വലത് മുഷ്ടി ചുരുട്ടി വിറപ്പിച്ച് ഉത്തപ്പയുടെ മറക്കാനാവാത്ത ഒരു സെലിബ്രേഷനുണ്ട്; ജിതേഷ് മംഗലത്ത് എഴുതുന്നു
ഓർമ്മയിലൊരു റോബിൻ ഉത്തപ്പയുണ്ട്...2007ലെ ഒരിംഗ്ലീഷ് സമ്മർ...; ക്രിക്കറ്റ് പ്രേമികളെ രോമാഞ്ചം കൊള്ളിക്കുന്ന കുറിപ്പുമായി ജിതേഷ് മംഗലത്ത്
പ്രതീക്ഷകൾക്കൊത്തുയരാൻ അയാൾക്കായില്ലെന്ന് അംഗീകരിക്കുമ്പോൾ പോലും ആ വാക്കിംഗ് ഫ്രം ദ ക്രീസ് മൂവ്മെന്റുകളും ബ്രൂട്ടൽ ഹിറ്റുകളും കൊഴിഞ്ഞു പോയ ഒരു വസന്തകാലത്തിന്റെ സ്മൃതികളിൽ മനസ്സിനെയെത്തിക്കാറുണ്ടെന്ന് പറയാതെ വയ്യ- വിരമിച്ച ഇന്ത്യന്‍ ക്രിക്കറ്റര്‍ റോബിന്‍ ഉത്തപ്പയെ കുറിച്ച് ജിതേഷ് മംഗലത്ത് എഴുതുന്നു
ഓർമ്മയിലൊരു റോബിൻ ഉത്തപ്പയുണ്ട്...2007ലെ ഒരിംഗ്ലീഷ് സമ്മർ. 317 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ സച്ചിൻ-സൗരവ് സഖ്യത്തിന്റെ വിസ്ഫോടനാത്മകമായ ഓപ്പണിംഗിനു ശേഷം മധ്യഓവറുകളിൽ തകർന്നു വീഴുന്നു. നാൽപ്പത്തിയൊന്നാം ഓവറിൽ ഗൗതം ഗംഭീർ, മോണ്ടി പനേസറിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ ഇന്ത്യയ്ക്ക് 58 പന്തിൽ നിന്ന് 83 റൺസ് വേണമായിരുന്നു. പ്രതീക്ഷകൾ മുഴുവൻ എം എസ് ധോണിയിലേക്ക് ചുരുങ്ങിയിരിക്കുമ്പോഴാണ് ആ ചുരുണ്ട ചെമ്പൻ മുടിക്കാരൻ ബാറ്റുമായി ക്രീസിലെത്തുന്നത്. അടുത്ത 45 പന്തിൽ നിന്ന് ഉത്തപ്പ-ധോണി കൂട്ടുകെട്ട് 60 റൺസ് വാരിക്കൂട്ടുമ്പോൾ അതിൽ പ്രധാന സംഭാവന ഉത്തപ്പയുടേതായിരുന്നു. ബ്രോഡിന്റെ പന്തിൽ ധോണി ക്ലീൻബൗൾഡാകുമ്പോൾ ഇന്ത്യൻ വിജയം 12 പന്തിൽ നിന്നും 23 റൺസകലെയായിരുന്നു.വാലറ്റത്തെ കൂട്ടുപിടിച്ച് അവസാന ഓവറിലെത്തുമ്പോൾ 6 പന്തിൽ നിന്ന് 10 റൺസും. ഓവറിലെ രണ്ടാം പന്തിൽ സഹീർ ഖാൻ നിർഭാഗ്യകരമായ രീതിയിൽ റൺ ഔട്ടാകുമ്പോഴും 8 റൺസ് വേണമായിരുന്നു. റോബിൻ ഉത്തപ്പ എന്ന ബാറ്റർ എത്രത്തോളം അൺകൺവെൻഷണലാണ് എന്ന് ക്രിക്കറ്റ് ലോകം തിരിച്ചറിയുന്നത് അടുത്ത പന്തിലാണ്. ഓഫ് സ്റ്റമ്പ് ലൈനിൽ വന്ന ബ്രോഡിന്റെ ഫുൾ ലെംഗ്ത് ഡെലിവറിക്കെതിരെ അയാൾ പ്രയോഗിക്കുന്നത് എക്രോസ് ദ സ്റ്റമ്പ്സ് ഷഫിൾ ചെയ്തുകൊണ്ടുള്ള ഒരു സ്കൂപ്പാണ്; ബൗളറുടെ പേസ് ഉപയോഗപ്പെടുത്തി ഷോർട്ട് ഫൈൻ ലെഗ്ഗിനു മുകളിൽ കൂടി ഒരു സ്കൂപ്പ്! 3 പന്തിൽ നിന്നും 4 റൺസ്! ബ്രോഡിന്റെ വേഗതയെ തരിമ്പും കൂസാതെ ക്രീസിൽ നിന്നും നടന്നുകയറി ടിപ്പിക്കൽ ഉത്തപ്പ ശൈലിയിൽ മിഡ് ഓഫിന് ഒരവസരവും നൽകാതെ കണ്ണഞ്ചിപ്പിക്കുന്ന ഒരു സ്ലാഷർ!! അതു കഴിഞ്ഞ് വലതു മുഷ്ടി ചുരുട്ടി വിറപ്പിച്ച് ഉത്തപ്പയുടെ മറക്കാനാവാത്ത ഒരു സെലിബ്രേഷനുണ്ട്. എത്രയോ തവണ രോമാഞ്ചമണിഞ്ഞിട്ടുണ്ട് ആ നിമിഷങ്ങളിലൂടെ സഞ്ചരിക്കുമ്പോഴൊക്കെയും.
