തേടിനടന്ന ചിത്രം കയ്യിൽ വന്നുപെട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു; ഐ എം വിജയന്‍റെ ഹൃദയസ്‌പര്‍ശിയായ കുറിപ്പ് വൈറല്‍
'ഇത് ജോസ് പറമ്പൻ. നിങ്ങളറിയുന്ന ഇന്നത്തെ ഐ എം വിജയൻ എന്ന വ്യക്തിയിലേക്ക്, കളിക്കാരനിലേക്ക്, ഞാൻ യാത്ര തുടങ്ങിയത് ഈ വലിയ മനുഷ്യന്റെ കൈപിടിച്ചാണ്'
തൃശൂര്‍: ജോസ് പറമ്പൻ സാർ, ആ ഉയരക്കാരന്‍റെ കൈപിടിച്ചാണ് ഇന്ത്യന്‍ ഫുട്ബോളിലെ തിളക്കമാര്‍ന്ന നക്ഷത്രത്തിലേക്ക് ഐ എം വിജയന്‍ ഉദിച്ചുയര്‍ന്നത്. കോലോത്തുംപാടത്ത് തുണിപ്പന്ത് കെട്ടി കളിച്ചു നടന്ന ഒരു കുട്ടിയെ ത്രിവത്സര ക്യാമ്പിലേക്ക് ജോസ് പറമ്പൻ കൂട്ടിക്കൊണ്ടുപോയ അന്ന് തുടങ്ങിയ ആത്മബന്ധം. ഫുട്ബോളും ബൂട്ടും പോലെ, മൈതാനവും വരകളും പോലെ ഒരിക്കലും വേര്‍പെടുത്താന്‍ കഴിയാത്ത ആത്മബന്ധമായി ആ ഹസ്‌തദാനം വളര്‍ന്നു. പതിറ്റാണ്ടുകള്‍ക്കിപ്പുറം അതേ ജോസ് പറമ്പൻ സാറിന്‍റെ ഒരു സുന്ദര ചിത്രം തനിക്ക് കിട്ടിയപ്പോള്‍ ഐ എം വിജയന്‍ പൊട്ടിക്കരഞ്ഞു. എന്നെന്നും സംസാരിക്കുമ്പോള്‍ നാട്ടിടവഴിയിലെ കൊച്ചുപയ്യനെ പോലെ തോന്നിച്ച, എന്നാല്‍ മഹാമേരുവായ ഇതിഹാസ താരം ഹൃദയസ്‌പര്‍ശിയായ കുറിപ്പിലൂടെ തന്‍റെ ഗുരുനാഥന്, പിതാസ്ഥാനീയന്, ഉറ്റ സുഹൃത്തിന് സ്നേഹാലിംഗനങ്ങള്‍ കൈമാറിയിരിക്കുകയാണ്. ഫുട്ബോള്‍ പ്രേമികളുടെ മനസില്‍ കണ്ണീര്‍ കോരിയിടുന്നതായി വിജയേട്ടന്‍റെ സ്നേഹോഷ്‌മളമായ കുറിപ്പ്. പോയകാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി ഈ എഴുത്ത്. വായിക്കാം പ്രിയ ഗുരുവിന് ഐ എം വിജയന്‍ എഴുതിയ ഓര്‍മ്മക്കുറിപ്പ്.
ഐ എം വിജയന്‍ ഫേസ്‌ബുക്കില്‍ എഴുതിയത്...
വർഷങ്ങളായി ഞാൻ തേടിനടന്ന ചിത്രം. ഇന്നത് തികച്ചും യാദൃച്ഛികമായി കയ്യിൽ വന്നുപെട്ടപ്പോൾ, അറിയാതെ കണ്ണുകൾ നിറഞ്ഞു. ജീവിതത്തിലെ മറക്കാനാവാത്ത ഒരു കാലത്തിന്റെ ഓർമ്മകൾ മുഴുവൻ മനസ്സിൽ ഒഴുകിയെത്തി. ഈ ചിത്രം എന്റെ കയ്യിൽ എത്തിച്ച ദൈവത്തിന് എങ്ങനെ നന്ദി പറയാതിരിക്കും?
