വൈറല്‍ കമന്‍ററികള്‍ക്ക് പിന്നിലെ വരികള്‍ പിറന്ന കഥ; മനസുതുറന്ന് ഷൈജു ദാമോദരന്‍- അഭിമുഖം

ഐഎസ്എല്‍ ഏഴാം സീസണിന് കിക്കോഫാകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ കമന്‍ററി ബോക്‌സിലെ കഥകളുടെ കെട്ടഴിച്ച് പ്രശസ്‌ത കമന്‍റേറ്റര്‍ ഷൈജു ദാമോദരന്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് വേണ്ടി വിപിന്‍ പാണപ്പുഴ തയ്യാറാക്കിയ അഭിമുഖം. 

 

isl 2020 21 Shaiju Damodaran reveals secrets in commentary box
Author
Kochi, First Published Nov 19, 2020, 6:00 PM IST

ഐഎസ്എല്‍ സീസണ്‍ വീണ്ടും ആരംഭിക്കുന്നു, ഗോവയിലെ വേദിയില്‍ ഇന്ത്യന്‍ ഫുട്ബോളിന്‍റെ കളിലഹരി ഉയരുമ്പോള്‍ മലയാളിയുടെ സ്വീകരണ മുറിയിലേക്ക് ഏഷ്യാനെറ്റ് പ്ലസിലൂടെ അത് കാഴ്ചയാകും, വൈകുന്നേരം 7.30ന് കാല്‍പ്പന്തിന്‍റെ താളത്തിനൊത്ത് തല്‍സമയ വിവരണങ്ങളുമായി ഷൈജു ദാമോദരന്‍ എന്ന കമന്‍റേറ്ററുമുണ്ടാകും. ആറ് സീസണുകളിലായി അനേകം മത്സരങ്ങളുടെ കാഴ്ചയ്ക്കൊപ്പം മലയാളി ആസ്വദിച്ചത് ഇദ്ദേഹത്തിന്‍റെ ശബ്ദത്തിലാണ്. ഐഎസ്എല്‍ പ്രക്ഷേപണം ചെയ്യുന്ന എല്ലാ ഭാഷകള്‍ എടുത്താലും ഏറ്റവും കൂടുതല്‍ കളിപറഞ്ഞുവെന്ന റെക്കോഡ് ഷൈജുവിന് തന്നെ, പുതിയ സീസണ്‍ ആരംഭിക്കുമ്പോള്‍ ഷൈജു മനസ് തുറക്കുന്നു. വിപിന്‍ പാണപ്പുഴ തയ്യാറാക്കിയ അഭിമുഖം. 

കളിപറച്ചിലിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍...

മാധ്യമപ്രവര്‍ത്തന രംഗത്ത് നിന്നും കളിപറച്ചിലിന്‍റെ പുതിയ മേഖല തേടിയെത്തുമ്പോള്‍ എത്രത്തോളം വ്യത്യസ്തത കൊണ്ടുവരാം എന്നതാണ് ശ്രദ്ധിച്ചത്, ചെറുപ്പത്തില്‍ പാടത്തോ പറമ്പത്തോ ക്രിക്കറ്റ് കളിക്കുമ്പോള്‍ അസാധ്യമായ ഒരു ഷോട്ടില്‍ ബോള്‍ പറപറക്കുമ്പോള്‍ അവിടെ കൂടിയ ചെറുഗ്യാലറിയില്‍ ഇരിക്കുന്ന ഏതെങ്കിലും വിരുതന്‍ ചെറിയ കമന്‍റിടും 'പൊടിപോലും ഇല്ല കണ്ടുപിടിക്കാന്‍', ഒരു നിമിഷ നേരത്തെ തമാശയാണെങ്കിലും ചിലപ്പോള്‍ അത് ഒരു നിമിഷത്തേക്ക് മനസില്‍ ഉടക്കും, ഇത്തരം പോപ്പുലര്‍ രീതിയാണ് പലപ്പോഴും കമന്‍ററിയില്‍ കൊണ്ടുവരാന്‍ സാധിച്ചത്.

isl 2020 21 Shaiju Damodaran reveals secrets in commentary box

അത് വിജയകരമാണെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. പല പ്രയോഗങ്ങളും ഇന്നും പൊതുവില്‍ മലയാളിയുടെ പ്രയോഗമായി മാറിയിട്ടുണ്ടെന്നതാണ് സത്യം...'നിങ്ങളിത് കാണുക', 'അടയാളപ്പെടുത്തുക കാലമേ ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം'...ഇങ്ങനെ അനവധി പ്രയോഗങ്ങള്‍ മലയാളി തന്നെ പലപ്പോഴും സാധാരണ സംഭാഷണത്തില്‍ പോലും ഉപയോഗിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. ഇത് കമന്‍ററിയുടെയും, കമന്‍റേറ്ററുടെയും വിജയമാണ് എന്നാണ് തോന്നുന്നത്. 'ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം' എന്നത് സുഭാഷ് ചന്ദ്രന്‍റെ കൃതിയുടെ പേരാണ്, ഞാന്‍ പിന്നീട് സുഭാഷിനോട് തന്നെ തമാശയായി പറഞ്ഞിട്ടുണ്ട് ചിലപ്പോള്‍ ആ പ്രയോഗം ഞാന്‍ പ്രയോഗിച്ചതായി കരുതുന്നവര്‍ കുറേയുണ്ടാകുമെന്ന്.

isl 2020 21 Shaiju Damodaran reveals secrets in commentary box

ഇത്തരം രീതി അവംലംബിച്ച് ഒരു ശൈലി ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. മലയാളം കമന്‍ററി എന്നത് കേട്ടാല്‍ ചാനല്‍ മാറ്റുന്ന രീതിയില്‍ നിന്നും മലയാളം കമന്‍ററി വച്ച് കളികാണുന്ന ശൈലിയിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് സീസണുകളുടെ ഐഎസ്എല്‍ സംബന്ധിച്ച സര്‍വേകളില്‍ കേരളത്തിലെ ഐഎസ്എല്‍ കാണികളില്‍ 60 ശതമാനത്തോളം സ്കൂളില്‍ പോകുന്ന കുട്ടികളും, വീട്ടമ്മമാരും ആണെന്നാണ് പറയുന്നത്. പുതിയ കളി രീതികളും, സ്‌പോര്‍ട്സ് ആരാധക വൃന്ദത്തെയും സൃഷ്ടിക്കാന്‍ ഇതുവഴി സാധിക്കുന്നുണ്ടല്ലോ.

കമന്‍ററിയിലെ മറക്കാനാവാത്ത അനുഭവം...

പലപ്രയോഗങ്ങളും, കമന്‍ററിക്ക് ഇടയില്‍ പറയുന്ന കാര്യങ്ങളും വളരെ വൈറലായിട്ടുണ്ട്. അതില്‍ മറക്കാന്‍ സാധിക്കാത്ത അനുഭവം മുരുകന്‍ കാട്ടക്കടയുടെ ചില വരികള്‍ ഉപയോഗപ്പെടുത്തിയതാണ്. ഏതാണ്ട് മൂന്ന് വര്‍ഷം മുന്‍പ് ഒരു പാര്‍ട്ടി പരിപാടിക്കായി കവി മുരുകന്‍ കാട്ടക്കട എഴുതിയ വരികളുണ്ടായിരുന്നു. "നൂറു നൂറു പൂക്കളെ ചവച്ചരച്ച കാലമേ ഒരിക്കലും മരിക്കുകില്ല ഈ ചുവന്നപ്പൂവ്, എന്നായിരുന്നു ആ വരികള്‍, അന്ന് ഡല്‍ഹി ഡൈനാമോസുമായി കേരള ബ്ലാസ്റ്റേഴ്‌സ് മത്സരിക്കുന്ന ദിവസമാണ്, മത്സരത്തിനായി ഞാന്‍ ഇറങ്ങുന്ന സമയത്താണ് ഭാര്യ എന്നെ വിളിച്ച് ഈ വരികള്‍ പറഞ്ഞ് നല്‍കുന്നത്. കമന്‍ററിക്ക് ആവശ്യമായ റിസര്‍ച്ചില്‍ കുടുംബം മുഴുവന്‍ പങ്കെടുക്കാറുണ്ട്, നിങ്ങള്‍ക്ക് പറ്റിയ വരിയുണ്ട് എന്നാണ് അവള്‍ പറഞ്ഞത്.

isl 2020 21 Shaiju Damodaran reveals secrets in commentary box

അതിന് ശേഷം ആ മത്സരത്തില്‍ 2-1 ന് കേരള ബ്ലാസ്റ്റേഴ്‌സ് ജയിച്ചു. അപ്പോള്‍ തന്നെ ഞാന്‍ കമന്‍ററി ബോക്സിലിരുന്നു ആ വരികള്‍ ഇങ്ങനെ പാടി "നൂറു നൂറു പൂക്കളെ ചവച്ചരച്ച കാലമേ ഒരിക്കലും മരിക്കുകില്ല ഈ മഞ്ഞപ്പൂവ്, ഇത് പിന്നീട് വൈറലായി. പലപ്പോഴും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്റ്റാറ്റസും മറ്റുമായി ഇത് കണ്ടിട്ടുണ്ട്. ഏത് വേദിയില്‍ പോയാലും ഏതെങ്കിലും ആരാധകന്‍ "നൂറു നൂറു പൂക്കളെ' ഒന്നുകൂടി പറയാമോ എന്ന് ആവശ്യപ്പെടാറുണ്ട്. എനിക്ക് ഇന്നും അറിയില്ല, മുരുകന്‍ കാട്ടക്കടയ്ക്ക് അറിയുമോ തന്‍റെ ഒരു കവിത ശകലം ഇത്തരത്തില്‍ പ്രശസ്തമായി എന്നത്, ചിലപ്പോള്‍ അദ്ദേഹം അറിഞ്ഞിരിക്കാം.