വിരാട് കോലിയും രോഹിത് ശർമ്മയും ചിത്രത്തിൽ വരുന്നതിനു മുമ്പ് 2006-08 കാലയളവിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ നെക്സ്റ്റ് ജെൻ ഫെയ്സുകൾക്കൊന്നിന് അയാളുടെ ഛായയാവുമെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു. ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ പരമ്പരാഗത സങ്കല്പങ്ങളെ ഉടച്ചു വാർക്കുന്നതിൽ ധോണിക്കൊപ്പം അയാളും ഒരു പങ്കു വഹിക്കുന്നുണ്ടായിരുന്നു. ബൗളറുടെ പേസിനെ തൃണവൽഗണിച്ചു കൊണ്ട് മിച്ചൽ ജോൺസണേയും, ബ്രെറ്റ് ലീയേയും പോലുള്ള പ്രീമിയം ബൗളർമാരെ ക്രീസിനു പുറത്തേക്ക് നടന്നു വന്ന് പ്രഹരിക്കുന്നതിൽ ഉത്തപ്പ അത്യധികമായ ആനന്ദമനുഭവിക്കുന്നുണ്ടെന്ന് തോന്നിയിരുന്നു. മാത്രകൾ കൊണ്ട് ഇന്നിംഗ്സിന്റെ കോംപ്ലക്ഷനേ മാറ്റാനുള്ള അയാളുടെ കഴിവ് അവിശ്വസനീയമായിരുന്നു. 2007ലെ ടി ട്വന്റി ലോകകപ്പ് സെമി അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഒരറ്റത്ത് യുവരാജ് ഒരിന്ത്യൻ ക്രിക്കറ്ററുടെ ഏറ്റവും മികച്ച ടി ട്വന്റി ഇന്നിംഗ്സ് കളിക്കുമ്പോൾ സെക്കൻഡ് ഫിഡിൽ വായിക്കാൻ ഉത്തപ്പക്കൊരു മടിയുമുണ്ടായിരുന്നില്ല. പിന്നീട് ടീം ടോട്ടൽ സുരക്ഷിതതീരമണയുമെന്നുറപ്പു വരുമ്പോൾ അയാൾ ഗിയർ ഷിഫ്റ്റ് ചെയ്യുന്ന ശൈലി അനുപമമാണ്. മിച്ചൽ ജോൺസണെ സ്റ്റെപ്പ് ഔട്ട് ചെയ്ത് ലോംഗ് ഓഫിനു മുകളിലൂടെ ഒരു ഒഡോഷ്യസ് സ്ലോട്ടർ. അഭിമാനം വ്രണപ്പെട്ട ജോൺസൺ എറൗണ്ട് ദി സ്റ്റമ്പ്സ് വന്ന് ഓഫ് സ്റ്റമ്പിനു പുറത്ത് ഒരു ബൗൺസർ എറിയുന്നു! അതു പ്രതീക്ഷിച്ചെന്നോണം ഉത്തപ്പ നിർദ്ദാക്ഷിണ്യം ആ ഡെലിവറിയെ മിഡ് വിക്കറ്റിനു മുകളിലൂടെ പുൾ ചെയ്യുന്നു. അതൊരു സ്റ്റേറ്റ്മെന്റായിരുന്നു; ഓസീസ് ബ്രീഡ് ഓഫ് ക്രിക്കറ്റിനെ ഇനി മേലിൽ ഇന്ത്യൻ ടീം ഭയക്കാൻ പോകുന്നില്ലെന്ന ഫെറോഷ്യസ് സ്റ്റേറ്റ്മെന്റ്!