ഇത് ജോസ് പറമ്പൻ. നിങ്ങളറിയുന്ന ഇന്നത്തെ ഐ എം വിജയൻ എന്ന വ്യക്തിയിലേക്ക്, കളിക്കാരനിലേക്ക്, ഞാൻ യാത്ര തുടങ്ങിയത് ഈ വലിയ മനുഷ്യന്റെ കൈപിടിച്ചാണ്. കോലോത്തുംപാടത്ത് തുണിപ്പന്ത് കെട്ടി കളിച്ചു നടന്ന ഒരു കുട്ടിയിൽ എന്തോ ഒരു പ്രത്യേകത കണ്ടിരിക്കണം അദ്ദേഹം. സ്പോർട്സ് കൗൺസിലിന്റെ ത്രിവത്സര ക്യാമ്പിലേക്ക് എന്നെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോയത് അതുകൊണ്ടാവുമല്ലോ.
ഒന്നുമല്ലാതിരുന്ന ഒരു കുട്ടിയെ അറിയപ്പെടുന്ന പന്തുകളിക്കാരനാക്കാൻ എന്ത് ത്യാഗത്തിനും സന്നദ്ധനായിരുന്നു പറമ്പൻ സാർ. തൃശൂരിനപ്പുറം ഒരു ലോകമില്ലായിരുന്ന അവനെ നെഹ്‌റു കപ്പ് കാണിക്കാൻ ബസ്സിൽ എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടുപോയത് അദ്ദേഹമായിരുന്നു. ആരുമല്ലാത്ത ഒരു കുട്ടിക്ക് വേണ്ടി, എല്ലാ ജീവിതത്തിരക്കുകളും മാറ്റിവെച്ചുള്ള ആ യാത്ര. അങ്ങനെ എത്രയെത്ര ഓർമ്മകൾ.
ആരായിരുന്നു എനിക്ക് ജോസ് പറമ്പൻ? ഗുരുവെന്നോ വഴികാട്ടിയെന്നോ സ്വന്തം മകനെപ്പോലെ എന്നെ സ്നേഹിച്ച ആളെന്നോ ഒക്കെ വിളിക്കാം. ഒരു ഫുട്ബാളർ എന്ന നിലയിലുള്ള എന്റെ എല്ലാ വളർച്ചക്കും അടിത്തറയിട്ടത് അദ്ദേഹമാണ്. ആ അടിത്തറയിൽ നിന്ന് തുടങ്ങുന്നു എന്റെ ഫുട്ബാൾ ജീവിതം.
ഇന്ന് പറമ്പൻ സാർ നമുക്കൊപ്പമില്ല. എങ്കിലും, അദ്ദേഹത്തെ കുറിച്ചോർക്കാത്ത, അദ്ദേഹത്തെ മനസ്സ് കൊണ്ട് നമിക്കാത്ത ഒരു ദിവസം പോലുമില്ല എന്റെ ജീവിതത്തിൽ. ഈ ചിത്രം എന്നെ വീണ്ടും ആ ഓർമ്മകളിലേക്ക് തിരികെ നടത്തുന്നു. ഒരിക്കലുമൊരിക്കലും മായാത്ത, മരിക്കാത്ത ആ ഓർമ്മകൾ ഇതാ ഈ നിമിഷവും എന്റെ കണ്ണുകൾ ഈറനാക്കുന്നു...പ്രണാമം, ജോസ് പറമ്പൻ സാർ...
ടീം ഇന്ത്യയെ പൊരിച്ച് രവി ശാസ്‌ത്രി; മീഡിയം പേസര്‍മാരെക്കൊണ്ട് ലോകകപ്പ് കിട്ടില്ലെന്ന് അക്രം