ബ്ലാസ്റ്റേഴ്‌സിന്‍റെ ഇത്തവണത്തെ സാധ്യതകള്‍

isl 2020 21 Shaiju Damodaran reveals secrets in commentary box

കമന്‍റേറ്റര്‍ ആണെങ്കിലും ഏതൊരു മലയാളിയെപ്പോലെയും ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധകനാണ്. ഞാന്‍ കമന്‍ററി പറയുമ്പോഴും ബ്ലാസ്റ്റേഴ്‌സ് ജയിക്കണം കപ്പെടുക്കണം എന്ന ആഗ്രഹം തന്നെയാണ് ഉള്ളത്. ഇത്തവണത്തെ സാധ്യത എന്ന് ചോദിക്കുമ്പോള്‍ തന്നെ മോശമായി നമ്മുടെ ഇഷ്ട ടീം കളിക്കണം എന്ന് പറയാന്‍ സാധിക്കില്ലല്ലോ. ബ്ലാസ്റ്റഴ്‌സിന്‍റെ പലകളിക്കാരുടെയും കളി നാം ആദ്യമായി കാണാന്‍ പോവുകയാണ്, അതിനാല്‍ തന്നെ ഇപ്പോള്‍ സാധ്യതകള്‍ വിലയിരുത്തുന്നത് വലിയ അര്‍ത്ഥമില്ലാത്ത കാര്യമാണ്. 25 ഓളം കളിക്കാര്‍ അടങ്ങുന്ന സംഘത്തിലെ ഓരോ കളിക്കാരനും ഒരോ കഴിവുണ്ടാകും, അത് കടലാസിലെ അറിവാണ് അത് വച്ച് ഒരു ഉത്തരത്തില്‍ എത്താന്‍ സാധിക്കില്ല. ലീഗ് പുരോഗമിക്കുമ്പോള്‍ മാത്രമാണ് അത് വിലയിരുത്താന്‍ സാധിക്കുക. ടീമിന്‍റെ അവസ്ഥയില്‍ എത്രത്തോളം ഒരോ താരവും തന്‍റെ മികവ് പുറത്തെടുക്കുന്നു എന്നത് തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ഭാവി തീരുമാനിക്കുന്നത്. അത് അറിയാന്‍ ഏതൊരു മലയാളിയെപ്പോലെ ഞാനും കാത്തിരിക്കുന്നു.

ഇത്തവണ ഐഎസ്എല്ലിലെ 'എല്‍ക്ലാസിക്കോ'

ഫിഫ റാങ്കിംഗില്‍ ചിലപ്പോള്‍ ഇന്ത്യ 100 ല്‍ താഴെ സ്ഥാനത്തായിരിക്കാം, എന്നാല്‍ ലോകത്തിലെ ഏത് ഫുട്ബോള്‍ പണ്ഡിതരോട് ചോദിച്ചാലും ലോകത്തിലെ പത്ത് ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ എടുത്താല്‍ അതില്‍ ഒന്ന് മോഹന്‍ ബഗാന്‍- ഈസ്റ്റ്ബംഗാള്‍ പോരാട്ടമായിരിക്കും. ഐഎസ്എല്ലില്‍ ഈ കാഴ്ച കാണാന്‍ പറ്റുന്നു എന്നത് തന്നെയാണ് ഈ ഐഎസ്എല്ലിന്‍റെ പ്ലസ് പോയിന്‍റ്. 130 വര്‍ഷം പഴക്കമുള്ള മോഹന്‍ ബഗാനും, 100 വര്‍ഷം പഴക്കമുള്ള ഈസ്റ്റ്ബംഗാളും ഏറ്റുമുട്ടുന്ന മത്സരത്തിന്‍റെ കമന്‍ററി പറയുക എന്നത് തന്നെ ഒരു ത്രില്ല് ആയിരിക്കും. ശരിക്കും ഈ ഐഎസ്എല്ലിലെ 'എല്‍ക്ലാസിക്കോ' പോരാട്ടങ്ങള്‍ ശരിക്കും പുതുമയും, പുതിയ ഫുട്ബോളും ഇന്ത്യയ്ക്ക് സമ്മാനിച്ച ഐഎസ്എല്ലിന് പാരമ്പര്യവും നല്‍കുമെന്ന് പറയാം.

isl 2020 21 Shaiju Damodaran reveals secrets in commentary box

ഗോവയിലെ കളി...

