Virat Kohli: വിരാട് കോലിക്ക് എന്ത് പറ്റി! തൽക്കാലത്തേക്ക് ക്രിക്കറ്റിൽനിന്ന് മാറിനിൽക്കണോ?
ഫോമിലേക്ക് മടങ്ങിയെത്താന്‍ കോലിക്ക് അനിവാര്യം ക്രിക്കറ്റില്‍ നിന്നൊരു ഇടവേളയാണ് എന്ന് വാദിക്കുകയാണ് പലരും
തുടർച്ചയായ സെഞ്ച്വറികളുമായി കളംനിറഞ്ഞൊരു കിംഗ് കോലിയുണ്ട് (Virat Kohli) ആരാധകരുടെ ഓർമ്മകളില്‍. രാജ്യാന്തര ക്രിക്കറ്റിലെ ഒട്ടുമിക്ക റണ്‍ റെക്കോർഡുകളും തച്ചുതകർക്കും എന്ന് ക്രിക്കറ്റ് വിദഗ്ധരെ കൊണ്ട് ആണയിട്ട് പലകുറി പറയിപ്പിച്ച റണ്‍മെഷീനായ മനുഷ്യന്‍. എന്നാല്‍ 100 മത്സരത്തിലേറെയായി മൂന്നക്കം കാണാനാവാതെ ഉഴലുകയാണ് കോലി. ഐപിഎല്ലും (IPL 2022) കോലിയുടെ രക്ഷയ്ക്കെത്തുന്നില്ല. ഫോമിലേക്ക് മടങ്ങിയെത്താന്‍ കോലിക്ക് അനിവാര്യം ക്രിക്കറ്റില്‍ നിന്നൊരു ഇടവേളയാണ് എന്ന് വാദിക്കുകയാണ് പലരും... കോലി നേരിടുന്ന പ്രതിസന്ധിയും പരിഹാരവും എന്താണ്- ആദർശ് ബേബി എഴുതുന്നു.
ട്വന്‍റി 20 ലോകകപ്പിന് ഇനി ശേഷിക്കുന്നത് അഞ്ചര മാസം മാത്രം. ഓസ്ട്രേലിയയിലെ പിച്ചുകളിൽ ഇന്ത്യൻ പ്രതീക്ഷ പ്രധാനമായും വിരാട് കോലിയിലും ക്യാപ്റ്റൻ രോഹിത് ശർമ്മയിലും തന്നെ. എന്നാൽ ഐപിഎല്ലില്‍ ഈ സീസണിലെ ഇരുവരുടേയും പ്രകടനം നോക്കിയാൽ ആരാധകർക്ക് പ്രതീക്ഷക്ക് അത്ര വകയില്ല. പ്രത്യേകിച്ച് കോലിയുടെ കാര്യത്തിൽ. ഈ സീസണിൽ കോലി ഇതുവരെ കളിച്ചത് 9 മത്സരം. നേടിയതാകട്ടെ വെറും 128 റൺസ്. ശരാശരി 16. കഴിഞ്ഞ നാല് ഐപിഎല്‍ സീസണുകളിൽ വിരാട് കോലി സ്വന്തമാക്കിയ റൺസ് ഇങ്ങനെ... 405 (2021 സീസൺ), 466 (2020 സീസൺ), 464 (2019 സീസൺ), 530 (2018 സീസൺ). വിരാട് കോലിക്ക് ഇത്തവണ എന്ത് പറ്റിയെന്ന് ആരാധകർ ചിന്തിക്കുന്നത് സ്വാഭാവികം മാത്രം.
ഐപിഎല്ലിന് പിന്നാലെ ദക്ഷിണാഫ്രിക്ക, അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളാണ് ടീം ഇന്ത്യക്ക് മുന്നിലുള്ളത്. ഇപ്പോൾ കരിയറിലെ ഏറ്റവും മോശം ഫോം ആണെങ്കിലും 33കാരനായ കോലിയെ ബിസിസിഐ മാറ്റിനിർത്തില്ലെന്നുറപ്പ്. ഇന്നല്ലെങ്കിൽ നാളെ കോലി ഫോം വീണ്ടെടുക്കുമെന്നുറപ്പുണ്ടെന്നാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും പറയുന്നത്.
ഇതിനിടയിലാണ് ഇന്ത്യൻ മുൻ പരിശീലകൻ രവി ശാസ്ത്രിയുടെ വാക്കുകൾ കൂടുതൽ പ്രസക്തമാകുന്നത്. കോലി ക്രിക്കറ്റിൽനിന്ന് ചെറിയൊരു ഇടവേള എടുക്കുക. ഒന്നോ രണ്ടോ മാസത്തേക്ക് അവധി. പൂർവ്വാധികം ശക്തിയോടെ ലോകകപ്പിന് മുന്നോടിയായി തിരിച്ചെത്തുക. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ ബെൻ സ്റ്റോക്സ് ഇത്തരത്തിൽ താൽക്കാലിക ഇടവേള ക്രിക്കറ്റിൽനിന്ന് എടുത്തിരുന്നു. മാനസികാരോഗ്യം മുൻനിറുത്തിയായിരുന്നു സ്റ്റോക്സിന്‍റെ തീരുമാനം. ഇത്തരമൊരു തീരുമാനം കോലിയും എടുക്കേണ്ടതുണ്ടോ? ക്രിക്കറ്റ് വിദഗ്ധരുടെ അഭിപ്രായം ഇങ്ങനെ..
പി. ബാലചന്ദ്രൻ (ക്രിക്കറ്റ് പരിശീലകൻ)
'' മോശം ഫോം കോലിയെ സമ്മർദ്ദത്തിലാക്കുന്നുണ്ടാകുമെന്നുറപ്പ്. മെന്‍റലി, ഫിസിക്കലി, ടെക്നിക്കലി ഫിറ്റാണെങ്കിൽ മാത്രമേ ഒരു താരത്തിന് ഫോം നിലനിർത്താനാകൂ. ഫിസിക്കലി, ടെക്നിക്കലി കോലി ഫിറ്റാണെന്ന് ഏറെക്കുറെ വ്യക്തം. അങ്ങനെയെങ്കിൽ മെന്‍റലി ഫിറ്റാകാൻ ചെറിയൊരു ഇടവേള കോലിക്ക് നല്ലതായിരിക്കും. പക്ഷേ, ഇത്രയും താരമൂല്യമുള്ള ഒരാളെ തൽക്കാലത്തേക്കാണെങ്കിൽ പോലും മാറ്റിനിർത്താൻ ബിസിസിഐയോ ഐപിഎല്‍ ഫ്രാഞ്ചൈസിയോ തയ്യാറാകുമോ എന്നതിലാണ് സംശയം''
പി. രംഗനാഥൻ (ബിസിസിഐ മാച്ച് റഫറി)
''തുടർച്ചയായ മത്സരങ്ങൾ വിരാട് കോലിയെ തളർത്തിയിട്ടുണ്ടാകാം. വിശ്രമം അനിവാര്യമാണെന്ന് കരുതുന്നു. കോലിയെ ഏറ്റവും അടുത്ത് അറിയാവുന്ന ആളാണ് രവി ശാസ്ത്രി. അദ്ദേഹം പറഞ്ഞത് കോലി പ്രാധാന്യത്തോടെ എടുക്കണം. ഐപിഎല്‍ കഴിഞ്ഞ് വിശ്രമം എടുക്കുക. പൂർവ്വാധികം ശക്തിയോടെ ലോകകപ്പിന് മുന്നോടിയായി തിരിച്ചുവരുക''.
ഡോ. ഷിബു വർഗീസ് (ഓർത്തോപീഡിക് സ്പോർട്സ് സർജൻ)
''20കളിലെ വിരാട് കോലിയല്ല ഇപ്പോൾ. പ്രായം 30 പിന്നിട്ടു. ഫിറ്റ്നസ് ഏറെ ശ്രദ്ധിക്കുന്ന ആളാണെങ്കിൽ പോലും ഈ പ്രായത്തിൽ 3 ഫോർമാറ്റിലും കളിക്കുന്നത് ബുദ്ധിമുട്ടേറിയതാണ്. ഒപ്പം ബയോ ബബിളിന്‍റെ സമ്മർദ്ദവും. ടി 20 പോലുള്ള ഫാസ്റ്റ് ക്രിക്കറ്റിൽ ശ്രദ്ധ ചെലുത്താൻ മെന്‍റലി, ഫിസിക്കലി കൂടുതൽ കരുത്ത് വേണം. ഒന്നുകിൽ ഏതെങ്കിലുമൊരു ഫോർമാറ്റിൽനിന്ന് കോലി മാറി നിൽക്കുക. അല്ലെങ്കിൽ ക്രിക്കറ്റിൽനിന്ന് ചെറിയ ഇടവേള എടുക്കുക.''
സോണി ചെറുവത്തൂർ (ക്രിക്കറ്റ് പരിശീലകൻ)
''ബയോ ബബിൾ സംവിധാനം ഉയർത്തുന്ന സമ്മർദ്ദം ചെറുതല്ല. ബയോ ബബിളിൽനിന്ന് ബയോ ബബിളിലേക്കുള്ള യാത്രയിൽ, ക്രിക്കറ്റിന് പുറത്തുള്ള പല സൗഹൃദങ്ങളും നഷ്ടമാകും. ചെറിയ ഇടവേള കോലി എടുത്താൽ, മാനസികമായി കരുത്ത് ആർജിക്കാനാകും. തിരിച്ചുവരവ് ഉറപ്പുള്ള കളിക്കാരനാണ് കോലി.''
IPL 2022 : ഐപിഎല്ലില്‍ ജോസേട്ടന്‍ ഹീറോയാ; ബട്‍ലറിന്‍റെ വിജയരഹസ്യം ഇത്