ഇന്ത്യയില്‍ നിന്ന് വിജയം തട്ടിയെടുത്ത ആഷ്ടണ്‍ ടര്‍ണര്‍ ചെറിയ മീനല്ല; ബിഗ് ബാഷിലെ കൊമ്പന്‍ സ്രാവ്
ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് പോലും അത്രമേല്‍ അപരിചിതനായിരുന്നു ടര്‍ണര്‍ ഇന്നലെവരെ. എന്നാല്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ പിന്തുടരുന്നവര്‍ക്ക് ടര്‍ണര്‍ ഒരു പുതിയ പേരല്ല.
മൊഹാലി:ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയെ അടിച്ചുപറത്തി 43 പന്തില്‍ 84 റണ്‍സടിച്ച ആഷ്ടണ്‍ ടര്‍ണറെക്കുറിച്ച് മത്സരശേഷം ഇന്ത്യയുടെ ശീഖര്‍ ധവാന്‍ പറഞ്ഞത്, ആ കളിക്കാരന്‍ ഇന്ത്യയുടെ കൈയില്‍ നിന്ന് മത്സരം തട്ടിയെടുത്തു എന്നായിരുന്നു. തന്റെ സെഞ്ചുറി പാഴായതിലെ നിരാശകൊണ്ടല്ല ധവാന്‍ ടര്‍ണറെ ആ കളിക്കാരന്‍ എന്ന് വിശേഷിപ്പിച്ചത്. അപരിചിത്വതം കൊണ്ടുതന്നെയായിരുന്നു.
ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് പോലും അത്രമേല്‍ അപരിചിതനായിരുന്നു ടര്‍ണര്‍ ഇന്നലെവരെ. എന്നാല്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ പിന്തുടരുന്നവര്‍ക്ക് ടര്‍ണര്‍ ഒരു പുതിയ പേരല്ല. ഓസ്ട്രേലിയയുടെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷിലെ കൊമ്പന്‍ സ്രാവ് തന്നെയാണ് ടര്‍ണര്‍. രാജ്യാന്തര ക്രിക്കറ്റില്‍ വെറും രണ്ട് ഏകദിനത്തിന്റെയും നാല് ടി20യുടെയും മൂപ്പെ ടര്‍ണര്‍ക്കുള്ളു. അതില്‍തന്നെ ഇന്നലെവരെയുള്ള ഉയര്‍ന്ന സ്കോര്‍ വെറും 18 റണ്‍സും.
എന്നാല്‍ ബിഗ് ബാഷില്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനായി മധ്യനിരയില്‍ ഇറങ്ങി അടിച്ചുതകര്‍ക്കുന്ന ടര്‍ണര്‍ക്ക് ഇന്നലത്തെ കളി പതിവുരീതിയിലുള്ള ഫിനിഷിംഗാണ്. ബിഗ് ബാഷില്‍ 15-20 ഓവറുകള്‍ക്കിടയില്‍ ബാറ്റ് ചെയ്യാനെത്തുന്ന ടര്‍ണര്‍ മികച്ച ഫിനിഷര്‍മാരിലൊരാളായാണ് അറിയപ്പെടുന്നത്. ഇത്തവണ ബിഗ് ബാഷില്‍ 378 റണ്‍സടിച്ച ടര്‍ണര്‍ ബാറ്റിംഗില്‍ ഏഴാം സ്ഥാനത്തായിരുന്നു. ഇതില്‍തന്നെ ചേസ് ചെയ്യുമ്പോള്‍ ടര്‍ണറുടെ ബാറ്റിംഗ് ശരാശരി 48.80 വും ആണ്. കഴിഞ്ഞ രണ്ട് ബിഗ് ബാഷ് സീസണുകളിലും 15-20 ഓവറുകള്‍ക്കിടയില്‍ ടര്‍ണറോളം റണ്‍സ് അടിച്ചുകൂട്ടിയ ബാറ്റ്സ്മാന്‍മാരില്ലെന്നതുതന്നെ യുവതാരത്തിന്റെ ബാറ്റിംഗ് വെടിക്കെട്ടിന് തെളിവ്.
2012ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്ട്രേലിയക്കായി ഓള്‍ റൗണ്ടറായി ഇറങ്ങിയ ടര്‍ണറായിരുന്നു ആറ് കളികളില്‍ 11 വിക്കറ്റുമായി അവര്‍ക്കായി കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍. എന്നാല്‍ തോളിനേറ്റ പരിക്കിനെത്തുടര്‍ന്ന് രണ്ടു തവണ ശസ്ത്രക്രിയക്ക് വിധേയനായ ടര്‍ണര്‍ ബൗളിംഗ് ഉപേക്ഷിച്ച് പിന്നീട് ബാറ്റിംഗില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു. ബിഗ് ബാഷിലെ ഫിനിഷിംഗ് മികവ് കണ്ടാണ് ഓസീസ് ടര്‍ണറെ ഇത്തവണ ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമിലെടുത്തത്.
ഓസീസ് ടീമിലെ ഏറ്റവും ആവേശം ഉയര്‍ത്തുന്ന കളിക്കാരനെന്നായിരുന്നു ഇന്ത്യക്കെതിരായ പരമ്പരക്ക് മുമ്പ് ടര്‍ണറെക്കുറിച്ച് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് പറഞ്ഞത്. ടര്‍ണറുടെ ഫിനിഷിംഗ് മികവ് കൃത്യമായി പിന്തുടര്‍ന്നത് ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇത്തവണ താരലേലത്തില്‍ അവര്‍ 50 ലക്ഷം മുടക്കി ടര്‍ണറെ ടീമിലെടുത്തത്. മൊഹാലിയില്‍ മെല്ലെത്തുടങ്ങിയ ടര്‍ണര്‍ ആദ്യ 20 റണ്‍സ് വളരെ കരുതലോടെയാണ് അടിച്ചെടുത്തത്. പിന്നീട് ഗിയര്‍ മാറ്റിയ ടര്‍ണര്‍ ഇന്ത്യയുടെ മുന്‍നിര ബൗളര്‍മാരെ കാഴ്ചക്കാരാക്കിയാണ് വിജയം തട്ടിയെടുത്തത്. ഇന്ത്യക്കെതിരായ പ്രകടനം ഓസ്ട്രേലിയയുടെ ലോകകപ്പ് ടീമിലും ടര്‍ണര്‍ക്ക് അവസരമൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.