ഐപിഎല്‍ ക്രിക്കറ്റ് ദുബായിയില്‍ നടക്കുമ്പോള്‍ കേട്ട ഒരു വാദമാണ്, ഹോം ഗ്രൗണ്ടുകളില്‍ കളിയില്ലാത്തത് ടീമുകളുടെ പ്രകടനത്തെ ബാധിച്ചുവെന്ന് ഐഎസ്‌എല്‍ മത്സരങ്ങള്‍ ഗോവയില്‍ നടക്കുമ്പോഴും ഇത്തരം വാദങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമായും മനസിലാക്കേണ്ടത് ക്രിക്കറ്റല്ല ഫുട്ബോള്‍ എന്നത് തന്നെയാണ്. ഏത് പ്രതലത്തിലും ഏത് ടീമിനും കളിക്കാന്‍ സാധിക്കും. പിന്നെ ഇതില്‍ കുറയുന്ന ഒരു കാര്യം കാണികളാണ്. കൊച്ചിയില്‍ കളികള്‍ക്ക് മുന്നില്‍ കളിക്കുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഒരു മുന്‍‍തൂക്കം ലഭിച്ചേക്കും. ഇതേ മുന്‍തൂക്കം കൊല്‍ക്കത്തന്‍ ടീമിന് കൊല്‍ക്കത്തയില്‍ കളിക്കുമ്പോള്‍ ലഭിക്കും. എന്നാല്‍ ഇവിടെ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കാണികളെ ഇല്ല എന്ന അവസ്ഥയിലാണ്. അതായത് ഗ്യാലറി സപ്പോര്‍ട്ട് എന്ന മുന്‍തൂക്കം ഒരു ടീമിനും ലഭിക്കുന്നില്ല എന്നതാണ് സത്യം.

ഐഎസ്എല്‍ ഇന്ത്യന്‍ ഫുട്ബോളിന് എന്ത് തന്നു...

isl 2020 21 Shaiju Damodaran reveals secrets in commentary box

ഏഴുവര്‍ഷം കഴിയുമ്പോള്‍ പ്രസക്തമായ ഈ ചോദ്യത്തിന്‍റെ ഉത്തരം വ്യക്തമാണ്, അനങ്ങാപ്പറയായി കിടന്ന ഇന്ത്യന്‍ ഫുട്ബോളിന് ചെറിയ അനക്കങ്ങള്‍ വയ്പ്പിക്കാന്‍ ഐഎസ്എല്ലിന് സാധിച്ചിട്ടുണ്ട്. അത് കളിമികവിലും, ടാലന്‍റിന്‍റെ കാര്യത്തിലും. ഒരു പ്രതിഭയായ ഫുട്ബോള്‍ കളിക്കാരന്‍ വിവിധ ഘട്ടങ്ങള്‍ കളിച്ച് ദേശീയ ടീമില്‍ എത്തിപ്പെടാനുള്ള സമയം കുറഞ്ഞിട്ടുണ്ട്. അതായത് അത് ഇന്ത്യന്‍ ഫുട്ബോളിന് വേഗത്തില്‍ പ്രതിഭകളെ കണ്ടെത്താന്‍ വഴി ഒരുക്കുന്നു. സന്ദേശ് ജിങ്കാനെ എടുക്കുക... ഏഴുവര്‍ഷം മുന്‍പ് എത്രപേര്‍ക്ക് അദ്ദേഹത്തെ അറിയാമായിരുന്നു, എന്നാല്‍ ഈ താരം ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്‍റെ നെടുനായകത്വം വഹിക്കുകയാണ്. അത് പോലെ തന്നെ കേരള താരമായ സഹല്‍ അബ്ദുള്‍ സമദ്, വെറും 15 വയസില്‍ ഫുട്ബോളിലേക്ക് വന്ന ഈ താരം ഇന്ത്യന്‍ കോച്ചിന്‍റെ അഭിപ്രായത്തില്‍ കണ്ണുംപൂട്ടി സെന്‍റര്‍ മിഡ്ഫീല്‍ഡില്‍ വിന്യസിക്കാവുന്ന താരമാണ്. അതായത് ഐഎസ്എല്‍ വന്നതിനാല്‍ ഒറ്റയടിക്ക് ഒരു മാറ്റമല്ല, ക്രമനുഗതമായ മാറ്റം ഇന്ത്യന്‍ ഫുട്ബോളില്‍ സംഭവിക്കുന്നുണ്ട്. 

(ചിത്രങ്ങള്‍ക്ക് കടപ്പാട്)

Follow Us:
Download App:
  • android
  • ios