പക്ഷേ 2011 മുതൽ റോബിൻ ഉത്തപ്പയുടെ കരിയർ ക്രമാനുഗതവും വിശ്വസിക്കാനാവാത്തതുമായ ഒരു വേലിയിറക്കത്തിന് സാക്ഷ്യം വഹിച്ചു തുടങ്ങി. വ്യക്തിപരമായിപ്പോലും അയാൾ തകർന്നടിഞ്ഞു. ഉത്തപ്പയുടെ തന്നെ വാക്കുകളിൽ ഇരുപത്തിയഞ്ചാം വയസ്സിൽ അയാൾ ഒരു നാൽപ്പതുകാരനെപ്പോലെ അനുഭവപ്പെട്ടു. അത്യസാധാരണമായ ഒരു ആത്മഹത്യാപ്രവണത അയാളിൽ നാമ്പെടുത്തു. സ്വന്തം മാതാപിതാക്കളുടെ പരാജിതദാമ്പത്യം അയാളെ കൂടുതൽ ഉൾവലിവുകളിലേക്കു നയിച്ചു. ഉത്തപ്പ ക്രിക്കറ്റിനെത്തന്നെ വെറുത്തുതുടങ്ങി. അവിടെ നിന്ന് ശീതൾ ഗൗതം എന്ന സുഹൃത്താണ് ഒരു പൂർണ്ണതകർച്ചയിൽ നിന്ന് ഉത്തപ്പയെ രക്ഷിച്ചെടുക്കുന്നത്. സന്തോഷത്തിനു വേണ്ടി മാത്രം ഗെയിം കളിക്കുക എന്നൊരുപദേശമാണ് ശീതൾ ഉത്തപ്പയ്ക്കു നൽകിയത്. വേദിയേതെന്നു പരിഗണിക്കാതെ കിട്ടുന്ന അവസരങ്ങളിലൊക്കെയും സ്വയം പ്രകാശനത്തിന് അയാൾ ശ്രമിച്ചു. അത്തരമേതോ വേദിയിലാണ് അയാൾ പ്രവീൺ ആംറെയെ കണ്ടുമുട്ടുന്നത്. ഉത്തപ്പയുടെ ബാറ്റിംഗ് ശൈലിയിൽ സമഗ്രമായ ഒരഴിച്ചുപണിക്കൊന്നും നിൽക്കാതെ ട്രിഗർ മൂവ്മെന്റിൽ മാത്രം മാറ്റങ്ങൾ വരുത്താനാണ് ആംറേ ശ്രമിച്ചത്. ഫലം അതിശയിപ്പിക്കുന്നതായിരുന്നു. എൽബിഡബ്ല്യുകൾ സ്ഥിരം കാഴ്ചയായിരുന്ന ഉത്തപ്പ ഇന്നിംഗ്സുകളുടെ ലോംഗിറ്റിവിറ്റി പ്രകടമായിത്തന്നെ വർദ്ധിക്കാൻ തുടങ്ങി. 2014 ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പ് അതിന്റെ പ്രതിഫലനമായിരുന്നു. പക്ഷേ അപ്പോഴേക്കും ഇന്ത്യൻ ക്രിക്കറ്റ് അന്താരാഷ്ട്രവേദികളിൽ ഒരു ടോട്ടൽ റിവാമ്പിന് വിധേയമായിക്കഴിഞ്ഞിരുന്നു. അത്തരമൊരു സിസ്റ്റത്തിൽ ഉത്തപ്പയെപ്പോലൊരു വെറ്ററന് സാധ്യതകൾ കുറവുമായിരുന്നു.
റോബിൻ ഉത്തപ്പ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും പാഡഴിക്കുകയാണ്. പ്രതീക്ഷകൾക്കൊത്തുയരാൻ അയാൾക്കായില്ലെന്ന് അംഗീകരിക്കുമ്പോൾ പോലും ആ വാക്കിംഗ് ഫ്രം ദ ക്രീസ് മൂവ്മെന്റുകളും ബ്രൂട്ടൽ ഹിറ്റുകളും കൊഴിഞ്ഞുപോയ ഒരു വസന്തകാലത്തിന്റെ സ്മൃതികളിൽ മനസ്സിനെയെത്തിക്കാറുണ്ടെന്ന് പറയാതെ വയ്യ. താങ്ക് യൂ റോബിൻ ഉത്തപ്പ; താങ്ക് യൂ ഫോർ ദി എന്റർടെയിൻമെന്റ് ഓൺ എ ബ്രീസി കൂൾ നൈറ്റ് അറ്റ് കിംഗ്സ്മീഡ്.
റോബിന്‍ ഉത്തപ്പ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു