന്നിരുന്നു. ടെന്നീസ് ലോകം ഫ്രഞ്ച് ഓപ്പണ്‍ മത്സരങ്ങള്‍ക്ക് ഒരുങ്ങുമ്പോള്‍ അപ്രതീക്ഷിതമായി വിടവാങ്ങല്‍ പ്രഖ്യാപിച്ചു ഹെനിന്‍. അപ്പോഴും ഹെനിന്‍ ആയിരുന്നു റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തു. പൂര്‍ണ്ണമായി വിരാമമിടാതെ അവസാനിപ്പിച്ച ഒരു കാരിയര്‍. ലോകത്തിന്റെ ഉന്നതിയില്‍ നിലക്കെ എല്ലാം വേണ്ടാന്ന് വെച്ചൊരു മടക്കം. 

Justine Henin french queen of belgium

നീണ്ട പതിനാറു മാസങ്ങള്‍ ടെന്നീസ് ലോകത്തു സെറീന വില്യംസ് - ഷറപ്പോവ മത്സരങ്ങള്‍ക്ക് പ്രാധാന്യം ഏറി. ഹെനിന്‍ മറന്നു പോയ ഒരു ഏടായി മാറി. ആയിടെ ആണ് ഹെനിന്റെ പഴയ കൂട്ടുകാരി കിം തിരികെ കോര്‍ട്ടിലെത്തി യു എസ് ഓപ്പണ്‍ നേടി വിസ്മയം കാട്ടിയതു. ഈ ഒരു കാഴ്ചയും ഒപ്പം റോജര്‍ ഫെഡററുടെ നിര്‍ബന്ധവും ഹെനിനെ ഒരിക്കല്‍ കൂടെ തിരികെ കോര്‍ട്ടില്‍ എത്തിച്ചു. മറ്റൊരു ഫ്രഞ്ച് ഓപ്പണ്‍ വിജയം സ്വപനം കണ്ടു 2010 തുടക്കത്തില്‍ ഹെനിന്‍ തിരികെ വന്നു. തുടക്കം ഓസ്‌ട്രേലിയയില്‍. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മുന്നോടിയായി നടന്ന മത്സരത്തില്‍ ഹെനിന്‍ തന്റെ പഴയ കരുത്തു പുറത്തെടുത്തു. കൂട്ടുകാരി ക്ലിസ്റ്റേഴ്‌സിനോട് ഫൈനല്‍ തോറ്റെങ്കിലും തന്റെ കരുത്തു ചോര്‍ന്നിട്ടില്ലെന്നു ഹെനിന്‍ തെളിയിച്ചു. തുടന്ന് നടന്ന ആസ്‌ട്രേലിയന്‍ ഓപ്പണ്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആയി ഹെനിന്‍ മത്സരിച്ചു. ഹെനിന്റെ ഗംഭീര തിരിച്ചു വരവ്. ഫൈനലില്‍ അവളുടെ 20 വര്‍ഷത്തെ കാരിയറില്‍ ആദ്യമായി സെറീന വില്യംസുമായി ഒരു ഗ്രാന്‍ഡ് സ്ലാം ഫൈനല്‍. ആ സമയത്തെ ഒന്നാം നമ്പര്‍ താരം സെറീനയുമായി മികച്ചൊരു മത്സരം തന്നെ ആയിരുന്നു ഹെനിന്റെതു. ആദ്യ സെറ്റ് നഷ്ടപെട്ടിട്ടും രണ്ടാമത്തേത് തിരിച്ചു പിടിച്ചു ഹെനിന്‍. അവസാനം സെറീനയുടെ അമേരിക്കന്‍ മസിലിനു മുന്‍പില്‍ ഹെനിന്‍ കീഴടങ്ങി. കാലം മാറി പോയി. മണ്കരുത്തിനൊപ്പം ടെന്നീസില്‍ മസില്‍ പവര്‍ കൂടെ വേണം എന്ന നിലയായി. ഒറ്റ കൈ കൊണ്ടുള്ള കരുത്തുറ്റ ബാക് ഹാന്‍ഡ് ഷോട്ടുകള്‍ പോലും വിജയിച്ചില്ല. 

