ഉത്തേജകമരുന്ന് ഉപയോഗം കൂടുന്നത് നാണക്കേടെന്ന് അഭിനവ് ബിന്ദ്ര; സംവാദ് പരിപാടിയുടെ പൂര്‍ണരൂപം വൈകിട്ട്
ഏഷ്യാനെറ്റ് ന്യൂസിന്‍റെ പുതിയ പരിപാടിയായ സംവാദിലാണ് ഒളിംപിക് സ്വർണമെഡൽ ജേതാവായ അഭിനവ് ബിന്ദ്രയുടെ പ്രതികരണം
തിരുവനന്തപുരം: ഉത്തേജകമരുന്ന് ഉപയോഗം കൂടുന്നത് ഇന്ത്യക്ക് നാണക്കേടെന്ന് ഒളിംപിക് സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്ര(Abhinav Bindra). 2026 കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഷൂട്ടിംഗ് ഒഴിവാക്കിയ തീരുമാനം തിരുത്താൻ ഒളിംപിക് അസോസിയേഷൻ കത്തയച്ചാൽ പോരെന്നും ബിന്ദ്ര വിമർശിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പുതിയ പരിപാടിയായ സംവാദിൽ(Samvad) സംസാരിക്കുകയായിരുന്നു അഭിനവ് ബിന്ദ്ര.
ഒളിംപിക്സ് വ്യക്തിഗത മത്സരത്തിൽ ആദ്യമായി ഇന്ത്യ തലയുയർത്തി പോഡിയത്തിൽ നിന്നത് അഭിനവ് ബിന്ദ്രയിലൂടെയാണ്. ബീജിംഗിൽ 10 മീറ്റർ എയർറൈഫിളിലായിരുന്നു സ്വർണ നേട്ടം. ടോക്കിയോയിൽ നീരജിലൂടെ വീണ്ടും ചരിത്രം തിരുത്തിയ ഇന്ത്യ കൂടുതൽ പ്രതീക്ഷയോടെ പാരീസ് ലക്ഷ്യമിടുന്നു. എന്നാൽ അടിക്കടിയുണ്ടാകുന്ന ഉത്തേജക ആരോപണങ്ങളാണ് ഇപ്പോൾ ഇന്ത്യയുടെ തയ്യാറെടുപ്പിന് തിരിച്ചടിയാകുന്നത്. ഉത്തേജകമരുന്ന് ഉപയോഗം കൂടുന്നത് നാണക്കേടാണെന്ന് അഭിനവ് ബിന്ദ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
2026 കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഷൂട്ടിംഗ് ഒഴിവാക്കിയ തീരുമാനം തിരുത്താൻ നടപടികൾ കാര്യക്ഷമമല്ല.
ഷൂട്ടിംഗ് താരമായില്ലെങ്കിൽ അഭിഭാഷകനാകുമായിരുന്നെന്നും ഒളിംപിക് ചാംപ്യൻ മറുപടി നൽകി. ഐഒസിയുടെ അത്‍ലീറ്റ്സ് കമ്മീഷൻ അംഗം കൂടിയാണ് അഭിനവ് ബിന്ദ്ര.
അഭിനവ് ബിന്ദ്രയുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ഇന്ന്(ജൂലൈ 1) വൈകിട്ട് 4.30ന് ഏഷ്യാനെറ്റ് ന്യൂസിലും വെബ്സൈറ്റിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും കാണാം. #abhinavbindra #samvad