ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ സമ്പൂര്‍ണ തോല്‍വിക്കുള്ള 5 കാരണങ്ങള്‍
ടി20 പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് കിവീസ് അതേനാണയത്തില്‍ തിരിച്ചടി നല്‍കിയപ്പോള്‍ 31 വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യ ഒരു ഏകദിന പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ടു. ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ച 5 കാരണങ്ങള്‍.
വെല്ലിംഗ്ടണ്‍: ടി20 പരമ്പരയില്‍ ഇന്ത്യ 5-0ന് തൂത്തുവാരിയപ്പോള്‍ ഏകദിന പരമ്പരയില്‍ ന്യൂസിലന്‍ഡില്‍ നിന്ന് കാര്യമായ ചെറുത്തുനില്‍പ്പൊന്നും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ടി20 പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് കിവീസ് അതേനാണയത്തില്‍ തിരിച്ചടി നല്‍കിയപ്പോള്‍ 31 വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യ ഒരു ഏകദിന പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ടു. ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ച 5 കാരണങ്ങള്‍.
ബുമ്രയുടെ വിക്കറ്റ് വരള്‍ച്ച
ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണെങ്കിലും ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ ഒറ്റ വിക്കറ്റ് പോലും വീഴ്ത്താന്‍ ബുമ്രക്കായില്ല. അധികം റണ്‍സ് വഴങ്ങിയില്ലെങ്കിലും ബുമ്രയുടെ വിക്കറ്റ് വരള്‍ച്ച കിവീസിന് മൂന്ന് മത്സരങ്ങളിലും മികച്ച തുടക്കം നല്‍കി. ഒപ്പം അവസാന ഓവറുകളില്‍ തീ പാറുന്ന യോര്‍ക്കറുകളിലൂടെ എതിരാളികളെ വിറപ്പിക്കാറുള്ള ബുമ്രക്ക് ഇത്തവണ അതിനും കഴിഞ്ഞില്ല. ആദ്യ മത്സരത്തില്‍ 347 റണ്‍സടിച്ചിട്ടു ഇന്ത്യ തോല്‍ക്കാന്‍ കാരണവും മറ്റൊന്നല്ല. പരമ്പരയിലാകെ 30 ഓവര്‍ എറിഞ്ഞ ബുമ്ര 5.56 ഇക്കോണമിയില്‍ 167 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും സ്വന്തമാക്കാനായില്ല.
ശരാശരിയിരിലൊതുങ്ങിയ കോലി
വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ശിഖര്‍ ധവാന്റെയും അഭാവത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയിലായിരുന്നു ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷകള്‍. ആദ്യ മത്സരത്തിലെ അര്‍ധസെഞ്ചുറി(51) ഒഴിച്ചാല്‍ ക്യാപ്റ്റന്റെ ഭാഗത്തു നിന്ന് കാര്യമായ പ്രകടനങ്ങളൊന്നും ഉണ്ടായില്ല. ചേസിംഗില്‍ മാസ്റ്ററായ കോലി രണ്ടാം മത്സരത്തില്‍ 15 റണ്‍സെടുത്ത് പുറത്തായപ്പോള്‍ മൂന്നാം മത്സരത്തില്‍ ഒമ്പത് റണ്‍സെടുത്ത് പുറത്തായി വീണ്ടും നിറം മങ്ങി. ഇത് ഇന്ത്യയുടെ സ്കോറിംഗിനെ ബാധിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ദ്വിരാഷ്ട്ര പരമ്പരകളില്‍ കോലിയുടെ ഏറ്റവും മോശം പ്രകടനമാണിത്.
ഓപ്പണിംഗിലെ സ്ഥിരതയില്ലായ്മ
രോഹിത് ശര്‍മയുടെയും ശിഖര്‍ ധവാന്റെയും അഭാവത്തില്‍ ഇന്ത്യക്കായി മൂന്ന് മത്സരങ്ങളിലും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത പൃഥ്വി ഷാ-മായങ്ക് അഗര്‍വാള്‍ സഖ്യത്തിന് എതിരാളികള്‍ക്ക് മേല്‍ തുടക്കത്തിലെ ആധിപത്യം നേടാനായില്ല. മായങ്ക് അദ്യ മത്സരത്തില്‍ 32 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ പൃഥ്വി ഷാ 40 റണ്‍സെടുത്ത് അവസാന മത്സരത്തില്‍ തിളങ്ങി. എങ്കിലും ടീമിന് മികച്ച തുടക്കം സമ്മാനിക്കുന്നതില്‍ ഇരുവരും പരാജയപ്പെട്ടു. 20, 24,40 എന്നിങ്ങനെയാണ് പൃഥ്വി ഷായുടെ സ്കോറുകള്‍ മായങ്ക് ആകട്ടെ മൂന്ന് കളികളില്ഡ 32, 3, 1, റണ്‍സെടുത്ത് പുറത്തായി. രോഹിത് ശര്‍മയുടെ അഭാവം ഇന്ത്യയുടെ ബാറ്റിംഗിനെ മൊത്തത്തില്‍ തിരിച്ചടിയായി.
ഫീല്‍ഡിലെ ചോരുന്ന കൈയകള്‍
നിര്‍ണായക സമയത്ത് ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ കൈകകലില്‍ നിന്ന് ക്യാച്ചുകള്‍ ചോര്‍ന്നത് പരമ്പരയുടെ ഗതി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായി. ആദ്യ രണ്ട് മത്സരങ്ങളിലും കിവീസിന്റെ ടോപ് സ്കോററായ റോസ് ടെയ്‌ലറെ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ തുടക്കത്തിലെ വിട്ടു കളഞ്ഞിരുന്നു. വിക്കറ്റിന് പിന്നില്‍ രാഹുല്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകള്‍ ഇന്ത്യക്ക് നിരാശയായി. ഫീല്‍ഡിംഗ് പിഴവുകളാണ് പരമ്പരയില്‍ നിര്‍ണായകമായതെന്ന് മൂന്നാം മത്സരത്തിനുശേഷം ക്യാപ്റ്റന്‍ വിരാട് കോലി എടുത്തുപറയുകയും ചെയ്തു.
റണ്‍സ് വഴങ്ങി ഠാക്കൂര്‍
പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഇന്ത്യയുടെ മൂന്നാം പേസറായി ഇറങ്ങിയ ഷര്‍ദ്ദുല്‍ ഠാക്കൂറിന്റെ ബൗളിംഗ് പ്രകടനം തീര്‍ത്തും നിരാശ സമ്മാനിക്കുന്നതായി. ആദ്യ മത്സരത്തില്‍ മാത്രം കളിച്ച ഷമിക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ഠാക്കൂറിന് മൂന്ന് കളികളിലും അവസരം ലഭിച്ചു. ബാറ്റിംഗ് മികവ് കൂടി കണക്കിലെടുത്ത് ഠാക്കൂറിനെ ടീമില്‍ നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യക്ക് നിരാശ മാത്രമാണ് ഠാക്കൂര്‍ സമ്മാനിച്ചത്. രണ്ട് കളികളില്‍ 80 ലേറെ റണ്‍സ് വഴങ്ങിയ ഠാക്കൂര്‍ അവസാന മത്സരത്തില്‍ 9.1 ഓവറില്‍ 87 റണ്‍സാണ് വഴങ്ങിയത്. അഞ്ച് ബൗളര്‍മാരുമായി ഇറങ്ങിയ ഇന്ത്യക്ക് ഒരു ബൗളര്‍ റണ്‍സ് വഴങ്ങിയാല്‍ പകരം പാര്‍ട് ടൈം ബൗളറായി ആരും ടീമിലില്ലാതിരുന്നതും തിരിച്ചടിയായി.