തിരിച്ചു വരവ് ഉദ്ദേശിച്ചപോലെ വിജയം കണ്ടില്ല. ഒരേ ഒരു ടൂര്‍ കിരീടം മാത്രം നേടാന്‍ മാത്രമേ അവര്‍ക്കായുള്ളൂ. ഫ്രഞ്ച് ഓപ്പണില്‍ ആദ്യമായി നാലാം റൗണ്ടില്‍ പുറത്തായി. വിമ്പിള്‍ഡണ്‍ കഥയും അതെ വഴിയില്‍ പോയി. നാലാം റൗണ്ടില്‍ ക്ലിസ്റ്റേഴ്‌സും ആയുള്ള മത്സരത്തിനിടെ വീഴ്ചയില്‍ കൈയുടെ ലിഗ്മെന്റ് കീറിയതോടെ ആ വര്‍ഷത്തെ മറ്റു മത്സരങ്ങള്‍ നഷ്ടമായി. പരിക്ക് മുക്തയായി  ഹെനിന്‍ വീണ്ടും ബെല്‍ജിയത്തിനു വേണ്ടി റാക്കറ്റ് എടുത്തു. 2001 ഹോപ് മാന്‍ കപ്പില്‍ ബെല്‍ജിയത്തിന്റെ ഫൈനല്‍ പ്രവേശനത്തില്‍ ഹെനിന്‍ പ്രധാന പങ്കു വഹിച്ചു. ഒരു മത്സരം പോലും അവള്‍ തോറ്റില്ല. തുടര്‍ന്ന് ആസ്‌ട്രേലിയന്‍ ഓപ്പണ്‍ മത്സരത്തില്‍ അതെ ഫോം നിലനിര്‍ത്താന്‍ അവര്‍ക്കായില്ല. മൂന്നാം റൗണ്ടിലെ തോല്‍വിയോടെ അവള്‍ക്കുമനസിലായി ഇനിയും ഒരു അങ്കത്തിനു ബാല്യം ഇല്ലെന്നു. അവസാനം ആ ജനുവരിയില്‍ ടെന്നീസ് കോര്‍ട്ടില്‍ നിന്നും  അവസാന വിടവാങ്ങല്‍ പ്രഖ്യാപിച്ചു താരം....

Justine Henin french queen of belgium

കളിക്കളത്തിന് വെളിയിലെ ജസ്റ്റിന്‍ ഹെനിന്‍ പലര്‍ക്കും അപരിചിതയാണ്. കാരണവും ഉണ്ട്. കളിക്കളത്തിന് വെളിയിലെ പൊതു ജീവിതത്തില്‍ ഹെനിന്‍ തികച്ചും ഒതുങ്ങി ജീവിക്കുന്ന ഒരാളാണ്. ജീവിതത്തിലെ നിരവധി ദുഖകരമായ അവസ്ഥയിലൂടെ കടന്നു പോയ ഒരാള്‍. ആ ദുഃഖം ആ കണ്ണുകളില്‍ ഒളിച്ചിരിപ്പുണ്ട്. കളിക്കളത്തിലെത്തിയാല്‍ ടെന്നീസ് അവളില്‍ തീ നിറയ്ക്കുമ്പോള്‍ മാത്രം ആണ് ഇതൊക്കെ മറക്കുന്നത്. ഹെനിന്‍ ജനിക്കും മുന്‍പേ അവളുടെ സഹോദരി മൂന്നു വയസ്സുകാരി ഫ്‌ലോറെന്‍സ് ഒരു വാഹന അപകടത്തില്‍ മരണപ്പെട്ടിരുന്നു. അത് ഹെനിന്റെ മാതാപിതാക്കളെ വല്ലാതെ തളര്‍ത്തിയിരുന്നു. ആ മരണത്തിന്റെ പ്രേതം അവളെ വല്ലാതെ പിന്തുടര്‍ന്നിരുന്നു എന്ന് പലപ്പോഴും ഹെനിന്‍ പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം അവളുടെ പ്രിയപ്പെട്ട മാതാവ് കാന്‍സര്‍ മൂലം മരണമടയുമ്പോള്‍ ഹെനിനു നഷ്ടമായത് പകുതി ജീവിതം ആണ്. രണ്ടു മരണങ്ങള്‍ പിതാവിലും മാറ്റങ്ങള്‍ ഉണ്ടാക്കി.

ആദ്യകാലത്തു ഹെനിന്റെ കോച്ച് അവളുടെ പിതാവായിരുന്നു.ബെല്‍ജിയും അസോസിയേഷന്‍ കാര്‍ലോസ് റോഡ്രിഗസിനെ കോച്ച് ആക്കിയതോടെ ഹെനിന്റെ പിതാവിനും കുടുംബത്തിനും അലോസരങ്ങള്‍ തുടങ്ങി. കാര്‍ലോസ് ഹെനിന്റെ കാരിയറില്‍ വഴികാട്ടിയാവുകയായിരുന്നു. തെറ്റായ രീതിയിലുള്ള പരിശീലനം തുറന്നു കാണിച്ച കാര്‍ലോസിന്റെ നടപടിയില്‍ അവളുടെ പിതാവും ഹെനിനും തമ്മില്‍ പിണങ്ങി. കൂടാതെ അവളുടെ ചെറുപ്പകാല സുഹൃത്തു ഹര്‍ദീനുമായുള്ള പ്രണയവും പിന്നീട് വിവാഹവും അവളുടെ കുടുംബത്തില്‍ നിന്നും അവളെ അകറ്റി. ഈ പ്രതിസന്ധിയില്‍ ഒരു രണ്ടാനച്ഛന്‍ പോലെ നിന്ന കാര്‍ലോസ് ഹീനിനെ വളര്‍ത്തിയെടുക്കുകയായിരുന്നു.  തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ ഹെനിന്‍ മികച്ച ഫോമില്‍ തുടര്‍ന്നു. പക്ഷെ രണ്ടു മരണങ്ങള്‍ കൂടെ അവളെ ദുഖിതയാക്കുന്നതു ലോകം അറിഞ്ഞില്ല. 

അവളുടെ ഗ്രാന്‍ഡ് ഫാദറിന്റെ മരണവും മറ്റൊരു കസിന്റെ പിഞ്ചു കുഞ്ഞിന്റെ വിയോഗവും. പ്രൊഫഷണല്‍ കാരിയറിലെ രണ്ടാം വര്‍ഷമാണ് അവളുടെ മുത്തച്ഛന്റെ മരണം അതും വിംബിള്‍ഡണ്‍  ഫൈനലിന് തൊട്ടു മുന്‍പ്.  കൂടാതെ വിവാഹ ബന്ധത്തിലെ പൊരുത്തക്കേടുകള്‍ പുറത്തു ചാടി തുടങ്ങി. നിരവധി തവണ ഹെനിന്‍ ടെന്നീസ്  അവസാനിപ്പിക്കാന്‍ തുനിഞ്ഞു. ഏതൊരു  ഇന്റര്‍വ്യൂകളിലും കുടുംബപരമായ ചോദ്യങ്ങള്‍ ഉയരുന്നത് ഹെനിനെ ചൊടിപ്പിച്ചിരുന്നു. പിതാവുമാണ് മറ്റു സഹോദരങ്ങളുമായും ഹെനിന്‍ യാതൊരു അടുപ്പവും കാണിച്ചിരുന്നില്ല. ഏതാണ്ട് ഒറ്റപ്പെട്ട ജീവിതം.

Justine Henin french queen of belgium

ഹെനിന്‍ പിന്നീടൊരിക്കല്‍ പറഞ്ഞു ഈ ജീവിതം അവളായി കെട്ടിപ്പടുത്തതാണ്. ജീവിതത്തില്‍ ആവിശ്യം വന്ന സമയത്തു ആരും അവളെ സഹായിച്ചിട്ടില്ല. ആരോടും സഹായം ചോദിച്ചിട്ടും ഇല്ല. ആ മനോഭാവം കളിക്കളത്തില്‍ കാണാമായിരുന്നു , സെറീനക്കെതിരെയുള്ള മത്സരത്തിലൊരിക്കല്‍ തന്റെ ഭാഗത്തെ ന്യായം അമ്പയറെ ബോധ്യപെടുത്താല്‍ അവള്‍ കഴിഞ്ഞില്ല  പക്ഷെ ഹെനിന്‍ അതെ നാണയത്തില്‍ തന്നെ തിരിച്ചടിക്കുന്നതാണ് പിന്നീട് കണ്ടത്. ഏതിരാളികളുടെ ദുര്‍ബലതയും അമ്പയര്‍ മാരുടെ പോരായ്മകളും അവള്‍ മുതലെടുത്തു. കിം ക്ലിസ്റ്റെര്‍സ് ചെറുപ്പത്തില്‍ ഹെനിന്റെ അടുത്ത സുഹൃത്തായിരുന്നു. എന്നാല്‍ കളിക്കളത്തിലെ തീക്ഷണത അവരെ അകറ്റി. ഹെനിന്‍ അതിലൊരിക്കലും കുറ്റ ബോധം കാണിച്ചില്ല.

ഹെനിന്‍ ഒരിക്കലും മീഡിയയുടെ പെറ്റ് ആയിരുന്നില്ല. ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ സംഭവം തന്നെ മീഡീയ ഹെനിനെതിരെ ശക്തമായി ഉപയോഗിച്ചു. കിമ്മിന് കിട്ടിയ പരിഗണനയുടെ ഒരംശം പോലും അവള്‍ക്കു ഒന്നാം നമ്പര്‍ ആയിരുന്നപ്പോഴും കിട്ടിയിരുന്നില്ല. അത് കൊണ്ട് തന്നെ പെട്ടന്നുള്ള വിടവാങ്ങല്‍ മീഡിയ കണ്ടതായി ഭാവിച്ചില്ല. ഹെനിന്‍ ഒരിക്കലും മീഡിയക്ക് വേണ്ടിയോ കാണികള്‍ക്കു വേണ്ടിയോ കളിച്ചിരുന്നില്ല. കളിയോടുള്ള സമീപനം തന്നെ അതിനു ഉത്തരം ആയിരുന്നു. നീണ്ട സ്‌പെല്ലുകള്‍ കളിക്കാനും അതെ സമയം എതിരാളികളോട് ഒരു ദാക്ഷിണ്യവും ഇല്ലാതെ പെടുന്നനെ മത്സരം അവസാനിപ്പിക്കാനും ഹെനിനു കഴിഞ്ഞിരുന്നു.

അഞ്ചടി അഞ്ചിഞ്ചു ഉയരത്തില്‍ നിന്നായിരുന്നു ഹെനിന്‍ ടെന്നീസ് ലോകം കീഴടക്കിയത് . അവള്‍ കളിച്ച ടെന്നീസ് അവളുടെ ഉയരത്തിനും മേലെ ആയിരുന്നു. അവള്‍ പോലും അറിയാതെ അവളുടെ കൂടെ കൂടിയ ദുര്യോഗങ്ങളോടായിരുന്നു കൂടുതലും അവള്‍ പൊരുതിയിരുന്നത്. ഒരിക്കല്‍ പിടിപെട്ട വൈറസ് ബാധയില്‍ അവള്‍ വല്ലാതെ വലഞ്ഞ  സമയം, ഏതാണ്ട് 14 മണിക്കൂര്‍ സമയമാണ് അവള്‍ ഉറങ്ങിയിരുന്നത്. ടെന്നീസ് ലോകം നഷ്ടപ്പെട്ട് എന്ന് കരുതി അവള്‍ വല്ലാതെ വിഷമത്തില്‍ പെട്ടു. പക്ഷെ അവളിലെ പോരാളി വീണ്ടു ലോകത്തിന്റെ ഒന്നാം നിരയില്‍ വിഷമിപ്പിച്ചിരുന്നത്  ഗ്രാസ് കോര്‍ട്ടിലെ കിരീടമില്ലായ്മ ആണ്. വിംബിള്‍ഡണ്‍ അവള്‍ക്കൊരു കീറാമുട്ടി ആയിരുന്നു.

ആദ്യ വിവാഹത്തില്‍ നിന്ന് മോചിതയായി ബെല്‍ജിയത്തിലെ ഒരു ഫോട്ടോഗ്രാഫറെ കല്യാണം കഴിച്ചു ഒരു കുട്ടിയുടെ മാതാവുമായി സുഖമായി ജീവിക്കുകയാണ് ഹെനിന്‍. സ്വന്തമായി ഒരു ടെന്നീസ് അക്കാദമിയും നടത്തുന്നുണ്ട് . ഹെനിന്‍  - ക്ലൈസ്റ്റേഴ്‌സ് കാലഘട്ടത്തിനു ശേഷം വേറൊരു ഒന്നാം നമ്പര്‍ ബെല്‍ജിയത്തില്‍ നിന്ന് ഇതുവരെ വന്നിട്ടില്ല. 

Follow Us:
Download App:
  • android
  • ios