ഗാംഗുലിയെ വെട്ടിയൊതുക്കി ജയ് ഷാ; ദാദാ ബിസിസിഐയിൽ നിന്ന് പുറത്തേക്ക്
പ്രസിഡന്‍റ് പദവിയിൽ ഗാംഗുലി പരാജയമാണെന്നായിരുന്നു യോഗത്തിന്‍റെ വിലയിരുത്തൽ. എന്നാൽ പ്രസിഡന്‍റ് സ്ഥാനത്ത് ഒരിക്കൽ കൂടി മത്സരിക്കാനാഗ്രഹം പ്രകടിപ്പിച്ച ഗാംഗുലിക്ക് മുന്നിൽ ഐപിഎൽ ചെയർമാൻ പദവി വച്ചുനീട്ടിയെങ്കിലും തരംതാഴ്ത്തലെന്ന് ബോധ്യമായതോടെ ഗാംഗുലി പിന്മാറി.
മുംബൈ: ബി സി സി ഐ അധ്യക്ഷ പദവിയിൽ രണ്ടാം അവസരമില്ലാതെ സൗരവ് ഗാംഗുലിയുടെ ദയനീയ പടിയിറക്കം. ഈ മാസം 18നാണ് ബി സി സി ഐയുടെ നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കുക. ബി സി സി ഐ അധ്യക്ഷ സ്ഥാനത്ത് രണ്ടാമതൊരു അവസരം കൂടി സൗരവ് ഗാംഗുലി ആഗ്രഹിച്ചെങ്കിലും നൽകാനാകില്ലെന്ന നിലപാടിലാണ് സെക്രട്ടറി ജയ് ഷായും സംഘവും സ്വീകരിച്ചത്. ഒരു പ്രമുഖ കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തിൽ കഴിഞ്ഞയാഴ്ച ദില്ലിയിൽ നടന്ന ചർച്ചയിൽ രൂക്ഷവിമർശനമാണ് സൗരവ് ഗാംഗുലി നേരിട്ടത്.
ബി സി സി ഐ പ്രസിഡന്‍റ് പദവിയിൽ സൗരവ് ഗാംഗുലി പരാജയമാണെന്നായിരുന്നു യോഗത്തിന്‍റെ വിലയിരുത്തൽ. എന്നാൽ പ്രസിഡന്‍റ് സ്ഥാനത്ത് ഒരിക്കൽ കൂടി മത്സരിക്കാനാഗ്രഹം പ്രകടിപ്പിച്ച ഗാംഗുലിക്ക് മുന്നിൽ ഐപിഎൽ ചെയർമാൻ പദവി വച്ചുനീട്ടിയെങ്കിലും തരംതാഴ്ത്തലെന്ന് ബോധ്യമായതോടെ ഗാംഗുലി പിന്മാറി.
ബിസിസിഐ പ്രസിഡന്‍റ്, ഗാംഗുലി പുറത്തേക്ക്; റോജര്‍ ബിന്നി പുതിയ പ്രസിഡന്‍റാകും
ഐസിസി ചെയർമാൻ പദവിയിലേക്കും ഗാംഗുലിയെ പരിഗണിക്കില്ലെന്ന കൃത്യമായ സൂചനയാണ് ജയ് ഷാ നൽകുന്നത്. 2019ൽ ബ്രിജേഷ് പട്ടേലിനെ മറികടന്ന് അവസാന നിമിഷം നാടകീയമായി ബിസിസിഐ തലപ്പത്തെത്തിയ ഗാംഗുലി വൈകാതെ ജയ് ഷായുടെ നിഴലിലൊതുങ്ങുന്നതാണ് പിന്നീട് കണ്ടത്. സെലക്ഷൻ കമ്മിറ്റി യോഗത്തിൽ ചട്ടവിരുദ്ധമായി പങ്കെടുത്തതും ഇന്ത്യന്‍ നായകനായിരുന്ന വിരാട് കോലിക്കെതിരെ പരസ്യനിലപാട് സ്വീകരിച്ചതും ഗാംഗുലിയെ വിവാദത്തിലാക്കി.
പേസര്‍ മുഹമ്മദ് ഷമിക്കെതിരെ സൈബർ ആക്രമണമുണ്ടായപ്പോള്‍ നിശബ്ദനായതും ബിജെപി താൽപര്യത്തിനനുസരിച്ച് പ്രതികരണങ്ങൾ നടത്തിയതും ഇന്ത്യന്‍ ക്രിക്കറ്റിലെ ദാദയായിരുന്ന ഗാംഗുലിക്ക് ദുർബലനായ പ്രസിഡന്‍റെന്ന പ്രതിച്ഛായ നൽകി. ഇന്ത്യൻ നായകപദവിയിൽ അതിശക്തനായ ഗാംഗുലിയുടെ നിഴൽമാത്രമാണ് ബിസിസിഐയിൽ കണ്ടത്. ബിസിസിഐയിൽ നിന്ന് പ്രതീക്ഷിച്ചതിലും നേരത്തെ പടിയിറങ്ങുമ്പോൾ ബംഗാൾ രാഷ്‍ട്രീയത്തിന്‍റെ പിച്ചിൽ ഗാംഗുലിക്ക് ഇനി ഒരു ഇന്നിങ്സിന് അവസരം ലഭിക്കുമെന്നതും സംശയമാണ്.