'ഒരൊറ്റ സെറ്റിൽ തീരേണ്ട കളിയല്ല ജീവിതം'; ലഹരിക്കെതിരായ പോരാട്ടത്തില്‍ വോളിബോള്‍ ഇതിഹാസം ടോം ജോസഫും

രാവിലെയെന്നോ, ഉച്ചയെന്നോ, വൈകിട്ടെന്നോ ഇല്ലാതെയാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ ലഹരി നിറയുന്നത് എന്ന് കുറിപ്പില്‍ ടോം ജോസഫ്

Indian volleyball legend Tom Joseph became part of say no to drugs campaign in Kerala
Author
First Published Nov 2, 2022, 7:49 PM IST

കോഴിക്കോട്: സംസ്ഥാനത്തെ ലഹരിവിരുദ്ധ ക്യാംപയിന്‍റെ ഭാഗമായി വോളിബോള്‍ ഇതിഹാസവും ഇന്ത്യന്‍ ടീം മുന്‍ നായകനുമായ ടോം ജോസഫ്. ഒരൊറ്റ സെറ്റിൽ തീരേണ്ട കളിയല്ല ജീവിതം, നിങ്ങളീ വഴി വരൂ. കായികത്തിന്‍റെ വഴിയെ... എന്ന് തുടങ്ങുന്ന ശ്രദ്ധേയ കുറിപ്പ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചാണ് ടോം ജോസഫ് ലഹരിക്കെതിരായ ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായത്. 

ടോം ജോസഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരൊറ്റ സെറ്റിൽ തീരേണ്ട കളിയല്ല ജീവിതം. നൈമിഷീക തൃപ്തിക്കായി ലഹരിയുടെ വഴിതേടി പോകുന്നവരെ.
നിങ്ങൾ വഴിമാറി നടക്കൂ. വരൂ നിങ്ങളീ വഴി വരൂ. കായികത്തിന്‍റെ വഴിയെ. അത് നിങ്ങൾക്ക് മാനസീകോർജ്ജവും
ശാരീരികോർജ്ജവും തരും. നിങ്ങളെയത് എന്നും ആരോഗ്യവാൻമാരാക്കാൻ ഉപകരിക്കും. കായികം കളിക്കളത്തിലെ ജയത്തിന് വേണ്ടി മാത്രമുള്ളതല്ല. വലിയവേദികളിലും വലിയ മത്സരങ്ങളിലും പങ്കെടുക്കാൻ മാത്രമുള്ളതുമല്ല. അത് കരുത്തരായിരിക്കാൻ വേണ്ടി കൂടിയുള്ളതാണ്. കൂട്ടായ്മയും ബന്ധങ്ങളുടെ തീഷ്ണതയും നിലനിർത്താനുള്ളത് കൂടിയാണ്. ജയം മാത്രമല്ല പരാജയവും ജീവിതത്തിലുണ്ടെന്ന് മനസിലാക്കാൻ കൂടിയുള്ളതാണ്. പ്രതിസന്ധികളെ മറികടക്കാനും അവയെ മെരുക്കാനും മനസിനെ പാകപ്പെടുത്താനും കൂട്ടിയുള്ളതാണ്.

പുതുതലമുറയെയും പഴയവരേയും ലഹരി അത്രമേൽ വിഴുങ്ങി എന്ന മനസിലാക്കലുള്ളതുകൊണ്ടാണ് ഇങ്ങനെയൊരു ഓർമപ്പെടുത്തൽ വേണ്ടിവരുന്നത്. രാവിലെയെന്നോ, ഉച്ചയെന്നോ, വൈകിട്ടെന്നോ ഇല്ലാതെയാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ ലഹരി നിറയുന്നത്. യുവാക്കളും വിദ്യാർഥികളുമാണ് അവരിൽ ഭൂരിപക്ഷം എന്നതാണ് ഏറെ വേദനിപ്പിക്കുന്നത്. മദ്യലഹരിയിൽ നിന്ന് വിട്ട് സിന്തറ്റിക് ലഹരിയിലേയ്ക്ക് കടക്കുന്നവരിൽ വൻ വർധന. ഇടനിലക്കാരും വിൽപ്പനക്കാരുമായി പല പ്രമുഖരും ഉണ്ട് എന്നാണ് വാർത്തകളിലൂടെ അറിയുന്നത്. പിന്തുണ നൽകുന്നവരും ഉണ്ടെന്ന് വാർത്തകൾ പറയുന്നു. അവരെ ഒറ്റപ്പെടുത്തണം.

ലഹരിക്ക് അടിമപ്പെട്ടവരെ രക്ഷിക്കണം. ലഹരി വിരുദ്ധ നിലപാട് സ്വീകരിക്കണം. ഉചിതമായ നടപടിയും വേണം.
വരൂ നിങ്ങൾ കളിക്കളത്തിലേയ്ക്ക് വരൂ. കായികത്തിലേയ്ക്ക് വരൂ. നമുക്ക് എന്നോ നഷ്ടമായ നമ്മുടെ ഗ്രാമീണ കളിയിടങ്ങളും വൈകുന്നേരങ്ങളും സജീവമാക്കൂ. ആരോഗ്യമുള്ള തലമുറയായ് നമുക്കെല്ലാം വളരാം. ലഹരിയാക്കേണ്ടതാണ് കായികത്തെ. നമ്മെ അപ്പാടെ നശിപ്പിക്കുന്ന ലഹരിമരുന്നിനെയും അവയുടെ ഉപയോഗത്തേയും നമുക്ക് തള്ളിപ്പറയാം. നാടിനെ ലഹരിമുക്തമാക്കാൻ നമുക്കൊന്നിക്കാം. ലഹരിവിരുദ്ധ ക്യാംപയിനിൽ ഞാനും പങ്കാളിയാകുന്നു...

നിങ്ങളുടെ
ടോം ജോസഫ്

ലഹരിക്കെതിരെയുള്ള ഫുട്ബോള്‍ മത്സരം; എക്സൈസിനെ തോല്‍പ്പിച്ച് സിനിമാ താരങ്ങള്‍

Follow Us:
Download App:
  • android
  • ios